കൊട്ടിയൂർ: ഉത്തര കേരളത്തിലെ ദക്ഷിണ കാശി



അന്ധതയ്ക്കു മീതേ പ്രകാശമാകാൻ ഭഗവാൻ സർവസംഹാരത്തിന്റെ തൃക്കണ്ണു തുറന്ന കഥയിൽ നിന്ന് കൊട്ടിയൂരിന്റെ ചരിത്രം തുടങ്ങു ന്നു. മദം പൂണ്ടു കണ്ണുകാണാതായ പ്രജാപതി ദക്ഷന്റെ യാഗം മുടക്കാൻ വിശ്വനാഥന്റെ ഭൂതഗണങ്ങൾ കലിയടങ്ങാതെ താണ്ഡവമാടിയ മണ്ണിന് പിൽക്കാലത്ത് പുരാണങ്ങൾ കൽപ്പിച്ചു നൽകിയത് ദക്ഷിണ കാശി എന്ന സ്ഥാനം; ഉത്തര കേരളത്തിലെ ദക്ഷിണ കാശി. സഹ്യസാ നുക്കൾ കോട്ടകെട്ടി കാക്കുന്ന ഈ കാനന ക്ഷേത്രത്തെക്കുറിച്ചുള്ള എതെിഹ്യങ്ങൾക്ക് തുടക്കവും ഒടുക്കവും കൽപ്പിക്കുക പ്രയാസം. അതിൽ പ്രകൃതിയുടെ കഥയുണ്ട്. മനുഷ്യന്റെ കഥയുണ്ട്. പ്രണയ— പ്രതികാരങ്ങളുടെ തീക്ഷ്ണതയുണ്ട്. വിരഹത്തിന്റെ വേദനയുണ്ട്. എല്ലാം പൊറുക്കുന്ന പരാശക്തിയുടെ നിലയ്ക്കാത്ത കാരുണ്യ പ്രവാഹത്തിന്റെ അത്ഭുത കഥകളുണ്ട്.

ദക്ഷയാഗം
സൃഷ്ടി കർമത്തിൽ ബ്രഹ്മാവിനെ സഹായിക്കാൻ നിയോഗിക്കപ്പെട്ടവരായിരുന്നു പ്രജാപതിമാർ. അവർ ഇരുപത്തൊന്നുപേർ. അതിൽ പ്രമുഖൻ ദക്ഷൻ. ബ്രഹ്മദേവന്റെ വലത്തെ പാദത്തിൽ നിന്നാണത്രെ ദക്ഷന്റെ ജനനം. പ്രജാപതിമാരിൽത്തന്നെ യോഗ്യനായ ദക്ഷൻ പിന്നീട് പ്രസൂതിയെ വിവാഹം കഴിക്കുകയും അതിൽ 53 പുത്രമാരുണ്ടാകുകയും ചെയ്തു. ഈ പുത്രിമാരെയെല്ലാം സർവഥാ യോഗ്യരായ ധർമദേവൻ, കശ്യപ മുനി, ചന്ദ്രഭഗവാൻ എന്നിവർക്കായി വിവാഹം ചെയ്തു കൊടുത്തു. ചന്ദ്രഭഗവാൻ വിവാഹം ചെയ്ത 27 ദക്ഷപുത്രിമാരാണ് പിന്നീട് അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളായി അറിയപ്പെട്ടത് എന്ന് പുരാണ സാക്ഷ്യം. ദക്ഷന്റെ പെൺമക്കളെക്കുറിച്ചും അവരുടെ ഭർത്താക്കന്മാരെക്കുറിച്ചും വിസ്തരിച്ചതിൽ സാംഗത്യമുണ്ട്. ദക്ഷന്റെ മറ്റൊരു മകളും അവളുടെ പ്രണയ വിവാഹവുമാണ് ഉഗ്രപ്രജാപതിയുടെ ഭാവി കീഴ്മേൽ മറിച്ചത്.

