പുതുപ്പള്ളി പള്ളിയുടെ സവിശേഷതകൾ
പുതുപ്പള്ളി പള്ളിയുടെ സാംസ്ക്കാരിക പൈതൃകത്തിന്റേയും പാരമ്പര്യത്തിന്റേയും പ്രതീകമാണ് കുരിശിൻതൊട്ടിയും പതിനെട്ടാം പടിയും. മെഴുകുതിരി കത്തിക്കുന്നതിനോടൊപ്പം കേരളീയരീതിയിൽ എണ്ണയൊഴിച്ച് തിരി കത്തിക്കുവാൻ പാകത്തിനുള്ള വിളക്കുകൾ കുരിശിൻതൊട്ടിക്കു ചുറ്റും ഘടിപ്പിച്ചിരിക്കുന്നു. 84 തിരികൾ—ദീപം തെളിക്കാൻ കുരിശിൻ തൊട്ടിയിൽ സൗകര്യമുണ്ട്. 12 ശ്ലീഹന്മാരെയും 72 അറിയിപ്പുകാരെയുമാണ് ഇത് പ്രതിനിധീകരിക്കുന്നത്,.കുരിശിൻതൊട്ടിയിലുള്ള ശില്പഭംഗി നിറഞ്ഞ കൽക്കുരിശ് ആരാധകരെ ആകർഷിച്ചുപോരുന്നു. കൊടൂരാറ്റിൽ മുങ്ങിക്കുളിച്ച് കുരിശിൻതൊട്ടിയിൽ ചുറ്റുവിളക്ക് കത്തിച്ച് പ്രാർത്ഥിച്ചാൽ ഉദ്ദിഷ്ടകാര്യം സാധിക്കുമെന്ന് വിശ്വസിക്കുന്നു. കാര്യസിദ്ധിക്കു വേണ്ടിയും പാപപരിഹാരാർത്ഥവും കുരിശിൻതൊട്ടിക്കു ചുറ്റും ശയനപ്രദക്ഷിണവും മുട്ടിന്മേൽ നീന്തലും ഭക്തന്മാർ അനുഷ്ഠിച്ചു വരുന്നു.

ഒരുകാലത്ത് കഠിനമായ കുറ്റകൃതൃങ്ങൾ ചെയ്യുന്നവരെ പുതുപ്പള്ളി പള്ളിയുടെ മുമ്പിൽ നിർത്തി സത്യം ചെയ്യിക്കുക പതിവായിരുന്നു. കോടതികളിൽ നിന്നുപോലും പള്ളിനടയിൽ ആളുകളെ കൊണ്ടുവരാറുണ്ടായിരുന്നു. അത്ഭുതപ്രവർത്തകനായ ഗീവർഗീസ് സഹദായുടെ തിരുനടയിൽ നിന്നുകൊണ്ട് തെറ്റായി ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യാൻ ആരും ധൈര്യപ്പെടാറില്ല. അത്രയധികം പാവനവും ശക്തിദായകവുമാണ് കുരിശിൻ തൊട്ടിയുടെ പശ്ചാത്തലം. പതിനെട്ടാം പടിക്കുമുണ്ട് ഒട്ടേറെ മാഹാത്മ്യങ്ങൾ. വ്രതശുദ്ധിയോടുകൂടി തത്വത്തിന്റെ പൊരുളായ പതിനെട്ട് പടികൾ താണ്ടി വിശുദ്ധ ഗീവർഗീസ് സഹദായുടെ സാന്നിദ്ധ്യത്തിൽ അഭയം പ്രാപിക്കുന്ന ഭക്തന് ആത്മശാന്തി തീർച്ച. യോർദ്ദാന്റെ തീരങ്ങളിൽ നിന്നും ഒഴുകിയെത്തിയ കരുണയുടേയും ആർദ്രതയുടെയും നിർമ്മലമായ ഉറവിന്റെ സ്മരണയുണർത്തുന്ന കൊടൂരാറ്. അതിന്റെ പച്ചപ്പുകൾ ഉൾക്കൊണ്ടു കൊണ്ട് തലയുയർത്തി നിൽക്കുന്ന കൽക്കുരിശ്. നമ്മെ ഔന്നത്യത്തിന്റെ പടവുകളിലേക്ക് നയിക്കുന്ന പതിനെട്ടാം പടി. അങ്ങനെ ചിന്തിച്ചാൽ അതിവിശുദ്ധമാണ് ഈ മണ്ണ്.

