ഫ്രഞ്ച് കാർ കമ്പനിയായ സിട്രോൻ, 4 മീറ്ററിൽ താഴെ നീളവും എസ്‌യുവി സ്റ്റൈലുമുള്ള ഹാച്ച്ബാക് സി3 ഇന്ത്യയിൽ നിർമിച്ച് 2022 ന്റെ ആദ്യ പകുതിയിൽ വിപണിയിലെത്തിക്കും. ഇന്ത്യയും തെക്കേ അമേരിക്കൻ രാജ്യങ്ങളും ലക്ഷ്യമിട്ട് നിർമിക്കുന്ന 3 മോഡലുകളിൽ ആദ്യത്തേതാണിത്. ജീപ്പിന്റെ നാലു മീറ്ററിൽ താഴെ നീളമുള്ള എസ്‍യുവി നിർമിച്ച സിഎംഎ മോഡുലാർ പ്ലാറ്റ്ഫോമിലാണ് വാഹനം നിർമിക്കുന്നത്. ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, ഉയർന്ന ബോണറ്റ്, ഉയർന്ന ഡ്രൈവിങ് സീറ്റ് എന്നിങ്ങനെയുള്ള എസ്‌യുവി സവിശേഷതകളും 10 ഇഞ്ച് ടച്സ്ക്രീൻ അടക്കമുള്ള ആധുനിക ഇൻഫൊടെയ്ൻമെന്റ്– കണക്ടിവിറ്റി സൗകര്യങ്ങളും ഉൾപ്പെടുത്തിയാണ് സി3 എത്തുക. എൻജിൻ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 1.2 ലീറ്റർ ടർബോ പെട്രോൾ എൻജിനും മാനുവൽ ഗിയർബോക്സും 7 സ്പീഡ് ഡിസിടി ഗിയർബോക്സും വാഹനത്തിന് ലഭിച്ചേക്കും.
പ്രീമിയം എസ്‌യുവി വിപണിയിലേക്ക് എത്തുന്ന ഹോണ്ടയുടെ താരം. റാപ്പ് എറൗണ്ട് ഹെഡ്‌ലാംപ്, എൽഇഡി ഡേടൈം റണ്ണിങ് ലാംപ് എന്നിവ ഉണ്ടാകും. സ്റ്റൈലിഷായ ഇന്റീരിയർ, ഹോണ്ടയുടെ പുതുതലമുറ സുരക്ഷ സംവിധാനം. എസ്‌യുവി ലുക്ക് വേണ്ടുവോളമുള്ള എച്ച്ആർവി, ജീപ്പ് കോംപസ്, ഹ്യുണ്ടേയ് ക്രേറ്റ, എക്സ് യു വി 500 തുടങ്ങിയ വാഹനങ്ങളുമായാണ് ഏറ്റുമുട്ടുക. പ്രായോഗികതയ്ക്ക് ഊന്നല്‍ നല്‍കുന്ന പുത്തന്‍ എസ്‌യുവി മത്സരക്ഷമമായ വിലകളില്‍ വില്‍പനയ്‌ക്കെത്തിക്കുമെന്നാണു ഹോണ്ടയുടെ വാഗ്ദാനം. ജപ്പാനിൽ 1.8 ലീറ്റർ പെട്രോൾ, 1.8 ലീറ്റർ പെട്രോൾ ഹൈബ്രിഡ്. 1.5 ലീറ്റർ പെട്രോൾ ഹൈബ്രിഡ് തുടങ്ങിയ എൻജിൻ വകഭേദങ്ങളിലാണ് വാഹനം ലഭിക്കുക.
എഎക്സ് വൺ എന്ന കോഡ് നാമത്തിൽ വികസിപ്പിച്ച മൈക്രോ സ്പോർട് യൂട്ടിലിറ്റി വാഹനമാണ് കാസ്പർ എന്ന പേരിൽ പുറത്തിറങ്ങുക. മൈക്രോ എസ്‍യുവി സെഗ്‌മെന്റിലേക്ക് എത്തുന്ന വാഹനത്തിന് 5 ലക്ഷം രൂപ മുതലാവും വില. കെ വൺ കോംപാക്ട് കാർ പ്ലാറ്റ്ഫോമിലാണു ഹ്യുണ്ടേയ് കാസ്പർ വികസിപ്പിച്ചിരിക്കുന്നത്. ഗാൻഡ് ഐ 10 നിയൊസിലെ 1.2 ലീറ്റർ, നാലു സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് എൻജിനാണ് കാസ്പറിന് കരുത്തേകുക.
എംപിവി സെഗ്‌മെന്റിലെ ഏറ്റവും വിൽപനയുള്ള വാഹനമായ എർട്ടിഗയോട് മത്സരിക്കാൻ സ്റ്റാർഗസറുമായി ഹ്യുണ്ടേയ് എത്തുന്നു. ഇന്ത്യ, ഇന്തൊനീഷ്യ, റഷ്യ തുടങ്ങിയ വിപണികളെ ലക്ഷ്യംവെച്ച് കെഎസ് എന്ന കോഡ് നാമത്തിൽ വികസിപ്പിച്ച എംപിവിയാണ് സ്റ്റാർഗസർ എന്ന പേരിൽ ഇന്ത്യയിലെത്തുക. കിയ വിപണിയിലെത്തിക്കുന്ന കാറൻസ് എംപിവിയുടെ ഹ്യുണ്ടേയ് പതിപ്പായിരിക്കും സ്റ്റാർഗസർ. കാർനെസിനെപ്പോലെ ആറ്, ഏഴു സീറ്റ് കോൺഫിഗറേഷനുകളിൽ വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. ക്രേറ്റയിൽ ഉപയോഗിക്കുന്ന 1.5 ലീറ്റർ പെട്രോൾ, ഡീസൽ എൻജിനുകളും ഗിയർബോക്സുമായിരിക്കും പുതിയ വാഹനത്തിനും.
