ഇവിടെ ഗംഗ ഒഴുകുന്നു; അഭിഷേകതീര്‍ഥമായ്

ഗോപുരവാതില്‍ കടന്നാല്‍ വിശാലമായ തിരുമുറ്റം . കൊടിമരം തൊഴുതു ബലിക്കല്‍പ്പുരയിലേക്കു പ്രവേശിച്ചാല്‍ ആദ്യം കാണുന്നത് വലിയ വിളക്കാണ്. മനസ്സിലെ ഭക്തിക്കു തെളിമ നല്‍കി കത്തിനില്‍ക്കുന്ന വലിയ വിളക്ക്.

ഏറ്റുമാനൂരിലെ വലിയ വിളക്കിലെ പഴക്കം എത്രയെന്നു രേഖപ്പെടുത്തിയിട്ടില്ല. ക്ഷേത്രത്തോളം പഴക്കം വിളക്കിനും ഉണ്ടാകാമെന്നാണു പറയപ്പെടുന്നത്. വലിയ വിളക്കില്‍ എണ്ണ ഒഴിക്കുക മഹാദേവക്ഷേത്രത്തിലെ ഏറ്റവും വിശിഷ്ടമായ വഴിപാടാണ്. രണ്ടേകാല്‍ ഇടങ്ങഴി നിറച്ച എണ്ണ ഒഴിച്ച് വിളക്കു കത്തിച്ച് ഉള്ളുരുകി പ്രാര്‍ഥിച്ചാല്‍ ഏറ്റുമാനൂരപ്പന്‍ അനുഗ്രഹവര്‍ഷം ചൊരിയുമെന്നാണ് ഭക്തവിശ്വാസം.

വലിയ വിളക്കിന്റെ വരവിനു പിന്നിലും കഥയുണ്ട്. ഒരിക്കല്‍ വലിയവിളക്കുമായി ഒരു മൂശാരി വന്നു. ഈ വിളക്കിനെന്താ വിശേഷം? എണ്ണയൊഴിക്കാതെ കത്തുമോ എന്നായിരുന്നത്രേ ഊരായ്മക്കാരില്‍ ഒരാളുടെ ചോദ്യം. ദേവചൈതന്യം കൊണ്ട് ചിലപ്പോള്‍ അങ്ങനെ സംഭവിക്കുമെന്ന് മറ്റൊരാള്‍. എന്തായാലും തിരുനടയ്ക്കു നേരെ വിളക്ക് തൂക്കി. പെട്ടെന്ന് ഇടിവെട്ടുന്നതുപോലൊരു ശബ്ദവും വെളിച്ചവും ഉണ്ടായി. വിളക്കു തനിയെ തെളിഞ്ഞു. വര്‍ഷങ്ങളായി കെടാവിളക്കായി പ്രകാശിക്കുകയാണ് വലിയവിളക്ക്.

നിര്‍മാല്യ ദര്‍ശനം അതിവിശിഷ്ടമാണ്. ഏറ്റുമാനൂരില്‍ ഈ വിശേഷത്തിനു കുറേക്കൂടി പ്രാധാന്യമുണ്ട്. മുടക്കം കൂടാതെ 12 ദിവസം ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ നിര്‍മാല്യ ദര്‍ശനം നടത്തിയാല്‍ ഏത് അഭീഷ്ടകാര്യവും സാധിക്കുമത്രെ.

ജീവിത ദുരിതങ്ങള്‍ക്കു ശാശ്വത പരിഹാരമാണു മഹാദേവ ഭജനം. പ്രദോഷദിനത്തില്‍ നിര്‍മാല്യ ദര്‍ശനം മുതല്‍ വ്രതാനുഷ്ഠാനത്തോടെ പഞ്ചാക്ഷരി മന്ത്രം ഉരുവിട്ട് പകല്‍ മുഴുവന്‍ കഴിച്ചു കൂട്ടി വൈകിട്ട് ദീപാരാധന തൊഴുത് ഋഷഭവാഹന എഴുന്നള്ളിപ്പിന് പങ്കെടുക്കുന്നതു മോഷദായകമാണെന്നാണു വിശ്വസം. ഏറ്റുമാനൂരപ്പന്റെ സന്നിധിയില്‍ ഭജനമിരിക്കുന്നതും വിശേഷമാണ്.

ഏറ്റുമാനൂര്‍ ഉള്‍പ്പെടെ എല്ലാ മഹാദേവ ക്ഷേത്രങ്ങളിലും ദര്‍ശനത്തിലും പ്രദക്ഷിണ ക്രമത്തിലും പ്രത്യേകതകള്‍ ഉണ്ട്. പ്രതിഷ്ഠയുടെ ദര്‍ശനം കിഴക്കോട്ടായാലും പടിഞ്ഞാട്ടായാലും ശ്രീകോവിലില്‍ നിന്ന് അഭിക്ഷേകതീര്‍ഥം ഒഴുകുന്ന ഒാവിന്റെ സമീപം വരെ പ്രദക്ഷിണമായി ചെന്നു തിരിഞ്ഞ് അപ്രദക്ഷിണമായി നടയിലെത്തണം. ഒാവ് മുറിച്ചുകടക്കരുത്. ശിവന്റെ ശിരസില്‍ നിന്ന് ഒഴുകുന്ന ഗംഗാ ജലമാണ് ഒാവിലൂടെ കടന്നുപോകുന്നത് എന്നാണു സങ്കല്പം. ഗംഗയെ ലംഘിച്ചു പ്രദക്ഷിണം വയ്ക്കുന്നതു ശരിയല്ല. സവ്യാപസവ്യമാര്‍ഗം എന്നറിയപ്പെടുന്ന ഈ പ്രദക്ഷിണ ക്രമം മഹാദേവക്ഷേത്രങ്ങളില്‍ മാത്രമേയുള്ളു.


ഉണ്ണി നമ്പൂതിരി

Related Articles