നോമ്പിൻ നിറവിൽ ഈദിലേക്ക്


പുണ്യം പെയ്തിറങ്ങിയ മാസം. തീവ്ര വ്രതാനുഷ്ഠാനത്തിന്റെ സമാപ്തി കുറിക്കുന്ന ഈദുൽ ഫിത് ർ. എന്താണ് ഈദിന്റെ സന്ദേശം? ഐക്യം, സാഹോദര്യം, സമത്വം, ശാന്തി... സമൂഹത്തിൽ നന്മ ചൊരിയുന്ന പുണ്യ കാലം. ഈദ് ഗാഹുകളിൽ തക്ബീർ ധ്വനികൾ മുഴങ്ങുമ്പോൾ ആ സന്ദേശം ലോകമൊട്ടാകെ പ്രകാശം ചൊരിയും. മഹത്തായ ത്യാഗത്തിനു വേണ്ടിയാണ് ഇസ്ലാം മതവിശ്വാസികൾ നോമ്പ് ആചരിക്കുന്നത്. ഒരു മാസം പകൽ വ്രതമനുഷ്ഠിച്ചും രാത്രി ഉറക്കമിളച്ചു ദീർഘമായി നമസ്കരിച്ചും പ്രാർഥനകളിൽ കഴിച്ചുകൂട്ടുക എന്നതു മഹാത്യാഗം.

നോമ്പിന്റെ പുണ്യം
നന്മകൾ സ്വാംശീകരിച്ചും തിന്മകൾ വർജിച്ചും സംശുദ്ധ ജീവിതത്തിനുള്ള ഒരുക്കം. ഓരോ വ്രതാനുഷ്ഠാന കാലവും മനുഷ്യനെ സജ്ജമാക്കുന്നത് അതിനാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും കാലത്തിനായുള്ള പ്രാർഥനയാണു നോമ്പുകാലം.

ഖുർ ആൻ പറയുന്നു: ‘മനുഷ്യരെ, നിങ്ങളെ ഒരാണിൽനിന്നും ഒരു പെണ്ണിൽനിന്നുമാണു സൃഷ്ടിച്ചിരിക്കുന്നത്. നിങ്ങളെ വിവിധ ഗോത്രങ്ങളും വർഗങ്ങളുമാക്കിയതു പ്രത്യേകം തിരിച്ചറിയാനും.’ തിരിച്ചറിയപ്പെടാനുള്ള ഈ അവകാശം, അധികാരത്തിന്റെ ചിഹ്നങ്ങളാക്കി, ലോകർ സ്വയം തിരിച്ചറിയപ്പെടാതെ തുടങ്ങിയപ്പോൾ കലഹങ്ങളുണ്ടായി. പക്ഷേ, അതിനെല്ലാമപ്പുറം സൗഹൃദങ്ങളുടെ പൂമാല തീർക്കുന്നു ഇഫ്താർ വിരുന്നുകൾ.

മനശ്ശുദ്ധിയോടെ ദൈവസന്നിധിയിലേക്കുള്ള യാത്രയാണ് ഓരോ റമസാൻ കാലവും. ആഘോഷങ്ങൾ പുണ്യമാസത്തിന്റെ ഭാഗമായി വരുന്നതു യാദൃച്ഛികതയായിരിക്കാം. പക്ഷേ, അതു തീർക്കുന്ന സമഭാവനയുടെ സന്ദേശം ഒരിക്കലും യാദൃച്ഛികമല്ല. വർഗ, വർണ, വംശ, ലിംഗ, ദേശ, ഭാഷാ പരിഗണനകൾക്കതീതമായി സർവരും സമന്മാരാണെന്ന സന്ദേശമാണു ഖുർ ആനിന്റേത്. ബൈബിളും ഭഗവദ്ഗീതയും നൽകുന്ന സന്ദേശവും മറ്റൊന്നല്ലല്ലോ.

സക്കാത്തിന്റെ പുണ്യം
സക്കാത്ത് നൽകാത്ത നിസ്കാരത്തഴമ്പ് പടച്ചോൻ കാണില്ലെന്നതു പാട്ടിന്റെ ഈരടികൾ. ഈദുൽ ഫിത്്ര ദിനത്തിൽ പുതുവസ്ത്രങ്ങളണിഞ്ഞു ആഹ്ലാദപൂർവം പെരുനാൾ നമസ്കാരത്തിനു പുറപ്പെടും മുൻപു ‘ഫിത്്ര സക്കാത്ത്’ വീട്ടിയിരിക്കണം. ഒരിക്കലും മറക്കരുതാത്ത കടമ. ആഘോഷ വേളയിലും സഹജീവിയോടുള്ള കടമ വിസ്മരിക്കാൻ പാടില്ല.

സമ്മാനദാന നാൾ
റമസാൻ മാസത്തെ ധന്യമാക്കിയവർക്കുള്ള സമ്മാനദാന നാളാണത്രെ ഈദുൽ ഫിത്.്ര പ്രവാചകൻ പറയുന്നു: ‘പകൽ വ്രതമനുഷ്ഠിക്കാനും രാത്രി നമസ്കരിക്കാനും കൽപിച്ചപ്പോൾ നിങ്ങളതു ചെയ്തു. നാഥനെ നിങ്ങൾ അനുസരിച്ചിരിക്കുന്നു. സമ്മാനങ്ങൾ സ്വീകരിച്ചു കൊള്ളുക.’ മാനവ സ്നേഹത്തിലധിഷ്ഠിതമായ ചിന്തയും പ്രവൃത്തിയുമാണ് ഓരോ നോമ്പുകാലവും ആവശ്യപ്പെടുന്നത്. വ്രതാനുഷ്ഠാനങ്ങളിലൂടെ നേടിയെടുത്ത ആത്മവിശുദ്ധിയുമായാണ് ഈദുൽ ഫിത്റിനെ വരവേൽക്കുന്നത്. ആകാശത്തിന്റെ പടിഞ്ഞാറെ ചെരിവിൽ ശവ്വാലിന്റെ നേർത്ത ചന്ദ്രക്കലയുടെ കുളിരൊളി കണ്ടാൽ മനസ്സിൽ തക്ബീർ ധ്വനികൾ മുഴങ്ങും. ‘‘അല്ലാഹു അക്ബർ, അല്ലാഹു അക്ബർ... വലില്ലാഹിൽ ഹംദ്...’’

വിനോദ് ഗോപി

OTHER STORIES/div>
© Copyright 2015 Manoramaonline. All rights reserved.