രണ്ടാം തലമുറ ഫിഗോയുടെ ഫേസ് ലിഫ്റ്റ് വേര്‍ഷനുമായി ഫോഡ് അടുത്ത വര്‍ഷം ആദ്യമെത്തും. ഈ വര്‍ഷം പുറത്തിറങ്ങിയ മുഖം മിനുക്കിയ ആസ്പയറിന്റെ രൂപത്തില്‍ തന്നെയാകും ഫിഗോയുമെത്തുക. റീഡിസൈന്‍ഡ് ബംബറുകളാണ്. പ്രീമിയം സെല്ലുലാര്‍ രൂപകല്‍പനയിലായിരിക്കും പുതിയ ഫിഗോ. 1.2, 1.5 പെട്രോള്‍. 1.5 ഡീസല്‍. പുതിയ 1.2 പെട്രോളിന് 88 പി എസ്. 1.5 ന് 112. ഡീസലിന് 100 പി എസ്.
കോംപാക്റ്റ് എസ്‌യുവി സെഗ്‍മെന്റിലെ താരമായാണ് റെനോ ഡസ്റ്റർ ഇന്ത്യയിലെത്തിയത്. ഇന്ത്യൻ വിപണിയ്ക്ക് സുപരിചിതരല്ലായിരുന്ന റെനൊ എന്ന ഫ്രഞ്ച് കമ്പനിയെ ഈ കോംപാക്റ്റ് എസ്‌യുവി പ്രശസ്തനാക്കി. 2012 മുതൽ കാതലായ മാറ്റങ്ങളില്ലാതെ തുടരുന്ന ഡസ്റ്റർ അടിമുടി മാറിയെത്തുന്നു. പൂർണമായും പുതിയതായി എത്തുന്ന വാഹനം അടുത്ത വർഷമവസാനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. പുതിയ വാഹനത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും എൻജിനിൽ മാറ്റങ്ങളുണ്ടാകാൻ സാധ്യതയില്ല. ആദ്യ ഡസ്റ്ററിന് കരുത്തേകിയ 1.5 ലിറ്റർ ഡീസൽ, 1.6 ലീറ്റർ പെട്രോൾ എൻജിനുകള്‍ തന്നെയാകും പുതിയ ഡസ്റ്ററിലും. വില 9 ലക്ഷം മുതല്‍ 15 ലക്ഷം വരെ.
ഈ വർഷം ആദ്യം നടന്ന ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച വാഹനം പ്രീമിയം എംപിവി സെഗ്‍മെന്റിലാണ് മത്സരിക്കുക. പ്രീമിയം ഫീച്ചറുകളും മികച്ച സ്റ്റൈലുമുള്ള ഗ്രാൻഡ് കാർണിവെൽ രാജ്യാന്തര വിപണിയിലെ കിയയുടെ ഏറ്റവും മികച്ച എംയുവികളിലൊന്നാണ്. രാജ്യാന്തര വിപണിയിൽ 7 സീറ്റ്, 8 സീറ്റ്, 11 സീറ്റ് ഫോർമാറ്റുകളിൽ കാർണിവെൽ ലഭ്യമാണ്. ഇന്ത്യയില്‍ പരീക്ഷണയോട്ടങ്ങൾ ആരംഭിച്ച എംയുവി വലുപ്പത്തിന്റെ കാര്യത്തിൽ ഇന്നോവയെക്കാൾ മുന്നിലാണ്. 5115 എംഎം നീളവും 1985 എംഎം വീതിയും 1755 എംഎം പൊക്കവുമുണ്ട് കാർണിവെല്ലിന്. ഇന്നോവയുടെ നീളം 4735 എംഎമ്മും വീതി 1830 എംഎമ്മും ഉയരം 1795 എംഎമ്മുമാണ്.
ചെറു എസ്‌യുവി സെഗ്മെന്റിൽ വില കൊണ്ട് വിപ്ലവം സൃഷ്ടിക്കാനാണ് ഗോ ക്രോസ് എത്തുക. ഡാറ്റ്സണിന്റെ ഗോ പ്ലസ് ആധാരമാക്കി നിർമിക്കുന്ന ഗോ ക്രോസിന്റെ വില 6.5 ലക്ഷത്തിൽ ആരംഭിക്കും. ക്രോസ് ഓവർ വിപണിയിലേക്ക് ഡാറ്റ്സൺ പുറത്തിറക്കുന്ന ആദ്യമോഡലാണ് ഗോ ക്രോസ്. ഗോ, ഗോ പ്ലസ് തുടങ്ങിയ വാഹനങ്ങളിൽ ഉപയോഗിക്കുന്ന ‘വി’ പ്ലാറ്റ്ഫോമിൽ തന്നെയാണ് ഗോ ക്രോസിന്റേയും നിർമാണം. സാഹസികത ഇഷ്ടപ്പെടുന്ന പുതുതലമുറ യുവാക്കളെയാണ് ഈ മോഡൽ ഏറ്റവുമധികം ആകർഷിക്കുക. ഗോ പ്ലസിനു സമാനമായി മൂന്നു നിര സീറ്റാണ് ഗോ ക്രോസ് കോൺസെപ്റ്റിലുള്ളത്. എന്നാൽ ഫീച്ചറുകളും രൂപകൽപനയും ഗോ പ്ലസിൽ നിന്നു വ്യത്യസ്തം. ഗോയിൽ ഉപയോഗിക്കുന്ന 1.2 ലീറ്റർ പെട്രോൾ എന്‍ജിൻ തന്നെയാകും ഗോ ക്രോസിലും.
