ജീപ്പിന്റെ ജനപ്രിയ എസ്‍യുവി കോംപസിന്റെ പുതിയ പതിപ്പ് 2020 വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന മറ്റൊരു വാഹനമാണ്. ബിഎസ് 6 നിലവാരത്തിലുള്ള എൻജിനോടൊപ്പം അടുത്ത വർഷം പകുതിയിൽ പുതിയ കോംപസും പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. ഇപ്പോൾ നിലവിലുള്ള കോംപസിൽ നിന്ന് വളരെയധികം മാറ്റങ്ങളോടെയായിരിക്കും പുതിയ വാഹനം പുറത്തിറങ്ങുക. ജീപ്പിന്റെ പരമ്പരാഗത രൂപഗുണത്തിൽ തന്നെ എത്തുന്ന കോംപസിന്റെ എക്സ്റ്റീരിയറിലും ഇന്റീരിയറിലും ധാരാളം മാറ്റങ്ങളുണ്ടാകും. വിപണിയിലെ എതിരാളികളെ നിഷ്പ്രഭരാക്കുന്ന ഫീച്ചറുകളായിരിക്കും പുതിയ വാഹനത്തിന്റെ ഹൈലേറ്റ്.
ടാറ്റയുടെ അടുത്ത വർഷത്തെ പ്രധാനപ്പെട്ട ലോഞ്ചുകളിലൊന്നാണ് ആൽട്രോസ്. പ്രീമിയം ഹാച്ച്ബാക്ക് സെഗ്‍മെന്റിൽ മത്സരിക്കാനെത്തുന്ന ആൽട്രോസ് ജനുവരി അവസാനം വിപണിയിലെത്തും. പ്രീമിയം ഹാച്ച്ബാക്ക് നിരത്തിലെ ഏറ്റവും മികച്ച സ്റ്റൈലൻ വാഹനങ്ങളിലൊന്നാണ് ആൽട്രോസ്. സെഗ്മെന്റിൽ തന്നെ ആദ്യമെന്ന് പറയാവുന്ന നിരവധി ഫീച്ചറുകളുമായാണ് ആൽട്രോസ് എത്തുക. ബിഎസ്6 നിലവാരത്തിലുള്ള പെട്രോൾ, ഡീസൽ എൻജിനുകളാണ് കാറിൽ. 1.5 ലീറ്റർ നാലു സിലിണ്ടർ ഡീസൽ എൻജിന് 90 പിഎസ്, 200 എൻഎം ടോർക്കുമുണ്ട്. 1.2 ലീറ്റർ മൂന്നു സിലിണ്ടർ പെട്രോൾ എൻജിന്റെ കരുത്ത് 86 പിഎസും ടോർക്ക് 113 എൻഎമ്മുമാണ്.
2018 ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച വാഹനം പ്രീമിയം എംപിവി സെഗ്‍മെന്റിലാണ് മത്സരിക്കുക. പ്രീമിയം ഫീച്ചറുകളും മികച്ച സ്റ്റൈലുമുള്ള ഗ്രാൻഡ് കാർണിവെൽ രാജ്യാന്തര വിപണിയിലെ കിയയുടെ ഏറ്റവും മികച്ച എംയുവികളിലൊന്നാണ്. രാജ്യാന്തര വിപണിയിൽ 7 സീറ്റ്, 8 സീറ്റ്, 11 സീറ്റ് ഫോർമാറ്റുകളിൽ കാർണിവെൽ ലഭ്യമാണ്. ഇന്ത്യയില്‍ പരീക്ഷണയോട്ടങ്ങൾ ആരംഭിച്ച എംയുവി വലുപ്പത്തിന്റെ കാര്യത്തിൽ ഇന്നോവയെക്കാൾ മുന്നിലാണ്. 5115 എംഎം നീളവും 1985 എംഎം വീതിയും 1755 എംഎം പൊക്കവുമുണ്ട് കാർണിവെല്ലിന്. ഇന്നോവയുടെ നീളം 4735 എംഎമ്മും വീതി 1830 എംഎമ്മും ഉയരം 1795 എംഎമ്മുമാണ്.
വൈദ്യുത സ്പോർട് യൂട്ടിലിറ്റി വാഹന(എസ്‌യുവി)മായ നെക്സോൺ ഇവിയുടെ 2020ൽ വിപണിയിലെത്തും. പരിഷ്കരിച്ച നെക്സോണിൽ കാതലായ മാറ്റം വരുത്തിയാണു ടാറ്റ മോട്ടോഴ്സ് നെക്സോൺ ഇവി യാഥാർഥ്യമാക്കുന്നത്. വാഹന നിർമാണത്തിന് ഉപയോഗിക്കുന്ന ഷീറ്റ് മെറ്റലിലെ മാറ്റം മുതൽ മുന്നിലും പിന്നിലും പുത്തൻ രൂപകൽപ്പനയുള്ള ബംപറും മെലിഞ്ഞ ഗ്രില്ലും പുത്തൻ ഹെഡ്ലൈറ്റ് യൂണിറ്റുമൊക്കെ നെക്സോൺ ഇവിയിലുണ്ടാവും. സിപ്ട്രോൺ ഇവി സാങ്കേതികവിദ്യയുടെ പിൻബലത്തോടെയെത്തുന്ന ‘നെക്സോൺ ഇവി അടുത്ത മാർച്ചിനുള്ളിൽ വിൽപ്പനയ്ക്കെത്തുമെന്നാണു കരുതുന്നത്. 30.2 kWh ലിഥിയം അയൺ ബാറ്ററിയാണ് നെക്സോൺ ഇവിക്ക് കരുത്തേകുന്നത്. 129 പിഎസ് കരുത്തും 245 എൻഎം ടോർക്കുമുണ്ട് ഇതിലെ ഇലക്ട്രിക് മോട്ടറിന്. ഒറ്റചാർജിൽ 300 കിലോമീറ്റർ വരെ റേഞ്ചുണ്ട് നെക്സോൺ ഇവിക്ക്.