ദുരാഗ്രഹങ്ങൾ ദക്ഷന്റെ കൂടപ്പിറപ്പായിരുന്നിരിക്കണം. ബ്രഹ്മദേവനെക്കാൾ ഉയരത്തിലെത്തണമെന്ന തായിരുന്നു ആഗ്രഹങ്ങളിലൊന്ന്. അതിന് പരാശക്തിയായ ഭഗവതി തന്റെ മകളായിപ്പിറക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചു. ബ്രഹ്മദേവനോട് കാര്യം ഉണർത്തിച്ചു. ദക്ഷന്റെ ലക്ഷ്യം മനസിലായെങ്കിലും ഭഗവതിയെ തപസു ചെയ്തു പ്രീതിപ്പെടുത്താനായിരുന്നു ബ്രഹ്മാവിന്റെ ഉപദേശം.

ഘോരതപസ്സനുഷ്ടിച്ച ദക്ഷന്റെ മുന്നിൽ ദേവി പ്രത്യക്ഷയായി. ദക്ഷൻ ആഗ്രഹം ഉണർത്തിച്ചു. വരം നൽകപ്പെട്ടു. പക്ഷെ, ഒരു മുന്നറിയിപ്പുണ്ടായിയിരുന്നു. ‘‘മനുഷ്യ സ്ത്രീയായിക്കഴിയുന്ന എനിക്ക് ഏതെങ്കിലും വിധത്തിലുള്ള അവഹേളനമോ അപമാനമോ നേരിട്ടാൽ ഞാൻ ഭൂമിയിൽ നിന്നു മടങ്ങും. താങ്കൾക്കും ലോകത്തിനു തന്നെയും അത് ഏറെ വിനാശകരമായിരിക്കും’’. ദേവിയെ അവഹേളിക്കുകയോ? അന്നത്തെ സ്ഥിതിയിൽ ദക്ഷന് ആലോചിക്കാൻ കൂടി കഴിയാത്ത കാര്യമായിരുന്നു അതെങ്കിലും അദ്ദേഹത്തിന്റെ പിൽക്കാല ജീവിതത്തിൽ അത് ഏറെ നിർണായകമായി.

നാളുകൾക്കു ശേഷം, സ്വർഗമന്ദാകിനിയിൽ സ്നാനം ചെയ്യുകയായിരുന്ന ദക്ഷൻ പൊയ്കയിലെ താമരപ്പൂവിൽ ഒരു പിഞ്ചുകുഞ്ഞിനെ കണ്ടെത്തി. ഓമനത്തം തുളുമ്പുന്ന ഒരു പെൺകുഞ്ഞ്. ദേവി മനുഷ്യാവതാരം പൂണ്ട് മണ്ണിലെത്തിയിരിക്കുകയാണെന്ന് അശരീരി ഉദ്ഘോഷിച്ചു. ദക്ഷൻ കുഞ്ഞിനെയെടുത്ത് കൊട്ടാരത്തിലേക്കു പോയി.

സദാ ചൈതന്യം വിതറിനിന്ന തങ്കക്കുടത്തിനു സതി എന്നു പേരിട്ടു. ദക്ഷന്റെ ഏറ്റവും പ്രിയപ്പെട്ടവളായി ഇളയ മകൾ വളർന്നു. വളർന്ന് വിവാഹ പ്രായമെത്തി. സതിയുടെ വിവാഹം ഏറ്റവും കേമമായി നടക്കണം. ഈരേഴുപതിനാലുലകിലും വച്ചു കേമനായിരിക്കണം വരൻ. ദക്ഷൻ മകളുടെ ആഗ്രഹമാരാ ഞ്ഞു. സമയമൊട്ടുമെടുക്കാതെ സതി മറുപടി പറഞ്ഞു. ‘‘ഭഗവാൻ പരമശിവൻ’’. കുഞ്ഞുനാൾ മുതൽ വിശ്വനാഥന്റെ വീരചരിതങ്ങൾ കേട്ടാണ് വളർന്നത്. അലിഞ്ഞു ചേരാനാഗ്രഹിക്കുന്നത് അദ്ദേഹത്തിലാണ്. വിവാഹം കഴിക്കുന്നെങ്കിൽ അതു ഭഗവാനെ മാത്രം. ആ ആഗ്രഹം ദക്ഷന് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. പലനിലയ്ക്കും അദ്ദേഹത്തിനു പരമശിവനെ വെറുപ്പായിരുന്നു. അതിന് കാരണമുണ്ട്. സ്വന്തം കുടുംബത്തിനകത്തുണ്ടായ ചെറിയൊരു പ്രശ്നം.

