നമുക്കും ചെയ്യാം ചിലതൊക്കെ

പ്രവീൺ ദാസ്

‘വീടു വയ്ക്കാൻ എട്ടു മരങ്ങൾ മുറിച്ചു. ചെവിയിൽ തിരുകിയ ചുവന്ന പെൻസിൽ കയ്യിലെടുത്ത് ക്യുബിക്ക് കണക്കു കൂട്ടി ആശാരി പറഞ്ഞു. കാതലുള്ളതുകൊണ്ട് ഉരുപ്പടിക്കിനി വേറെ വേണ്ട. പണി തീർന്നപ്പോൾ വാളു തട്ടാതെ മൂന്നു മരത്തടികൾ ബാക്കി. തേക്കും അകിലും ലോറിയിൽ കയറ്റി വിട്ടു ആശാരി തന്റെ കമ്മീഷൻ കഴിച്ച് ഒരു ലക്ഷത്തി മൂവായിരം കയ്യിൽ പിടിപ്പിച്ചിട്ട് നല്ല വെറ്റില മണമുള്ള ചിരി പൊഴിച്ചു.

വീടിന് ടൈൽ പാകാനുള്ള പണം ഇതു മതി. ചില്ലകൾ വെട്ടിയൊതുക്കി വിറക് അട്ടിയാക്കി വിറ്റപ്പോൾ പതിനായിരത്തിനോടടുത്തു വേറെയും കിട്ടി. മകന് സ്കൂളിൽ ടീച്ചർക്കു കൊടുക്കാൻ ഒരു വടി വെട്ടിയതല്ലാതെ ഒരു ചില്ലറ ചില്ല പോലും മുറ്റത്തു ബാക്കിയില്ല. അടുപ്പില്ലാത്ത വീട്ടിലെന്തിനാ വിറക്. വീടു വയ്ക്കുമ്പൊഴേ ഇപ്പോൾ അടുക്കളയിൽ അടുപ്പിനു സ്ഥലമില്ല. ആദ്യം ഒരു മൂലയിൽ സ്ഥലം കണ്ടാൽത്തന്നെ സൗകര്യത്തിന് മാറ്റി മാറ്റി സ്ഥാനം മുറ്റത്തെത്തും.

പരിസ്ഥിതി സ്നേഹവും വിറകടുപ്പിന്റെ നൊസ്റ്റാൾജിയയും പറഞ്ഞ് പിന്തിരിപ്പനായിട്ടു കാര്യമില്ല.ഇത്രയും പറഞ്ഞത് ഒരു സംഭവ കഥ. ഇനിയും നമ്മൾ മരം വെട്ടി വീടു വയ്ക്കും. കവുങ്ങു വെട്ടി റബറും വയ്ക്കും. അടുപ്പില്ലാത്ത അടുക്കളയ്ക്ക് പ്ലാനും വരയക്കും. വച്ച വീട്ടിൽ ഇനി പ്രകൃതി സൗഹൃദത്തിന് സ്കോപ്പുണ്ടെങ്കിൽ ഒരു കൈ നോക്കാമെന്നുണ്ടെങ്കിൽ തുടർന്നു വായിക്കാം. പറ്റിയത് പയറ്റിനോക്കാം.

