ഇതു ദക്ഷയാഗ ഭൂമി...



ദക്ഷയാഗം നടന്ന ഭൂമിയാണു കൊട്ടിയൂരെന്നാണു വിശ്വാസം. പർണശാലകൾ കെട്ടി ഉൽസവ ത്തിനുള്ള ഒരുക്കം മഹായാഗത്തിനുള്ള ഒരുക്കമായും കണക്കാക്കപ്പെടുന്നു. ഉൽസവ കാലത്ത് തിരുവഞ്ചിറയുടെ കരയിൽ കെട്ടിയൊരു ക്കുന്ന കയ്യാലകൾ യാഗശാലകൾ എന്നാണ് അറിയപ്പെടുന്നത്. ശിവനെ പരിണയിച്ചതിന്റെ ദേഷ്യം തീർക്കാൻ മകളായ സതീദേവിയെ ദക്ഷൻ യാഗത്തിനു വിളിച്ചില്ല. ക്ഷണിക്കാഞ്ഞിട്ടും പിതാവു നടത്തുന്ന യാഗത്തിൽ പങ്കുകൊള്ളാനെത്തിയ സതീദേവിയെ പരിഹാസവാക്കുകളാൽ ദക്ഷൻ അപമാനിച്ചു. മനംനൊന്ത ദേവി യാഗാഗ്നിയിലേക്ക് എടുത്തുചാടി. സതീദേവി ജീവത്യാഗംചെയ്ത യാഗഭൂമിയിൽ മഹാദേവൻ സ്വയംഭൂവായി അവതരിച്ചുവെന്നാണു വിശ്വാസം.

പരശുരാമൻ കേരളം വീണ്ടെടുത്ത് ഇവിടെയെത്തിയപ്പോൾ ഇവിടെ കലിയുടെ വിളയാട്ടം കണ്ട് ക്രുദ്ധനാവുകയും കലിയെ പിടിച്ചുകെട്ടുകയും ചെയ്തു. കലിയെ സംഹരിക്കുമെന്നു ധരിച്ച് ത്രിമൂർത്തികൾ ഓടിയെത്തി. ത്രിമൂർത്തികൾ ആവശ്യപ്പെട്ടതു പ്രകാരം കലിയെ അഴിച്ചുവിട്ടു. കലിയുടെ ശല്യം ഒഴിവാക്കാൻ 27 ദിവസത്തെ വൈശാഖ മഹോൽസവം നടത്താൻ നിർദേശിക്കുകയും ചെയ്തു.മണിത്തറ എന്നറിയപ്പെടുന്ന മൺതറയിലാണു ശിവലിംഗം. സതീദേവി എരിഞ്ഞടങ്ങി എന്നു വിശ്വസിക്കുന്ന അമ്മാറക്കൽത്തറയും(അമ്മ മറഞ്ഞ കല്ല്) സമീപത്തു തന്നെയാണ്. യക്ഷന്റെ യാഗഭംഗം വരുത്തിയ പരമശിവന്റെ ഭൂതഗണങ്ങളായ വീരഭദ്രാദികൾ ചോരവീഴ്ത്തിയ ചിറയെന്ന അർഥത്തിൽ ‘രുധിരൻ ചിറ” അഥവാ തിരുവഞ്ചിറ എന്ന പേരിലാണ് ഇവ സ്ഥിതിചെയ്യുന്ന ജലാശയം അറിയപ്പെടുന്നത്.

കാടുമൂടിക്കിടന്നിരുന്ന ശിവലിംഗം നൂറ്റാണ്ടുകൾക്കുശേഷം കാട്ടിൽ വേട്ടയ്ക്കിറങ്ങിയ കുറിച്യ സമുദായക്കാരാണു കണ്ടെത്തുന്നത്. ഒറ്റപ്പിലാവു മലയിലെ കുറിച്യമൂപ്പൻ അമ്പുകൂർപ്പിക്കാൻ കരിങ്കല്ലിൽ ഉരച്ചപ്പോൾ രക്തം പൊടിഞ്ഞുവത്രെ. വിവരം അറിഞ്ഞെത്തിയ ബ്രാഹ്മണർ അവിടെ കലശം നടത്തി. ചോരവാർന്നൊഴുകുന്നതു നിർത്താൻ നെയ്യഭിഷേകവും ഇളനീരഭിഷേകവും ചെയ്തു.

ക്ഷേത്രം കണ്ടെത്തി ഏറെ നാളുകൾക്കുശേഷം ഇവിടെ എത്തിയ ആദിശങ്കരനാണ് ക്ഷേത്രത്തിലെ ഉൽസവചിട്ടകൾ രൂപപ്പെടുത്തിയതത്രെ. വൈശാഖോൽസവ നാളുകളിൽ ഓടപ്പൂ പ്രസാദമായി മാറിയതിനു പിന്നിലും ദക്ഷയാഗത്തിനു ബന്ധമുണ്ട്. യാഗത്തിനു മുഖ്യകാർമികത്വം വഹിച്ച ഭൃഗു മഹർഷിയുടെ താടിയെയാണ് ഓടപ്പൂ ഓർമപ്പെടുത്തുന്നത്. പച്ച ഓടയുടെ (ഈറ്റ) കഷണം ഒരു ഭാഗം മാത്രം ബാക്കിവച്ച് തല്ലിച്ചതച്ചു നാരാക്കി അകംപുറം മറിച്ചാണ് ഓടപ്പൂ ഉണ്ടാക്കുന്നത്. മലബാറിലെ മിക്ക ഹിന്ദു ഭവനങ്ങളുടെയും വാഹനങ്ങളുടെയും മുൻവശത്ത് വൈശാഖോൽസവനാളുകളിൽ ഓടപ്പൂ തൂങ്ങും.

അക്കരെ കൊട്ടിയൂരിൽ ക്ഷേത്രം പണിയുകയാണെങ്കിൽ ശ്രീകോവിലിന്റെ ഇറവെള്ളം നാലു സമുദ്രത്തിലും വീഴണമെന്ന പ്രശ്നചിന്തയാണ് ഇവിടെ ക്ഷേത്രം നിർമിക്കാതിരുന്നതിനു കാരണമെന്നു വിശ്വാസമുണ്ട്. എതെിഹ്യവുമായി ബന്ധപ്പെട്ട പൗരാണിക ആചാരങ്ങൾ അതേപടി നിലനിർത്തി യാണു കൊട്ടിയൂരിലെ ഉൽസവ ചടങ്ങുകൾ ഓരോന്നും നടത്തുന്നത്.

എൻ.പി.സി. രംജിത്