കോംപാക്ട് സെഡാൻ സെഗ്‌മെന്റിലേക്ക് ഹ്യുണ്ടേയ് പുറത്തിറക്കുന്ന പുതിയ വാഹനം ഓറ പ്രദർശിപ്പിച്ചത് ഡിസംബറിലാണ്. സ്റ്റൈലിഷ് ഡിസൈനും ബി എസ് 6 പെട്രോൾ ഡീസൽ എൻജിനുകളുമായാണ് കാർ എത്തുന്നത്. ചെറുകാർ വിപണിയിലെ ആദ്യ 1.2 ലിറ്റർ ഇക്കോടോർക്ക് ഡീസൽ എൻജിൻ (ബിഎസ് 6 നിലവാരം) എന്നതാണ് ഹ്യൂണ്ടായ് ഓറയെ മറ്റ് വാഹനങ്ങളുമായി വ്യത്യസ്തനാക്കുന്ന മുഖ്യ സവിശേഷത. ഇതു കൂടാതെ ബിഎസ് 6 നിലവാരത്തിലുള്ള 1 ലിറ്റർ, 1.2 ലിറ്റർ പെട്രോൾ എൻജിൻ വകഭേദങ്ങളുമുണ്ട്. പുതിയ ഐ10 നിയോസിനോട് സാമ്യമുള്ള രൂപമായിരിക്കും ഓറയ്ക്ക്. സെഗ്‌മെന്റിലെ മറ്റു കോംപാക്റ്റ് സെഡാനുകളെ വെല്ലുന്ന രൂപഭംഗിയിലാണ് പുതിയ കാർ എത്തുന്നത്. വലിയ ഗ്രിൽ, സ്റ്റൈലർ ഹെഡ്‌ലാംപ്, സ്പോർട്ടി അലോയ് വീലുകൾ എന്നിവ കാറിലുണ്ടാകും.
ടൊയോട്ടയുടെ ആഡംബര എസ്‌യുവി വെൽഫയറുമായി 2020 ൽ വിപണിയിലെത്തും. ഇറക്കുമതി ചെയ്ത വാഹനങ്ങളുടെ പ്രാദേശിക സർട്ടിഫിക്കേഷൻ വ്യവസ്ഥകളിൽ നടപ്പാക്കിയ മാറ്റം പ്രയോജനപ്പെടുത്തിയാവും എംപിവി ഇന്ത്യയിലെത്തുക. കഴിഞ്ഞ ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച അൽഫാഡിനെ പുറത്തിറക്കാതെ വെൽഫയറിനെ വിപണിയിലെത്തിക്കാനാണ് ടൊയോട്ടയുടെ തീരുമാനം. യാത്രാസുഖത്തിനും സൗകര്യങ്ങൾക്കും മുൻതൂക്കം നൽകി നിർമിച്ചിരിക്കുന്ന വെൽഫയർ വിവിധ സീറ്റ് കോൺഫിഗറേഷനുകളിൽ ലഭ്യമാണ്. ഇലക്ട്രിക്കലി അഡ്ജെസ്റ്റ് ചെയ്യാവുന്ന സീറ്റുകൾ, മൂന്ന് സോൺ എസി, 10.2 ഇഞ്ച് ഇൻഫോടൈൻമെന്റ് സിസ്റ്റം, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ തുടങ്ങിയ സൗകര്യങ്ങളുണ്ട്. 2.5 ലീറ്റർ ഡ്യുവൽ വിവിടി ഐ എൻജിനാണ് രാജ്യാന്തര വിപണിയിലുള്ള വെൽഫയറിൽ ഉപയോഗിക്കുന്നത്.
പ്രീമിയം എസ്‌യുവി വിപണിയിലെ താരമായി മുന്നേറുന്ന ജീപ്പ് കോംപസിന്റെ എതിരാളി. റാപ്പ് എറൗണ്ട് ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡേറ്റം റണ്ണിങ് ലാംപുകൾ എന്നിവ ഉണ്ടാകും. സ്റ്റൈലിഷായ ഇന്റീരിയർ ഹോണ്ടയുടെ പുതുതലമുറ സുരക്ഷ സംവിധാനം. എസ്‌യുവി ലുക്ക് വേണ്ടുവോളമുള്ള എച്ച്ആർവി, ജീപ്പ് കോംപസ്, ഹ്യുണ്ടേയ് ക്രേറ്റ, എക്സ് യു വി 500 തുടങ്ങിയ വാഹനങ്ങളുമായാണ് ഏറ്റുമുട്ടുക. പ്രായോഗികതയ്ക്ക് ഊന്നല്‍ നല്‍കുന്ന പുത്തന്‍ എസ്‌യുവി മത്സരക്ഷമമായ വിലകളില്‍ വില്‍പ്പനയ്‌ക്കെത്തിക്കുമെന്നാണു ഹോണ്ടയുടെ വാഗ്ദാനം. ജപ്പാനിൽ 1.8 ലീറ്റർ പെട്രോൾ, 1.8 ലീറ്റർ പെട്രോൾ ഹൈബ്രിഡ്. 1.6 ലീറ്റർ ഡീസൽ, 1.5 ലീറ്റർ പെട്രോൾ ഹൈബ്രിഡ് തുടങ്ങിയ എൻജിൻ വകഭേദങ്ങളിലാണ് വാഹനം ലഭിക്കുക. ഹോണ്ടയുടെ സിആർ–വിയുടേയും ബിആർ–വിയുടേയും ഇടയിലെത്തുന്ന എച്ച്ആർ–വി അടുത്ത വർഷം വിപണിയിലെത്തും. 15 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയായിരിക്കും വില.