പ്രീമിയം സെഡാനായ സിവിക് വീണ്ടുമെത്തും. 2013ല്‍ വിൽപന നിലച്ചതാണ്. സിറ്റിക്കുണ്ടായ ജനപ്രീതിയാണ് തിരിച്ചുവരവിനു പിന്നിൽ. 1.8 ലീറ്റർ ഐ വിടെക് പെട്രോൾ എൻജിനാവും കരുത്തേകുക. 1.6 ലീറ്റർ ഐ ഡി ടെക് ഡീസൽ എൻജിനും പ്രതീക്ഷിക്കാം. കാഴ്ചയിൽ പഴയ സിവികിനെ പിന്നിലാക്കുന്ന ചാരുത. ഉള്ളിലെ സൗകര്യങ്ങളും കാലികമായി. വില 15– 20 ലക്ഷം രൂപ നിലവാരത്തിലാവുമെന്നാണു പ്രതീക്ഷ.
അടുത്തവർഷം ആദ്യം പുറത്തിറങ്ങുന്ന വാഹനങ്ങളിലൊന്നാണ് ഹാരിയർ. പ്രീമിയം എസ്‍യുവി വിപണിയിലേക്കുള്ള ടാറ്റയുടെ കാൽവെയ്പ് തരംഗങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. എച്ച്5എക്സ് എന്ന കോഡു നാമത്തിൽ അറിയപ്പെട്ടിരുന്ന ഹാരിയറിനെ ടാറ്റ ആദ്യം പ്രദർശിപ്പിച്ചത് കഴിഞ്ഞ ന്യൂഡൽഹി ഓട്ടോ എക്സ്പോയിലാണ്. ടാറ്റയുടെ പുതിയ ഒമേഗ പ്ലാറ്റ്ഫോമിലാണ് ഹാരിയറിന്റെ നിർമാണം. 140 ബിഎച്ച്പി കരുത്തുള്ള രണ്ടു ലീറ്റർ, നാലു സിലിണ്ടർ, ക്രയോടെക് ഡീസൽ എൻജിനാണ് ഹാരിയറിൽ. വില പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 15 ലക്ഷത്തിലായിരിക്കും ആരംഭിക്കുക.
പ്രീമിയം എസ്‌യുവി വിപണിയിലെ താരമായി മുന്നേറുന്ന ജീപ്പ് കോംപസിന്റെ എതിരാളി. റാപ്പ് എറൗണ്ട് ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡേറ്റം റണ്ണിങ് ലാംപുകൾ എന്നിവ ഉണ്ടാകും. സ്റ്റൈലിഷായ ഇന്റീരിയർ ഹോണ്ടയുടെ പുതുതലമുറ സുരക്ഷ സംവിധാനം. എസ്‌യുവി ലുക്ക് വേണ്ടുവോളമുള്ള എച്ച്ആർവി, ജീപ്പ് കോംപസ്, ഹ്യുണ്ടേയ് ക്രേറ്റ, എക്സ് യു വി 500 തുടങ്ങിയ വാഹനങ്ങളുമായാണ് ഏറ്റുമുട്ടുക. പ്രായോഗികതയ്ക്ക് ഊന്നല്‍ നല്‍കുന്ന പുത്തന്‍ എസ്‌യുവി മത്സരക്ഷമമായ വിലകളില്‍ വില്‍പ്പനയ്‌ക്കെത്തിക്കുമെന്നാണു ഹോണ്ടയുടെ വാഗ്ദാനം. ജപ്പാനിൽ 1.8 ലീറ്റർ പെട്രോൾ, 1.8 ലീറ്റർ പെട്രോൾ ഹൈബ്രിഡ്. 1.6 ലീറ്റർ ഡീസൽ, 1.5 ലീറ്റർ പെട്രോൾ ഹൈബ്രിഡ് തുടങ്ങിയ എൻജിൻ വകഭേദങ്ങളിലാണ് വാഹനം ലഭിക്കുക. ഹോണ്ടയുടെ സിആർ–വിയുടേയും ബിആർ–വിയുടേയും ഇടയിലെത്തുന്ന എച്ച്ആർ–വി അടുത്ത വർഷം വിപണിയിലെത്തും. 15 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയായിരിക്കും വില.
ബ്രിട്ടീഷ് വാഹന നിർമാതാക്കളായ മോറിസ് ഗ്യാരേജ് എന്ന എംജി മോട്ടോറിന്റെ ഇന്ത്യയിലെ ആദ്യ വാഹനം അടുത്തവർഷം പകുതിയിൽ പുറത്തിറങ്ങും. കുറഞ്ഞ വിലയിൽ കിടിലൻ സ്റ്റൈലുമായി എത്തുന്ന വാഹനം എച്ച്എസ് എന്ന പേരിലാകും പുറത്തിറങ്ങുക. എസ്‌യുവികൾക്ക് ചേർന്ന ബോൾഡായ ഡിസൈൻ, വലിയ ഗ്രിൽ, ഹൈമൗണ്ടഡ് ഡേറ്റൈം റണ്ണിങ് ലാംപ്, എൽഇഡി ഹെഡ്‌ലാംപ്. മസ്കുലറായ ബോഡിലൈനുകൾ എന്നിവയാണ് മറ്റു ഫീച്ചറുകൾ. ചൈനയിൽ 1.8 ലീറ്റർ, 1.5 ലീറ്റർ എന്നീ രണ്ട് പെട്രോൾ എൻജിനുകളുണ്ട്. ഇന്ത്യയിലെത്തുമ്പോൾ ഫീയറ്റിന്റെ 2 ലീറ്റർ മൾട്ടിജെറ്റ് ഡീസൽ എൻജിൻ മോഡലിലും എസ്‌യുവി ലഭിക്കും. സായിക്ക്, ജനറൽ മോട്ടോഴ്സിൽ നിന്നു സ്വന്തമാക്കിയ ഹലോൾ നിർമാണ ശാലയില്‍ നിന്നും വാഹനങ്ങൾ നിർമിച്ച് പുറത്തിറക്കാനാണ് എംജിയുടെ പദ്ധതി.
