കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ ടാറ്റയുടെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു എച്ച്ബിഎക്സ് കൺസെപ്റ്റ്. ആരും ഒന്നു നോക്കിപ്പോകുന്ന രൂപഭംഗിയുള്ള ഈ കുഞ്ഞൻ എസ്‍യുവി ഉടൻ വിപണിയിലെത്തും. പ്രീമിയം ഹാച്ച്ബാക്ക് ആൾട്രോസിന്റെ ആൽഫ പ്ലാറ്റ്ഫോം തന്നെയാണ് ഇതിനും. വിലയിൽ നെക്സോണിനു തൊട്ടു താഴെ നിൽക്കുന്ന ഇൗ വാഹനം മൈക്രോ എസ്‍യുവി എന്ന പേരിലായിരിക്കും വിപണിയിലെത്തുക. പെട്രോൾ എൻജിൻ വകഭേദം മാത്രമായിരിക്കും പുതിയ വാഹനത്തിൽ. 1.2 ലീറ്റർ 3 സിലിണ്ടർ പെട്രോൾ എൻജിന് 86 ബിഎച്ച്പി കരുത്തുണ്ടാകും.
ജീപ്പ് കോംപസ് എസ്‌യുവി ഉടൻ ഷോറൂമുകളിലെത്തും. ഹണി കോംപ് ഇൻസേർട്ടുകളുള്ള ഗ്രിൽ, പുതിയ ബംപർ ഡിസൈൻ, പുതിയ അലോയ് വീൽ, എൽഇഡി ഹെഡ്‌ലാംപ്, 10.1 ഇഞ്ച് ടച്സ്ക്രീൻ സഹിതമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, പുതിയ ത്രീ സ്പോക്ക് സ്റ്റിയറിങ് വീൽ, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 360 ഡിഗ്രി ക്യാമറ തുടങ്ങിയ ഫീച്ചറുകൾ പുതിയ വാഹനത്തിലുണ്ട്. രണ്ടു ലീറ്റർ ഡീസൽ, 1.4 ലീറ്റർ ടർബൊ പെട്രോൾ എന്നീ എൻജിനുകളാണ് കോംപസിന് കരുത്തേകുക. ഡീസൽ എൻജിന് 173 എച്ച്പി കരുത്തും 350 എൻഎം ടോർക്കുമുണ്ട്. പെട്രോൾ എൻജിന് 163 എച്ച്പി കരുത്തും 250 എൻഎം ടോർക്കും.
പ്രീമിയം എസ്‌യുവി വിപണിയിലെ താരമായി മുന്നേറുന്ന ജീപ്പ് കോംപസിന്റെ എതിരാളി. റാപ്പ് എറൗണ്ട് ഹെഡ്‌ലാംപ്, എൽഇഡി ഡേടൈം റണ്ണിങ് ലാംപ് എന്നിവ ഉണ്ടാകും. സ്റ്റൈലിഷായ ഇന്റീരിയർ, ഹോണ്ടയുടെ പുതുതലമുറ സുരക്ഷ സംവിധാനം. എസ്‌യുവി ലുക്ക് വേണ്ടുവോളമുള്ള എച്ച്ആർവി, ജീപ്പ് കോംപസ്, ഹ്യുണ്ടേയ് ക്രേറ്റ, എക്സ് യു വി 500 തുടങ്ങിയ വാഹനങ്ങളുമായാണ് ഏറ്റുമുട്ടുക. പ്രായോഗികതയ്ക്ക് ഊന്നല്‍ നല്‍കുന്ന പുത്തന്‍ എസ്‌യുവി മത്സരക്ഷമമായ വിലകളില്‍ വില്‍പനയ്‌ക്കെത്തിക്കുമെന്നാണു ഹോണ്ടയുടെ വാഗ്ദാനം. ജപ്പാനിൽ 1.8 ലീറ്റർ പെട്രോൾ, 1.8 ലീറ്റർ പെട്രോൾ ഹൈബ്രിഡ്. 1.6 ലീറ്റർ ഡീസൽ, 1.5 ലീറ്റർ പെട്രോൾ ഹൈബ്രിഡ് തുടങ്ങിയ എൻജിൻ വകഭേദങ്ങളിലാണ് വാഹനം ലഭിക്കുക. ഹോണ്ടയുടെ സിആർ–വിയുടേയും ബിആർ–വിയുടേയും ഇടയിലെത്തുന്ന എച്ച്ആർ–വി അടുത്ത വർഷം വിപണിയിലെത്തും. 15 ലക്ഷം മുതൽ 20 ലക്ഷം വരെ രൂപയായിരിക്കും വില.
ജിംനിയെ സുസുക്കി ഉടൻ ഇന്ത്യൻ വിപണിയിലും എത്തിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിൽ പരീക്ഷണയോട്ടങ്ങൾ നടത്തുന്ന ജിംനിയുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. പരീക്ഷണയോട്ടം നടത്തുന്നത് ജിംനിയുടെ 3 ഡോർ പതിപ്പാണെങ്കിലും ഇന്ത്യയിൽ എത്തുക 5 ഡോർ പതിപ്പായിരിക്കും. മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സ വഴി വിൽപനയ്ക്കെത്തുന്ന ജിംനിയുടെ വില 10 ലക്ഷത്തിൽ താഴെ ഒതുക്കാനായിരിക്കും കമ്പനി ശ്രമിക്കുക. 600 സിസി, 1.5 ലീറ്റർ എന്നിങ്ങനെ രണ്ട് എൻജിൻ സാധ്യതകളോടെയാണ് രാജ്യാന്തര വിപണിയിൽ ജിംനി വിൽപനയിലുള്ളത്. ഇതിൽ 1.5 ലീറ്റർ എൻജിൻ ഇന്ത്യൻ പതിപ്പിന് ലഭിക്കും.
