ഇല്ലാ ജാതികൾ ഭേദ വിചാരം; ഇത് ആചാരങ്ങളുടെ സന്നിധാനം



ഗുണകർമങ്ങളെ അടിസ്ഥാനമാക്കിയുള്ള വർണവ്യവസ്ഥ താൻ സൃഷ്ടിച്ചതാണെന്ന് ഗീതയിൽ ശ്രീകൃഷ്ണ ഭഗവാൻ പറഞ്ഞിരിക്കുന്നു. ഗീതാ സാരത്തിന്റെ ആവിഷ്കരണം കൊട്ടിയൂരിലെ വൈശാഖോൽസവത്തിൽ ദർശിക്കാവുന്നതാണ്. 64 വിഭാഗങ്ങളിൽപെട്ട സ്ഥാനികർ അവരവരുടെ തൊഴിലുകളുമായി ബന്ധപ്പെട്ട് ഉൽപാദിപ്പിക്കുന്ന വസ്തുക്കളോ അവരവരുടെ സേവനങ്ങളോ ഉൽസവചടങ്ങുകളുടെ നിർവഹണത്തിനായി സമർപ്പിക്കുന്ന രീതിയാണ് പ്രാചീനകാലം മുതൽക്ക് ചിട്ടപ്പെടുത്തിയിരിക്കുന്നത് എന്ന് കാണാം. സമൂഹത്തിൽ വിഭിന്ന സമുദായങ്ങൾ രൂപപ്പെട്ടിട്ടുള്ളത് തൊഴിലിനെയും ഗുണങ്ങളെയും അടിസ്ഥാനപ്പെടുത്തിയാണെന്നും എല്ലാ കർമങ്ങളും ഈശ്വരാരാധനയാണെന്നുമുള്ള ഗീതാസാരമാണ് ഇവിടെ പ്രകടമാവുന്നത്.

ഹിന്ദു സമുദായത്തിലെ മുഴുവൻ അവാന്തര വിഭാഗങ്ങൾക്കും ഇവിടെ തുല്യപ്രാധാന്യമാണ് ഉള്ളത്. വൈദിക കർമങ്ങൾ ഉൾപ്പെടെയുള്ള ചടങ്ങുകൾ നമ്പൂതിരിമാർ മുതൽ കാടൻ വരെയുള്ള സമുദായങ്ങൾക്ക് വിഭജിച്ച് നൽകിയിട്ടുള്ളതായിക്കാണാം. ഉൽസവകാര്യങ്ങളുടെ നിർവഹണാധികാരമുള്ള ‘’മഹാ അടിയന്തിരയോഗ””ത്തിലെ അംഗങ്ങളാണ് മുഴുവൻ സ്ഥാനീകരും. ശാസ്ത്ര സമ്മതവും പ്രകൃത്യാനുസാരിയുമായ വർണവ്യവസ്ഥ നിലനിൽക്കുമ്പോഴും ജാതീയ ഉച്ചനീചത്വങ്ങൾ വൈശാഖോൽസവ ചടങ്ങുകളിൽ തരിമ്പും സ്പർശിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഇളനീരാട്ടനാളിലെ ദൈവത്തെക്കാണൽ ചടങ്ങ് പരിശോധിച്ചാൽ അസ്പർശ്യത വൈശാഖോൽസ വത്തിന് അന്യമാണെന്ന് മനസിലാക്കാം.അതി പ്രാചീനകാലം മുതൽ അയിത്ത രഹിത ആചാരം നിലനിർത്തിപ്പോന്ന ശ്രീ കൊട്ടിയൂരിലെ ആചാരക്രമങ്ങൾ ഹിന്ദുധർമത്തിന്റെ പരമാർഥികമായ സാരമാണ് ആവിഷ്കരിക്ക പ്പെടുന്നത്.

പുണ്യഭൂമിയായ ഭാരതക്ഷേത്രത്തിൽ പണ്ടുകാലം മുതൽക്കേ ഏത് ജാതിയിൽപ്പെട്ടവർക്കും ആരാധനാ സ്വാതന്ത്യ്രം ഉണ്ടായിരുന്നു. മാത്രമല്ല ഏത് മഹത് സംരംഭവും പൂർണമാവുന്നതിന് എല്ലാവിഭാഗം ആളുകളും കൂടിച്ചേർന്ന് പരസ്പര പൂരകമായി പ്രവർത്തിക്കണമെന്ന ശരിയായ കാഴ്ചപ്പാടും നമ്മുടെ നാട്ടിൽ നില നിന്നിരുന്നു. ഈകാര്യങ്ങൾക്ക് പ്രകടമായ ദൃഷ്ടാന്തമാണ് ശ്രീ കൊട്ടിയൂരിൽ ഇന്നും നിലനിന്നുപോരുന്ന വൈവിധ്യങ്ങളുടെ സമന്വയമായ ആരാധനാ സമ്പ്രദായം.