ഏറ്റവും ചെറിയ ജീപ്പാണ് റെനഗേഡ്. സെപ്റ്റംബറിൽ പുതിയ മോഡൽ വിപണിയിലെത്തി. പുതിയ ഡേറ്റംറണ്ണിങ് ലാംപുകൾ, ജീപ്പിന്റെ പരമ്പരാഗത രൂപം എന്നിവ റെഗനേഡിനുണ്ട്. കോംപസിനെ നിർമിച്ചിരിക്കുന്ന അതേ പ്ലാറ്റ്ഫോമിൽ തന്നെ നിർമിക്കുന്ന റെനഗേഡിന് 4232 എംഎം നീളവും 2022 എംഎം വീതിയുമുണ്ടാകും. ക്രേറ്റയെക്കാൾ 40 എംഎം നീളക്കുറവും 242 എംഎം വീതി കൂടുതലാണ്. കോംപസിലൂടെ എസ് യു വി സെഗ്മെന്റിൽ ലഭിച്ച ജനപിന്തുണ കൂട്ടാനായിരിക്കും റെനഗേഡിലൂടെ ശ്രമിക്കുന്നത്. തുടക്കത്തിൽ 140 ബിഎച്ച്പി കരുത്തുൽപ്പാദിപ്പിക്കുന്ന 2 ലീറ്റർ ഡീസൽ എൻജിനും 1.4 ലീറ്റർ പെട്രോൾ എൻജിനായിരിക്കുമെങ്കിലും പിന്നീട് ആദ്യ തലമുറ മാരുതി എസ് ക്രോസിൽ ഉപയോഗിച്ച 1.6 ലീറ്റർ മൾട്ടി ജെറ്റ് എൻജിനും എത്തിയേക്കാം. മികച്ച സ്റ്റൈലും കരുത്തുറ്റ എൻജിനുമായി എത്തുന്ന വാഹനത്തിന്റെ വില പത്തു ലക്ഷത്തിൽ ഒതുക്കാനാകും ശ്രമിക്കുക.
അടുത്ത വർഷം ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കുന്ന കിയയുടെ ആദ്യവാഹനമാണ് എസ്പി. ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച എസ്പി കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ മോഡൽ അടുത്തവർഷം അവസാനത്തോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. 1.5 ലീറ്റർ ഡീസൽ, 1.6 ലീറ്റർ പെട്രോൾ എൻജിനുകളായിരിക്കും എസ്പി കൺസെപ്റ്റിൽ. ആന്ധ്രാപ്രദേശിലെ കിയയുടെ ഫാക്ടറിയിൽ നിന്നു പുറത്തിറങ്ങുന്ന ആദ്യവാഹനമായ എസ്‌പിയുടെ വില 8 ലക്ഷം മുതൽ 15 ലക്ഷം വരെയായിരിക്കും.
നാലു മീറ്ററിൽ താഴെ നീളമുള്ള മഹീന്ദ്രയുടെ ചെറു എസ്‍യുവിയാണ് എസ് 201. പേരു പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മഹീന്ദ്ര എക്സ് യു വി 300 എന്നായിരിക്കും പുതിയ വാഹനത്തിന്റെ പേര് എന്നാണ് സൂചന. മഹീന്ദ്രയുടെ കൊറിയൻ പങ്കാളികളായ സാങ്‌യോങിന്റെ ചെറു എസ്‌യുവി ടിവോളി പ്ലാറ്റ്ഫോമിന്റെ പരിഷ്കരിച്ച രൂപമാണ് എസ് 201ൽ ഉപയോഗിക്കുന്നത്. ടിവോളിയുടെ പ്ലാറ്റ്ഫോം മാത്രമല്ല ഡിസൈൻ ഘടകങ്ങൾ കൂടി അടിസ്ഥാനപ്പെടുത്തിയിരിക്കും പുതിയ കോംപാക്റ്റ് എസ്‌യുവി മഹീന്ദ്ര പുറത്തിറക്കുക എന്നാണ് സൂചന. സെഗ്‌മെന്റിൽ ആദ്യമായി പനോരമിക് സൺറൂഫുമായി എത്തുന്ന വാഹനമായിരിക്കും ചെറു എസ്‌യുവി. മരാസോയിലൂടെ അരങ്ങേറിയ 1.5 ലീറ്റർ ഡീസൽ എൻജിനാണ് വാഹനത്തിന് കരുത്തു പകരുന്നത്. 123 ബിഎച്ച്പി കരുത്തും 300 എൻഎം ടോർക്കുമുണ്ടാകും വാഹനത്തിന്. ഏഴു മുതൽ 12 ലക്ഷം വരെയായിരിക്കും എക്സ്‌യുവി 300 ന്റെ വില.
ഇന്ത്യയിലെ വിപണി വിഹിതം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് നിസാൻ പുറത്തിറക്കുന്ന വാഹനമാണ് കിക്സ്. ചെറു എസ്‌യുവി സെഗ്മെന്റിൽ ചുവടുറപ്പിക്കാൻ കിക്സ് അടുത്ത വർഷം ആദ്യം തന്നെ വിപണിയിലെത്തും. റെനൊ ഡസ്റ്റർ, ലോഡ്ജി, ക്യാപ്ച്ചർ തുടങ്ങിയവയ്ക്ക് അടിത്തറയാകുന്ന എംഒ പ്ലാറ്റ്ഫോമിലായിരിക്കും കിക്സിന്റെയും നിർമാണം. 2014 സാവോപോളോ ഇന്റർനാഷണൽ മോട്ടോർഷോയിലാണ് കിക്സ് എന്ന കോംപാക്റ്റ് എസ് യു വി കൺസെപ്റ്റ് ആദ്യം പ്രദർശിപ്പിച്ചത്. കൺസെപ്റ്റ് മോഡലിന്റെ പ്രൊഡക്‌ഷൻ പതിപ്പ് 2016ല്‍ ബ്രസീല്‍ വിപണിയിലെത്തി. പ്രീമിയം ഫീലുള്ള ഇന്റീരിയർ, ഏഴ് ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, ഓട്ടമാറ്റിക്ക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ ഫീച്ചറുകൾ ബ്രസീൽ മോഡലിലുണ്ട്. 1.5 ലീറ്റർ പെട്രോള്‍, 1.5 ലീറ്റർ ഡീസൽ എൻജിനാകും ഇന്ത്യയിലെത്തുക. 8 മുതൽ 15 ലക്ഷം രൂപ വരെയായിരിക്കും വില.