കോംപസ് അടിസ്ഥാനമാക്കി ജീപ്പ് അവതരിപ്പിക്കുന്ന പുതിയ എസ്‌യുവി മെറിഡിയൻ 2022 ൽ ഇന്ത്യൻ വിപണിയിലെത്തും. മൂന്നു നിര സീറ്റോടെ, ഇന്ത്യൻ വിപണിയിൽ മെറിഡിയൻ എന്നും രാജ്യാന്തര വിപണിയിൽ കമാൻഡർ എന്നുമാണ് പേര്. പുതിയ പേരിൽ ഏഴു സീറ്റുമായി എത്തുമ്പോഴും എസ്‌യുവിയിലെ ബോഡി പാനലുകളടക്കം കോംപസിൽനിന്നു കടം കൊണ്ടതാണ്. കോംപസിലെ രണ്ടു ലീറ്റർ, നാലു സിലിണ്ടർ ഡീസൽ എൻജിന്റെ കരുത്തേറിയ വകഭേദമാവും മെറിഡിയനിൽ. മികച്ച മലിനീകരണ നിയന്ത്രണത്തിനും ഉയർന്ന ഇന്ധനക്ഷമതയ്ക്കുമായി ബെൽറ്റ് ഡ്രിവൺ സ്റ്റാർട്ടർ ജനറേറ്റർ (ബിഎസ്ജി) സഹിതം 48 വോൾട്ട് മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും മെറിഡിയനിലുണ്ടാവും.
കിയ സെൽറ്റോസിനെയും ഹ്യുണ്ടേയ് ക്രേറ്റയെയുമൊക്കെ നേരിടാൻ പോന്ന ആധുനിക സൗകര്യങ്ങളും സംവിധാനങ്ങളുമായി ഈ വർഷം പുതിയ സ്കോർപിയോ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. രൂപകൽപനയിലും ഉള്ളിലെ സൗകര്യങ്ങളിലും സംവിധാനങ്ങളിലും അടിമുടി പൊളിച്ചെഴുത്തോടെയാവും പുതിയ സ്കോർപിയോ എത്തുക. ഒപ്പം പുത്തൻ ‘ഥാറി’ലെ രണ്ടു ലീറ്റർ, എം സ്റ്റാലിയൻ ടർബോ പെട്രോൾ എൻജിനെയും പരിഷ്കരിച്ച ‘സ്കോർപിയൊ’യിൽ പ്രതീക്ഷിക്കാം കൂടാതെ 2.2 ലീറ്റർ എം ഹോക്ക് ഡീസൽ എൻജിനോടെയും പുതിയ സ്കോർപിയൊ വിപണിയിലുണ്ടാവും. ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ടോർക് കൺവെർട്ടർ ഓട്ടമാറ്റിക് ഗിയർ ബോക്സുകളാവും ട്രാൻസ്മിഷൻ സാധ്യതകൾ.
വലിയ മാറ്റങ്ങളും മികച്ച ഫീച്ചറുകളുമായി പുതിയ ബ്രെസ 2022 പകുതിയോടെ വിപണിയിലെത്തും. വിറ്റാര ഒഴിവാക്കി ബ്രെസ എന്ന പേരിലാകും കോംപാക്ട് എസ്‍യുവി എത്തുക. ഗ്രിൽ, ബംപർ, ഹെഡ്‌ലൈറ്റ് ഡിസൈൻ എന്നിവയിൽ പുതുമയുണ്ടാകും. പ്രീമിയം ലുക്കുള്ള ഡാഷ്ബോർഡും പുതിയ സെന്റർ കൺസോളും പുതിയ ഇൻസ്ട്രുമെന്റ് പാനലും ഫ്രീ സ്റ്റാന്റിങ് ടച്ച് സ്ക്രീനുമാണ് വാഹനത്തിന്. റിയൽ ടൈം ട്രാക്കിങ്, ജിയോ ഫെൻസിങ്, ഫൈൻഡ് യുവർ കാർ തുടങ്ങിയ സാങ്കേതിക വിദ്യകളും പുതിയ ബ്രെസയിലുണ്ടാകും. കൂടാതെ സൺറൂഫ്, പാഡിൽ ഷിഫ്റ്റ്, വയർലെസ് ചാർജിങ്, വയർലെസ് ആപ്പിൾ കാർപ്ലെ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുമുണ്ട്.
സെഗ്‌മെന്റിലെ എതിരാളികളെല്ലാം മുഖം മിനുക്കി എത്തിയെങ്കിലും കാര്യമായ മാറ്റങ്ങളില്ലാതെ തുടരുന്ന കാറാണ് സിയാസ്. എന്നാൽ ആ ചീത്തപ്പേരു മാറ്റാൻ സിയാസിന്റെ പുതിയ പതിപ്പ് 2022 പകുതിയോടെ വിപണിയിലെത്തും. 1.5 ലീറ്റർ പെട്രോൾ എൻജിൻ കരുത്തേകുന്ന വാഹനത്തിന് അടിമുടി മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ. ബ്രെസയിലുടെ എത്തുന്ന പുതിയ കണക്ടിവിറ്റി സാങ്കേതിക വിദ്യകൾ പുതിയ വാഹനത്തിൽ പ്രതീക്ഷിക്കാം.
ജിംനിയെ സുസുക്കി ഉടൻ ഇന്ത്യൻ വിപണിയിലും എത്തിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിൽ പരീക്ഷണയോട്ടങ്ങൾ നടത്തുന്ന ജിംനിയുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. രാജ്യാന്തര വിപണിയിൽ 3 ഡോർ പതിപ്പാണുള്ളതെങ്കിലും ഇന്ത്യയിൽ എത്തുക 5 ഡോർ പതിപ്പായിരിക്കും. മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സ വഴി വിൽപനയ്ക്കെത്തുന്ന ജിംനിയുടെ വില 10 ലക്ഷത്തിൽ താഴെ ഒതുക്കാനായിരിക്കും കമ്പനി ശ്രമിക്കുക. 600 സിസി, 1.5 ലീറ്റർ എന്നിങ്ങനെ രണ്ട് എൻജിൻ സാധ്യതകളോടെയാണ് രാജ്യാന്തര വിപണിയിൽ ജിംനി വിൽപനയിലുള്ളത്. ഇതിൽ 1.5 ലീറ്റർ എൻജിൻ ഇന്ത്യൻ പതിപ്പിന് ലഭിക്കും..