മുറിച്ച മരമോ പോട്ടെ. അതിൽ ഇനി നമുക്കൊന്നും ചെയ്യാനില്ല. മരത്തിന് അർഹിക്കുന്ന എല്ലാ ആദരവോടും കൂടി അതിനെ വാതിലും കട്ടിളയുമാക്കാം. പക്ഷേ ഒന്നു കൂടി ചെയ്യാം. അത് അറക്കാൻ കൊടുക്കുന്ന മില്ലിൽ നിന്ന് അതിന്റെ അറക്കപ്പൊടി ചോദിച്ചു വാങ്ങാം. വെറുതെ തരും. ഇനി പണം ചോദിച്ചാൽത്തന്നെ ഒരു കിലോ പഴയ പത്രത്തിന്റെ വില പോലുമാവില്ല. വീട്ടിൽ അടുപ്പില്ലെങ്കിൽ വേണ്ട. ഒരു അറക്കപ്പൊടി അടുപ്പ് നമുക്ക് വാങ്ങാം. വളരെ ചെറിയ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഈ തകര അടുപ്പ് എവിടെയും മാറ്റി വയ്ക്കാം. ഒരു ചാക്ക് അറക്കപ്പൊടിയുണ്ടെങ്കിൽ ഒരാഴ്ചയിലധികം കത്തിക്കാം. ചൂടാവാൻ കുറച്ചു സമയം എടുക്കും എന്നുള്ളതു കൊണ്ട് വെള്ളം ചൂടാക്കാനോ അരി വേവിച്ചെടുക്കാനോ ഉപയോഗിക്കാമല്ലോ

∙ ഇക്കോ ഫ്രണ്ട്‍‍‍‌‌ലി ആവാൻ അതിനു വേണ്ടി കൂടുതൽ പണം ചെലവഴിക്കുന്നതിൽ കാര്യമില്ല. നമുക്കു ലഭിക്കുന്ന എനർജി സേവ് ചെയ്യുക. നിയന്ത്രിക്കുക എന്നതുമാത്രം കൃത്യമായി ചെയ്താൽ മതി, പ്രത്യേകിച്ചു റിസ്കെടുക്കാതെ തന്നെ അതിനുള്ള ചില പൊടിക്കെകളിതാ....

വീട്ടിൽ മുഴുവൻ സമയ സാമൂഹിക പ്രവർത്തനം നടത്തുന്ന ചില ഇലക്ട്രിക് ഉപകരണങ്ങളാണു ഏറ്റവും കൂടുതൽ എനർജി കവരുന്നത്. ഫ്രിജ്, ടിവി, എസി ബൾബുകൾ ഫാനുകൾ എന്നിവ അതിൽപെടും.
ഫ്രിജന്റെ വാക്വത്തിലെ വായു തണുപ്പിക്കുക എന്ന ജോലിയാണ് ഫ്രിജിനുള്ളത്.

വലിയ ഫ്രിജിന് കൂടുതൽ ജോലിയുണ്ട്,അതായത് കൂടുതൽ വൈദ്യുതി വേണം. ഫ്രിജ് വെയിലത്തു വച്ചാൽ കൂടുതൽ പ്രവർത്തിക്കുകയും കൂടുതൽ വൈദ്യുതി എടുക്കുകയും ചെയ്യും. മിക്കവാറും ഫ്രിജുകൾ വയ്ക്കുന്നത് അടുക്കള ജനാലയോടു ചേർന്ന് നല്ല വെയിലടിക്കുന്ന സ്ഥലത്തായിരിക്കും.കൂടുതൽ വൈദ്യുതി ഉപയോഗിക്കാനും പെട്ടെന്നു കേടാകാനും ഇക്കാരണം തന്നെ ധാരാളം. ചുമരിൽ നിന്ന് 7.6 സെന്റീമീറ്ർ മാറി വേണം ഫ്രിജ് വയ്ക്കാൻ കൃത്യമായ പ്രവർത്തനത്തിനുള്ള അകലം അതാണ്.

∙തുണി ഉണക്കുന്ന ഡ്രെയർ ഉപയോഗിക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്ന കാർബണിന്റ അളവ് രണ്ടു മുതൽ മൂന്നു വരെ കിലോഗ്രാമാണ്. അതൊഴിവാക്കാൻ തുണി അലക്കുമ്പോൾ വാഷിങ് മെഷീൻ പരമാവധി 30 ഡിഗ്രിയിൽ സെറ്റ് ചെയ്താൽ 40 ശതമാനം വൈദ്യുതി ലാഭിക്കാം. എളുപ്പത്തിൽ ഉണങ്ങുകയും ചെയ്യും.അലക്കുമ്പോൾ പരമാവാധി ഫോസ്ഫേറ്റ് രഹിത സോപ്പും സോപ്പു പൊടിയും ഉപയോഗിക്കുക.

