കൊട്ടിയൂരിൽ വൈശാഖോൽസവം തുടങ്ങി



കാനന നടുവിലെ ക്ഷേത്രമില്ലാ ക്ഷേത്രത്തിലേ ക്കു ഭക്തജനപ്രവാഹനം തുടങ്ങിക്കഴിഞ്ഞു. തുള്ളിക്കൊരുകുടം പെയ്യുന്ന മഴയും തണുപ്പും കാറ്റും കോളുമൊന്നും വകവെക്കാതെ 28 നാളുകളിൽ ഭക്തർ അക്കരെ കൊട്ടിയൂരിലേക്ക് ഒഴുകിയെത്തും. കണ്ണൂരിന്റെ കിഴക്കൻ അതിരിൽ പാലുകാച്ചി മലയ്ക്കും വയനാടൻ മലനിരകൾക്കും ഇടയിലെ കൊച്ചു ഗ്രാമമാണു കൊട്ടിയൂർ. വൈശാഖോൽസവം തുടങ്ങിയാൽ കൊട്ടിയൂരിലേക്കുള്ള നാട്ടുവഴികളെല്ലാം തിങ്ങിനിറയും. അക്കരെ കൊട്ടിയൂരിൽ ദർശന സൗഭാഗ്യംതേടി ഭക്തർ കൂട്ടത്തോടെ ഒഴുകിയെത്തും.

തുള്ളിക്കൊരുകുടം പെയ്യുന്ന മഴയും തണുപ്പും കാറ്റും കോളുമൊന്നും വകവയ്ക്കാതെ അക്കരേക്കുള്ള വഴിനീളെ ഭക്തർ നിറയും.. മഴക്കോളുണ്ടാക്കുന്ന ശബ്ദത്തിനും മീതെ അന്തരീക്ഷത്തിൽ പഞ്ചാക്ഷരിയും ഓംകാര മന്ത്രങ്ങളും അലയടിക്കും... ആയില്യാർകാവിലും വൻമരക്കൂട്ടത്തിലും കയറിയിറങ്ങി വരുന്ന ഇളങ്കാറ്റിനുപോലും എന്തൊരു ഉൽസാഹം.

ശിൽപ്പചാരുതയുള്ള കെട്ടിടങ്ങളോ, കൊത്തുപണികളുള്ള ശ്രീകോവിലോ, ചാരുതയാർന്ന ചുറ്റമ്പലമോ ഇവിടെയില്ല. തിരുവഞ്ചിറയെന്ന ചെറുജലാശയത്തിനു നടുവിലെ സ്വയംഭൂ വിഗ്രഹത്തെ തൊഴുതു വണങ്ങിയാണു നാടിന്റെ നാനാഭാഗത്തു നിന്നായി ഒഴുകിയെത്തുന്ന ഭക്തർ സായൂജ്യമടയുന്നത്.

റോഡരികിലെ കമാനത്തിനപ്പുറം മറ്റു ക്ഷേത്രങ്ങളുടേതുപോലെ തലയെടുപ്പുള്ള കെട്ടിടമോ കൊത്തുപണികളുള്ള ചുറ്റമ്പലമോ ഒന്നുമില്ല. പ്രകൃതി തന്നെയാണ് അക്കരെക്കൊട്ടിയൂരിലെ ഇൗശ്വര സാന്നിധ്യം. കൽത്തറയും ഞെട്ടിപ്പനയോലകൊണ്ടുള്ള താൽക്കാലിക മേൽക്കൂരയുമാണ് പെരുമാളിന്റെ സാന്നിധ്യത്തെ അടയാളപ്പെടുത്തുന്നത്.

എൻ.പി.സി. രംജിത്