പുതിയ രൂപത്തിൽ അടിമുടി സ്പോർട്ടിയായി എസ്ക്രോസ് 2022 ൽ ഇന്ത്യൻ വിപണിയിലെത്തും. യൂറോപ്യൻ വിപണിയില്‍ 2021 അവസാനം എക്സ്ക്രോസ് എത്തിയിരുന്നു. ബോൾഡ്, സോഫിസ്റ്റിക്കേറ്റഡ്, വെർസറ്റൈൽ എന്നീ മൂന്ന് ഘടകങ്ങളിലൂന്നിയാണ് പുതിയ വാഹനത്തിന്റെ ഡിസൈൻ. പുതിയ എസ്ക്രോസിന് മുൻതലമുറയെക്കാൾ വീതിയും ഉയരവും നീളവും കൂടുതലുണ്ട്. ഇന്റീരിയറിന് മൂന്നു ഡയമൻഷനുള്ള ഡിസൈനാണ്. സെന്റർ കൺസോളിൽ 9 ഇഞ്ച് എച്ച്ഡി ഡിസ്പ്ലെയും മികച്ച ഓഡിയോ സിസ്റ്റവുമുണ്ട്. യൂറോപ്യൻ വിപണിയിൽ 48 വാട്ട് എച്ച്എസ്‌വിഎസ് മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതിക വിദ്യയോടു കൂടിയ 1.4 ലീറ്റർ പെട്രോൾ എൻജിനാണ്. സുസുക്കിയുടെ ഓൾ ഗ്രിപ്പ് സിലക്ട് 4 വീൽ ഡ്രൈവ് സിസ്റ്റവുമുണ്ട്.
പ്രീമിയം എസ‌്‌യുവി സെഗ്‌മെന്റിൽ രണ്ടാം അങ്കത്തിന് സുസുക്കി വിറ്റാരയുമായി മാരുതി എത്തും. രാജ്യന്തര വിപണിയിലുള്ള പുതിയ വിറ്റാര 2022 അവസാനം ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. വലിയ എസ്‍യുവി രൂപഭംഗിയും മികച്ച സ്റ്റൈലുമായി പ്രീമിയം ഡീലർഷിപ്പായ നെക്സ വഴിയായിരിക്കും പുതിയ വാഹനം വിൽക്കുക. രാജ്യന്തര വിപണിയിൽ 1.4 ലീറ്റർ ബൂസ്റ്റർ ജെറ്റ് എൻജിനും 48 എസ്എച്ച്‌വിഎസ് മൈൽഡ് ഹൈബ്രിഡ് സിസ്റ്റവും പുതിയ വാഹനത്തിലുണ്ടാകും.
രാജ്യാന്തര വിപണിയിലുള്ള സുസുക്കി എക്സ് എൽ 7 ഈ വർഷം ഇന്ത്യയിലെത്തിയേക്കും. എക്സ്എൽ 6 ന്റെ 7 സീറ്റ്‍ വകഭേദമായ എക്സ്എൽ 7ന് പ്രീമിയം ഫീച്ചറുകളുണ്ടാകും. ഇന്റീരിയറിലും എക്സ്റ്റീരിയറിലും പ്രീമിയം ലുക്കുമായി എത്തുന്ന വാഹനത്തിൽ 1.5 ലീറ്റർ പെട്രോൾ എൻജിനായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രീമിയം എംപിവി എന്ന പുതിയ സെഗ്‌മെന്റ് സൃഷ്ടിച്ച കാർണിവലിനോടു മത്സരിക്കാൻ എംജി മോട്ടഴ്സ് പുറത്തിറക്കുന്ന വാഹനമാണ് ജി10. 2020 ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച ജി 10 ഉടൻ തന്നെ വിപണിയിലെത്തുമെന്നു കരുതുന്നു. ആഡംബരം നിറഞ്ഞ വാഹനമായ ജി10 ഏഴ് സീറ്റ്, 9 സീറ്റ് ലേ ഔട്ടുകളിൽ ലഭ്യമാണ്. പെട്രോൾ, ഡീസൽ എൻജിൻ ഓപ്ഷനുകളുണ്ട്. 2 ലീറ്റർ പെട്രോൾ എൻജിന് 165 കിലോവാട്ട് കരുത്തും 345 എൻഎം ടോർക്കുമുണ്ട്. 110 കിലോവാട്ട് കരുത്തും 350 എൻഎം ടോർക്കുമുൽപ്പാദിപ്പിക്കുന്നതാണ് 1.9 ലീറ്റർ ഡീസൽ എൻജിൻ. ആറ് സ്പീഡ് ട്രിപ്ട്രോണിക് ഗിയർബോക്‌സും ഈ വാഹനത്തിൽ ഉപയോഗിക്കുന്നുണ്ട്.
ചൈനീസ് വിപണിക്കു വേണ്ടി നിർമിച്ച ക്വിഡ് ഇലക്ട്രിക് ഇന്ത്യൻ വിപണിയിലുമെത്തിയേക്കും. കെസെഡ്ഇ കൺസെപ്റ്റ് എന്ന പേരിൽ പാരിസ് ഓട്ടോഷോയിൽ പ്രദർശിപ്പിച്ച വാഹനത്തിന്റെ പ്രൊഡക്‌ഷൻ മോഡലാണ് ക്വിഡ് ഇവി. ചൈനീസ് കമ്പനിയായ ഡങ്ഫെങ് മോട്ടഴ്സുമായി സഹകരിച്ചാണ് ഇലക്ട്രിക് കാറിന്റെ നിർമാണം. ഒറ്റത്തവണ ചാർജ് ചെയ്താൽ ക്വിഡ് ഇവി 250 കിലോമീറ്റർ ഓടുമെന്നാണു റെനോയുടെ വാഗ്ദാനം.
