വൈശാഖ മഹോൽസവം ഒരു പ്രകൃതി ആരാധന



മൂലപ്രകൃതിയെ ആരാധിച്ചിരുന്ന ഗോത്രസംസ്കൃതിയുടെ നേർക്കാഴ്ചയാണ് തൃച്ചെറുമന്നിലെ വൈശാഖ മഹോൽസവം. പ്രകൃതിയുടെ വരദാനമായ വാങ്മയി എന്ന വാവലിയാറിന്റെ തീരത്ത് ലോകത്തിന്റെ മുഴുവൻ പരിപാവനതയും ഒത്തുചേർന്ന് ‘തൃച്ചെറുമന്നി”ലെ (കൊട്ടിയൂർ) വൈശാഖ മഹോൽസവം പ്രകൃതിയുമായി ഏതെല്ലാം തരത്തിൽ താദാത്മ്യം പ്രാപിച്ചു കിടക്കുന്നു എന്ന് നോക്കാം. നമ്മുടെ കാലാവസ്ഥയിൽ വൈശാഖത്തിന്റെ പ്രാധാന്യം പരിശോധിച്ചാൽ വേനലിന്റെ അന്ത്യവും വർഷത്തിന്റെ തുടക്കവുമാണ് വൈശാഖകാലം എന്നു കാണാം.

ഉൽസവത്തിന്റെ ആരംഭവും ഈ സമയത്താണ്. ചടങ്ങുകളിലേക്ക് ഒന്നു കണ്ണോടിച്ചാൽ, അവിടെയും പ്രകൃതിതനിമ ദർശിക്കാൻ കഴിയും. പ്രക്കൂഴ(പുറക്കൂവ)മെന്ന ആദ്യചടങ്ങ് പ്രകൃതിരമണീയമായ ആയില്യാർകാവിലാണ് നടക്കുന്നത്. രണ്ടാമത്തെ നീരെഴുന്നള്ളത്തിന് ആദ്യ അഭിഷേകത്തിനുള്ള ജലം കാട്ടുചെടിയായ കാട്ടുകൂവയിലയിലാണ് സ്വീകരിക്കുന്നത്. തൃച്ചെറുമണിലെ നിർമാണങ്ങൾ ശ്രദ്ധിക്കുക മണിത്തണ ഒരു പ്രത്യേക ഘടനയുമില്ലാത്ത കാട്ടുകല്ലുകളാൽ തീർത്തിരിക്കുന്നു മേൽക്കൂര ഇന്നും ഞെട്ടിപ്പനയോലയാൽ മേയുന്നു (ഞെട്ടിപ്പന = കാട്ടുപന) തിടപ്പള്ളി, ഭണ്ഡാരം, പൂവറ ഇവയുടെ നിർമിതിയും മേൽക്കൂരയും ഇതേപ്രകാരം തന്നെ. മണിത്തറക്കു ചുറ്റും പ്രകൃതിയുടെ അനുഗ്രഹ സംഭാവനയായ ശുദ്ധജലം നിറഞ്ഞ തിരുവഞ്ചിറ (ഗംഗാജലമെന്ന് വിശ്വാസം) ചടങ്ങുകൾക്ക് വിളക്കിനു പകരം പന്തങ്ങൾ (തുണിപ്പന്തം) ഉപയോഗിക്കുന്നു.

മലോം ദൈവസ്ഥാനം, അമ്മാറക്കൽ വഴിവിളക്ക് ഇവയുടെ മേൽക്കൂര ഓടക്കുട കൊണ്ടാണ്. നെയ്യമൃത് കിണ്ടികളുടെ വായപ്പൊതി പാള കൊണ്ടാണ് കെട്ടുന്നത്. ഇളനീർ ഭക്തരുടെ തൊപ്പി, തോൾസഞ്ചി എന്നിവയും പാള തന്നെ. പ്രകൃതിയുടെ തനിമയായ ഇളനീർ ജലമാണ് അഭിഷേകവസ്തു. ഭക്ഷണം കഴിക്കുന്ന ഇല വാഴയിലയാണ്. മലവാഴയിലയിലാണ് മണിത്തറയിൽ നിന്നു പ്രസാദവിതരണം നടത്തുന്നത്. പഞ്ചഗവ്യവാഹകരുടെ തൊപ്പി വാഴയിലയിൽ നിർമിച്ചതാണ്. മുഴുവൻ സ്ഥാനികരുടെയും സ്ഥാനചിഹ്നങ്ങൾ ഓലക്കുടയും ചൂരൽവടിയും. പൂജകൾക്കായി എത്തിക്കുന്ന കലങ്ങൾ തീയിൽ ചുട്ട് വേവിക്കാത്തവയാണ്.

നിവേദ്യങ്ങളാകട്ടെ വയനാടൻ പഴം, അവിൽ, പച്ചരി എന്നിവയാണ്. സ്ഥാനികരുടെ വ്രതകാലത്തെ ഭക്ഷണത്തിൽ കാണാവുന്നതും പ്രകൃതിതാദാത്മ്യം തന്നെ. കലവാഹകർ തേനും തേങ്ങാപ്പാലും ചേർത്ത് ദാഹജലമായി കഴിക്കുന്നു. കലവാഹകരുടെ ചുമ്മാട് വട്ടപ്പര എന്ന കാട്ടുചെടിയുടെ ഇലയാണ്. മൺകലങ്ങൾ പൊതിയുന്നതോ പച്ചപ്പനയോലയിലും. പ്രധാന സ്ഥാനികരിലൊരാൾ കാട്ടുവാസിയായ കുറിച്യൻ. ഇതുമാത്രമല്ല . തൃച്ചെറുമണിലെ പ്രധാന പ്രസാദമായ ഓടപ്പൂ തന്നെ പരിശോധിച്ചാൽ മതി. ഇരിപ്പിടങ്ങൾ എന്നിവയിലും ഈ താദാത്മ്യം ദർശിക്കാം. ഇതിൽ നിന്നു വൈശാഖ മഹോൽസവവും വ്യക്തമായും ഒരു പ്രകൃതി ആരാധനയാണെന്ന് കാണാം.