സൂപ്പർഹിറ്റായി മുന്നേറുന്ന മഹീന്ദ്ര എസ്‍യുവി ഥാറിന്റെ 5 ഡോർ പതിപ്പ് വിപണിയില്‍ എത്തിച്ചേക്കും. അടിപൊളി ലുക്കിൽ പുതിയ ഥാർ ഈ വർഷം അവസാനം എത്തുമെന്നാണ് പ്രതീക്ഷ. ഥാറിനു കരുത്തേകുന്ന 2 ലീറ്റർ പെട്രോൾ എൻജിനും 2.2 ലീറ്റർ ഡീസൽ എൻജിനും തന്നെയാകും പുതിയ 5 ഡോർ പതിപ്പിലും.
എംജി ഇന്ത്യയുടെ ഇലക്ട്രിക് കാർ സിഎസിന്റെ പെട്രോൾ വകഭേദം ഈ വർഷം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വർഷം ആദ്യം ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ വാഹനം പ്രദർശിപ്പിച്ചിരുന്നു. 1.5 ലീറ്റർ, 1.3 ലീറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ രണ്ടു പെട്രോൾ എൻജിൻ വകഭേദങ്ങളുമായി എത്തുന്ന വാഹനത്തിന് ഓട്ടമാറ്റിക്ക്, മാനുവൽ പതിപ്പുകളുണ്ടാകും. ഹ്യുണ്ടേയ് ക്രേറ്റ, കിയ സെൽറ്റോസ്, നിസാൻ കിക്സ് തുടങ്ങിയ വാഹനങ്ങളുമായിട്ടായിരിക്കും സിഎസ് മത്സരിക്കുക
പ്രീമിയം ഹാച്ച്ബാക്ക് ആൾട്രോസിനെ അടിസ്ഥാനപ്പെടുത്തി നിർമിക്കുന്ന ഇവി ജനീവ ഓട്ടോഷോയിൽ ടാറ്റ പ്രദർശിപ്പിച്ചിരുന്നു. ഒറ്റചാര്‍ജില്‍ 250 മുതല്‍ 300 വരെ കിലോമീറ്റര്‍ സഞ്ചരിക്കാവുന്ന തരത്തിലായിരിക്കും കാറിന്റെ ഡിസൈന്‍. ഒരു മണിക്കൂര്‍ കൊണ്ട് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാവുന്ന ടെക്‌നോളജിയും കാറിലുണ്ടാകുമെന്ന് ടാറ്റ പറയുന്നു. പ്രീമിയം ഹാച്ച്ബാക്ക് സെഗ്‌മെന്റില്‍ ഇലക്ട്രിക് കാര്‍ പുറത്തിറക്കി വിപണി പിടിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. നിലവിലെ സാഹചര്യം വച്ച് 10 ലക്ഷത്തിന് അടുത്തായിരിക്കും കാറിന്റെ വില.
കുറഞ്ഞ വിലയിൽ വൈദ്യുത വാഹനം അവതരിപ്പിക്കാൻ മഹീന്ദ്ര ഇലക്ട്രിക്. ഒൻപതു ലക്ഷം രൂപയിൽ താഴെ, ചെറുഎസ്‌യുവിയായ കെയുവി 100 വൈദ്യുത പതിപ്പ് വിൽപനയ്ക്കെത്തിക്കാനാണു മഹീന്ദ്രയുടെ ലക്ഷ്യം. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ ‘ഇ കെ യു വി’ മഹീന്ദ്ര പ്രദർശിപ്പിച്ചിരുന്നു. ഒറ്റ ചാർജിൽ 200 – 300 കിലോമീറ്റർ റേഞ്ച് കെയുവി ഇലക്ട്രിക് നൽകുമെന്നാണ് പ്രതീക്ഷ
ഹാരിയർ അടിസ്ഥാനമാക്കി ടാറ്റ വികസിപ്പിച്ച ഈ ഏഴു സീറ്റുള്ള എസ്‌യുവി ഗ്രാവിറ്റാസ്, സഫാരി എന്ന പേരിലായിരിക്കും വിപണിയിലെത്തുക. കാഴ്ചയിൽ ഹാരിയറിനോടു സാമ്യമുള്ളതായിരുന്നു എച്ച് സെവൻ എക്സ് എന്ന കോഡ്നാമത്തിൽ വികസിപ്പിച്ച ബസാഡിന്റെ രൂപകൽപന. റൂഫ് റെയ്‌ൽ മൂലം വാഹനത്തിന് ഉയരക്കൂടുതൽ തോന്നിക്കുമ്പോൾ, ഹാരിയറിൽനിന്നു വേറിട്ടു നിൽക്കാനായി റണ്ണിങ് ബോഡും വലുപ്പമേറിയ അലോയ് വീലുകളും ടാറ്റ ഗ്രാവിറ്റാസിൽ ലഭ്യമാക്കുന്നുണ്ട്. രണ്ടു ലീറ്റർ ക്രയോടെക് ഡീസൽ എൻജിനാവും ഈ എസ്‌യുവിയിൽ ഇടംപിടിക്കുക. ഹാരിയറിലെ രണ്ടു ലീറ്റർ ക്രയോടെക് ഡീസൽ എൻജിൻ 170 ബി എച്ച് പിയോളം കരുത്തും 350 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക.