2021 അവസാനം പ്രദർശിപ്പിച്ച പ്രീമിയം മിഡ് സൈസ് സെഡാൻ സ്ലാവിയ 2022 ആദ്യം വിപണിയിലെത്തും. എംക്യൂബി എ 0 ഐഎൻ പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന വാഹനത്തിന് ഏകദേശം 4480 എംഎം വീതിയും 2651 എംഎം വീൽബേസുമുണ്ട്. റാപ്പിഡിനെക്കാൾ വലുപ്പവും ഫീച്ചറുകളും സ്ലാവിയയിലുണ്ടാകും. മികച്ച ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മികച്ച ഇന്റീരിയർ തുടങ്ങി ധാരാളം ഫീച്ചറുകളുമായായിരിക്കും സ്ലാവിയ എത്തുക. 1 ലീറ്റർ, 1.5 ലീറ്റർ എന്നിങ്ങനെ രണ്ട് ടിഎസ്ഐ ടർബോ പെട്രോൾ എൻജിൻ വകഭേദങ്ങൾ കാറിനുണ്ടാകും.
മാരുതി സിയാസിന്റെ ടൊയോട്ട പതിപ്പ് ബെൽറ്റ 2022 ൽ വിപണിയിലെത്തും. എർട്ടിഗയുടെ ടൊയോട്ട പതിപ്പ് റൂമിയോണിന് ശേഷമായിരിക്കും പുതിയ വാഹനം എത്തുക. 1.5 ലീറ്റർ പെട്രോൾ എൻജിൻ കരുത്തേകുന്ന വാഹനത്തിന് അടിമുടി മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ. പുതിയ കണക്ടിവിറ്റി സാങ്കേതിക വിദ്യകൾ വാഹനത്തിൽ പ്രതീക്ഷിക്കാം.
പിക് അപ് ട്രക്കായ ഹൈലക്സ് ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ടൊയോട്ട. പല രാജ്യങ്ങളിലും ദശാബ്ദങ്ങളായി വിൽപനയിലുള്ള പിക് അപ് ട്രക്കാണു ഹൈലക്സ്. ഫോർച്യൂണറിനും ഇന്നോവ ക്രിസ്റ്റയ്ക്കും അടിത്തറയാവുന്ന ഐ എം വി-ടു പ്ലാറ്റ്ഫോം തന്നെയാണു ഹൈലക്സിന്റെയും അടിസ്ഥാനം. ആംബിയന്റ് ലൈറ്റിങ്, ഓട്ടോ എയർ കണ്ടീഷനിങ്, എട്ട് ഇഞ്ച് ഇൻഫൊടെയ്മെന്റ് സ്ക്രീൻ, ജെ ബി എൽ സ്പീക്കർ എന്നിവയെല്ലാമായി ആഗോളതലത്തിൽ വിൽപനയ്ക്കുള്ള ‘ഹൈലക്സി’നു കരുത്തേകുന്നത് 2.8 ലീറ്റർ, ടർബോ ഡീസൽ എൻജിനാണ്; ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സുകളാണ് ഈ എൻജിനൊപ്പമുള്ള ട്രാൻസ്മിഷൻ സാധ്യതകൾ.
ഇന്ത്യൻ, രാജ്യാന്തര വിപണികൾക്കായി വികസിപ്പിച്ച മൂന്നു നിര സീറ്റുകളുള്ള എംപിവിയാണ് കറൻസ്. സെഗ്‌മെന്റിൽത്തന്നെ ആദ്യമായി, അടിസ്ഥാന വകഭേദം മുതൽ 6 എയർബാഗുമായി എത്തുന്ന കാറൻസ് ഇന്ത്യയിലെ ഏറ്റവും സുരക്ഷിത വാഹനങ്ങളിലൊന്നാകുമെന്നു കിയ പറയുന്നു. ഓപ്പസിറ്റ് യുണൈറ്റ് എന്ന ഡിസൈൻ ഫിലോസഫിയിലാണ് കാറൻസിന്റെ നിർമാണം. സെഗ്‌മെന്റിലെ ഏറ്റവും മികച്ച ഫീച്ചറുകളുമായാണ് കാറൻസിന്റെ വരവ്. 1.5 ലീറ്റർ പെട്രോൾ, ഡീസൽ എൻജിനുകളും 1.4 ലീറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിനുമാണ് വാഹനത്തിന് കരുത്തേകുന്നത്.
അടുത്തിടെ ദക്ഷിണാഫ്രിക്കയിൽ പ്രദർശിപ്പിച്ച് എർട്ടിഗയുടെ ബാഡ്ജ് എൻജിനീയറിങ് പതിപ്പ് റൂമിയൻ ഇന്ത്യയിലും ടൊയോട്ട എത്തിക്കും. ഇതോടെ മാരുതി സുസുക്കിയിൽനിന്നു കടമെടുത്ത് ടൊയോട്ട വിൽപനയ്ക്കെത്തിക്കുന്ന മോഡലുകളുടെ എണ്ണം മൂന്നാകും. നിലവിൽ പ്രീമിയം ഹാച്ച്ബാക്കായ ബലെനോയെ ഗ്ലാൻസ എന്ന പേരിലും കോംപാക്ട് എസ‌്‌യുവിയായ വിറ്റാര ബ്രേസയെ അർബൻ ക്രൂസർ എന്ന പേരിലും ടൊയോട്ട വിപണിയിലെത്തിച്ചിട്ടുണ്ട്. എർട്ടിഗയിൽ നിന്നു കാഴ്ചയിൽ കാര്യമായ വ്യത്യാസമൊന്നുമില്ലാതെയാണ് ടൊയോട്ട റൂമിയന്റെ വരവ്. സാങ്കേതിക വിഭാഗത്തിലും മാറ്റമൊന്നുമില്ല. റൂമിയനു കരുത്തേകുന്നത് എർട്ടിഗയിലെ 1.5 ലീറ്റർ, നാലു സിലിണ്ടർ, പെട്രോൾ എൻജിനാണ്.