ദക്ഷന്റെ മക്കളിൽ ഇടയ്ക്കുവച്ച് ചന്ദ്രന് താൽപ്പര്യം കുറഞ്ഞു. അദ്ദേഹം അവരെ ഉപേക്ഷിച്ചതുപോലെ മാറിനിന്നു. കുപിതനായ ദക്ഷൻ ചന്ദ്രനെ പാഠംപഠിപ്പിക്കാനിറങ്ങി. അദ്ദേഹം ദേവലോകത്തേക്കു പടനയിച്ചു. ദക്ഷന്റെ കഴിവുകളെക്കുറിച്ച് നന്നായറിയാവുന്ന ചന്ദ്രൻ ചന്ദ്രശേഖരനെ അഭയം പ്രാപിച്ചു. ചന്ദ്രനെത്തേടി വന്ന ദക്ഷനെ ഭഗവാൻ തടഞ്ഞു. തർക്കം യുദ്ധത്തിൽ കലാശിച്ചു. ദക്ഷൻ പരാജയപ്പെട്ടു. പരമശിവന്റെ നിർദേശ പ്രകാരം ചന്ദ്രൻ പിന്നീട് ഭാര്യമാരെ സ്വീകരിച്ചെങ്കിലും ദക്ഷൻ ഒന്നും മറക്കാൻ തയ്യാറായില്ല. അപമാനം വിതച്ച പ്രതികാരം അവിടെ നീറിക്കൊണ്ടിരുന്നു.

ആ ശിവനെയാണ് സതി ഭർത്താവായി ആഗ്രഹിക്കുന്നത്. സഹിക്കാവുന്നതിലും അപ്പുറം. മകളുടെ പ്രണയത്തിനു തടയിടാൻ പിതാവ് സകല മാർഗവും പരീക്ഷിച്ചു. പക്ഷെ, ദേവിയുടെ തീരുമാനം ഉറച്ചതായിരുന്നു. ഇനിയും വൈകിക്കുന്നത് അപകടമാണ്. ദക്ഷൻ മകളുടെ കല്യാണം പെട്ടെന്നു നടത്താൻ തീരുമാനിച്ചു. ‘‘കൂടതൽ യോഗ്യരെക്കാണുമ്പോൾ അവൾ പരമശിവനെ മറന്നേക്കാം’’— അദ്ദേഹം പ്രതീക്ഷിച്ചു. സതിയുടെ സ്വയംവരപ്പന്തലിലേക്ക് അക്കാലത്തെ യോഗ്യരായ ചെറുപ്പക്കാരെ ല്ലാം തന്നെ ദക്ഷൻ ക്ഷണിച്ചിരുന്നു. അച്ഛൻ തീരെ പ്രതീക്ഷിക്കാത്ത ഒരാളെ മകളും ക്ഷണിച്ചു. ദേവ— രാജ— ഗന്ധർവ കുമാരൻമാരെ പ്രജാപതി പന്തലിലേക്ക് ആനയിച്ചു. വരണമാല്യവുമായി ദാക്ഷായണി പരമശിവനെ കാത്തു നിന്നു.