പൊന്നിൻ കുരിശ്
വിശുദ്ധ ഗീവർഗീസ് സഹദായുടെ ശക്തിയും ചൈതന്യവും ആവാഹിച്ചിട്ടുള്ളതെന്ന് വിശ്വസിക്ക പ്പെട്ടുപോരുന്ന പൊന്നിൻ കുരിശ് പുതുപ്പള്ളി പള്ളിയുടെ ഗതകാലമഹത്വത്തിന്റെയും സമൃദ്ധിയുടേ യും പ്രതീകമാണ്. അതിമനോഹരമായ 401 പവൻ തൂക്കമുള്ള ഈ പൊന്നിൻ കുരിശ് പെരുനാൾ ദിനങ്ങളിലാണ് പുറത്തെടുക്കുന്നത്. അന്നേ ദിവസം കുരിശിനെ വണങ്ങുവാൻ വമ്പിച്ച തിരക്കാണ്. പൈശാചിക ശക്തികളിൽ നിന്നുള്ള മോചനത്തിനും വേദനകളിൽ നിന്നും കഷ്ടപ്പാടുകളിൽ നിന്നും ആശ്വാസം ലഭിക്കുന്നതിനും സഹായിക്കുന്ന പൊന്നിൻ കുരിശ് ദർശിക്കുവാൻ കഴിയുന്നത് ജീവിതസൗഭാഗ്യമായി ഭക്തജനങ്ങൾ വിശ്വസിക്കുന്നു. ആരുടേയും ഹൃദയം കവരുന്ന ശില്പചാതുര്യം തികഞ്ഞ പൊന്നിൻ കുരിശുമായി ബന്ധമുള്ള ഒട്ടേറെ ചരിത്ര സംഭവങ്ങൾ പുതുപ്പള്ളിക്കാർക്കും ഭക്തജനങ്ങൾക്കും പറയാനുണ്ട്. കുരിശിന്റെ നിർമ്മാണം, സംരക്ഷണം എന്നിവയെ ചുറ്റിപ്പറ്റി ധാരാളം കഥകൾ പ്രചാരത്തിലുണ്ട്.

പുതുപ്പള്ളിക്കുരിശ്
പുതുപ്പള്ളി പള്ളിയിൽ മാത്രമുള്ള ‘പുതുപ്പള്ളിക്കുരിശ്’ ഒരപൂർവ്വ മാതൃകയാണ്്. കൂർമ്മാകൃതിയി ലുള്ള ശില്പഭംഗി കലർന്ന പീഠത്തിലാണ് ഈ കുരിശ് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. നമ്മുടെ ചില പ്രാചീനക്ഷേത്രങ്ങളിൽ കൂർമ്മപീഠങ്ങളുള്ള ധ്വജസ്തംഭങ്ങളും വിളക്കുകളും കണ്ടിട്ടുണ്ട്. കൂർമ്മ പാദങ്ങളുള്ള കുരിശ് സാധാരണയായി കണ്ടിട്ടില്ല. അതുകൊണ്ടുതന്നെയാണ് പുതുപ്പള്ളിയുടെ തനത് സവിശേഷതകളിൽ ഒന്നായി ഈ കുരിശിനെ വിശേഷിപ്പിച്ചിരിക്കുന്നത്. കുരിശിന്റെ കൈപ്പിടി ഒരുവാളിന്റെ പിടിയെ അനുസ്മരിപ്പിക്കുന്നു. ഒപ്പം അംശവടിയേയും കിരീടത്തേയും. ക്രിസ്ത്യാനികളുടെ ജയത്തിന്റെ സ്ലീബാ എന്നുമവന്റെ രക്ഷയ്ക്ക് ആയുധമാണെന്ന് പുതുപ്പള്ളിക്കു രിശ് ഉദ്ഘോഷിക്കുന്നു. മഹത്വത്തിന്റെ കിരീടവും ചെങ്കോലും ധരിച്ച് രാജാധിരാജനായി നമുക്കുവേണ്ടി കഷ്ടത അനുഭവിച്ച് ഉയിർത്തെഴുന്നേറ്റ ക്രിസ്തുനാഥന്റെ ത്യാഗത്തിന്റേയും സ്നേഹത്തിന്റെയും ഭാഗ്യസ്മരണ ദർശിക്കുന്നവരിൽ ഉണർത്താൻ പുതുപ്പള്ളിക്കുരിശിന് കഴിയുന്നുണ്ട്.

