ശിവന്റെ അഘോരപ്രത്യക്ഷമാണ് ഏറ്റുമാനൂരപ്പന്‍. കേരളത്തില്‍ ഏറ്റുമാനൂരില്‍ മാത്രമാണ്
ഇത്തരത്തിലുള്ള ശിവസങ്കല്‍പ്പം. മനം നൊന്തു വിളിക്കുന്ന ഭക്തന് അനുഗ്രഹം ചൊരിയും.
അഘോരമൂര്‍ത്തിയെ പ്രസാദിപ്പിക്കാന്‍ കുറുക്കുവഴികളില്ല. വ്രതാനുഷ്ഠാനങ്ങളോടെയുള്ള
ഭക്തിയാണ് അനുഗ്രഹം നേടാന്‍ ഏകമാര്‍ഗം.
ഈശ്വര ചൈതന്യം വര്‍ധിപ്പിക്കലാണ് ഉത്സവചടങ്ങുകളുടെ ലക്ഷ്യം. കുംഭം രാശിയിലാണ്
മഹാദേവ ക്ഷേത്രത്തിലെ ഇത്തവണത്തെ കൊടിയേറ്റ്. കൊടിമരത്തില്‍ കൊടി ഉയര്‍ത്തുന്നതോടെ
ഉത്സവം ആരംഭിക്കയായി. കുണ്ഡലിനി ശക്തിയെ സഹസ്രാര പത്മത്തില്‍ എത്തിക്കുക എന്ന
ചടങ്ങാണ് ധ്വജാരോഹണത്തിലൂടെ നടക്കുന്നത്. ഉത്സവത്തിനു രണ്ടു ദിവസം മുമ്പേ
പ്രാസാദ-ബിംബ ശുദ്ധിക്രിയകള്‍ ആരംഭിക്കും.
മുളയിടീല്‍ പൂജയോടെയാണ് ഉത്സവ ചടങ്ങുകള്‍ ആരംഭിക്കുന്നത്. ഇൌശാനകോണിലാണ്
ധാന്യങ്ങളുടെ മുളയിടീല്‍ പൂജ ചടങ്ങുകള്‍. ധാന്യങ്ങള്‍ മുളപ്പിക്കുന്ന ചടങ്ങാണ് ഇത്.
അഷ്ടദിക്പാലകരില്‍ വടക്കുകിഴക്കേ ദിക്കിന്റെ അധിപനെ സാക്ഷിയാക്കിയാണ് ധാന്യങ്ങള്‍
വിതയ്ക്കുന്നത്. ഞവര, നെല്ല്, ഉഴുന്ന്, യവം, തിന, എള്ള്, അവര, തുവര, മുതിര,
ചെറുപയര്‍, കടുക്, ചാമ, വന്‍പയര്‍ എന്നിവ ഒഴികെയുള്ള വിത്തുകള്‍ ഉപയോഗിക്കും.
വിത്തുകള്‍ വിതയ്ക്കാന്‍ ഉപയോഗിക്കുന്ന മണ്‍ചട്ടികള്‍ക്കു (മുളം കുറ്റികള്‍) പാലിക
എന്നാണ് പറയുന്നത്. വിത്തുകള്‍ ഒന്നിച്ചോ വെവ്വേറെയോ പാകാം. ഒാരോന്നിനും പ്രത്യേക
മന്ത്രങ്ങള്‍ ജപിച്ചു വേണം പാകാന്‍. നാലമ്പലത്തിനുള്ളില്‍ ഒരു ഭാഗം മറച്ച്
ദര്‍ഭമാലകള്‍കൊണ്ട് അലങ്കരിക്കും. ഇവിടെ പത്മം ഇട്ട് പാലികകള്‍ വയ്ക്കും. തലേന്നു
വെള്ളത്തിലിട്ടു കുതിര്‍ത്തശേഷം മന്ത്രശുദ്ധി വരുത്തി വിത്തുകള്‍ പാലില്‍ കഴുകിയാണ്
വിതയ്ക്കുന്നത്. അഷ്ടഗന്ധവും മഞ്ഞള്‍പൊടിയും ചേര്‍ത്തവെള്ളം കൊണ്ടാണ് പാലികയിലെ
മണ്ണ് നനയ്ക്കുന്നത്. മംഗളധൂപം, അകില്, കൊട്ടം, കുന്തിരിക്കം, മാഞ്ചി, ചന്ദനം,
ഗുല്‍ഗുലു, ഇരുവേലി, രാമച്ചം എന്നിവയാണ് മഞ്ഞള്‍പൊടിയോടൊപ്പം ഉപയോഗിക്കുന്നത്.
പുറ്റുമണ്ണ്, പുഴമണ്ണ്, ചാണകപ്പൊടി എന്നിവ കലര്‍ത്തിയാണ് വിതയ്ക്കുള്ള മണ്ണ്
പാകപ്പെടുത്തുന്നത്. വിത്തു വിതയ്ക്കുന്ന പാത്രത്തിലേക്കു വിഷ്ണുവിനെയും
വിത്തിലേക്കു ചന്ദ്രനെയും ആവാഹിക്കും. വിളക്കു വെച്ച് ആഘോഷത്തോടെയാണ് വിത. ഇതിനു
ശേഷമാണ് പൂജ. ഇല, വസ്ത്രം എന്നിവ കൊണ്ട് പാലിക മൂടി നാലുപുറത്തും ബലി തൂകും.
ഉത്സവകാലത്ത് മൂന്നുനേരവും മുളപൂജയുണ്ട്. പള്ളിക്കുറിപ്പിനു മുളയിലേക്കു ആവാഹിച്ച
ദേവചൈതന്യത്തെ ഉദ്വസിച്ച് തിരികെ ശ്രീബലി ബിബംത്തിലേക്കു മാറ്റും.
ഉത്സവനാളുകളിലും പഞ്ചപൂജയാണ് മുഖ്യമായും ഉണ്ടാവുക.
ഉഷഃപൂജ, എതൃത്തപൂജ, പന്തീരടി പൂജ, ഉച്ചപൂജ, അത്താഴപൂജ. സൂര്യോദയത്തോടെ നടത്തുന്ന
പൂജയാണ് ഉഷഃപൂജ. വെണ്ണ, നെയ്പായസം, ഉണക്കലരിച്ചോറ്, കദളിപ്പഴം എന്നിവയും
ത്രിമധുരവും നേദിക്കും. മാധവിപിള്ളി പൂജ ഏറ്റുമാനൂരിലെ പ്രത്യേകതയാണ്.
സൂര്യോദയസമയത്തെ പൂജയാണ് എതൃത്ത പൂജ എന്നറിയപ്പെടുന്നത്. അഞ്ചു പൂജകളും മൂന്നു
ശ്രീബലിയുമാണ് മഹാക്ഷേത്രങ്ങളില്‍ ഉള്ളത്. അത് ഇവിടെയും ഉണ്ട്.
ശീവേലിക്ക് ഒരു ബിംബമാണ് ഉപയോഗിക്കുക. അത് മൂസതുമാര്‍ എടുക്കും. രണ്ടാമത്തെ ബിംബം
ഉത്സവബലി, ശ്രീഭൂതബലി, പള്ളിവേട്ട, ആറാട്ട് ഇവയ്ക്കു മാത്രമേ
എഴുന്നെള്ളിക്കുകയുള്ളൂ.
Related Articles
© Copyright 2015 Manoramaonline. All rights reserved.