റെനൊയുടെ ജനപ്രിയ വാഹനം ക്വിഡിന്റെ പുതിയ പതിപ്പ് 2019ൽ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. എൻട്രി ലെവൽ ഹാച്ച്ബാക്കുകൾക്ക് പുതിയ മുഖം നൽകിയ ക്വിഡിന്റെ പുതിയ പതിപ്പും കിടിലൻ സ്റ്റൈലിൽ തന്നെയായിരിക്കും വിപണിയിലെത്തുക. വാഹനത്തിന്റെ കൂടുതൽ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും നിലവിലെ 800 സിസി, 1000 സിസി എൻജിൻ തന്നെ പുതിയ വാഹനത്തിലുമുണ്ടാകും. കൂടാതെ സെഗ്‌മെന്റിൽ തന്നെ ആദ്യമായി അവതരിപ്പിക്കുന്ന നിരവധി ഫീച്ചറുകളും വാഹനത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷ.
ചെറു എംയുവിയുമായി റെനൊ എത്തുന്നു. നാലുമീറ്ററിൽ താഴെ നീളമുള്ള എംയുവി സിഎംഫ് എപ്ലസ് പ്ലാറ്റ്ഫോമിന്റെ വലുപ്പം കൂടിയ പതിപ്പിലായിരിക്കും നിർമിക്കുക. ചെറു എംപിവി സെഗ്മെന്റിലേയ്ക്ക് എത്തുന്ന വാഹനത്തിന് ചെറു എംയുവികൾക്ക് വേണ്ട എല്ലാ ഗുണങ്ങളുമുണ്ടാകും. എൻജിന്റെയും ട്രാൻസ്മിഷന്റേയും കൂടുതൽ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും പെട്രോൾ ഡീസൽ എൻജിനുകളുണ്ടാകും ഈ എംപിവിയിൽ. മാനുവല്‍ ഗിയർബോക്സ് കൂടാതെ ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷനും പുതിയ എംയുവില്‍ പ്രതീക്ഷിക്കാം.
ഫോക്‌സ് വാഗന്‍ പോളോയുടെ പുതിയ പതിപ്പ് അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങും. 2017 രാജ്യാന്തര വിപണിയില്‍ പുറത്തിറങ്ങിയ ആറാം തലമുറ പോളോയായിരിക്കും ഇന്ത്യയില്‍ രണ്ടാം തലമുറയായി എത്തുക. ഇന്ത്യയില്‍ പുറത്തിറങ്ങിയ നാൾ മുതല്‍ കാര്യമായ മാറ്റങ്ങളില്ലാതെ തുടരുന്ന കാർ അടുത്ത വര്‍ഷം പകുതിയില്‍ അടിമുറി മാറി എത്തുമെന്നാണ് പ്രതീക്ഷ. 1 ലീറ്റര്‍ പെട്രോള്‍, 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ പുതിയ പോളോയിലുണ്ടാകും.
വൈദ്യുത എസ് യു വിയായ കോന അടുത്ത വർഷം ഇന്ത്യയിലെത്തും. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ പരമ്പരാഗത ഇന്ധനത്തിൽ ഓടുന്ന കോന പ്രദർശിപ്പിച്ച ഹ്യുണ്ടേയ് ഗുരുഗ്രാമിൽ നടന്ന ബ്രില്യന്റ് കിഡ്സ് മോട്ടോർ ഷോയിൽ കോന ഇല്ക്ട്രിക് അവതരിപ്പിച്ചിരുന്നു. കാഴ്ചയിൽ എസ് യു വിക്കു പകരം ക്രോസോവറിനോടാണ് ‘കോന ഇലക്ട്രിക്കി’നു സാമ്യം; കോനയുടെ 39.2 കിലോവാട്ട് അവർ പതിപ്പാവും ഇന്ത്യയിലെത്തുകയെന്നാണു സൂചന; ഒറ്റ ചാർജിൽ 312 കിലോമീറ്റർ ഓടാൻ ഈ വകഭേദത്തിനാവും. പിന്നീട് കാറിന്റെ 64 കിലോവാട്ട് അവർ പതിപ്പും ഇന്ത്യയിലെത്തിയേക്കും. ഇന്ത്യയിൽ 25 ലക്ഷം രൂപയോളമാവും ‘കോന’യ്ക്കു വിലയെന്നാണു പ്രതീക്ഷ.
കാർലിനൊ എന്ന പേരിൽ 2016 ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച വാഹനത്തിന്റെ ഉൽപാദന മോഡലായിരിക്കും സ്റ്റൈക്സ്. ഹ്യുണ്ടേയ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സ്റ്റൈക്സ് എന്ന പേരുപയോഗിക്കുമെന്നാണ് പ്രതീക്ഷ. ‘ക്യു എക്സ് ഐ’ കോഡു നാമത്തിൽ അറിയപ്പെടുന്ന വാഹനം അടുത്ത വർഷം ആദ്യം വിപണിയിലെത്തും. ക്രേറ്റയ്ക്ക് താഴെയായിരിക്കണം സ്ഥാനം. നിലവിൽ ഇന്ത്യയിൽ ഉപയോഗിക്കുന്ന 1.4 ലീറ്റർ പെട്രോൾ, സി ആർ ഡി ഐ ഡീസൽ എൻജിനുകൾ കരുത്തു പകരും. രണ്ടാം തലമുറ ഫ്ലൂയിഡിക് രൂപഭംഗി അതേപോലെ തന്നെ നിർമാണ വകഭേദത്തിനും നൽകും. 10 ലക്ഷം രൂപയിൽത്താഴെ വിലയിൽ അഞ്ചു സീറ്ററായി വിപണിയിൽ എത്തിക്കാനാണ് ശ്രമം.