പീഠത്തിന്റെ ആമക്കാലുകൾ ഭൂമിയെ ഉദ്ധരിക്കാനായി കൂർമ്മാവതാരം പൂണ്ട ദേവന്റെ സ്മരണ ഉണർത്തുന്നു. ഇവിടെ രണ്ടു വ്യത്യസ്ത സംസ്ക്കാരങ്ങളുടെ സമന്വയമാണ് പ്രതിഫലിക്കുന്നത്. പാപികളെ ഉദ്ധരിക്കാനായി അവതരിച്ച ലോകരക്ഷകനായ ക്രിസ്തുവിന്റെ സ്മരണയെ ആർഷ സംസ്ക്കാരവുമായി തികച്ചും പ്രതീകാത്മകമായി ഈ കുരിശിൽ ബന്ധപ്പെടുത്തിയിരിക്കുന്നു.

കുരിശിന്റെ നടുവിലുള്ള വൃത്തവും അതിലുള്ള കതിരുകളും സാർവ്വദേശീയതയെയും കാലത്തെ നെടുകയും കുറുകയും വിഭജിച്ചുകൊണ്ട് എല്ലാ ദിശകളിലേക്കും പ്രസ്ഫുരിക്കുന്ന ദിവ്യമായ ദൈവസ്നേഹത്തെയും ഉദ്ഘോഷിക്കുന്നു.

മണിമാളിക
പള്ളിമണികൾ ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗമാണ്. പറുദീസയുടെ പ്രതീകമായും ദൈവത്തിന്റെ നാദമായും ഒക്കെ മണിയെ വിശേഷിപ്പിക്കാറുണ്ട്. പ്രാർത്ഥനയെ ഓർമ്മിപ്പിക്കാനും പ്രധാനസംഭവങ്ങൾ അറിയിക്കാനുമാണ് മണി മുഴക്കുന്നത്. വാർത്താവിനിമയ മാർഗങ്ങൾ പ്രചാരത്തിലില്ലാതിരുന്ന കാലത്ത് ഗ്രാമസമൂഹത്തെ പ്രാർത്ഥനയ്ക്ക് സജ്ജമാക്കിയിരുന്നത് പള്ളിമണികളായിരുന്നു. മണിനാദം ആശയവിനിമയത്തിന് ഉപാധിയായിരുന്നു. പുതുപ്പള്ളി പള്ളിക്ക് പണ്ട് ഒരു മണിമാളിക ഉണ്ടായിരുന്നു. ഏഴ് നിലകളിലായി മുഖവാരത്തേക്കാൾ ഉയരത്തിൽ പരിലസിച്ചിരുന്ന മണിമാളിക. പുതുപ്പള്ളിയുടെഗതകാലപ്രൗഡി വിളിച്ചറിയിക്കുന്ന മണി മാളികയിലെ മണിനാദത്തിന് ചില പ്രത്യേകതകളുണ്ടായിരുന്നു.

വെട്ടുകല്ലിൽ പണിതീർത്ത ഈ മണിഗോപുരം ശില്പകലയുടെ ചാരുത പ്രതിഫലിപ്പിച്ചിരുന്നു. 1950 കാലഘട്ടത്തിൽ എങ്ങനെയോ മുകളിലുണ്ടായ വിടവിലൂടെ വെള്ളം ഒലിച്ചിറങ്ങി ഈ മണിഗോപുരം തകർന്നുപോയി.വീണുപോയ പഴയ മണിമാളികയുടെ സ്മരണ നിലനിർത്താൻ പുതുക്കിപ്പണിത പള്ളിയിൽ രണ്ടു മണിമാളികകൾ നിർമ്മിച്ചിരിക്കുന്നു. തെക്കുവശത്ത് ഓർമ്മയ്ക്കായി വിദേശത്ത് നിർമ്മിച്ച ആ പഴയ മണിയും വടക്കുഭാഗത്ത് പുതുതായി നിർമ്മിച്ച 1105 കിലോ ഭാരമുള്ള പുതിയ മണിയും സ്ഥാപിച്ചിരിക്കുന്നു.വലിയ മണികൾപോലെ തന്നെ പതിവായി ഉപയോഗിക്കുന്ന ശില്പഭംഗി കലർന്ന ചെറിയ മണികളും പള്ളിയിൽ ഉണ്ട്.