∙സെക്കൻഡിൽ ഒരു തുള്ളിവീതം ചോരുന്ന ടാപ്പിലൂടെ പ്രതിവർഷം നഷ്‌ടമാകുന്നതു 45,000 ലീറ്റർ വെള്ളം. പല്ലു തേയ്‌ക്കുമ്പോൾ ടാപ്പ് അടച്ചിട്ടാൽ ലാഭിക്കാവുന്ന വെള്ളം ഒരു ദിവസം 510 ലിറ്റർ. ബാത്ത്‌ടബ്ബ് ഉപയോഗിക്കാതിരുന്നാൽ ലാഭിക്കാവുന്ന വെള്ളം 5070 ലിറ്റർ. ഷേവ് ചെയ്യുമ്പോൾ റേസർ ടാപ്പിൽ കാണിക്കാതെ ഒരു മഗ്ഗിലെ വെള്ളത്തിൽ മുക്കിയാലും മൂന്ന് ലിറ്റർ വെള്ളം ലാഭം.

∙600 മില്ലി ലീറ്ററിന്റെ നാലു കാലിക്കുപ്പിയിൽ മണൽ നിറച്ചു ഫ്ലഷിന്റെ മൂടി തുറന്ന് അതിലെ സംവിധാനങ്ങൾക്കു തകരാറുണ്ടാകാതെ വയ്‌ക്കുക. ഫ്ലഷ് ടാങ്കിൽ നിറയുന്ന വെള്ളത്തിൽ 2.4 ലീറ്റർ (4X600 മില്ലി ലീറ്റർ) കുറവുണ്ടാകും. ശരാശരി അഞ്ചു പ്രാവശ്യം ഫ്ലഷ് ചെയ്യുന്ന നാലു ടോയ്‌ലറ്റ് ഉള്ള വീടാണെങ്കിൽ 4X5X2.4 ലീറ്റർ = 48 ലീറ്റർ വെള്ളം .

∙ജനാലകളിലും മേൽക്കൂരകളുടെ ഭാഗങ്ങളിലും സൂര്യപ്രകാശം കടത്തിവിടുകയും സൂര്യന്റെ ചൂടു പുറത്തേക്കു പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന ഡബിൾ ഗ്ലേസ്‌ഡ് ഗ്ലാസ്. നേരിട്ടു സൂര്യപ്രകാശം കടക്കാത്ത ഉൾവലിഞ്ഞ ജനാലകൾ. രാത്രി വെളിച്ചത്തിന് എൽഇഡി . ചൂട് അകത്തു കടത്തിവിടാത്ത ഫ്ലൈ ആഷ് പോലെയുള്ള വസ്‌തുക്കൾ കൊണ്ടു നിർമാണം.

ടോയ്‌ലറ്റുകളിൽ ശുദ്ധീകരിച്ച മലിനജലം. മഴവെള്ള സംഭരണിയും മാലിന്യ സംസ്‌കരണ സംവിധാനവും. ആയിരം ചതുരശ്ര അടിയുടെ സാധാരണ വീട്ടിലേതിലും നാലിലൊന്നു മുതൽ താഴേക്കായിരിക്കും ഇത്തരം ഗ്രീൻ വസതിയിലെ വൈദ്യുതിച്ചെലവ്.സ്ലീപ് മോഡിലുള്ള ഒരു കംപ്യൂട്ടർ മണിക്കൂറിൽ 35 വാട്ട് വൈദ്യുതി ഉപയോഗിക്കും. ഒരാഴ്‌ച (24X7) 168 മണിക്കൂർ. ഇതിൽ 68 മണിക്കൂർ കംപ്യൂട്ടർ ഉപയോഗിക്കുന്നു എന്നു കരുതുക. അതായതു 100 മണിക്കൂർ സ്ലീപ് മോഡിൽ. ഒരു മാസത്തിൽ 400 മണിക്കൂർ (100X4).

© Copyright 2015 Manoramaonline. All rights reserved.