പുതിയ മൈക്രോ എസ്‌യുവിയുമായി മാരുതി സുസുക്കി. വിറ്റാര ബ്രെസയ്ക്ക് ലഭിച്ച മികച്ച സ്വീകാര്യതയാണ് എസ്‌യുവി സെഗ്‍മെന്റിലേക്ക് പുതിയ വാഹനങ്ങളെ പുറത്തിറക്കാൻ മാരുതിയെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച ഫ്യൂച്ചർ എസ് കൺസെപ്റ്റിനെ അടിസ്ഥാനപ്പെടുത്തിയാണ് മാരുതി പുതിയ ചെറു എസ്‌യുവി. അടുത്ത വർഷം പകുതിയിൽ പുതിയ എസ്‌യുവി വിപണിയിലെത്തും. ഇഗ്‍നിസിന്റെ നീളവും വീൽബെയ്സുമായി എത്തുന്ന എസ്‌യുവിക്ക് 1.2 ലീറ്റർ പെട്രോൾ എൻജിനാണുണ്ടാകുക. സ്വിഫ്റ്റില്‍ ഉപയോഗിക്കുന്ന ഭാരം കുറഞ്ഞ ഹെർടെക്ട് പ്ളാറ്റ്ഫോമിലാണ് നിർമാണം. ഉയർന്നു നിൽക്കുന്ന പിൻവശവും സ്ക്വിഡ് പ്ളേറ്റുകളുമൊക്കെയായി നിരത്തിലുള്ള ചെറു എസ്യുവികളുടെ മാതൃകയിലാണ് ഫ്യൂച്ചർ എസ്. അതേ രൂപത്തിൽ തന്നെയാകും പുതിയ മൈക്രോ എസ്‌യുവിയും. അഞ്ചു ലക്ഷം രൂപയിൽ വില ആരംഭിക്കും.
പ്രീമിയം എസ്‌യുവിയായ ഹാരിയറിന് ശേഷം ടാറ്റ പുറത്തിറക്കുന്ന വാഹനമായിരിക്കും 45 എക്‌സ്. പ്രീമിയം സെഗ്മെന്റില്‍ മത്സരിക്കാനെത്തുന്ന കാറിന്റെ കണ്‍സെപ്റ്റ് മോഡലിനെ ടാറ്റ ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ടാറ്റയുടെ ആദ്യ പ്രീമിയം ഹാച്ച്ബാക്കായി എത്തുന്ന ചെറു കാര്‍ പുതിയ അഡ്വാന്‍സ്ഡ് മോഡുലാര്‍ പ്ലാറ്റ്‌ഫോമിലായിരിക്കും (എഎംപി) നിര്‍മിക്കുക. വരും തലമുറ ടാറ്റ വാഹനങ്ങളുടെ ഇംപാക്റ്റ് ഡിസൈന്‍ ലാഗ്വേജ് 2.0ല്‍ പുറത്തിറങ്ങുന്ന രണ്ടാമത്തെ വാഹനമായിരിക്കും പ്രീമിയം ഹാച്ച്ബാക്ക്. ടാറ്റയുടെ പുതു തലമുറ കാറുകളെപ്പോലെ സ്‌റ്റൈലന്‍ ലുക്കും ധാരാളം ഫീച്ചറുകളുമായിട്ടാകും പുതിയ കാര്‍ പുറത്തിറങ്ങുക. നെക്‌സോണില്‍ ഉപയോഗിക്കുന്ന 1.2 ലീറ്റര്‍ ടര്‍ബൊ പെട്രോള്‍ എന്‍ജിനും ടിയാഗോയിലെ 1.05 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമാകും പുതിയ കാറിന് കരുത്തേകുക. ഡീസല്‍ എന്‍ജിന് കൂട്ടായി (വി ജി ടി)വേരിയബില്‍ ജോമട്രി ടര്‍ബോയും ഉണ്ടാകും.
കാർലിനൊ എന്ന പേരിൽ 2016 ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച വാഹനത്തിനെ അടിസ്ഥാനപ്പെടുത്തിയുള്ള ചെറു എസ്‌യുവി കിയ പുറത്തിറക്കിയേക്കും. എസ്പി കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ മോഡലിന് ശേഷം വിപണിയിലെത്തുന്ന വാഹനം ഇതായിരിക്കുമെന്നാണ് പ്രതീക്ഷ. യുവി സെഗ്‌മെന്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കിയയുടെ പ്രഖ്യാപനം ചെറു എസ്‌യുവിയുടെ സാധ്യത വർദ്ധിപ്പിക്കുന്നു. 1.4 ലീറ്റർ പെട്രോൾ, സി ആർ ഡി ഐ ഡീസൽ എൻജിനുകൾ കരുത്തു പകരും.
അപ്രീലിയയുടെ എസ്ആർ 125 അടിസ്ഥാനമാക്കിയ സ്പോർട്ടി സ്കൂട്ടറാണ് സ്റ്റോം 125. 2018 ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ സ്കൂട്ടറിനെ പ്രദർശിപ്പിച്ചെങ്കിലും പുറത്തിറക്കിയിരുന്നില്ല. 2019 തുടക്കത്തിൽ തന്നെ സ്പോർട്ടി സ്റ്റോമിനെ വിപണിയിലെത്തിക്കുമെന്നാണ് പ്രതീക്ഷ. കോംബി ബ്രേക് സിസ്റ്റത്തോടെയായിരിക്കും പുതിയ സ്റ്റോം എത്തുക. 124 സിസി എൻജിന് 9.46 ബിഎച്ച്പി കരുത്തും 8.2 എൻഎം ടോർക്കുമുണ്ടാകും.