ഹോണ്ടയുടെ ജനപ്രിയ കാർ സിറ്റിയുടെ പുതിയ പതിപ്പ് തായ്‍ലൻഡില്‍ അവതരിപ്പിച്ചത് അടുത്തിടെയാണ്. 2020 ൽ പുതിയ സിറ്റി ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷ. കൂടുതൽ സ്റ്റൈലിഷായി പ്രീമിയം ലുക്കിലെത്തുന്ന കാറിൽ നിരവധി പുതിയ ഫീച്ചറുകളുമുണ്ട്. നിലവിലെ മോഡലിനെക്കാൾ 100 എംഎം നീളവും 53 എംഎം വീതിയുമുണ്ട് പുതിയതിന്. വലുപ്പം കൂടിയ ബംബർ, ഗ്രിൽ എന്നിവയുണ്ട്. കൂടാതെ എൽഇഡി ഹെഡ്‌ലാംപ്, ഫോഗ്‌ലാംപ്, ടെയിൽ ലാംപ് എന്നിവയുമുണ്ട്. പ്രീമിയം ഫീലുള്ള ഇന്റീരിയറാണ്. ഡിജിറ്റൽ ഇൻ്ട്രുമെന്റ് കൺസോൾ, 8 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിറ്റം, മികച്ച സീറ്റുകൾ എന്നിവയുണ്ട് പുതിയ മോഡലിൽ. നിലവിലെ എൻജിനുകളുടെ ബിഎസ് 6 മോഡലുകൾ കൂടാതെ പുതിയ 1.0 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ പെട്രോള്‍ എന്‍ജിനും ഹൈബ്രിഡ് പതിപ്പും ഇത്തവണ എത്തുമെന്നാണ് സൂചന. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലായിരിക്കും ഹൈബ്രിഡ് മോഡല്‍ ഒരുങ്ങുന്നത്.
ഹാരിയർ അടിസ്ഥാനമാക്കി കമ്പനി വികസിപ്പിച്ച ഈ ഏഴു സീറ്റുള്ള എസ്‌യുവി ഗ്രാവിറ്റാസ് 2020 ൽ വിപണിയിലെത്തും. കാഴ്ചയിൽ ഹാരിയറിനോടു സാമ്യം പുലർത്തുന്ന രീതിയിലായിരുന്നു എച്ച് സെവൻ എക്സ് എന്ന കോഡ്നാമത്തിൽ വികസിപ്പിച്ച ബസാഡിന്റെ രൂപകൽപ്പന. റൂഫ് റെയ്‌ലിന്റെ സാന്നിധ്യം വാഹനത്തിനു കൂടുതൽ ഉയരം തോന്നിക്കുമ്പോൾ ഹാരിയറിൽ നിന്നു വേറിട്ടു നിൽക്കാനായി റണ്ണിങ് ബോഡും വലുപ്പമേറിയ അലോയ് വീലുകളും ടാറ്റ മോട്ടോഴ്സ് ഗ്രാവിറ്റാസിൽ ലഭ്യമാക്കുന്നുണ്ട്. രണ്ടു ലീറ്റർ ക്രയോടെക് ഡീസൽ എൻജിനാവും ഈ എസ്‌യുവിയിൽ ഇടംപിടിക്കുക. ഹാരിയറിലെ രണ്ടു ലീറ്റർ, ക്രയോടെക് ഡീസൽ എൻജിൻ 170 ബി എച്ച് പിയോളം കരുത്തും 350 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക.
പ്രീമിയം എസ്‌യുവിയുമായി എത്തി വിപണിയിൽ ചലനങ്ങൾ സൃഷ്ടിക്കാനാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രോണിന്റെ ശ്രമം. ആദ്യ എസ്‌യുവിയായ സി5 എയർക്രോസിലൂടെ ഇന്ത്യക്കാരുടെ മനസിൽ ഇടംപിടിക്കാനാവുമെന്നും പിഎസ്എ ഗ്രൂപ്പിന് കീഴിലുള്ള സിട്രോൺ കരുതുന്നു. 2020 സെപ്റ്റംബറിൽ പുറത്തിറക്കുന്ന ആദ്യ മോഡലിന്റെ പ്രതികരണം അനുസരിച്ചാകും പുതിയ വാഹനങ്ങൾ ഇന്ത്യയിലെത്തിക്കുക. 2017 ഏപ്രിലിൽ ഷാങ്ഹായിൽ അരങ്ങേറ്റം കുറിച്ച സി5 എയർക്രോസ് പിന്നീട് യൂറോപ്യൻ വിപണിയിൽ വിൽപ്പനക്കെത്തുകയായിരുന്നു. ആഗോള വിപണിയിൽ സി5 എയർക്രോസിന് പെട്രോൾ, ഡീസൽ വകഭേദങ്ങളുണ്ട്. കാഴ്ചയ്ക്ക് അതീവ മനോഹരവും സ്റ്റൈലിഷുമാണ് സി5 എയർക്രോസ്. 8 ഇഞ്ച് ഇൻഫോ എന്റർടൈയ്ൻമെന്‍റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സ്റ്റിയറിങില്‍ തന്നെ ഘടിപ്പിച്ചിട്ടുള്ള ബട്ടണുകൾ, ഓൾ ഡിജിറ്റൽ ഇൻസ്ട്രൂമെന്‍റ് ക്ലസ്റ്റർ എന്നിവ C5 എയർക്രോസിലെ എടുത്തു പറയേണ്ട സവിശേഷതകളാണ്.
ഇന്ത്യൻ വിപണിയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ട കാറാണ് സെലേറിയോ. ഓട്ടമാറ്റിക്ക് കാറുകളോട് അത്ര താൽപര്യമില്ലാതിരുന്ന ഇന്ത്യക്കാരെ ഓട്ടമാറ്റിക്കിന്റെ സുഖം മനസിലാക്കിച്ചു സെലേറിയോ. 2014ൽ വിപണിയിലെത്തിയ സെലേറിയോ മുഖം മിനുക്കിയ രൂപം 2017ൽ വിപണിയിലെത്തി. മാരുതിയുടെ ഏറ്റവും വിൽപനയുള്ള കാറുകളിലൊന്നായ സെലേറിയോയുടെ പുതിയ രൂപം അടുത്ത വർഷം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ ഒരു ലിറ്റർ എൻജിൻ തന്നെയാകും പുതിയ വകഭേദത്തിനും. 2020 പകുതിയിൽ പുതിയ സെലേറിയോ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.