ഫോക്സ്‌വാഗണിന്റെ മിഡ് സൈസ് സെഡാൻ വെർട്യൂസ് 2022 പകുതിയോടെ എത്തും. സ്കോഡ സ്ലാവിയയുടെ ഫോക്സ്‌വാഗൺ പതിപ്പാണ് വെർട്യൂസ്. എംക്യൂബി എ0 പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന കാറിന് വെന്റോയെക്കാൾ വലുപ്പം കൂടുതലായിരിക്കും. വെന്റോയുടെ പകരക്കാരനായിട്ടായിരിക്കും പുതിയ വാഹനം വിപണിയിലെത്തുക. 1.5 ലീറ്റർ ടിഎസ്ഐ, 1 ലീറ്റർ ടിഎസ്ഐ എന്നിങ്ങനെ രണ്ട് പെട്രോൾ എൻജിൻ വകഭേദങ്ങൾ പുതിയ വാഹനത്തിനുണ്ടാകും.
ബ്രിട്ടിഷ് മോട്ടർ സൈക്കിൾ നിർമാതാക്കളായ ബിഎസ്എ മോട്ടർ സൈക്കിൾസിന്റെ മടങ്ങി വരവിൽ ആദ്യം അവതരിപ്പിക്കുന്ന മോഡലായ ഗോൾഡ് സ്റ്റാർ കഴിഞ്ഞ ദിവസം യു കെയിലെ ബിർമിങ്ങാമിൽ അനാവരണം ചെയ്തിരുന്നു. ഇന്ത്യയിലും ഈ ബൈക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബൈക്കിനു കരുത്തേകുന്നത് 652 സി സി, ലിക്വിഡ് കൂൾഡ്, ഇരട്ട ഓവർഹെഡ് കാം, ഫോർ വാൽവ്, സിംഗിൾ സിലിണ്ടർ എൻജിനാണ്; 6,000 ആർ പി എമ്മിൽ 45 ബി എച്ച് പി വരെ കരുത്തും 4,000 ആർ പി എമ്മിൽ 55 എൻ എമ്മോളം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് ഗീയർബോക്സാണു ട്രാൻസ്മിഷൻ.
പാൻ അമേരിക്കയ്ക്കു പിന്നാലെയെത്തുന്ന സൂപ്പർ മോഡലാണ് കസ്റ്റം 1250. ഇതുവരെ കണ്ട മോഡലുകളിൽനിന്നെല്ലാം വ്യത്യസ്തമായ ഡിസൈനാണ് കസ്റ്റം 1250 മോഡലിന്റേത്. വലിയ ടാങ്കും ചെറിയ ടെയിൽ സെക്‌ഷനും സിംഗിൾ സീറ്റും പീരങ്കിക്കുഴൽ പോലുള്ള സൈലൻസറും തടിച്ച ടയറുെമല്ലാമായി മാസ് ലുക്കിലാണ് വരവ്. പാൻ അമേരിക്കയിലുള്ള 1252 സിസി വി ട്വിൻ എൻജിൻ തന്നെയായിരിക്കും കസ്റ്റത്തിലും ഉണ്ടാകുക. കരുത്ത് 150 ബിഎച്ച്പി. ടോർക്ക് 127 എൻഎം.
0–100 വേഗത്തിലെത്താൻ 3.5 സെക്കൻഡ് മാത്രം സമയം. ഫുൾ ചാർജിൽ 253 കിലോമീറ്റർ റേഞ്ച്. ടോപ് സ്പീഡ് മണിക്കൂറിൽ 115 കിലോമീറ്റർ. ഹാർലിയുടെ ഇലക്ട്രിക് മസിൽ ബൈക്ക് പെർഫോമൻസ് കൊണ്ടും ഫീച്ചേഴ്സ് കൊണ്ടും ഡിസൈൻ കൊണ്ടും വിപണിയെ ഞെട്ടിക്കുമെന്ന കാര്യത്തിൽ സംശയമില്ല. 105 ബിഎച്ച്പി കരുത്തും 116 എൻഎം ടോർക്കും നൽകുന്ന ലിക്വിഡ് കൂൾഡ് ഇലക്ട്രിക് മോട്ടറാണ് ലൈവ്‌വയറിന്റെ ഹൃദയം.
സിബി 500 ആറിന്റെ നേക്കഡ് പതിപ്പാണിത്. എൽഇഡി ലൈറ്റുകൾ, ഫുള്ളി ഡിജിറ്റൽ മീറ്റർ കൺസോൾ, അഗ്രസീവ് സ്ട്രീറ്റ് ഫൈറ്റർ ഡിസൈൻ എന്നിവയാണ് സവിശേഷതകൾ. 47.5 പിഎസ് പവറും 43 എൻഎം ടോർക്കുമുള്ള 471 സിസി പാരലൽ ട്വിൻ സിലിണ്ടർ എൻജിനാണ്. ട്രാൻസ്മിഷൻ 6 സ്പീഡ്. സ്ലിപ്പർ ക്ലച്ചാണ്.
വിപണിയിലുള്ള സിബിആർ 650 ആറിന്റെ ഡിസൈനും ഗ്രാഫിക്സും ഉൾക്കൊണ്ടാണ് സിബിആർ 500 ആർ വിപണിയിലെത്തുന്നത്. യൂറോ 5 നിലവാരത്തിലുള്ള 471 സിസി ലിക്വിഡ് കൂൾഡ് പാരലൽ ട്വിൻ എൻജിനുമായാണ് വരവ്. 47.5 പിഎസ് കരുത്തും 43 എൻഎം ടോർക്കും പുറത്തെടുക്കും ഈ എൻജിൻ. സ്ലിപ് അസിസ്റ്റ് ക്ലച്ചോടുകൂടിയ 6 സ്പീഡ് ട്രാൻസ്‌മിഷനാണ്. 41 എംഎം ഷോവ ബാലൻസ് ഫ്രീ ഫോർക്ക്, ഡ്യൂവൽ ചാനൽ എബിഎസ്, 160/60 സെക്‌ഷൻ പിൻ ടയർ എന്നിവ എടുത്തുപറയാം. 192 കിലോഗ്രാമാണ് കെർബ് ഭാരം.