ഒടുവിൽ, എല്ലാവരും പ്രതീക്ഷയോടെ കാത്തിരുന്ന മുഹൂർത്തമെത്തി. പക്ഷെ പൂവണിഞ്ഞത് ദേവിയുടെ മാത്രം പ്രതീക്ഷ. ഒരു ദിവ്യ തേജസ്സായി ഭഗവാൻ പരമശിവൻ സ്വയംവരസഭയിലെത്തി നിമിഷാർദ്ധം കൊണ്ട് സതീ സമേതനായി മടങ്ങി. ബോധം വന്നപ്പോൾ ദക്ഷൻ തിരിച്ചറിഞ്ഞു. മകൾ നഷ്ടപ്പെട്ടിരിക്കുന്നു. അദ്ദേഹം വീണ്ടും ബോധരഹിതനായി നിലംപതിച്ചു. ദക്ഷന്റെ അപമാനഭാരം ആളിക്കത്താനുള്ള അടുത്ത അവസരം ഉടൻ തന്നെ വന്നുചേർന്നു. സ്വർഗലോകത്ത് പ്രജാപതിമാർ ഒരുക്കിയ ‘വിശ്വസ്യജസത്ര’മായിരുന്നു വേദി. ദക്ഷനായിരുന്ന യാഗയജമാനൻ. യാഗവേദിയിലേക്ക് യജമാനൻ കടന്നുവന്നപ്പോൾ മഹർഷിമാരും ദേവകളുമൊക്കെ അദ്ദേഹത്തെ എഴുന്നേറ്റുനിന്നു വണങ്ങി; രണ്ടുപേർ ഒഴിച്ച്. ദക്ഷന്റെ പിതാവ് ബ്രഹ്മാവും ശത്രു പരമശിവനും. ദക്ഷന്റെ കോപം ആളിക്കത്തി. മകളുടെ ഭർത്താവു കൂടിയായ ശിവൻ തന്നെ ബഹുമാനിക്കേണ്ടതാണ്. ഇല്ല, കരുതിക്കൂട്ടി അപമാനിക്കാൻ തന്നെയാണു പുറപ്പാട്. ശാപവചനങ്ങളുമായി ദക്ഷൻ തിരിച്ചടിച്ചു‘‘ ഇനിമേൽ ശിവന് യാഗ ഹവിസ്സിന്റെ ഭാഗമില്ല’’.

ശാന്തമായ പുഞ്ചിരിയോടെ ഭഗവാൻ അതിനെ നേരിട്ടെങ്കിലും അവിടുത്തെ അനുചരനായ നന്ദികേശന് അതു സഹിച്ചില്ല. അദ്ദേഹം ദക്ഷനെ ശപിച്ചു ‘‘ നിനക്ക് ആത്മജ്ഞാനം നേടാനാകാതെ പോട്ടെ’’. സമീപത്തുണ്ടായിരുന്ന ദക്ഷന്റെ ഉപദേഷ്ടാവ് ഭൃഗുമുനി മറ്റൊരു ശാപത്താൽ തിരിച്ചടിച്ചു— ശിവ ഭൃത്യന്മാർ പാഷണ്ഡന്മാരായിപ്പോകട്ടെ’’ ശാപപരമ്പരകൾ ക്കിടിയിൽ ബ്രഹ്മാവ് തർക്കത്തിലിടപെട്ടു. ബ്രഹ്മാവ് ദക്ഷനെ ശാസിച്ചു. മഹാദേവനോട് മാപ്പുപറയാൻ ഉപദേശിച്ചു. പക്ഷെ, ശിവനും പരിവാര ങ്ങങ്ങളും ഇതോടകം അവിടെ നിന്നു പോയിരുന്നു. യാഗഭൂമിയിലേറ്റ അപമാനത്തിന് അതേ രൂപത്തിൽ തരിച്ചടി നൽകാനായിരുന്നു ദക്ഷന്റെ തീരുമാനം. ഉപദേശം ഭൃഗുമുനിയുടേതായിരുന്നു. എശ്വെര്യ വർധനവിനായി മറ്റൊരു യാഗം കഴിക്കണം. ദക്ഷന്റെ കീർത്തി എങ്ങും പരക്കണം. നിഗൂഢമായി മറ്റൊരു ലക്ഷ്യവും ദക്ഷൻ മനസിൽകണ്ടു. സകല ലോകങ്ങളും ഉദ്ഘോഷിക്കുന്ന യാഗത്തിന് പരമശിവനേയും സതിയേയും ക്ഷണിക്കാതെ അപമാനിക്കണം.