ഇറ്റായിൽ ഇരുചക്രവാഹന നിർമാതാക്കളായ ബെനലിയുടെ നേക്കഡ് ബൈക്കാണ് ലിയോഞ്ചിനോ. ഇറ്റലിയിലെ മിലാനിൽ നടന്ന മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ച ബൈക്ക് 2019 ൽ കമ്പനി പുറത്തിറക്കും. 500 സിസി, 250 സിസി മോഡലുകളിൽ ലിയോഞ്ചിനോ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. കഫേ റേസറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള ഡിസൈനും കരുത്തുറ്റ എൻജിനുമാണ് ബൈക്കിന്. 499.6 സിസി എൻജിൻ ഉപയോഗിക്കുന്ന ലിയോഞ്ചിനോ 500 ന് 47.6 പിഎസ് കരുത്തും 45 എൻഎം
ബെനലിയുടെ അഡ്വഞ്ചർ ടൂറർ ടിആർകെ 502 ഉടൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2016 ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച ബൈക്ക് 2017ൽ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ബെനലിയുടെ ഇന്ത്യൻ പങ്കാളിയായ ഡിഎസ്കെയ്ക്കുണ്ടായ സാമ്പത്തിക പ്രതിസന്ധി ബൈക്കിന്റെ പുറത്തിറക്കൽ വൈകിപ്പിച്ചു. ഡിഎസ്കെയുമായുള്ള സഹകരണം അവസാനിപ്പിച്ച് മഹാവീർ ഗ്രൂപ്പുമായി ചേർന്ന് രണ്ടാം അങ്കത്തിനെത്തുന്ന ബെനലി ടിആർ502 നെ ഉടൻ പുറത്തിറക്കും. 499.6 സിസി എൻജിനുള്ള ടിആർകെയുടെ കരുത്ത് 47.6 ബിഎച്ച്പിയും ടോർക്ക് 45 എൻഎമ്മും.
ബജാജിന്റെ ക്രൂസർ ബൈക്കായ അവഞ്ചറിന്റെ കരുത്തു കൂടിയ വകഭേദം അവഞ്ചറിനും 400 അടുത്തവർഷം പുറത്തിറങ്ങാൻ സാധ്യതയുള്ള മറ്റൊരു ബൈക്കാണ്. കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഡോമിനറിൽ ഉപയോഗിക്കുന്ന 373 സിസി എൻജിൻ തന്നെയാകും അവഞ്ചർ 400നും. ഡോമിനറിലെ ഡി ടി എസ് ഐ ട്രിപ്പിൾ സ്പാർക്ക് ഫോർ വാൽവ് സിംഗിൾ സിലിണ്ടർ 373 സിസി ഓവർ സ്ക്വയർ ബോർ എൻജിന് 8000 ആർ പി എമ്മിൽ 34.5 ബി എച്ച് പി കരുത്തും 8500 ആർ പി എമ്മിൽ 35 എൻ എം ടോർക്കുമുണ്ട്.
ബജാജ് പൾസറിന്റെ ഫുള്‍ ഫെയറിങ്ങുള്ള മോഡൽ പൾസർ ആർ എസ് 400 ആണ് ഉടൻ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന മറ്റൊരു ബൈക്ക്. ബജാജ് ഡോമിനറിൽ ഉപയോഗിക്കുന്ന 373.2 സിസി എൻജിനാണ് ബൈക്കിൽ ഉപയോഗിക്കുക. 42 പിഎസ് കരുത്തും 34.5 എൻഎം ടോർക്കും എൻജിനിൽ നിന്ന് പ്രതീക്ഷിക്കാം.
ബിഎംഡബ്ല്യുവിന്റെ വിഖ്യാത അഡ്വഞ്ചർ ടൂറർ ആർ 1200ജിഎസിന്റെ പകരക്കാരനാണ് ആർ 1250ജിഎസ്. 1245 സിസി എൻജിൻ ഉപയോഗിക്കുന്ന ബൈക്കിന്റെ കരുത്ത് 125 ബിഎച്ച്പിയാണ്. കരുത്തിലും പെർഫോമൻസിലും പുതിയ മാനങ്ങൾ സൃഷ്ടിക്കുന്ന ആർ 1250 ജിഎസ് 2019ൽ തന്നെ ഇന്ത്യയിലെത്തും.
ഹീറോയുടെ ഇലക്ട്രിക് ഹൈബ്രിഡ് കൺസെപ്റ്റായ ലീപ്പ് ആദ്യമായി പ്രദർശിപ്പിക്കുന്നത് 2012 ഓട്ടോഎക്സ്പോയിലാണ്. അന്നു മുതൽ പ്രൊഡക്ഷൻ മോഡലിന്റെ പുറത്തിറക്കലിനെപ്പറ്റിയുള്ള വാർത്തകൾ കേൾക്കുന്നുണ്ടെങ്കിലു പുറത്തിറങ്ങിയിരുന്നില്ല. പെട്രോളിലും വൈദ്യുതിയിലും ഒാടുന്ന ലീപ്പ് ഇന്ത്യൻ സ്കൂട്ടർ വിപണിക്ക് വലിയ മാറ്റങ്ങൾ കൊണ്ടുവരും എന്നാണ് പ്രതീക്ഷ.