പുതുപ്പള്ളി ഊട്ട് — പുതുപ്പള്ളിച്ചാത്തം
പുതുപ്പള്ളിപ്പള്ളിയും വി. ഗീവർഗീസ് സഹദായും ആയി ബന്ധപ്പെട്ട് നിലവിലിരിക്കുന്ന ഒരു അനുഷ്ഠാനമാണ് പുതുപ്പള്ളി ഊട്ട്. ചിലയിടങ്ങളിൽ പുതുപ്പള്ളിച്ചാത്തം എന്നപേരിലാണ് ഇത് നടന്നു വരുന്നത്.കേരളത്തിൽ പലയിടത്തും ഈ ആചാരം നിലവിലുണ്ട്. കൊല്ലം, പത്തനംതിട്ട ജില്ലകളിൽ കൂടുതലായി നടത്തിവരുന്നതായി അറിയുന്നു.പുതുപ്പള്ളി പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ ഓർമ്മപെരുനാൾ നടക്കുന്ന മെയ് 6, 7 തീയതികളോടനുബന്ധിച്ചാണ് ഈ ചടങ്ങ് നടത്തുന്നത്. പുതുപ്പള്ളിയിൽ പോയി വി. ഗീവർഗീസ് സഹദായെ ദർശിക്കുവാൻ കഴിയാത്ത ഭക്തന്മാർ പ്രാദേശികമായി നടത്തുന്ന ഒരാചാരമായി കരുതാം. പള്ളിയിൽ പോകുകയോ ഈ അനുഷ്ഠാനം നടത്താതിരിക്കുകയോ ചെയ്താൽ അനിഷ്ടസംഭവങ്ങൾ ഉണ്ടാകുമെന്ന് പ്രായമുള്ളവർ പറയുന്നു. പുണ്യവാളന് കൊടുക്കുവാനുള്ളത് കൊടുത്തില്ലെങ്കിൽ പാമ്പിനെ കാണാറുണ്ട് പോലും. തികച്ചും ഭക്തിപൂർണ്ണമാണ് ഈ ചടങ്ങ്. വ്രതശുദ്ധിയോടും പ്രാർത്ഥനയോ ടുമാണ് ഇത് നടത്താറുള്ളത്. ഊട്ടിന് നിശ്ചയിക്കപ്പെട്ട ഭവനത്തിൽ ബന്ധുക്കളോടൊപ്പം അയൽക്കാരും അന്യമതസ്ഥരും ഉണ്ടാവും. പല സ്ഥലങ്ങളിലും പല രീതിയിലാണ് ചടങ്ങുകൾ. വിഭവങ്ങളും വ്യത്യസ്തമാണ്. കോഴിയിറച്ചി നിർബന്ധം. പുണ്യവാളനുവേണ്ടി സമർപ്പിക്കപ്പെട്ട നേർച്ചകോഴികളെയാണ് പുതുപ്പള്ളിയൂട്ടിന് പാകം ചെയ്യുന്നത്.

ഊട്ട് നടത്തുന്ന വീട്ടുകാർ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ആളുകളെ ആദ്യപന്തിയിലിരുത്തും. സഹദായുടെ ചിത്രത്തിനു മുമ്പിൽ കൊളുത്തി വച്ച വിളക്കിനു സമീപം ആദ്യ ഇലയിട്ട് സഹദായെ സങ്കല്പിച്ച് ഭക്ഷണം വിളമ്പുന്നു. പിന്നീട് മാത്രമേ മറ്റുള്ളവർക്കു വിളമ്പുകയുള്ളൂ. ആദ്യകാലത്ത് വൈദികരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. കുടുംബത്തിലെ പ്രായമുള്ളവരുടെ നേതൃത്വത്തിലും ചടങ്ങ് നടത്താറുണ്ട്. പ്രാർത്ഥനയ്ക്ക് ശേഷമാണ് ഭക്ഷണം. വി. ഗീവർഗീസ് സഹദായുടെ നേർച്ചയൂട്ടിന് ചിലയിടങ്ങളിൽ അപ്പവും പഴവും കഴിഞ്ഞാൽ പിന്നീട് വിളമ്പുന്നത് “പിടി”യും ഇറച്ചിയുമാണ്. വറുത്തരച്ച മസാലകൊണ്ട് കോഴിയെ പാകം ചെയ്യുകയാണ് സാധാരണ രീതി. നേർച്ച സദ്യകൾക്ക് “പിടി”യും ഇറച്ചിയും ഒഴിവാക്കാൻ പറ്റാത്തതാണ്. “പിടി” ഒരു പ്രത്യേക വിഭവമാണ്. കോഴിയിറച്ചിയും അപ്പവും ചക്കപ്പഴവും കരിപ്പെട്ടിക്കാപ്പിയുമാണ് ചില സ്ഥലങ്ങളിൽ വിഭവം. മറ്റുചില സ്ഥലങ്ങളിൽ കോഴിയിറച്ചിയും അപ്പവും വിളമ്പിയതിനുശേഷം വിഭവസമൃദ്ധമായ ഊണും ഉണ്ടാകും. പുതുപ്പള്ളിയിലെ ക്രൈസ്തവർക്ക് ഉണ്ടായിരുന്ന പാരമ്പര്യബന്ധമാവാം ഈ അനുഷ്ഠാനത്തിനു പിന്നിലുള്ളത്.