ഈ തീരുമാനം ജ്ഞാനികൾക്കിടിയിൽ തർക്കത്തിനു വഴിവെച്ചു. ഉഗ്രപ്രതാപിയായ ദക്ഷന്റെ പക്ഷം ചേരാനും ആളുകളുണ്ടായി. പക്ഷെ, വിവേകമതികൾ ദക്ഷനെ ഉപദേശിച്ചു. ‘‘ ശ്രീ പരമേശ്വരൻ യജ്ഞേശ്വരനാണ്. ശിവന്റെ സാന്നിദ്ധ്യമില്ലാതെ യാഗം പൂർത്തിയാകില്ല. മറിച്ചാണെങ്കിൽ മഹാപാപമാകും ഫലം’’. പക്ഷെ, അപമാനത്തിന്റെ വടുക്കളുണങ്ങാത്ത ദക്ഷന്റെ മനസ്സിളക്കാൻ ഇതുകൊണ്ടൊന്നുമായില്ല. അങ്ങിനെ മഹാവിഷ്ണുവിന്റെ കാവലിൽ ബൃഹസ്പതിസവത്തിനു തുടക്കമായി.

വിവരങ്ങളെല്ലാമറിഞ്ഞിട്ടും ഭഗവാൻ തന്റെ ധ്യാനം തുടർന്നതേയുള്ളൂ. പക്ഷെ, ദക്ഷിണദിക്കിലെ മഹായാഗത്തെക്കുറിച്ചു കേട്ടറിഞ്ഞ സതീദേവിക്ക് അതിൽ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ടായി. ദക്ഷന്റെ ലക്ഷ്യങ്ങളെക്കുറിച്ച് നന്നായറിയുമായിരുന്ന ഭഗവാൻ ദേവിയെ വിലക്കി. പക്ഷെ, പോകാൻ തന്നെയായിരുന്നു സതിയുടെ തീരുമാനം. യാഗസ്ഥലത്തെത്തിയ ദേവിയെ ദേവകളും മഹർഷിമാരും വണങ്ങിയെങ്കിലും സ്വന്തം പിതാവായ ദക്ഷൻ അതിക്രൂരമായി അപമാനിച്ചു. ഋഷിമാരുടേയും മറ്റും എതിർപ്പിനെ അവഗണിച്ച് യാഗഭൂമിയിൽ നിന്ന് ഇറക്കിവിടാൻ തുനിയുകയും ചെയ്തു. പരമശിവന്റെ വാക്കുകളെ മറികടന്നു യാഗത്തിനു വന്നതിൽ ദേവി പശ്ചാത്തപിച്ചു. അഗ്നിയിൽ സ്വയം അർപ്പിച്ചുകൊണ്ട് അതിനു പ്രായശ്ചിത്തവും ചെയ്തു.