പ്രീമിയം ഹാച്ച്ബാക്ക് ഐ 20 യുടെ പുതിയ പതിപ്പുമായി ഹ്യുണ്ടേയ് ഉടനെത്തും. 2020 ആദ്യം തന്നെ പുതിയ ഐ 20 വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ കാറിനെക്കാൾ വലുപ്പം കൂടിയ രൂപമായിരിക്കും പുതിയ ഐ20ക്ക്. പുറം കാഴ്ചയിൽ മാത്രമല്ല ഇന്റീരിയറിലും കാര്യമായ മാറ്റങ്ങളുണ്ടാകും. കോംപാക്റ്റ് എസ്‌യുവിയായ വെന്യു, ഐ10 നിയോസ് തുടങ്ങിയ വാഹനങ്ങളുമായി സാമ്യമുള്ള ഇന്റീരിയറായിരിക്കും. കൂടാതെ വെന്യുവിലെ കണക്റ്റിവിറ്റി ഫീച്ചറുകളും പുതിയ ഐ20 യിൽ പ്രതീക്ഷിക്കാം. ബിഎസ് 6 നിലവാരത്തിലുള്ള പെട്രോൾ, ഡീസൽ എൻജിനുകളാണ് വാഹനത്തിൽ ഉപയോഗിക്കുക. കൂടാതെ സ്‌പോര്‍ട്ടി ഡിസൈനും സണ്‍റൂഫ് അടക്കമുള്ള സംവിധാനങ്ങളുമുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. വെന്യുവിലെ 1 ലീറ്റർ 120 ബിഎച്ച്പി എൻജിനും 1.2 ലീറ്റർ പെട്രോൾ എൻജിനും പുതിയ ഐ20ലുമുണ്ടാകും.
നെക്സ വഴി വിൽപനയ്ക്കെത്തിയ മാരുതി ഇഗ്നിസിന്റെ പുതിയ രൂപം 2020 അവസാനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുവാക്കളെ ലക്ഷ്യം വെച്ച് 2017ൽ വിപണിയിലെത്തിയ ഇഗ്നിസ് വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചില്ല. ഇതേ തുടർന്ന് പുതിയ രൂപത്തിൽ ഇഗ്നിസിൽ ഉടൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. 2016 മുതൽ രാജ്യാന്തര വിപണിയിലുള്ള ഇഗ്നിസിന്റെ ആദ്യ അരങ്ങേറ്റം യുറോപ്പിലായിരിക്കും അതിനു ശേഷമായിരിക്കും മൈക്രോ എസ്‍യുവിയുടെ പുതിയ പതിപ്പ് ഇന്ത്യയിലെത്തുക. നിലവിലെ 1.2 ലീറ്റർ പെട്രോൾ എൻജിൻ തന്നെയായിരിക്കും പുതിയ ഇഗ്നിസിലും.
ടാറ്റയുടെ ജനപ്രിയ ഹാച്ച്ബാക്ക് ടിയാഗോയുടെ പുതിയ പതിപ്പ് 2020ൽ വിപണിയിലെത്തും. 2016ല്‍ വിപണിയിലെത്തിയ ടിയാഗോയുടെ പുതിയ രൂപത്തിന് ടാറ്റയുടെ തന്നെ പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസിനോട് സാമ്യം തോന്നുന്ന മുൻഭാഗമായിരിക്കും പുതിയ കാറിന്. കൂടുതൽ സ്റ്റൈലിഷായി എത്തുന്ന പുതിയ ടിയാഗോയുടെ ഇന്റീരിയറിലും ധാരാളം മാറ്റങ്ങളുണ്ടാകും. ചെറു ഡീസൽ എൻജിനുകളെ ബിഎസ് 6 നിലവാരത്തിലേയ്ക്ക് ഉയർത്തുന്നില്ല എന്ന് ടാറ്റ നേരത്തെ പ്രഖ്യാപിച്ചതുകൊണ്ട് 1.05 ലീറ്റർ ഡീസൽ എൻജിൻ തുടരാൻ സാധ്യതയില്ല. പെട്രോൾ എൻജിൻ മാത്രമായിരിക്കും പുതിയ ടിയാഗോയിൽ.
എംജി മോട്ടാർ ഇന്ത്യയുടെ രണ്ടാമത്തെ വാഹനമാണ് ഇലക്ട്രിക് എസ്‍യുവി സിഎസ്. 2020 തുടക്കത്തിൽ തന്നെ സിഎസ് വിപണിയിലെത്തും. ഹെക്ടറിന് പിന്നാലെ എംജി മോട്ടാർ പുറത്തിറക്കുന്ന ഇലക്ട്രിക് എസ്‍യുവിയിൽ എംജിയുടെ കണക്റ്റിവിറ്റി ഫീച്ചറുകളെല്ലാമുണ്ട്. 142.7 പിഎസ് കരുത്തും 353 എൻഎം ടോർക്കും നൽകുന്ന 44.5 കിലോവാട്ട് ലിഥിയം അയൺ ബാറ്ററിയാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്. ഒറ്റ ചാർജിൽ 340 കിലോമീറ്ററാണ് റേഞ്ച്. ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ 80 ശതമാനം 50 മിനിറ്റിൽ ചാർജാകും. എസി ചാർജർ മോഡലിൽ 6 മുതല്‍ 9 മണിക്കൂർ വരെയാണ് ചാർജിങ് സമയം. ഇതുകൂടാതെയാണ് പോർട്ടബിൾ ചാർജറുമുണ്ട്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 8.5 സെക്കൻഡുകൾ മാത്രം മതി ഈ കരുത്തന്.