പ്രീമിയം എംപിവി എന്ന പുതിയ സെഗ്‌മെന്റ് സൃഷ്ടിച്ച കാർണിവലിനോടു മത്സരിക്കാൻ എംജി മോട്ടഴ്സ് പുറത്തിറക്കുന്ന വാഹനമാണ് ജി10. കഴിഞ്ഞ ഓട്ടോഎക്സ്പോയിൽ പ്രദർശിപ്പിച്ച ജി 10 ഉടൻ തന്നെ വിപണിയിലെത്തുമെന്നു കരുതുന്നു. ആഡംബരം നിറഞ്ഞ വാഹനമായ ജി10 ഏഴ് സീറ്റ്, 9 സീറ്റ് ലേ ഔട്ടുകളിൽ ലഭ്യമാണ്. പെട്രോൾ, ഡീസൽ എൻജിൻ ഓപ്ഷനുകളുണ്ട്. 2 ലീറ്റർ പെട്രോൾ എൻജിന് 165 കിലോവാട്ട് കരുത്തും 345 എൻഎം ടോർക്കുമുണ്ട്. 110 കിലോവാട്ട് കരുത്തും 350 എൻഎം ടോർക്കുമുൽപ്പാദിപ്പിക്കുന്നതാണ് 1.9 ലീറ്റർ ഡീസൽ എൻജിൻ. ആറ് സ്പീഡ് ട്രിപ്ട്രോണിക് ഗിയർബോക്‌സും ഈ വാഹനത്തിൽ ഉപയോഗിക്കുന്നുണ്ട്.
റെനോയുടെ കോംപാക്ട് എസ്‌യുവി കൈഗർ ഉടന്‍ വിപണിയിലെത്തും. സിഎം എഫ് എ പ്ലസ് പ്ലാറ്റ്ഫോം ആധാരമാക്കിയാണു റെനോ സബ് കോംപാക്ട് കൈഗറിനെ സാക്ഷാത്കരിച്ചിരിക്കുന്നത്. നാലു മീറ്ററിൽ താഴെയുള്ള എസ്‌യുവികൾ ഏറ്റുമുട്ടുന്ന ഈ വിപണിയിൽ കൈഗറിന്റെ പോരാട്ടം മാരുതി സുസുക്കി വിറ്റാര ബ്രേസ, ഹ്യുണ്ടേയ് വെന്യു, കിയ സൊണെറ്റ്, നിസ്സാൻ മാഗ്‍നൈറ്റ് എന്നിവയോടാവും. നിസ്സാൻ മാഗ്‌നൈറ്റിനു കരുത്തേകുന്ന എച്ച് ആർ എ ഒ ഒരു ലീറ്റർ ടർബോ പെട്രോൾ എൻജിൻ തന്നെയാവും കൈഗറിന്റെയും ഹൃദയം.
കിയ സെൽറ്റോസിനെയും ഹ്യുണ്ടേയ് ക്രേറ്റയെയുമൊക്കെ നേരിടാൻ പോന്ന ആധുനിക സൗകര്യങ്ങളും സംവിധാനങ്ങളുമായി ഈ വർഷം പുതിയ സ്കോർപിയോ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. രൂപകൽപനയിലും ഉള്ളിലെ സൗകര്യങ്ങളിലും സംവിധാനങ്ങളിലും അടിമുടി പൊളിച്ചെഴുത്തോടെയാവും പുതിയ സ്കോർപിയോ എത്തുക. ഒപ്പം പുത്തൻ ‘ഥാറി’ലെ രണ്ടു ലീറ്റർ, എം സ്റ്റാലിയൻ ടർബോ പെട്രോൾ എൻജിനെയും പരിഷ്കരിച്ച ‘സ്കോർപിയൊ’യിൽ പ്രതീക്ഷിക്കാം കൂടാതെ 2.2 ലീറ്റർ എം ഹോക്ക് ഡീസൽ എൻജിനോടെയും പുതിയ സ്കോർപിയൊ വിപണിയിലുണ്ടാവും. ആറു സ്പീഡ് മാനുവൽ, ആറു സ്പീഡ് ടോർക് കൺവെർട്ടർ ഓട്ടമാറ്റിക് ഗീയർ ബോക്സുകളാവും ട്രാൻസ്മിഷൻ സാധ്യതകൾ.