ക്രൂസർ സെഗ്മെന്റിലേക്ക് ഹോണ്ട ഇന്ത്യ പുറത്തിറക്കുന്ന ആദ്യ ബൈക്കായിരിക്കും റിബൽ. രാജ്യാന്തര വിപണിയിലുള്ള റിബല്‍ 200 പരിഷ്കരിച്ച രൂപമായിരിക്കും ഇന്ത്യയിലെത്തുക. അടുത്തവർഷം തന്നെ പുതിയ ബൈക്ക് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. ജപ്പാനിൽ ഇരുചക്ര വിപണിയുടെ വളർച്ച നിരക്ക് കുറഞ്ഞത് ഇന്ത്യയിൽ കൂടുതല്‍ നിക്ഷേപിക്കുന്നതിനായി ഹോണ്ടയെ പ്രേരിപ്പിക്കുന്ന ഘടകമാണ്. കൂടാതെ ക്രൂസർ ബൈക്കുകൾക്കുന്ന ജനപ്രീതിയും ഹോണ്ട ലക്ഷ്യം വെയ്ക്കുന്നു. അതുകൊണ്ട് തന്നെ ക്ലാസിക്ക് ലുക്കിലുള്ളൊരു ക്രൂസർ ബൈക്ക് നിർമിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.
ഇന്ത്യയിലെ സ്കൂട്ടർ വിപണിയിലെ ഒന്നാമനാണ് ഹോണ്ട. ഒന്നാം സ്ഥാനം നിലനിർത്തുന്നതിനായി നിരവധി പുതിയ മോഡലുകളുടെ പണിപ്പുരയിലാണ് ഹോണ്ട. 125 സിസി സെഗ്മെന്റിലെ ലീഡറാകാൻ ലീഡിനെ 2019ൽ ഹോണ്ട പുറത്തിറക്കിയേക്കും. 125 സിസി എൻജിൻ ഉപയോഗിക്കുന്ന സ്കൂട്ടറിന് 11.33 ബിഎച്ച്പി കരുത്തും 11.3 എൻഎം ടോർക്കുമുണ്ടാകും.
കാവസാക്കിയുടെ ഏറ്റവും മികച്ച സ്പോർട്സ് ബൈക്കായ ഇസഡ് എക്സ് 6 ആറിന്റെ പുതിയ പതിപ്പ് 2019ൽ വിപണിയിലെത്തും. കരുത്തും ടോർക്കും കൂട്ടിയാണ് പുതിയ മോഡലെത്തുക. കൂടാതെ പുതിയ സൈഡ് ഫെയറിങ്, പുതിയ ഫ്രെയും, സസ്പെൻഷൻ എന്നിവയുമുണ്ടാകും. 600 സിസി എൻജിൻ ഉപയോഗിക്കുന്ന ബൈക്കിന് 117 ബിഎച്ച്പി കരുത്തുണ്ടാകും. മണിക്കൂറിൽ 248 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ പുതിയ ബൈക്കിനാകും എന്നാണ് പ്രതീക്ഷ.
കെടിഎം പുതിയ അഡ്വഞ്ചർ ബൈക്കുമായി എത്തുന്നു 2019ൽ 390 അഡ്വഞ്ചർ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. ഡ്യുക്ക് 390ൽ ഉപയോഗിക്കുന്ന 373 സിസി എൻജിൻ തന്നെയാകും ബൈക്കിൽ. പുതിയ സൂപ്പർ ഡ്യൂക്ക് അഡ്വഞ്ചർ 1290 ആധാരമാക്കി വികസിപ്പിക്കുന്ന പ്ലാറ്റ്ഫോമിൽ രണ്ടു ബൈക്കുകൾ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെടിഎം അഡ്വഞ്ചർ 200, കെടിഎം അഡ്വഞ്ചർ 390 എന്നീ പേരുകളിലായിരിക്കും ബൈക്ക് അറിയപ്പെടുക. ആദ്യം പുറത്തിറങ്ങുക 390 അഡ്വഞ്ചറാകും.
ഒരു കാലത്ത് ഇന്ത്യൻ വിപണിയിൽ സജീവമായിരുന്ന ലാംബർട്ടയെ പിയാജിയോ തിരിച്ചെത്തിച്ചേക്കും. അടുത്തവർഷം അവസാനത്തോടെ ലംബർട്ടയുടെ വി 200 എന്ന മോഡൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 168.9 സിസി എൻജിനുള്ള സ്കൂട്ടറിന് 11.94 ബിഎച്ച്പി കരുത്തും 12.5 എൻഎം ടോർക്കുമുണ്ടാകും.
ഹോണ്ടയുമായി പിരിഞ്ഞതിന് ശേഷം ഹീറോ പുറത്തിറക്കുന്ന ആദ്യ ബൈക്കായ ഇംപൾസിന്റെ പകരക്കാരനെ കമ്പനി 2019 ൽ പുറത്തിറക്കും. ഇറ്റലിയിലെ മിലാനിൽ നടന്ന ടൂവീലർ ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച എക്സ്പൾസ് എന്ന വാഹനവും അഡ്വഞ്ചർ കാറ്റഗറിയിലാണ് പെടുന്നത്. 2018 ഫെബ്രുവരിയിൽ നടക്കുന്ന 14 ാമത് ന്യൂ ഡൽഹി ഓട്ടോഎക്സ്പോയിലും ഹീറോ ബൈക്ക് പ്രദർശിപ്പിച്ചിരുന്നു. എക്സ്ട്രീം 200ൽ ഉപയോഗിക്കുന്ന അതേ എൻജിൻ തന്നെയാകും എക്സ്പൾസിലും.
സുസുക്കി ജിക്സർ സീരിസിനെ എൻജിൻ ശേഷി കൂടിയ ബൈക്ക് ജിക്സർ 250ആർ 2019 ൽ വിപണിയിലെത്തും. നിലവിലെ ജിക്സർ സീരീസ് ബൈക്കുകളെ അനുസ്മരിപ്പിക്കുന്ന ഡിസൈൻ തന്നെയാകും പുതിയ ബൈക്കിനും. 240 സിസി എൻജിൻ 25 ബിഎച്ച്പി കരുത്തും 23 എൻഎം ടോർക്കുമുണ്ടാകും.