ദേവി ആത്മാഹുതി ചെയ്തതറിഞ്ഞ ഭഗവാൻ സംഹാരരൂപം കൈക്കൊണ്ടു. കോപം സഹിക്കാതെ സ്വന്തം ജടപിഴുത് നിലത്താഞ്ഞടിച്ചു. മൂന്നുലോകങ്ങളേയും വിറപ്പിച്ച ആ സ്ഫോടനത്തിൽ നിന്ന് വീരഭദ്രൻ പിറവിയെടുത്തു. വീരഭദ്രനും ഭൂതഗണങ്ങളും ദക്ഷനെത്തേടി പാഞ്ഞു. ഇതിനകം രുദ്രകോപത്തിൽ നിന്ന് ഭദ്രകാളിയും രൂപമെടുത്തിരുന്നു. യാഗഭൂമിയിലെത്തിയ വീരഭദ്രനും അനുചര ന്മാരും യാഗശാല തകർക്കാൻ തുടങ്ങി. അവിടെയുണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ല. ചെറുത്തു നിൽപ്പി നായി ഭൃഗുമുനി ഏതാനും ഭൂതഗണങ്ങളെ സൃഷ്ടിച്ചു. പക്ഷെ, അതുകൊണ്ടൊന്നും ഫലമുണ്ടായില്ല. പഴയയൊരു പകയുടെ കണക്കു തീർക്കാൻ നന്ദികേശ്വരൻ ഭൃഗുമഹർഷിയെ തേടിപ്പിടിച്ച ആക്രമിച്ചു. ഇതിനിടയിൽ വീരഭദ്രൻ ദക്ഷപ്രജാപതിയുടെ ശിരസറുത്തെടുത്ത് ഹോമകുണ്ഡത്തിലേക്കു വലിച്ചെറഞ്ഞു. ഭദ്രകാളി ആ ചുടുനിണം വലിച്ചു കുടിച്ചു.

കൊട്ടിഘോഷിക്കപ്പെട്ട യാഗം മുടങ്ങിയിരിക്കുന്നു. അതു പാപമാണ്. ലോകരക്ഷയക്കായി യാഗം പൂർത്തിയാക്കിയേ പറ്റൂ. മഹർഷിമാർ ബ്രഹ്മദേവനെ സമീപിച്ചു. യാഗം തുടരണമെങ്കിൽ യജമാനനായ ദക്ഷൻ വീണ്ടും ജനിക്കണം. അതിന് പരമശിവൻ കനിയണം. ക്രോധത്താൽ ജ്വലിക്കുന്ന പരമശിവനെ അനുനയിപ്പിക്കാനുള്ള ദൗത്യം മഹാവിഷ്ണുവിനെ ഏൽപ്പിച്ചു. അദ്ദേഹം വിശ്വനാഥനെ അനുനയി പ്പിച്ചു. ദക്ഷന് ജീവൻ തിരിച്ചു നൽകാൻ അദ്ദേഹം തയ്യാറായി. ഒപ്പം യാഗം തുടരാൻ അനുവാദവും നൽകി. ഭൂതഗണങ്ങളുടെ ആക്രമണത്തിനിരയായ എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹത്താൽ പൂർവസ്ഥിതി കൈവന്നു. യജ്ഞപശുവായി സമർപ്പിച്ചിരുന്ന ആടിന്റെ തലയുമായാണ് ദക്ഷൻ രണ്ടാംജന്മത്തിലേക്കു വന്നത്. ഈ ജന്മത്തിൽ അദ്ദേഹം പരമശിവന്റെ കടുത്ത ഭക്തനായി എന്നതു മറ്റൊരു പ്രത്യേകത. ലോകൈശ്വര്യത്തിനുള്ള യാഗം പൂർണമായി. സർവം മംഗളമായി കലാശിച്ചു. പക്ഷെ, പ്രണയത്തിന്റെ തീക്ഷ്ണതയും വിരഹത്തിന്റെ വേദനയും വിട്ടുപോകാത്ത വിശ്വനാഥൻ ദേവി ജീവനൊടുക്കിയ ഹോമകുണ്ഡത്തിനരുകിൽ ചൈതന്യമായി വിലയം പ്രാപിച്ചു.

എം.എം.സുജിത്