പ്രീമിയം എസ്‌യുവിയുമായി എത്തി വിപണിയിൽ ചലനങ്ങൾ സൃഷ്ടിക്കാനാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രോണിന്റെ ശ്രമം. ആദ്യ എസ്‌യുവിയായ സി5 എയർക്രോസിലൂടെ ഇന്ത്യക്കാരുടെ മനസ്സിൽ ഇടംപിടിക്കാനാവുമെന്നും പിഎസ്എ ഗ്രൂപ്പിന് കീഴിലുള്ള സിട്രോൺ കരുതുന്നു. 2017 ഏപ്രിലിൽ ഷാങ്ഹായിൽ അരങ്ങേറ്റം കുറിച്ച സി5 എയർക്രോസ് പിന്നീട് യൂറോപ്യൻ വിപണിയിൽ വിൽപനയ്ക്കെത്തി. ആഗോള വിപണിയിൽ സി5 എയർക്രോസിന് പെട്രോൾ, ഡീസൽ വകഭേദങ്ങളുണ്ട്. കാഴ്ചയ്ക്ക് അതീവ മനോഹരവും സ്റ്റൈലിഷുമാണ് സി5 എയർക്രോസ്. 8 ഇഞ്ച് ഇൻഫോ എന്റർടൈയ്ൻമെന്‍റ് സിസ്റ്റം, ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, സ്റ്റിയറിങ്ങില്‍ത്തന്നെ ഘടിപ്പിച്ചിട്ടുള്ള ബട്ടണുകൾ, ഓൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ C5 എയർക്രോസിലെ എടുത്തു പറയേണ്ട സവിശേഷതകളാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാറായിരിക്കും വാഗണ്‍ആർ. ഒറ്റ ചാർജിൽ 100 കിലോമീറ്ററെങ്കിലും ഒാടാൻ വാഹനത്തിന് ശേഷിയുണ്ടാകുമെന്നാണ് പ്രതീക്ഷ. നിലവിലുള്ളതിൽനിന്ന് പൂർണമായും മാറിയ ഡിസൈനാണ് പുതിയ വാഗൺ ആറിന്. ടോൾബോയ്, ബോക്സി ഡിസൈൻ ഫിലോസഫി തന്നെയാണ് തുടർന്നിരിക്കുന്നതെങ്കിലും വാഹനത്തെ കൂടുതൽ സ്പോർട്ടിയാക്കാൻ സുസുക്കി ശ്രമിച്ചിട്ടുണ്ട്.
പുതിയ കോംപസിന് പിന്നാലെ ജീപ്പിന്റെ ഏഴു സീറ്റ് വാഹനം ഉടൻ ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കും. കോംപസിനെ അടിസ്ഥാനമാക്കി വിപണിയിലെത്തുന്ന ഇതിന്റെ പേര് ഗ്രാൻഡ് കോംപസ് എന്നായിരിക്കുമെന്നാണ് റിപ്പോർട്ട്. 2021ൽ ബ്രസീലിലും പിന്നീട് ഇന്ത്യ അടക്കമുള്ള വിപണിയിലും ഗ്രാൻഡ് കോംപസ് എത്തും. കോംപസിലെ 2.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ഡീസല്‍ എന്‍ജിൻ തന്നെയാകും പുതിയ വാഹനത്തിനും. 200 ബിഎച്ച്പി കരുത്തു നൽകുന്ന ഈ എൻജിൻ ആറ് സ്പീഡ് മാനുവൽ ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് വകഭേദങ്ങളിൽ ലഭിക്കും.
കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച വിഷൻ ഇൻ ‘കുഷാക്’ എന്ന പേരിൽ വിപണിയിലെത്തും. ഹ്യുണ്ടേയ് ക്രേറ്റയും കിയ സെൽറ്റോസും എം ജി ഹെക്ടറും ടാറ്റ ഹാരിയറുമൊക്കെ അരങ്ങു വാഴുന്ന ഇടത്തരം എസ്‌യുവി വിപണിയിൽ ആധിപത്യം നേടാൻ ഈ രാജാവിനു സാധിക്കുമെന്ന പ്രതീക്ഷയിലാണു സ്കോഡ. ‘കുഷാക്കി’ന് അടിത്തറയാവുന്നത് എം ക്യു ബി എ സീറോ – ഇൻപ്ലാറ്റ്ഫോമാണ്. അതേസമയം, കുഷാക്കിന്റെ എൻജിൻ സംബന്ധിച്ച സൂചനയൊന്നും സ്കോഡ നൽകിയിട്ടില്ല. എങ്കിലും ഒരു ലീറ്റർ ടർബോ, 1.5 ലീറ്റർ പെട്രോൾ എൻജിനുകളോടെ എത്തുന്ന കുഷാക്കിൽ ആറു സ്പീഡ് മാനുവൽ, ഏഴു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സുകളുമുണ്ടാവുമെന്നാണ് അനുമാനം.
ചൈനീസ് വിപണിക്കു വേണ്ടി നിർമിച്ച ക്വിഡ് ഇലക്ട്രിക് ഇന്ത്യൻ വിപണിയിലുമെത്തിയേക്കും. കെസെഡ്ഇ കൺസെപ്റ്റ് എന്ന പേരിൽ പാരിസ് ഓട്ടോഷോയിൽ പ്രദർശിപ്പിച്ച വാഹനത്തിന്റെ പ്രൊഡക്‌ഷൻ മോഡലാണ് ക്വിഡ് ഇവി. ചൈനീസ് കമ്പനിയായ ഡങ്ഫെങ് മോട്ടഴ്സുമായി സഹകരിച്ചാണ് ഇലക്ട്രിക് കാറിന്റെ നിർമാണം. ഒറ്റത്തവണ ചാർജ് ചെയ്താൽ ക്വിഡ് ഇവി 250 കിലോമീറ്റർ ഓടുമെന്നാണു റെനോയുടെ വാഗ്ദാനം.