മഹീന്ദ്രയുടെ ജനപ്രിയ എസ്‍യുവി, എക്സ്‌യുവി 500 അടുത്ത വർഷം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. അടിമുടി മാറിയായിരിക്കും എക്സ്‌യുവി 2020 ൽ വിപണിയില്‍ എത്തുക. നിലവിലുള്ള എക്സ്‍യുവിയുമായി വളരെ അധികം മാറ്റങ്ങളുള്ള എക്സ്റ്റീരിയറും ഇന്റീരിയറുമായിരിക്കും വാഹനത്തിൽ. 2.2 ലീറ്റർ ഡീസൽ എൻജിന്റെ കരുത്തുകൂടിയ ബിഎസ് 6 പതിപ്പ് ഉപയോഗിക്കുന്ന എക്സ്‍യുവിയിൽ പെട്രോൾ എൻജിനുമുണ്ടാകും.
ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ഓഫ്-റോഡർ മഹീന്ദ്ര ഥാറിന്റെ പുതിയ പതിപ്പ് 2020ൽ വിപണിയിലെത്തും. പുത്തൻ പ്ലാറ്റ്ഫോമിൽ, പുതുക്കിയ സ്റ്റൈലിങ്ങിൽ, കൂടുതൽ സവിശേഷതകളോടെയാണ് പുതിയ ഥാർ എത്തുക. പുതിയ ഥാർ കൂടുതൽ വലുതും അൽപം കൂടി ഓഫ് റോഡ് ഫ്രണ്ട്‌ലി ആയാണ് എത്തുന്നത്. പുതിയ ഡിസൈനിലുള്ള അലോയ് വീലുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, ബമ്പർ ഡിസൈൻ എന്നിവയുണ്ട്. കൂടാതെ ഇന്റീരിയറിലും ധാരാളം മാറ്റങ്ങളുണ്ടാകും. ഫ്രണ്ട് ബക്കറ്റ് സീറ്റുകൾ, എല്ലാ യാത്രകാർക്കും സീറ്റ് ബെൽറ്റുകൾ, ഓഡിയോ കൺട്രോളുകളുള്ള പുതിയ സ്റ്റിയറിങ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, റിയർ പാർക്കിങ് ക്യാമറ എന്നിവയ്ക്കൊപ്പം പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഥാറിലുണ്ടാകും. 140 ബിഎച്ച്പി ഉൽപാദിപ്പിക്കുന്ന 2.0 ലിറ്റർ ടർബോ-ഡീസൽ എൻജിനാകും പുതിയ ഥാറില്‍.
ബ്രിട്ടീഷ് വാഹന നിർമാതാക്കളായ എംജിയുടെ മൂന്നാമത്തെ വാഹനമായി ആയിരിക്കും ഹെക്ടറിന്റെ 6 സീറ്റർ പതിപ്പ്. നിലവിലെ വാഹനത്തിൽ നിന്ന് വലിയ മാറ്റങ്ങളില്ലാതെ വലുപ്പം കൂട്ടി 6 സീറ്ററായി ആകുെമത്തുക. ഇന്റർനെറ്റ് കണക്റ്റിവിറ്റിയുടമായി എത്തുന്ന വാഹനത്തിൽ ഹെക്ടറിന്റെ 2 ലീറ്റർ എൻജിൻ തന്നെയാകും ഉപയോഗിക്കുന്നു. അടുത്ത വർഷം അവസാനം വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഉടൻ പുറത്തിറങ്ങുന്ന പ്രീമിയം ഹാച്ച്ബാക്ക് ആൽട്രോസിനെ അടിസ്ഥാനപ്പെടുത്തി ടാറ്റ നിർമിക്കുന്ന ഇവിയെ കഴിഞ്ഞ ജനീവ ഓട്ടോഷോയിൽ കമ്പനി പ്രദർശിപ്പിച്ചിരുന്നു. ഒറ്റചാര്‍ജില്‍ 250 മുതല്‍ 300 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ പറ്റുന്ന തരത്തിലായിരിക്കും കാറിന്റെ ഡിസൈന്‍. കൂടാതെ ഒരു മണിക്കൂര്‍ കൊണ്ട് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാവുന്ന ടെക്‌നോളജിയും പുതിയ കാറിലുണ്ടാകുമെന്നാണ് ടാറ്റ പറയുന്നത്. പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്റില്‍ ഇലക്ട്രിക് കാര്‍ പുറത്തിറക്കി വിപണി പിടിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. നിലവിലെ സാഹചര്യം വെച്ച് ഏകദേശം 10 ലക്ഷത്തിന് അടുത്തായിരിക്കും കാറിന്റെ വില.
മാരുതി സുസുക്കിയുടെ കോംപാക്റ്റ് എസ്‌യുവി വിറ്റാര ബ്രെസയുടെ പെട്രോൾ പതിപ്പ് 2020 ആദ്യം വിപണിയിലെത്തും. സിയാസിലും എർട്ടിഗയിലും ഉപയോഗിക്കുന്ന 1.5 ലീറ്റർ പെട്രോൾ എൻജിനായിരിക്കും ബ്രെസയിലും ഉപയോഗിക്കുക. ബിഎസ് 6 നിലവാരത്തിൽ എത്തുന്ന എൻജിനിൽ സുസുക്കിയുടെ സ്മാർട് ഹൈബ്രിഡ് സാങ്കേതികവിദ്യയും ഉണ്ടാകും. 2016ല്‍ വിപണിയിലെത്തിയ ബ്രെസ ഇന്ത്യയിൽ തന്നെ ഏറ്റവും വിൽപനയുള്ള കോംപാക്റ്റ് എസ്‌യുവിയാണ്. 1.3 ലീറ്റർ ഡീസൽ എൻജിനുമായാണ് ബ്രെസ വിപണിയിലെത്തിയത്. മാരുതി ചെറു ഡീസൽ കാറുകളുടെ നിർമാണം അവസാനിപ്പിക്കാൻ സാഹചര്യത്തിലാണ് ബ്രെസ പെട്രോൾ പുറത്തിറക്കുന്നത്. തുടക്കത്തിൽ 5 സ്പീഡ് മാനുവൽ ഗിയർബോക്സോടു കൂടിയ 1.5 ലീറ്റർ പെട്രോൾ എൻജിനും പിന്നീട് 4 സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടമാറ്റിക്കും മാരുതി പുറത്തിറക്കും. സിയാസ്, എർട്ടിഗ എന്നിവയിൽ ഉപയോഗിക്കുന്ന 1.5 എൻജിന് 105 എച്ച്പി കരുത്തും 138 എൻഎം ടോർക്കുമുണ്ട്, അതേ കരുത്തുള്ള എൻജിൻ തന്നെയാകും പുതിയ ബ്രെസയിലും.