മാക്സി സ്കൂട്ടർ നിരയിൽ കരുത്തുറ്റ മോഡലിനെ ഇറക്കുകയാണ് ഹോണ്ട. വോയ്സ് കൺട്രോൾ സിസ്റ്റവും നാവിഗേഷനുമടക്കമുള്ള ഹോണ്ടയുടെ റോഡ്സിങ്ക് സ്മാർട് ഫീച്ചേഴ്സുമായാണ് ഫോർസ 350യുടെ വരവ്. ഇലക്ട്രോണിക്കലി അഡ്‌ജസ്റ്റബിളായ വിൻഡ് സ്ക്രീനാണ്. 329.6 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എൻജിന്റെ കൂടിയ കരുത്ത് 29.2 പിഎസ്. ടോർക്ക് 31.5 എൻഎം. പിന്നിൽ ഇരട്ട ഷോക്ക് അബ്സോർബറുകളും. രണ്ടു വീലിലും ഡിസ്ക്ക് ബ്രേക്കുകളുണ്ട്. 15 ഇഞ്ച് വീലാണ് മുന്നിൽ. പിന്നിൽ 14 ഇഞ്ചും.
ഹുസ്ക്‌വർണ നിരയിൽനിന്നെത്തുന്ന അഡ്വഞ്ചർ ബൈക്കാണ് നോർഡൻ 901. കെടിഎം ഡ്യൂക്ക് 890യിലുള്ള 889 സിസി പാരലൽട്വിൻ മോട്ടറാണ് ഇതിലുള്ളത്. 3 ലെവൽ റൈഡിങ് മോഡ്, 3 ലെവൽ കോർണറിങ് ട്രാക്‌ഷൻ കൺട്രോൾ, 2 ലെവൽ കോർണറിങ് എബിഎസ്, ക്വിക് ഷിഫ്റ്റർ എന്നീ സംവിധാനങ്ങൾ നോർഡൻ 901 ൽ നൽകിയിട്ടുണ്ട്. സ്ലിപ്പർ ക്ലച്ചോടുകൂടിയ 6 സ്പീഡ് ഗിയർബോക്‌സാണ്. ഫുള്ളി അഡ്‌ജസ്റ്റബിൾ 43 എംഎം ലോങ്‌ട്രാവൽ യുഎസ്ഡി ഫോർക്കാണ് മുന്നിൽ. പിന്നിൽ റീബൗണ്ടും പ്രീലോഡും ക്രമീകരിക്കാവുന്ന മോണോഷോക്കും. 854 എംഎമ്മാണ് സീറ്റിന്റെ ഉയരം. ഭാരം 204 കിലോഗ്രാം.
125 സിസി നിരയിലേക്കും ഹുസ്ക്‌വർണ മോഡലെത്തുകയാണ്. സ്വാർട്‌പിലൻ 250യുെട ഡിസൈൻ തന്നെയാണ് 125മോഡലും പിന്തുടരുന്നത്. കെടിഎം ഡ്യൂക്ക് 125 ന്റെ എൻജിനാണ്. പെരിമീറ്റർ ട്രെല്ലിസ് ഫ്രെയിം യുഎസ്‌ഡി ഫോർക്ക്, പ്രീ ലോഡ് അഡ്‌ജസ്റ്റബിൾ മോണോഷോക്ക്, സ്പോക്ക് വീൽ, ഫുള്ളി ഡിജിറ്റൽ മീറ്റർ കൺസോൾ, എൽഇഡി ലൈറ്റുകൾ, പിരേലി സ്കോർപിയോൺ എസ്ടിആർ ടയറുകൾ എന്നിവ സവിശേഷതകൾ. 146 കിലോഗ്രാം ഭാരമേയുള്ളൂ.
കരുത്തേറിയ വിറ്റ്‌പിലൻ 2022 മധ്യത്തോടെ നിരത്തിലെത്തൂം. എൻജിൻ അടക്കമുള്ള ഘടകങ്ങൾ കെടിഎം ഡ്യൂക്കിൽനിന്നാണ് കടം െകാണ്ടിരിക്കുന്നത്. 373 സിസി ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ എൻജിന്റെ കൂടിയ കരുത്ത് 43.5 പിഎസ്. ടോർക്ക് 37 എൻഎം. യുഎസ്ഡി ഫോർക്ക്, ഡബ്ല്യുപിയുടെ മോണോഷോക്ക്, ഡ്യൂവൽ ചാനൽ എബിഎസ് എന്നിവ സവിശേഷതകൾ. 6 സ്പീഡ് ഗിയർബോക്‌സാണ്.
വിദേശ വിപണിയിൽ പുതിയ നിൻജ 400 ലോഞ്ച് ചെയ്തുകഴിഞ്ഞു. ഇന്ത്യയിലേക്ക് എന്നെത്തുമെന്ന് ഒൗദ്യോഗിക അറിയിപ്പുകളില്ലെങ്കിലും 2022 പകുതിയോടെ എത്തുമെന്നാണ് കരുതുന്നത്. അഗ്രസീവ് ഡിസൈൻ, ട്വിൻ എൽഇഡി ഹെഡ്‌ലാംപ്, സെമി ഡിജിറ്റൽ മീറ്റർ കൺസോൾ, സ്ലിപ്പർ ക്ലച്ച് എന്നിവ ഹൈലൈറ്റുകൾ. 399 സിസി ട്വിൻ സിലിണ്ടർ ലിക്വിഡ് കൂൾഡ് എൻജിനാണ്. മൂന്നു വേരിയന്റുകൾ ഉണ്ടാകും.
