ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഭജനം സര്‍വാഭീഷ്ട
സിദ്ധികള്‍ക്കും ഉപകരിക്കുമെന്നാണ് പരക്കെയുള്ള വിശ്വാസം. അഘോരമൂര്‍ത്തീ ഭാവത്തില്‍
അനുഗ്രഹം ചൊരിയുന്ന ഭഗവാന്റെ കൃപാകടാക്ഷത്തിനായി, വ്രതാനുഷ്ഠാനങ്ങളോടെ
പഞ്ചാക്ഷരിമന്ത്രം ഉരുവിട്ട് ക്ഷേത്രസന്നിധിയില്‍ ഭജനമിരിക്കുന്നവര്‍ അഹിംസ, സത്യം,
സല്‍കര്‍മങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ ഏറെ ശ്രദ്ധാലുക്കളായിരിക്കണം.
ഭജനമാരംഭിക്കുന്നതിന്റെ തലേദിവസം ദീപാരാധന കണ്ട് തൊഴുകയും പിറ്റേദിവസത്തേക്ക്
നെയ്യ്, പഞ്ചഗവ്യം, മാല എന്നിവയ്ക്ക് ഏര്‍പ്പാട് ചെയ്യുകയും വേണം.
പ്രഭാതത്തില്‍ ഉണര്‍ന്ന് ചാപസരസ്സില്‍ സ്നാനംചെയ്ത് ശരീരശുദ്ധി വരുത്തി അലക്കിയ
വസ്ത്രംധരിച്ച് കൊടിമരച്ചുവട്ടിലെത്തി അഷ്ടദിക് പാലകരെ വണങ്ങി ബലിക്കല്‍ പുരയിലൂടെ
അകത്ത് കടന്ന് ഉപദേവന്മാരെ വന്ദിച്ച് സുപ്രസന്നനായിരിക്കുന്ന ഭഗവാനെ ഭക്തിപൂര്‍വം
തൊഴണം. സ്നാനം ചെയ്യുമ്പോള്‍ എണ്ണ ഉപയോഗിക്കാന്‍ പാടില്ല. അത്യാവശ്യമെങ്കില്‍
ക്ഷേത്രത്തില്‍ ആടിയ എണ്ണ മാത്രം ഉപയോഗിക്കാം.
നിര്‍മാല്യദര്‍ശനത്തെ തുടര്‍ന്ന്, ശുദ്ധശിവലിംഗ ദര്‍ശനം, അഭിഷേകദര്‍ശനം, മാല്യധാരണം
ഇവയെല്ലാം പഞ്ചാക്ഷരിമന്ത്രത്തോടെ (ഒാം നമഃശിവായ) നടത്തേണ്ടതാണ്. അഭിഷേകത്തിനുശേഷം
പഴം, മലര്‍ തുടങ്ങിയവ നേദിക്കും. ഇതിനുശേഷം ദക്ഷിണാമൂര്‍ത്തിയേയും ഗണപതിയേയും
തൊഴുത് കൃഷ്ണന്‍കോവിലിലെ ദര്‍ശനവും കഴിഞ്ഞ് ക്ഷേത്രപ്രദക്ഷിണം നടത്തി അകത്ത് കടന്ന്
ധ്യാനനിരതനായിരിക്കണം.
മാധവിപ്പള്ളി പൂജ കഴിഞ്ഞാല്‍ എതൃത്തപൂജയായി. തുടര്‍ന്ന് ശ്രീബലി എഴുന്നള്ളിപ്പിനെ
ഭജനക്കാര്‍ അനുഗമിക്കണം. ഇതിനുശേഷം നടക്കുന്ന പന്തീരടിപൂജയുടെ അവസാനം
നടതുറക്കുമ്പോള്‍ തൊഴുക. പൂജ കഴിഞ്ഞ് ലഭിക്കുന്ന നെയ്യും പഞ്ചഗവ്യവുമായിരിക്കണം
ആദ്യ ആഹാരം. ഇതിനുമുമ്പ് ചന്ദനലേപനമോ തീര്‍ഥസേവയോ പാടില്ല. അഭിഷേകപൂജകളും
ഉച്ചപൂജയും തൊഴുതശേഷം ഉച്ചശ്രീബലി എഴുന്നള്ളിപ്പിനെയും അനുഗമിക്കണം. നട അടച്ചശേഷം
ആഹാരം കഴിക്കാം. അതും സാത്ത്വികമായി മാത്രം.
മത്സ്യമാംസാദികള്‍ ഉപയോഗിക്കാനും മുറുക്ക്, പുകവലി, മദ്യപാനം ഇവയും പാടില്ല. പകല്‍
ഉറക്കം അരുത്. വൈകിട്ട് അഞ്ചിന് നട തുറന്നാലുടന്‍ ഭഗവത്ദര്‍ശനം. അതും ശരീരശുദ്ധി
വരുത്തിയശേഷം മാത്രം. ദീപാരാധന കഴിഞ്ഞാലുടന്‍ കൃഷ്ണന്‍കോവിലിലേക്കുള്ള
എഴുന്നള്ളിപ്പിനെയും അനുഗമിക്കണം. കൃഷ്ണന്‍കോവിലിലെ ദീപാരാധനയും തൊഴുത്
ക്ഷേത്രത്തില്‍ തിരിച്ചെത്തിയശേഷം അത്താഴപൂജയും തൊഴുത് അത്താഴശ്രീബലിയിലും
സംബന്ധിക്കണം. നട അടച്ചാല്‍ ഭക്ഷണം കഴിച്ച് വിശ്രമിക്കാം. നിലത്തുകിടന്ന്
ഉറങ്ങണമെന്നാണ് ചട്ടം. ഭജനമവസാനിപ്പിക്കുന്ന ദിവസം പ്രത്യേക വഴിപാടുകളും
ശാന്തിക്കാര്‍ക്ക് യഥാശക്തി ദക്ഷിണയും നല്‍കാം. അടുത്തദിവസം വെളുപ്പിനെ
ഏറ്റുമാനൂരില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ തെക്ക് മാറിയുള്ള പേരൂര്‍ക്കാവ് ഭഗവതി
ക്ഷേത്രത്തില്‍ എത്തി തൊഴുത് അനുഗ്രഹം മേടിക്കുന്നതോടെ മാത്രമേ ഭജനം
സമാപിക്കുകയുള്ളു.
ജി മാധവന്‍കുട്ടി നായര്‍
Related Articles
© Copyright 2015 Manoramaonline. All rights reserved.