2018 ലെ ന്യൂഡൽഹി ഓട്ടോഎക്സ്പോയിലെ താരമായിരിന്നു അപ്രിലിയ ആർഎസ് 150. അപ്രീലിയയുടെ സൂപ്പർബൈക്ക് ആർ എസ് വി 4ന്റെ ചെറു പതിപ്പായ ആർസ് 150 ഉടൻ തന്നെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. 18 പിഎസ് കരുത്തുള്ള 150 സിസി എൻജിനായിരിക്കും ബൈക്കിൽ.
ബജാജിന്റെ ക്രൂസർ ബൈക്കായ അവഞ്ചറിന്റെ 250 സിസി എൻജിൻ അടുത്തവർഷം പുറത്തിറങ്ങാൻ സാധ്യതയുള്ള മറ്റൊരു ബൈക്കാണ്. കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2020 ൽ വാഹനം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. 250 സിസി എൻജിനാകും ബൈക്കിന് കരുത്തേകുക.
ബജാജ് ചേതക് ഇലക്ട്രിക് 2020 മുതൽ വിപണിയിലെത്തി തുടങ്ങും. ജനുവരിയിൽ ബുക്കിങ് ആരംഭിക്കുന്നതോടൊപ്പം ചേതക്കിന്റെ വിലയും പ്രഖ്യാപിക്കുമെന്നു കമ്പനി സൂചിപ്പിച്ചു. പഴയ പടക്കുതിരയായ ചേതക്കിന്റെ ദീപ്ത സ്മരണകൾ വീണ്ടുമുണർത്താൻ ലക്ഷ്യമിട്ടാണു കമ്പനിയുടെ ആദ്യ വൈദ്യുത ഇരുചക്രവാഹനത്തിനു ബജാജ് ഓട്ടോ അതേ പേരുതന്നെ തിരഞ്ഞെടുത്തത്. എൻജിനു പകരം നാലു കിലോവാട്ട് മോട്ടോറുമായെത്തുന്ന പുതുതലമുറ ചേതക്കിൽ രണ്ടു റൈഡിങ് മോഡുകളും ക്രമീകരിച്ചിട്ടുണ്ട്: സ്പോർട്, ഇകോ. പ്രകടനക്ഷമതയേറിയ സ്പോർട് മോഡിൽ ഓരോ തവണ ചാർജ് ചെയ്യുമ്പോഴും 85 കിലോമീറ്ററാണു ചേതക് ഓടുക. എന്നാൽ ഊർജക്ഷമതയേറിയ ഇകോ മോഡിൽ സ്കൂട്ടറിന്റെ സഞ്ചാരപരിധി(റേഞ്ച്) 95 കിലോമീറ്ററായി ഉയരും.
ഹാർലി ഡേവിഡ്സന്റെ ആദ്യ വൈദ്യുത ലൈവ് വയറി 2019 ൽ ഇന്ത്യയിൽ പ്രദർശിപ്പിച്ചിരുന്നു. ഒറ്റത്തവണ ചാർജ് ചെയ്താൽ 235 കിലോമീറ്റർ വരെ ഓടുന്ന ബൈക്ക് 2020 ൽ വിപണിയിലെത്തും. ഏകദേശം 20 ലക്ഷത്തോളമായിരിക്കും വില. റിവലേഷൻ എൻജിൻ എന്നാണ് ലൈവ് വയറിന്റെ ഇലക്ട്രിക് എൻജിനു ഹാർലി നൽകുന്ന വിശേഷണം. ബെൽറ്റ് ഡ്രൈവ് വഴിയാണ് ഇലക്ട്രിക് എൻജിനിൽനിന്നുള്ള കരുത്ത് പിൻ വീലിലേക്കെത്തിക്കുന്നത്. എച്ച്–ഡി കണക്ട് എന്ന ആപ്പ് വഴി ബാറ്ററി ചാർജ്, സർവീസ് റിമൈൻഡർ എന്നിവ അറിയാനുള്ള സംവിധാനം ഇതിലുണ്ട്. 3.5 സെക്കൻഡ് കൊണ്ട് 0-100 വേഗം ലൈവ് വയർ കൈവരിക്കും. കൂടിയ വേഗം മണിക്കൂറിൽ 177 കിലോമീറ്റർ.
ബജാജ് പൾസറിന്റെ ഫുള്‍ ഫെയറിങ്ങുള്ള മോഡൽ പൾസർ എസ്എസ് 400 ആണ് ഉടൻ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന മറ്റൊരു ബൈക്ക്. ബജാജ് ഡോമിനറിൽ ഉപയോഗിക്കുന്ന 373.2 സിസി എൻജിനാണ് ബൈക്കിൽ ഉപയോഗിക്കുക. 42 പിഎസ് കരുത്തും 34.5 എൻഎം ടോർക്കും എൻജിനിൽ നിന്ന് പ്രതീക്ഷിക്കാം.