ക്ലാസിക് ഡിസൈൻ ശൈലിയിൽ ചെറിയ എൻജിനുമായി കാവാസാക്കിയിൽ നിന്നുള്ള പുതിയ മോഡൽ വൈകാതെ നിരത്തിലെത്തുമെന്നാണ് സൂചന. റോഡ് ടെസ്റ്റ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 13 ബിഎച്ച്പി കരുത്തും 13.2 എൻഎം ടോർക്കും പുറത്തെടുക്കുന്ന 177 സിസി എൻജിനാണ്. വിദേശ വിപണിയിൽ കാർബുറേറ്റഡ് പതിപ്പാണ്. എന്നാൽ, ഇന്ത്യയിൽ ഫ്യൂവൽ ഇൻജക്‌ഷനായിരിക്കും. സെമി ഡബിൾക്രാഡിൽ ഫ്രെയിമാണ്. മുന്നിൽ ഡിസ്ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കും. 90 ശതമാനം ലോക്കൽ ഘടകങ്ങൾ ഉപയോഗിച്ചാണ് നിർമാണം.
കരുത്തേറിയ അഡ്വഞ്ചർ ബൈക്ക് നിരയിലേക്ക് കെടിഎമ്മിന്റെ 3 സൂപ്പർ താരങ്ങളെത്തും. അഡ്വഞ്ചർ 1190, അഡ്വഞ്ചർ 1050, 790 അഡ്വഞ്ചർ എത്തുന്നു എന്നീ ബൈക്കുകൾ 2022 ൽ തന്നെയെത്തുമെന്നാണ് പ്രതീക്ഷ. 799 സിസി പാരലൽ ട്വിൻ സിലിണ്ടർ എൻജിനാണ് 790 അഡ്വഞ്ചറിന്. 1050 സിസി വി ട്വിൻ എൻജിനാണ് അഡ്വഞ്ചർ 1050ന്. 1195 സിസി വി ട്വിൻ ലിക്വിഡ് കൂൾഡ് എൻജിനാണ് കൂട്ടത്തിൽ കരുത്തനായ അഡ്വഞ്ചർ 1190ന്.
ഡ്യൂക്ക് 790യുെട കരുത്തേറിയ മോഡൽ എന്നു വിശേഷിപ്പിക്കാം. കൂടിയ പവർ, പരിഷ്‌കരിച്ച ഇലക്ട്രോണിക് സംവിധാനങ്ങൾ എന്നിവയാണ് സവിശേഷതകൾ. നാല് റൈഡ് മോഡുകളുണ്ട്. സ്വിച്ചബിൾ വീലി കണ്‍ട്രോൾ, ലോഞ്ച് കൺട്രോൾ, കോർണറിങ് എബിഎസ് എന്നിവയുണ്ട്. 889 സിസി പാരലൽ ട്വിൻ സിലിണ്ടർ എൻജിൻ 115 പിഎസ് കരുത്ത് പുറത്തെടുക്കും. 6 സ്പീഡ് ട്രാൻസ്മിഷനാണ്. ഒാപ്ഷണലായി ക്വിക് ഷിഫ്റ്ററുണ്ട്. 790 ഡ്യൂക്കിനെക്കാളും സീറ്റിന്റെ ഉയരം 5 എംഎം കുറവാണ്. ഭാരം 169 കിലോഗ്രാം.
റോയൽ എൻഫീൽഡ് നിരയിൽനിന്ന് 2022 ആദ്യമെത്തുന്ന മോഡൽ ഹണ്ടറായിരിക്കും. സ്ക്രാംബ്ലർ നിരയിലേക്കാണ് ഹണ്ടർ എത്തുന്നത്. പുതിയ മീറ്റിയോറിലും ക്ലാസിക്കിലും കണ്ട ജെ പ്ലാറ്റ്ഫോമാണ് ഹണ്ടറിന്റെയും അടിത്തറ. വട്ടത്തിലുള്ള ഹെഡ്‌ലൈറ്റ് ടെയിൽ ലാംപ്, സെമി ഡിജിറ്റൽ മീറ്റർ കൺസോൾ, നീളം കുറഞ്ഞ ടെയിൽ സെക്‌ഷൻ, നീളം കുറഞ്ഞ പിന്നഗ്രം ഉയർന്ന സൈലൻസർ, എന്നിങ്ങനെയാകും ഡിസൈൻ. 20.2 ബിഎച്ച്പി കരുത്തുള്ള 349 സിസി എൻജിൻതന്നെയാകും ഹണ്ടറിനും നൽകുക. ഹോണ്ടയുടെ സിബി 350 ആർഎസ് ആയിരിക്കും നിരത്തിലെ പ്രധാന എതിരാളി.
ഇഐസിഎംഎ 2021 ൽ പ്രദർശിപ്പിച്ച എസ്ജി 650 കൺസെപ്റ്റിന്റെ പ്രൊഡക്‌ഷൻ മോഡൽ 2022 ൽ വിപണിയിലെത്തും. ഉടൻ എൻഫീൽഡ് ലൈനപ്പിന്റെ ഭാഗമാകുന്ന ബൈക്കിന് പാരമ്പര്യവും ആധുനികതയും ഒത്തു ചേർന്ന ഡിസൈൻ കണ്‍സെപ്റ്റാണ്. ഇനി പുറത്തിറങ്ങുന്ന എൻഫീൽഡ് ബൈക്കുകൾക്ക് ഈ കൺസെപ്റ്റിൽ തുടങ്ങിയ പുതിയ ഡിസൈൻ ഭാഷ്യമായിരിക്കുമെന്നും എൻഫീൽഡ് പറയുന്നു. ഇന്റർസെപ്റ്ററിലും കോണ്ടിനെന്റൽ ജിടിയിലും ഉപയോഗിക്കുന്ന പാരലൽ ട്വിൻ എൻജിൻ തന്നെയാണ് കൺസെപ്റ്റിലും. 47 എച്ച്പി കരുത്തുള്ള എൻജിന് 52 എൻഎം ടോർക്കുമുണ്ട്. ഈ വർഷം അവസാനം അല്ലെങ്കിൽ അടുത്ത വർഷം ആദ്യം പുതിയ ബൈക്ക് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ.