ചെറു എസ്‌യുവി റെനഗേഡിനു താഴെ നാലുമീറ്റർ നീളമുള്ള എസ്‍യുവിയുമായി ജീപ്പ് എത്തും. ജീപ്പ് 526 എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന വാഹനം പുതു തലമുറ ഫീയറ്റ് പാണ്ടയിലും 500 ലും ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമിലാണ് നിർമിക്കുന്നത്. ഏഷ്യൻ വിപണിയെ മുന്നിൽ കണ്ട് വികസിപ്പിക്കുന്ന എസ്‌യുവി തുടക്കത്തിൽ ഇന്ത്യയിലും അതിനു ശേഷം രാജ്യന്തര വിപണിയിലും ജീപ്പ് പുറത്തിറക്കും. പത്തു ലക്ഷത്തിൽ താഴെയായിരിക്കും വിലയെന്നാണ് പ്രതീക്ഷിക്കുന്നത്. സെഗ്‌മെന്റില്‍ത്തന്നെ ആദ്യ ഫോർവീൽഡ്രൈവ് മോഡലുമായിരിക്കും ചെറു ജീപ്പ്. ജീപ്പിന്റെ അടിസ്ഥാന സ്വഭാവങ്ങൾ പിന്തുടരുന്ന ചെറു എസ്‌യുവി സെഗ്‌മെന്റിലെ മറ്റു വാഹനങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായിരിക്കും.
എംപിവി വിപണിയിൽ കൂടുതൽ വാഹനങ്ങൾ പുറത്തിറക്കാൻ കിയ മോട്ടഴ്സ്. ഈ വർഷം പുതിയ വാഹനം കിയ വിപണിയിലെത്തിച്ചേക്കും. സെൽറ്റോസിലെ 1.5 ലീറ്റർ പെട്രോൾ, ഡീസൽ എൻജിനുമായി എത്തുന്ന പുതിയ വാഹനം മാരുതി സുസുക്കി എർട്ടിഗ, മഹീന്ദ്ര മരാസോ തുടങ്ങിയ വാഹനങ്ങളുമായിട്ടാകും മത്സരിക്കുക. ടൈഗർനോസ് ഗ്രിൽ, 360 ഡിഗ്രി ക്യാമറ, ഡേടൈം റണ്ണിങ് ലാംപുകൾ, ക്രൂസ് കൺട്രോൾ, സ്മാർട്ട് ഫോൺ കണക്ടിവിറ്റി, അലോയ് വീൽ, ബ്ലൈന്റ് സ്പോട്ട് ഡിറ്റക്ടർ തുടങ്ങി നിരവധി ഫീച്ചറുകൾ പുതിയ വാഹനത്തിലുണ്ടാകും.
ഫോഡിന്റെ ജനപ്രിയ എസ്‍യുവി ഇക്കോസ്പോർട്ടിന്റെ പുതിയ പതിപ്പ് ഈ വർഷം വിപണിയിലെത്തും. പുതിയ രൂപത്തിൽ മികച്ച ഫീച്ചറുകളുമായി എത്തുന്ന വാഹനത്തില്‍ 1.2 ലീറ്റർ ടർബൊ ചാർജ്ഡ് പെട്രോൾ എൻജിനും 1.5 ലീറ്റർ ഡീസൽ എൻജിനുമുണ്ടാകും
ആർ 15 ന്റെ പ്ലാറ്റ്ഫോമിൽ ക്ലാസിക് മോഡേൺ തീമിൽ അണിയിച്ചൊരുക്കിയ ബൈക്കാണ് എക്സ് എസ് ആർ 155. XSR900 ന്റെ ഡിസൈൻ കടം കൊണ്ടാണ് രൂപകൽപന. എൽഇഡി ലൈറ്റുകൾ, ഡിജിറ്റൽ ക്ലസ്റ്റർ, ഉയർന്ന ഹാൻഡിൽ ബാർ, ടാൻ കളർ സീറ്റ് എന്നിവ സവിശേഷതകൾ. ആർ 15 നെക്കാളും വീൽ ബേസ് കൂടുതലുണ്ട്. ഭാരം 134 കിലോഗ്രാം. 155 സിസി ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ എൻജിന്റെ കൂടിയ കരുത്ത് 19 ബിഎച്ച് പി. ടോർക്ക് 14.7 എൻ എം
യമഹയുടെ സൂപ്പർ സ്പോർട്സ് മോഡൽ വൈഇസഡ് എഫ് ആർ 3 യുടെ സ്ട്രീറ്റ് ഫൈറ്റർ വേർഷൻ എന്ന് വിശേഷിപ്പിക്കാവുന്ന മോഡൽ. എൻജിൻ 321 സിസി ലിക്വിഡ് കൂൾഡ് പാരലൽ ട്വിൻ സിലിണ്ടർ. കൂടിയ പവർ 35 ബി എച്ച് പി, ടോർക്ക് 22 എൻ എം.