ഹീറോ ഇലക്ട്രിക്കിന്റെ പുതിയ സ്കൂട്ടർ എൻവൈഎക്സ് എച്ച്എസ് 500. നൂറു കിലോമീറ്റർ റേഞ്ചുള്ള സ്കൂട്ടറിന്റെ പുതിയ പതിപ്പ് 2020ൽ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാലു മുതൽ അഞ്ചു മണിക്കൂർ വരെ സമയത്തിൽ പൂർണ്ണമായും ചാർജാകുന്ന വാഹനത്തിൽ 600–1300 വാട്ട് മോട്ടറാണ് ഉപയോഗിക്കുന്നത്.
ഹീറോയുടെ ഇലക്ട്രിക് ഹൈബ്രിഡ് കൺസെപ്റ്റായ ലീപ്പ് ആദ്യമായി പ്രദർശിപ്പിക്കുന്നത് 2012 ഓട്ടോഎക്സ്പോയിലാണ്. അന്നു മുതൽ പ്രൊഡക്ഷൻ മോഡലിന്റെ പുറത്തിറക്കലിനെപ്പറ്റിയുള്ള വാർത്തകൾ കേൾക്കുന്നുണ്ടെങ്കിലു പുറത്തിറങ്ങിയിരുന്നില്ല. പെട്രോളിലും വൈദ്യുതിയിലും ഒാടുന്ന ലീപ്പ് ഇന്ത്യൻ സ്കൂട്ടർ വിപണിക്ക് വലിയ മാറ്റങ്ങൾ കൊണ്ടുവരും എന്നാണ് പ്രതീക്ഷ.
ഹോണ്ട ഇന്ത്യയുടെ ജനപ്രിയ സ്പോർട്സ് ബൈക്ക് സിബിആർ 650 ആറിന്റെ നേക്കഡ് പതിപ്പ് സിബി 650ആർ 2020ൽ വിപണിയിലെത്തും. സ്റ്റൈലിഷായി എത്തുന്ന വാഹനത്തിന്റെ മെക്കാനിക്കൽ ഭാഗങ്ങൾക്ക് വലിയ മാറ്റങ്ങളുണ്ടാകില്ല എന്നാണ് പ്രതീക്ഷ. 88.3 പിഎസ് കരുത്തു പകരുന്ന 648.7 സിസി എന്‍ജിൻ തന്നെയാകും പുതിയ മോഡലിനും.
ഹോണ്ടയുടെ സൂപ്പർസ്റ്റാർ സിബിആർ 500 ആർ 2020 ൽ ഇന്ത്യയിലെത്തിയേക്കും. 2013 മുതൽ ഹോണ്ടയുടെ രാജ്യാന്തര ലൈനപ്പിലുള്ള വാഹനം ഇന്ത്യൻ ആരാധകരും ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നാണ് ഹോണ്ട പ്രതീക്ഷിക്കുന്നത്. 47 ബിഎച്ച്പി കരുത്തുള്ള 500 സിസി ഡിഒച്ച്സി എൻജിനാണ് സിബിആർ500ആറിന് കരുത്തേകുക.
ഇന്ത്യയിലെ മാക്സി സ്കൂട്ടർ വിപണിയിൽ ഭാഗ്യ പരീക്ഷണത്തിനായി ഹോണ്ട പുറത്തിറക്കുന്ന മോഡലാണ് ഫോഴ്സ.സുസുക്കി ബർഗ്മാനിലൂടെ ഇന്ത്യക്കാർ മാക്സി സ്കൂട്ടർ പരിചയപ്പെട്ട സ്ഥിതിക്ക് സ്വന്തം പോരാളിയായ ഫോഴ്സ 300 അവതരിപ്പിച്ചു നേട്ടം കൊയ്യാനാണു ഹോണ്ടയുടെ നീക്കം. തുടക്കത്തിൽ ഫോഴ്സ 300 ഇറക്കുമതി വഴി ഇന്ത്യയിലെത്തിച്ചു വിൽക്കാനാണു ഹോണ്ടയുടെ പദ്ധതി. ഫോഴ്സയ്ക്കു കരുത്തേകുന്നത് 279 സി സി, ലിക്വിഡ് കൂൾഡ്, ഫ്യുവൽ ഇഞ്ചക്റ്റഡ് എൻജിനാണ്. 25 പി എസ് വരെ കരുത്തും 27.2 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക.
കെടിഎം പുതിയ അഡ്വഞ്ചർ ബൈക്കുമായി എത്തുന്നു. 2020ൽ 390 അഡ്വഞ്ചർ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. ഡ്യുക്ക് 390ൽ ഉപയോഗിക്കുന്ന 373 സിസി എൻജിൻ തന്നെയാകും ബൈക്കിൽ. പുതിയ സൂപ്പർ ഡ്യൂക്ക് അഡ്വഞ്ചർ 1290 ആധാരമാക്കി വികസിപ്പിക്കുന്ന പ്ലാറ്റ്ഫോമിൽ രണ്ടു ബൈക്കുകൾ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെടിഎം അഡ്വഞ്ചർ 200, കെടിഎം അഡ്വഞ്ചർ 390 എന്നീ പേരുകളിലായിരിക്കും ബൈക്ക് അറിയപ്പെടുക. ആദ്യം പുറത്തിറങ്ങുക 390 അഡ്വഞ്ചറാകും.
2014 ലെ ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച് പിസിഎക്സ് 125 സ്കൂട്ടറിനെ 2020 ൽ ഹോണ്ട വിൽപനയ്ക്കെത്തിക്കുമെന്നാണ് പ്രതീക്ഷ. മാക്സി സ്കൂട്ടറിന്റെ ചെറു രൂപമായ പിസിഎക്സ് 125 ൽ 150 സിസി എൻജിനായിരിക്കും ഉപയോഗിക്കുക. മാക്സി സ്കൂട്ടറിന്റെ രൂപ ഭംഗിയുമായി എത്തുന്ന പിസിഎക്സ് 125 ന്റെ പ്രധാന എതിരാളി സുസുക്കി ബർഗ്‌മാനായിരിക്കും
ഇന്ത്യയിൽ 2020ൽ ഹസ്ക്‌വർണ ബ്രാൻഡ് അവതരിപ്പിക്കാൻ ഓസ്ട്രിയൻ സ്പോർട്സ് ബൈക്ക് നിർമാതാക്കളായ കെ ടി എമ്മിനു പദ്ധതി. ബജാജ് ഓട്ടോ ലിമിറ്റഡിന്റെ ചക്കൻ ശാലയിൽ നിന്നാകും ഹസ്ക്‌വർണ ബൈക്ക് പുറത്തിറങ്ങുക. 200 സിസി ബൈക്കായിരിക്കും ഹസ്ക്‌വർണയുടെ ആദ്യ ബൈക്കായി പുറത്തിറങ്ങുക.