ട്രയംഫിന്റെ സ്ട്രീറ്റ് കുടുംബത്തിൽ പെട്ട സ്ട്രീറ്റ് കപ്പ് ഉടൻ തന്നെ ഇന്ത്യൻ വിപണിയിലെത്തും. കഫേറേസർ ഡിസൈൻ ശൈലി പിന്തുടരുന്ന ബൈക്കിന്റെ പരീക്ഷണയോട്ടങ്ങൾ കമ്പനി നേരത്തേതന്നെ ആരംഭിച്ചിരുന്നു. 865 സിസി എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 55 പിഎസ് കരുത്തുണ്ട് ഈ എൻജിന്.
വെസ്പയുടെ പ്രീമിയം സ്കൂട്ടറായ ജിടിഎസ് 300, 2022 ആദ്യം തന്നെ എത്തിയേക്കും. പൂർണമായും നിർമിച്ച് ഇറക്കുമതിചെയ്യുന്ന മോഡലായിരിക്കുമിത്. റെട്രോ സ്റ്റൈൽ ഡിസൈൻ പിന്തുടരുന്ന ജിടിഎസ് 300നു 278 സിസി എൻജിനാണുള്ളത്. കരുത്ത് 21 ബിഎച്ച്പി. ടോർക്ക് 23 എൻഎം. എൽസിഡി ഡിസ്പ്ലേയോടുകൂടിയ അനലോഗ് ഇൻസ്ട്രമെന്റ് ക്ലസ്റ്ററാണ്. വിദേശ വിപണിയിൽ അവതരിപ്പിച്ച ജിടിഎസ് 300 ൽ ട്രാക്‌ഷൻ കൺട്രോളും ഡ്യൂവൽ ചാനൽ എബിഎസുമൊക്കെ നൽകിയിട്ടുണ്ട്. എന്നാൽ, ഇന്ത്യൻ വകഭേദത്തിൽ ഈ ഫീച്ചറുകൾ കാണാൻ ഇടയില്ല.
യമഹയുടെ ടി7 അഡ്വഞ്ചർ ടൂറർ കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ രൂപമാണ് ടെനർ 700. ട്രയംഫ് ടൈഗർ, ഹോണ്ട ആഫ്രിക്ക ട്വിൻ എന്നിവരാണ് എതിരാളികൾ. ഡബിൾ ക്രാഡിൽ ഫ്രേമിലാണ് നിർമാണം. 204 എംഎം ഗ്രൗണ്ട് ക്ലിയറൻസുണ്ട്. എംടി 07 മോഡലിലുള്ള 689 സിസി എൻജിനാണ് ടെനറിനു നൽകിയിരിക്കുന്നത്. കൂടിയ കരുത്ത് 72.4 ബിഎച്ച്പി. ടോർക്ക് 68 എൻഎം. 210 എംഎം ട്രാവലുള്ള ഇൻവേർട്ടഡ് ഫോർക്കാണ് മുന്നിൽ. പിന്നിൽ 200 ട്രാവലുള്ള മോണോഷോക്കും. സ്പോക്ക് വീലുകളാണ്. മുന്നിൽ 21 ഇഞ്ചും പിന്നിൽ 18 ഇഞ്ചും. പിരലിയുടെ ഡ്യൂവൽ സ്പോർട് സ്കോർപിയൺ ടയറുകളാണ്. ട്രാൻസ്മിഷൻ 6 സ്പീഡ്.
എഴുപതുകളിലും എൺപതുകളിലും നിരത്തിലെ താരമായിരുന്ന യെസ്ഡി വീണ്ടുമെത്തുകയാണ്. ജാവയെ തിരിച്ചെത്തിച്ച ക്ലാസിക് ലെജൻഡാണ് യെസ്ഡി ബ്രാൻഡിനെയും നിരത്തിലെത്തിക്കുന്നത്. അഡ്വഞ്ചർ ടൂററായ റോഡ്‌കിങ്ങിൽ ജാവ പെരെക്കിലുള്ള 334 സിസി ഫ്യൂവൽ ഇൻജക്ടഡ് ലിക്വിഡ് കൂൾഡ്, 30 ബിഎച്ച്പി എൻജിനായിരിക്കും ഉണ്ടാകുക. എൽഇഡി ലൈറ്റുകൾ, ഡിജിറ്റൽ കൺസോൾ, ഡ്യൂവൽ ചാനൽ എബിഎസ്, ഇരട്ട ഡിസ്ക് ബ്രേക്ക്, ഉയർന്ന ഹാൻഡിൽ ബാർ, പിന്നറ്റം ഉയർന്ന സൈലൻസർ, സ്പോക് വീലുകൾ എന്നിങ്ങനെയാകും ഡിസൈനിലെ സവിശേഷതകൾ.
ഇന്ത്യൻ മോട്ടർ സൈക്കിളിൽനിന്ന് 2022 ൽ ഇന്ത്യിലെത്തുന്നത് ഹെവിവെയ്റ്റ് ക്രൂസറായ ചലഞ്ചറായിരിക്കും. പൂർണമായും നിർമിച്ച് ഇറക്കുമതിചെയ്യുന്ന യൂണിറ്റാണ്. ഇന്ത്യൻ മോട്ടർ സൈക്കിളിന്റെ പുതു സീരീസ് എൻജിനായ 1769 സിസി വി ട്വിൻ എൻജിനാണ് ഈ മസിൽമാനു കരുത്തേകുക. 121 ബിഎച്ച്പിയാണ് കൂടിയ കരുത്ത്. ടോർക്ക് 173.5 എൻഎം. മൂന്നു റൈഡിങ് മോഡ്, കോർണറിങ് ട്രാക്‌ഷൻ കൺട്രോൾ തുടങ്ങിയ ഫീച്ചറുകളുമുണ്ട്.