ലീറ്റർ ക്ലാസ് നേക്കഡ് സ്ട്രീറ്റ് ബൈക്കാണ് എംടി 10. യമഹയുടെ പ്രശസ്തമായ ആർ വണ്ണിനെ അടിസ്ഥാനമാക്കിയാണ് നിർമാണം. 158 ബി എച്ച് പി കരുത്തു പകരുന്ന 998 സിസി ഇൻലൈൻ ഫോർ സിലിണ്ടർ എൻജിനാണ് എംടി 10ന്റെ പവർ ഹൗസ്. 111 എൻ എം ടോർക്ക് ഉൽപ്പാദിപ്പിക്കും ഈ എൻജിൻ.
കരുത്തേറിയ സ്വാർട്പിലൻ അടുത്ത വർഷം പകുതിയോടെ നിരത്തിലെത്തും. ഡിസൈനിൽ കാര്യമായ മാറ്റമില്ല. കെടിഎം 390 യുടെ 373 സിസി സിംഗിൾ സിലിണ്ടർ എൻജിനാണ് നൽകിയിരിക്കുന്നത്. കൂടിയ കരുത്ത് 43.5 പി എസ് ടോർക്ക് 37 എൻ എം ട്രാൻസ്മിഷൻ 6 സ്പീഡ്. വില : 10–11 ലക്ഷം
വി സ്റ്റോം നിരയിലെ കുഞ്ഞൻ മോഡൽ. ഇന്ത്യൻ വിപണിയിൽ കൊടുങ്കാറ്റാകാൻ കെൽപുള്ളവൻ. എൻഫീൽഡ് ഹിമാലയൻ അടക്കമുള്ളവർക്കെതിരാളി. 650 വി സ്റ്റോമിന്റെ അതേ ഡിസൈനിൽത്തന്നെയാണ് വരവ്. ബീക്ക് ഫെയറിങ്, ഉരുണ്ട ഹെഡ്‌ലാംപ്, എൽ ഇ ഡി ടെയിൽ ലാംപ്, ഫുള്ളി ഡിജിറ്റൽ ക്ലസ്റ്റർ, വിൻഡ് സ്ക്രീൻ, നക്കിൾ ഗാർഡ് എന്നിവ പ്രത്യേകതകൾ. സുസുക്കി ജിക്സറിലുള്ള 250 സിസി എൻജിനാണ് ഇതിൽ നൽകിയിരിക്കുന്നത്. കൂടിയ കരുത്ത് 26.1 ബി എച്ച് പി ടോർക്ക് 22.2 എൻ എം
101 പി എസ് കരുത്തുമായി ആപ്രീലിയയുടെ മിഡൽ വെയ്റ്റ് താരം ആർ എസ് 660 അടുത്ത വർഷം ആദ്യം തന്നെ നിരത്തിലെത്തും. 6 ആക്സിസ് ഐഎംയു ക്രൂസ് കൺട്രോൾ, എൻജിൻ ബ്രേക്ക് കൺട്രോൾ, വീലി കൺട്രോൾ, 5 റൈഡിങ് മോഡ്, ട്രാക്‌ഷൻ കൺട്രോൾ എന്നിവ അടങ്ങിയ എപിആർസി ഇലക്ട്രോണിക്സ് പാക്കേജ് എന്നിവ സവിശേഷതയാണ്. 320 എം എം ഡിസ്ക് ബ്രേക്കാണ് മുന്നിൽ. പിന്നിൽ 220 എം എമ്മിന്റെ 3 ലെവൽ കോർണറിങ് എബിഎസും ഉണ്ട്
ഡുക്കാറ്റിയുടെ ഫ്ലാഗ്ഷിപ് മോഡൽ. ഇന്ത്യൻ വിപണിയിലെ ഏറ്റവും കരുത്തേറിയ നേക്കഡ് ബൈക്ക് എന്ന വിശേഷണത്തോടെയാണ് സ്ട്രീറ്റ് ഫൈറ്റർ എത്തുക. 208 പി എസ് കരുത്താണ് വി4 ന്റെ 1100 സി സി എൻജിൻ പുറത്തെടുക്കുന്നത്. ടോർക്ക് 123 എൻഎമ്മും
കഴിഞ്ഞ ഡൽഹി ഓട്ടോ എക്സ്പോയിൽ സുസുക്കി അവതരിപ്പിച്ച സ്പോർട്സ് ടൂറിങ് മെഷീൻ–സുസുക്കിയുടെ സൂപ്പർ സ്പോർട്സ് മോഡലായ ജി എസ് എക്സ്–എസ് 1000എഫിനെ അടിസ്ഥാനമാക്കിയാണ് നിർമാണം. 999 സി സി ഇൻലൈൻ ഫോർ സിലിണ്ടർ എൻജിനാണ് കത്താനയുടെ പവർഹൗസ്. കൂടിയ കരുത്ത് 147 ബിഎച്ച് പി. ടോർക്ക് 105 എൻ എം
യമഹഎം ടി സീരീസിലെ പുതുമുഖം. ആർ 125 മോഡലിലുള്ള അതേ 124.7 സിസി എൻജിനുമായാണ് വരവ്. 9000 ആർപിഎമ്മിൽ 15 എച്ച് പിയാണ് കൂടിയ പവർ. ടോർക്ക് 11.5 എൻഎം. 140 കിലോഗ്രാമാണ് ഭാരം. കൂടിയ വേഗം 120 കിലോമീറ്റർ/ മണിക്കൂർ. ഇരുവീലിലും ഡിസ്ക് ബ്രേക്ക്, യുഎസ്ഡി ഫോർക്ക് 140/70 സെക്‌ഷൻ പിൻടയർ എന്നിവയാണ് സവിശേഷതകൾ
ഗൃഹാതുരതയുണർത്തി ലാംബ്രട്ടയുടെ നവീന മോഡൽ അടുത്ത വർഷം ഇന്ത്യയിലെത്തും. ക്ലാസിക് ഡിസൈൻ നിലനിർത്തി ആധുനിക ഫീച്ചറുകൾ ഉൾക്കൊള്ളിച്ചാണ് വരവ്. മൂന്നു മോഡലുകൾ എത്തിയേക്കാം. വി 125, വി50, വി 200. 10 ബിഎച്ച് പി കരുത്തും 9.2 എൻ എം ടോർക്കുമുള്ള 124.7 സിസി എൻജിനാണ് വി 125 ന് ഉള്ളത്. വി 200 ൽ 169 സിസി എൻജിനാണ്. 12.5 ബി എച്ച്പി കരുത്തു പകരും ഈ എൻജിൻ. 49.5 സിസി എൻജിനാണ് വി 50 യിൽ നൽകിയിരിക്കുന്നത്. 3.5 ബി എച്ച്പി യേ കരുത്തുള്ളൂ. 45 കിലോമീറ്ററാണ് കൂടിയ വേഗം.