മദ്ബഹായും ചിത്രപ്പണികളും
ഭാരതീയ വാസ്തുവിദ്യാ സങ്കേതങ്ങൾ ഉൾക്കൊണ്ടു കൊണ്ട് നിർമ്മിച്ചിട്ടുള്ളതാണ് പുതുപ്പള്ളിപ്പള്ളിയുടെ മദാബഹാ. നമ്മുടെ പൗരാണികശില്പികൾ മനുഷ്യാലയത്തിനും, ദേവാലയത്തിനും പറ്റിയ ഭൂവിഭാഗത്തെക്കുറിച്ചും, അവ നിർമ്മിക്കേണ്ട അളവുകളെക്കുറിച്ചും എഴുതപ്പെട്ടിട്ടുണ്ട്.പുതുപ്പള്ളി പള്ളി അത്യുത്തമമായ സ്ഥാനത്താണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. അതിവിശുദ്ധമാണ് ഈ ഭൂമി. എത്ര വലിയ പ്രതിസന്ധികളുണ്ടായാലും അവയെ അതിജീവിച്ച പ്രസിദ്ധിക്കും മഹത്വത്തിനും യാതൊരു കുറവുമില്ലാതെ പള്ളി നിലകൊള്ളുന്നതു തന്നെ അതിന്റെ പരിശുദ്ധി കൊണ്ടാണ്. അതിന്റെ പവിത്രതയ്ക്കു കളങ്കം ചാർത്തുവാൻ ശ്രമിക്കുന്നവർ ആരായാലും അതിന്റെ ഫലം അനുഭവിച്ചിട്ടുണ്ട്.

പള്ളി നിർമ്മിച്ചവർ ഒരുത്തമ ദേവാലയത്തിനുവേണ്ട അളവുകൾ കണക്കുകൾ എല്ലായിടത്തും സ്വീകരിച്ചിരിക്കുന്നു. ശ്രീകോവിലിനു സദൃശ്യമായ മദാബഹായുടെ കണക്ക് അത്യുത്തമമാണു പോലും. പുതുപ്പള്ളി പള്ളിയുടെ മദ്ബഹായിൽ നിന്നു കുർബ്വാന അർപ്പിക്കുമ്പോൾ, സംസാരിക്കു മ്പോൾ ഏതോ അഭൗമമായ ശക്തിക്ക് വിധേയരാകാറുണ്ടെന്ന് നമ്മുടെ പുരോഹിതന്മാരും മേലദ്ധ്യക്ഷന്മാരും പറഞ്ഞുകേട്ടിട്ടുണ്ട്.മദ്ബഹായും ബസ്കുദിശായും ക്രൈസ്തവ പ്രതീകങ്ങളായ ചിത്രപണികളാൽ അലംകൃതമാണ്. താമര, മയിൽ, മുന്തിരി വള്ളി, നാലിതൾ പൂവുകൾ, പ്രാവ്, മത്സ്യം, പക്ഷിമൃഗാദികൾ, സൂര്യചന്ദ്രന്മാർ, ഇരുതലയുള്ള പക്ഷി, വാദ്യോപകരണങ്ങൾ തുടങ്ങി പള്ളികളിൽ കാണുന്ന പ്രതീകങ്ങൾ പലതും മദ്ബഹായിൽ ഉണ്ട്. വസ്തു, വ്യക്തി എന്നിവയ്ക്കു പകരമാണ് ദേവാലയത്തിലെ പ്രതീകങ്ങളും ചിഹ്നങ്ങളും. പ്രതീകങ്ങൾക്ക് എല്ലാം തന്നെ നാനാർത്ഥങ്ങൾ ഉണ്ട്.