കൊട്ടിയൂരിന്റെ സ്വന്തം ഓടപ്പൂക്കൾകൊട്ടിയൂർ ഉൽസവത്തിലെ ഏറ്റവും വലിയ കൗതുകമാണ് കൊട്ടിയൂരിൽ മാത്രം ലഭിക്കുന്ന ഓടപ്പൂ. ദർശനം കഴിഞ്ഞു മടങ്ങുന്നവർ ഓടപ്പൂവ് ഒരെണ്ണമെങ്കിലും സ്വന്തമാക്കിയിരിക്കും. കൊട്ടിയൂർ ദർശനത്തിന്റെ സന്തോഷം കൊട്ടിയൂരിൽ എത്താത്തവരുമായി പങ്കിടാൻ ഓടപ്പൂവ് സമ്മാനമായി നൽകുകയും ചെയ്യും. ഭൃഗുമുനിയുടെ വെളുത്ത താടിയെയാണ് ഓടപ്പൂ ഓർമിപ്പിക്കുന്നത്.

ഓടപ്പൂവിന്റെ നിർമാണംഏറെ അധ്വാനമുള്ള ജോലിയാണ്. ഓട വെള്ളത്തിലിട്ടശേഷം എടുത്ത് ഇടിച്ചു ചതച്ചശേഷം വീണ്ടും വെള്ളത്തിലിട്ടു കറ കളയും. കറ കളയാത്തപക്ഷം പൂവിനു മഞ്ഞനിറം ഉണ്ടാകും. വീണ്ടും അത് പിഴിഞ്ഞെടുത്തു പൂവിന്റെ രൂപത്തിലാക്കിയാണ് ദർശനത്തിനെത്തുന്ന ഭക്തൻമാർക്ക് നൽകുന്നതിനായി സൂക്ഷിക്കുന്നത്. ദിവസങ്ങളുടെ അധ്വാനം വേണം ഓടപ്പൂവ് നിർമിക്കാൻ. ഒരുകാലത്ത് പരക്കെയുണ്ടായിരുന്ന ഓടക്കാടുകൾ കൊട്ടിയൂരിൽനിന്ന് അപ്രത്യക്ഷമായി ക്കഴിഞ്ഞു. കൊട്ടിയൂർ ഭഗവാനെ ആദിവാസികൾ വിളിക്കുന്നത് തന്നെ ഓടക്കാടച്ഛൻ എന്നാണ്.

ദക്ഷയാഗത്തിനു നേതൃത്വം നൽകിയ ഭൃഗുമുനിയുടെയും മറ്റ് മുനിമാരുടെയും താടി രോമങ്ങളാണ് ഓടപ്പൂവ് എന്നാണ് കരുതപ്പെടുന്നത്. ശിവഭൂതങ്ങളുടെ തലവൻ വീരഭദ്രനും സംഘവും യാഗം തകർക്കാൻ എത്തിയപ്പോൾ ഭൃഗുമുനിയുടെയും മറ്റ് മുനിമാരുടെയും താടിരോമങ്ങൾ പിഴുതെറിഞ്ഞ താണ് ഓടപ്പൂവായി മാറിയതെന്നു കരുതപ്പെടുന്നു. കൊട്ടിയൂരിൽ വൈശാഖ ഉൽസവത്തിന് എത്തുന്ന ഭക്തർക്ക് ഓടപ്പൂവ് ഒരു കൗതുകവും കൊട്ടിയൂരിന്റെ മാത്രം പ്രത്യേകതയും മാത്രമല്ല, അടുത്തവർഷം വൈശാഖമാസം വരെയുള്ള ഐശ്വര്യത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ്.

എൻ.പി.സി. രംജിത്