സ്വയംഭൂവായി മഹാദേവൻ



തിരുവഞ്ചിറ എന്ന ചെറു ജലാശയത്തിനു നടുവിലാണു സ്വയംഭൂ വിഗ്രഹം. ഇൗ വെള്ളത്തിലൂടെ വേണം തൊഴാനും പ്രദക്ഷിണം വയ്ക്കാനു മെല്ലാം. കൂട്ടിന് ഇടമുറിയാത്ത മഴയും.. നടവഴിയിലെ വെള്ളത്തിൽ ദർശനം കാത്തുനിൽക്കുന്ന വരുടെ എണ്ണം മഴ കനക്കുന്തോറും പെരുകും. അതാണു കൊട്ടിയൂർ. അക്കരെ കൊട്ടിയൂർ എന്നറിയപ്പെടുന്ന ഇവിടേക്ക് വൈശാഖോൽസവ കാലത്തു മാത്രമാണു പ്രവേശനം. മകംനാളിൽ ശീവേലി വരെയേ സ്ത്രീകൾക്കു പ്രവേശനമുണ്ടാകൂ.

ബ്രാഹ്മണാചാര പ്രകാരമാണു ചടങ്ങുകളെങ്കിലും സർവ ജാതിമതസ്ഥർക്കും ഇവിടെ പ്രവേശിക്കാം.. ഉൽസവത്തിനു വേണ്ടതെല്ലാം ഒരുക്കുന്നത് വിവിധ ജാതിയിൽപ്പെട്ട അറുപത്തിനാലോളം അവകാശി കുടുംബങ്ങളാണ്. എണ്ണയും തിരിയും മുതൽ ഇളനീർ വെട്ടാനുള്ള കത്തി വരെ യഥാസമയം അവകാശികൾ ഇവിടെയെത്തിക്കും. ആരെയും പ്രത്യേകിച്ചു ക്ഷണിച്ചോ വിളിച്ചറിയിച്ചോ കൊണ്ടുവരേണ്ടതില്ല. എല്ലാം അതതിന്റെ സമയത്തു നടക്കും.

അക്കരെ കൊട്ടിയൂരിൽ വൈശാഖോൽസവം നടക്കുന്ന നാളുകളിൽ ഇക്കരെ കൊട്ടിയൂരിലെ ക്ഷേത്രത്തിൽ നിത്യപൂജ ഉണ്ടാകില്ല. കൊട്ടിയൂർ ക്ഷേത്രത്തിന് 72 ഉപക്ഷേത്രങ്ങളുണ്ടായിരു ന്നുവെന്നാണു കണക്ക്. സങ്കീർണമായ ഒട്ടേറെ ആചാരങ്ങളും രീതികളും ക്ഷേത്രത്തിലെ ഓരോ ചടങ്ങുമായും ബന്ധപ്പെട്ടു കാണാം. ഓരോന്നുമായി ബന്ധപ്പെട്ട അവകാശികൾക്കേ അവയുടെ പൊരുളറിയൂ.

എൻ.പി.സി. രംജിത്