അപ്രീലിയയുടെ ചെറിയ മാക്സി സ്കൂട്ടർ എക്സ് എസ് ആർ 160 ഈ മാസം അവസാനമോ അടുത്ത വർഷം ആദ്യമോ വിപണിയിലെത്തും. കഴിഞ്ഞ ഓട്ടോ എക്സോപോയിൽ ഈ മോഡൽ അവതരിപ്പിച്ചിരുന്നു. ഡേടൈം റണ്ണിങ് ലാംപോടുകൂടിയ എൽഇഡി ഹെഡ്‌ലാംപ്, എൽ ഇ ഡി ടെയിൽ ലൈറ്റ്, ഡിജിറ്റൽ ക്ലസ്റ്റർ, യുഎസ്ബി പോർട്ട്, സ്മാർട് ഫോൺ കണക്ടിവിറ്റി എന്നിവയുണ്ട്. 11 പി എസ് കരുത്തുള്ള എൻജിനാണ്. ടോർക്ക് 11.2 എൻ എം.
ബർഗ്‌മാൻ സ്ട്രീറ്റ് 125 ന്റെ വിജയത്തിനു പിന്നാലെ കരുത്തേറിയ മോഡലിനെ ഇറക്കുകയാണ് സുസുക്കി. നിലവിൽ വിദേശ വിപണിയിൽ 650 സിസി വേരിയന്റ് വരെ ബർഗ്‌മാനുണ്ട്. ബർഗ്‌മാൻ 400 ന്റെ ഡിസൈൻ കടം കൊണ്ടാണ് 180 വരുന്നത്. ഫ്യൂവൽ ഇൻജക്‌ഷനോടു കൂടിയ പുതിയ എയർകൂൾഡ് എൻജിനായിരിക്കും. ടെലസ്കോപ്പിക് ഫോർക്ക്, എൽ ഇ ഡി ഹെഡ്–ടെയിൽ ലാംപുകൾ, ഡിജിറ്റൽ ക്ലസ്റ്റർ, വലിയ ബൂട്ട്, ഗ്ലവ് ബോക്സ് എന്നിവയാണ് സവിശേഷതകൾ.
കെടിഎം 390 ഡ്യൂക്കിനെ അടിസ്ഥാനമാക്കി നിർമിക്കുന്ന മോഡൽ 373 സിസി ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ എൻജിനാണ്. കൂടിയ കരുത്ത് 43 പി എസ് ടോർക്ക് 37എൻ എം 6 സ്പീഡ് ട്രാൻസ്മിഷനാണ്. ട്രെല്ലിസ് ഫ്രേം. അപ്സൈഡ് ഡൗൺ യുഎസ്ഡി ഫോർക്ക്, ഡബ്ല്യൂപിയുടെ മോണോഷോക്ക്, മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്ക്, ഡ്യൂവൽ ചാനൽ എബിഎസ് എന്നിവ സവിശേഷതകൾ. വില : 2.5–3 ലക്ഷം
ഹോണ്ടയുടെ മാക്സി സ്കൂട്ടർ മാക്സിമം വേഗത്തിൽ വിപണിയിലെത്തുമെന്നാണ് കേൾക്കുന്നത്. അടുത്ത വർഷത്തെ ആദ്യ ലോഞ്ചുകളിലൊന്നാകും ഇത്. എൻജിൻ 279 സിസി ലിക്വിഡ് കൂൾഡ്. 25 പിഎസ് പവറും 27.2 എൻഎം ടോർക്കും ഈ എൻജിൻ ഉൽപാദിപ്പിക്കും. ക്രമീകരിക്കാവുന്ന വിൻഡ് ഷീൽഡ്, ഫുൾ എൽഇഡി ലൈറ്റുകൾ, ട്വിൻപോഡ് ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, ഡ്യൂവൽ ചാനൽ എബിഎസ് എന്നിവ സവിശേഷതകൾ. 182 കിലോഗ്രാമാണ് ആകെ ഭാരം
95 പി എസ് കരുത്തും 88 എൻഎം ടോർക്കും പകരുന്ന 799 സിസി പാരലൽ ട്വിൻ സിലിണ്ടർ എൻജിനുമായെത്തുന്ന സാഹസിക താരം. കഴിഞ്ഞ വർഷത്തെ ഇന്ത്യാ ബൈക്ക് വീക്കിൽ അവതരിപ്പിച്ചിരുന്നു. 21 ഇഞ്ച് മുൻ വീൽ, 18 ഇഞ്ച് പിൻ വീൽ, 200 എം എം ട്രാവൽ ഉള്ള മുൻ ഫോർക്ക്, നാല് റൈഡിങ് മോഡുകൾ, ട്രാക്‌ഷൻ കൺട്രോൾ, കോർണറിങ് എബിഎസ് എന്നിവ സവിശേഷതകൾ.