ജിടിഎസ് 300 വെസ്പയുടെ കരുത്തൻ സ്കൂട്ടർ 2020 ൽ ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന മറ്റൊരു വാഹനമാണ്. രാജ്യാന്തര വിപണിയിൽ വെസ്പയ്ക്കുള്ള സ്കൂട്ടറിൽ 278 സിസി എൻജിനാണ് ഉപയോഗിക്കുന്നത്. 21 ബിഎച്ച്പി കരുത്തും 23 എൻഎം ടോർക്കുമുണ്ട് വെപ്സ ജിടിഎസ് 300ന്.
ടോർക്ക് മോട്ടോഴ്സിന്റെ ഇലക്ട്രിക് ബൈക്ക് ടി6എക്സ് 2020 ല്‍ വിപണിയിലെത്തും. സ്പോർട്സ് ബൈക്കുകളുടെ ലുക്കും സ്റ്റൈലുമായി എത്തുന്ന ടോർക്ക് ടി6എക്സ് വിപണിയിൽ തരംഗം സൃഷ്ടിക്കുമെന്നാണ് കമ്പനി കരുതുന്നത്. 27 എൻഎം ടോർക്ക് വരെ നൽകുന്ന ഇലക്ട്രിക് മോട്ടറാണ് ബൈക്കിൽ. ഒറ്റ ചാർജിൽ 100 കിലോമീറ്റർ വരെ ബൈക്കിന് സഞ്ചരിക്കാനാവും.
യമഹ എംടി 15 ന്റെ പരിഷ്കരിച്ച പതിപ്പ് 2020 ൽ വിപണിയിലെത്തും. ബിഎസ് 6 എൻജിനോടൊപ്പം ചെറിയ മാറ്റങ്ങൾ വരുത്തിയാരിക്കും ബൈക്കിന്റെ പരിഷ്കരിച്ച പതിപ്പ് എത്തുക. 150സിസി എൻജിൻ ഉപയോഗിക്കുന്ന ബൈക്ക് യമഹ ആർ15 വി3 യുടെ നേക്കഡ് പതിപ്പാണ്.
യമഹ ഇന്ത്യ 2019 അവസാനം പ്രദർശിപ്പിച്ച റേ സിആർ 125 എഫ് ഐ 2020 ൽ വിപണിയിലെത്തും. പുതിയ 125 സിസി എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 8 ബിഎച്ച്പി കരുത്തും 9.7 എൻഎം ടോർക്കുമുണ്ട് പുതിയ എൻജിന്. മികച്ച സ്റ്റൈലുമായി 2020 ആദ്യം തന്നെ സ്കൂട്ടർ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.
സുസുക്കിയുടെ വി സ്റ്റോം നിരയിലെ ചെറു ബൈക്ക് വി സ്റ്റോം 250 യുടെ പുതിയ പതിപ്പ് 2020ൽ വിപണിയിലെത്തും. ലോങ് റൈഡുകൾക്ക് ചേർന്ന തരത്തിലുള്ള ഡിസൈനാണ് ബൈക്കിന്. ഏതു തരം ടെറൈനിലൂടെയും അനായാസം സഞ്ചരിക്കാനാവും എന്നതാണ് ബൈക്കിന്റെ പ്രത്യേകത. നാല് സ്ട്രോക് വി–ട്വിൻ 250 സിസി എൻജിനാണ് വി സ്റ്റോമിൽ.
റോയൽ എൻഫീൽഡിന്റെ ക്രൂസർ ബൈക്ക് തണ്ടർബേർഡിന്റെ പുതിയ രൂപം 2020ൽ വിപണിയിലെത്തും. ബിഎസ് 6 നിലവാരത്തിലുള്ള എൻജിന്റെ കൂടെയായിരിക്കും പുതിയ തണ്ടർബേർഡ് എത്തുക. നിലവിലെ വാഹനത്തെക്കാൾ വളരെ അധികം മാറ്റങ്ങളുമായിട്ടായിരിക്കും തണ്ടർബേർഡ് വിപണിയിലെത്തുക
ചെറു ബുള്ളറ്റുമായി റോഡൽ എൻഫീൽഡ് എത്തും. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 250 സിസി ബൈക്കുകൾ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. നിലവിലെ ലൈനപ്പിലെ വാഹനങ്ങളുടെ ബിഎസ് 6 നിലവാരത്തിലുള്ള മോഡലുകൾ പുറത്തിറക്കിയതിന് ശേഷമായിരിക്കും പുതിയ ചെറു ബുള്ളറ്റ് പുറത്തിറങ്ങുക. ബൈക്ക് വിപണിയിലെ മാറുന്ന സാഹചര്യത്തിന് അനുസരിച്ച് 250 സിസി ബൈക്കുകൾക്ക് മികച്ച പ്രചാരം ലഭിക്കും എന്നാണ് റോയൽ എൻഫീൽഡ് കരുതുന്നത്. ഒരു ലക്ഷം മുതൽ 1.5 ലക്ഷം വരെ വില പ്രതീക്ഷിക്കുന്ന ബൈക്ക് രണ്ടു വർഷത്തിനുള്ളിൽ വിപണിയിലെത്തും എന്നാണ് പ്രതീക്ഷ.