ഏഴരപ്പൊന്നാനയുടെ ചരിത്രത്താളുകളില്‍ അമ്പലപ്പുഴ
ശ്രീകൃഷ്ണ ക്ഷേത്രത്തിനും സ്ഥാനം. തിരുവനന്തപുരത്തുനിന്നു ജലമാര്‍ഗമാണ്
ഏഴര പ്പൊന്നാനകളെ ഏറ്റുമാനൂരേക്കു കൊണ്ടുവന്നത്. അന്നത്തെ പ്രധാന ഗതാഗതമാര്‍ഗവും
ഇതുതന്നെ യായിരുന്നു. തിരുവനന്തപുരം-കൊല്ലം അഷ്ടമുടി ക്കായല്‍-ആലപ്പുഴ വഴി
വേമ്പനാട്ടുകായല്‍ കടന്ന് കോട്ടയം; ഇതായിരുന്നു പ്രധാന ഗതാഗതമാര്‍ഗം.
അമ്പലപ്പുഴയുടെ പ്രാധാന്യം വിവരിക്കുന്ന ഐതിഹ്യം ഇങ്ങനെ: ഏഴരപ്പൊന്നാനകളെ
വഹിച്ചുള്ള വഞ്ചിയുടെ യാത്ര ജലഘോഷയാത്രയായി മാറി. പല സ്ഥലങ്ങളിലും വരവേല്‍പ്പ്.
വഞ്ചി അമ്പലപ്പുഴ യിലെത്തി. ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തായുള്ള
കരുമാടിത്തോട്ടിലൂടെയാണു തുടര്‍ന്നുള്ള യാത്ര. കിഴക്കേനടയില്‍ ശ്രീകോവിലിനു നേര്‍
ദര്‍ശനമുള്ള പാതയില്‍ കരുമാടിത്തോട്ടില്‍ വഞ്ചി എത്തിയപ്പോള്‍ അത്ഭുതം സംഭവിച്ചു.
ഇവിടെനിന്നു വഞ്ചി മുന്നോട്ടും പിന്നോട്ടും നീങ്ങുന്നില്ല! വളരെ ആഴത്തില്‍
വെള്ളമുള്ള തോട്ടില്‍ ഇതെങ്ങനെ സംഭവിച്ചുവെന്ന ഭക്തരുടെ അന്വേഷണത്തില്‍ ഭഗവാന്‍
കൃഷ്ണന്റെ മായാവിലാസമെന്നു തിരിച്ചറിഞ്ഞു. വിവരം മഹാരാജാവിനെ അറിയിച്ചു. വഞ്ചി
അമ്പലപ്പുഴവഴി കടന്നുപോകുമ്പോള്‍ ഭഗവാനെ പ്രസാദിപ്പിക്കേണ്ടതായിരുന്നു വെന്നു
മനസ്സിലാക്കിയ രാജാവ്, ക്ഷമാപണത്തോടെ പൊന്‍പതക്കങ്ങള്‍ നടയ്ക്കുവച്ച്
പ്രാര്‍ഥിച്ചു. മറ്റു തടസ്സമൊന്നും കൂടാതെ വഞ്ചി ലക്ഷ്യസ്ഥാനത്ത് എത്തുകയും ചെയ്തു.
അമ്പലപ്പുഴ ക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടുള്ള പൊന്‍പതക്കം അപൂര്‍വമായിട്ടേ
പുറത്തെടുക്കാറുള്ളൂ. ഉല്‍സവത്തിന് ആറാട്ടുചട്ടത്തില്‍ പതക്കം ചാര്‍ത്താറുണ്ട്.
ഏഴാം ഉല്‍സവം മുതല്‍ ആറാട്ടുവരെ തിടമ്പെഴുന്നള്ളിക്കുന്നത് പതക്കം അണിയിച്ചാണ്.
അമ്പലപ്പുഴയിലെ പതക്കവും ഏറ്റുമാനൂരിലെ ഏഴരപ്പൊന്നാനയും ഭക്തര്‍ക്കു
സമ്മാനിക്കുന്നതു വിശ്വാസത്തിന്റെ സ്വര്‍ണത്തിളക്കമാണ്.
തയാറാക്കിയത്: ജി. മാധവന്‍കുട്ടി
Related Articles
© Copyright 2015 Manoramaonline. All rights reserved.