ഡോമിനർ 250 യുടെ എൻജിനുമായി എൻഎസ് മോഡലുകൾ ഈ വർഷം നിരത്തിലെത്തുമെന്നാണ് സൂചന. നേക്കഡ് വേർഷനു പിന്നാലെ ഫുള്ളി ഫെയേർഡ് വേർഷനായ ആർ എസ് 250 യും ഉണ്ടാകും. എൻജിൻ 249 സിസി സിംഗിൾ സിലിണ്ടർ. പവർ 30 പി എസ്. ടോർക്ക് 23 എൻ എം. വില : 1.6–1.8 ലക്ഷം
യമഹയുടെ മാക്സി സ്കൂട്ടർ എൻമാക്സ് ഈ വർഷം ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് കരുതുന്നത്. എൻമാക്സിന്റെ 2020 മോഡൽ ഈയിടെ ഇന്തൊനീഷ്യയിൽ അവതരിപ്പിച്ചിരുന്നു. ട്രാക്‌ഷൻ കൺട്രോൾ, ഐഡിൽ സ്റ്റാർട്ട് സ്റ്റോപ്പ് സിസ്റ്റം. സ്മാർട് ഫോൺ കണക്ടിവിറ്റി, ജിപിഎസ് നാവിഗേഷൻ എന്നീ ഫീച്ചറുകളുമായി സ്മാർട്ടായാണ് വരവ്. എൻജിൻ 155 സിസി സിംഗിൾ സിലിണ്ടർ വേരിയബിൾ വാൽവ് ആക്ടിവേഷൻ സാങ്കേതികവിദ്യയോട് കൂടിയതാണ് ഈ എൻജിൻ. കരുത്ത് 14.9 ബി എച്ച് പി. ടോർക്ക് 144 എൻ എം വില : 1 -1.5 ലക്ഷം
ചെറിയ ട്വിൻ സിലിണ്ടർ എൻജിനുമായി എത്തുന്ന നേക്കഡ് സ്ട്രീറ്റ് ബൈക്ക്. സി650, സി 900 എന്നീ മോഡലുകളുടെ ഡിസൈൻ തീമിലാണ് സി 400 നിർമിച്ചിരിക്കുന്നത്. ഫുള്ളി ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, എൽഇഡി ലൈറ്റ്സ്, സ്റ്റീൽ ട്രെല്ലിസ് ഫ്രെയിം, 41 എം എം ഫോക്കസ്ഡ് ഡ്യൂവൽ ചാനൽ എബിഎസ്, 150/60 സെക്‌ഷൻ പിൻ ടയർ ഇങ്ങനെ നീളുന്നു സവിശേഷതകൾ, എൻജിൻ 399 സിസി പാരലൽ ട്വിൻ. കൂടിയ പവർ 44 ബിഎച്ച്പി. ടോർക്ക് 38 എൻഎ. ഭാരം 167 കിലോഗ്രാം.
ഹീറോയുടെ ഇലക്ട്രിക് ഹൈബ്രിഡ് കൺസെപ്റ്റായ ലീപ്പ് ആദ്യമായി പ്രദർശിപ്പിക്കുന്നത് 2012 ഓട്ടോഎക്സ്പോയിലാണ്. അന്നു മുതൽ പ്രൊഡക്‌ഷൻ മോഡലിന്റെ പുറത്തിറക്കലിനെപ്പറ്റിയുള്ള വാർത്തകൾ കേൾക്കുന്നുണ്ടെങ്കിലും പുറത്തിറങ്ങിയിരുന്നില്ല. പെട്രോളിലും വൈദ്യുതിയിലും ഒാടുന്ന ലീപ്പ് ഇന്ത്യൻ സ്കൂട്ടർ വിപണിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും എന്നാണ് പ്രതീക്ഷ.
ചെറു ബുള്ളറ്റുമായി റോഡൽ എൻഫീൽഡ് എത്തും. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 250 സിസി ബൈക്കുകൾ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. ബൈക്ക് വിപണിയിലെ മാറുന്ന സാഹചര്യത്തിന് അനുസരിച്ച് 250 സിസി ബൈക്കുകൾക്ക് മികച്ച പ്രചാരം ലഭിക്കും എന്നാണ് റോയൽ എൻഫീൽഡ് കരുതുന്നത്. ഒരു ലക്ഷം മുതൽ 1.5 ലക്ഷം വരെ വില പ്രതീക്ഷിക്കുന്ന ബൈക്ക് ഉടൻ വിപണിയിലെത്തും എന്നാണ് പ്രതീക്ഷ.