സുസുക്കിയുടെ വി സ്റ്റോം നിരയിലെ കരുത്തൻ വി സ്റ്റോം 650 യുടെ പുതിയ പതിപ്പ് 2019ൽ വിപണിയിലെത്തും. ലോങ് റൈഡുകൾക്ക് ചേർന്ന തരത്തിലുള്ള ഡിസൈനാണ് ബൈക്കിന്. ഏതു തരം ടെറൈനിലൂടെയും അനായാസം സഞ്ചരിക്കാനാവും എന്നതാണ് ബൈക്കിന്റെ പ്രത്യേകത. നാല് സ്ട്രോക് വി–ട്വിൻ 645 സിസി എൻജിനാണ് വി സ്റ്റോമിൽ.
കൈനറ്റിക്ക് മോട്ടോറോയാലിന്റെ സഹകരണത്തോടെ ഇന്ത്യയിലെത്തിയ ഇറ്റാലിയൻ ബൈക്ക് നിർമാതാക്കളാണ് എസ്ഡബ്ല്യുഎം. 2018ൽ ഇന്ത്യയിലെത്തിയ കമ്പനിയുടെ കരുത്തൻ ബൈക്കായ സൂപ്പർഡ്യുവൽ ടി 600, 2019ൽ വിപണിയിലെത്തും. നേരത്തെ തന്ന വില പ്രഖ്യാപിച്ച ബൈക്കിന്റെ വിതരണം അടുത്തവർഷം ആദ്യം തുടങ്ങുമെന്നാണ് പ്രതീക്ഷ. 600 സിസി എൻജിൻ ഉപയോഗിക്കുന്ന ബൈക്കിന് 56 ബിഎച്ച്പി കരുത്തും 53.5 എൻഎം ടോർക്കുമുണ്ട്.
ട്രയംഫിന്റെ ഓഫ്റോഡ് ബൈക്ക് സ്കാംബ്ലർ 1200, ഇന്ത്യൻ വിപണിയിൽ 2019ൽ എത്തും. എക്സ്‌സി വകഭേദമായിരിക്കും ആദ്യമെത്തുക. ബോണവിൽ റേഞ്ചിലെ 1200 സിസി എൻജിനാണ് ബൈക്കിൽ. 89 ബിഎച്ച്പി കരുത്തും 110 എൻഎം ടോർക്കും നൽകും ഈ എൻജിൻ. ഓഫ് റോഡിന് ഇണങ്ങുന്ന സസ്പെൻഷനും പ്ലാറ്റ്ഫോമുമാണ് ബൈക്കിൽ ഉപയോഗിക്കുന്നത്. വില 12 ലക്ഷം.
ക്രൂസർ ബൈക്കായ കമാൻഡോ ക്ലാസിക്കിന്റെ വില കുറഞ്ഞ പതിപ്പ് യു എം മോട്ടോർ സൈക്കിൾസ് ഉടൻ അവതരിപ്പിക്കും. എൻജിനിൽ ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനത്തിനു പകരം കാർബുറേറ്റർ ഘടിപ്പിച്ചാണു യു എം മോട്ടോർ സൈക്കിൾസ് കമാൻഡോ ക്ലാസിക്കിനു വില കുറച്ചത്. ഇതുവരെ ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനമുള്ള 279.5 സി സി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിനാണ് ബൈക്കിനു കരുത്തേകിയിരുന്നത്. കാർബുറേറ്റർ ഇടംപിടിച്ചതൊഴിവാക്കിയാൽ എൻജിനിലോ സാങ്കേതിക വിഭാഗത്തിലോ മറ്റും മാറ്റമൊന്നുമില്ല.
അമേരിക്കൻ ഇരുചക്രവാഹന നിർമാതക്കളായ യുണേറ്റഡ് മോട്ടോഴ്സിന്റെ പുതിയ ബൈക്ക് ഡ്യുട്ടി എസ് 2019 ഇന്ത്യൻ നിരത്തിലെത്തും. ഫെബ്രുവരിയിൽ നടന്ന ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ ഡ്യുട്ടി എസ് യുഎം പ്രദർശിപ്പിച്ചിരുന്നു. 223 സിസി സിംഗിള്‍സി ലിണ്ടര്‍, ഓയില്‍കൂള്‍ഡ് എഞ്ചിനാണ്. 16 ബി. എച്ച്.പി. കരുത്തും 17 എന്‍.എം ടോര്‍ക്കും. എൽഇഡി ഹെഡ്‌ലാംപും ടെയിൽ ലാംപുമാണ് ബൈക്കിന്. വില 1.75 ലക്ഷത്തിൽ ആരംഭിക്കും എന്നാണ് പ്രതീക്ഷ.
പതിനാലാമത് ന്യുഡൽഹി ഓട്ടോ എക്സ്പോയിലെ പ്രധാന താരമായിരുന്ന ഥോർ. ഹൊളിവുഡ് സൂപ്പർ ഹീറോയെ അനുസ്മരിപ്പിക്കുന്ന പേരിൽ എത്തിയ ബൈക്ക് ഇന്ത്യയിലും ഹീറോ ആകും എന്നാണ് യുഎം പ്രതീക്ഷിക്കുന്നത്. ലോകത്തിലെ തന്നെ ആദ്യ ഇലക്ട്രിക് കൂസർ ബൈക്ക് എന്ന പേരിൽ എത്തുന്ന ഥോറിന്റെ വില ആരംഭിക്കുന്നത് 4.9 ലക്ഷം രൂപയിലാണ് (നിർമാണം ഇന്ത്യയിൽ ആരംഭിച്ചാൽ). പരമാവധി 30 കിലോവാട്ട് കരുത്തും 70 എൻഎം ടോർക്കും നൽകുന്ന ഇലക്ട്രിക് മോട്ടറാണ് ഥോറിൽ. നിലവിൽ വിപണിയിലുള്ള 800 സിസി ബൈക്കുകളെ പിന്നിലാക്കുന്ന പെർഫോമൻസ് ബൈക്കിനുണെന്നാണ് യുഎം അവകാശപ്പെടുന്നത്. മൂന്ന് മോഡലുകളിൽ ഥോർ ലഭിക്കും.