ഇവിടെ ഇഫ്താറിനു മലയാളി രുചി

ഉത്തരേന്ത്യൻ വിഭവങ്ങളാണു വിളമ്പുന്നതെങ്കിലും ഡൽഹി നഗരത്തിലെ വിവിഐപി പള്ളിയായ പാർലമെന്റ് ജുമാമസ്ജിദിലെ ഇഫ്താറിനു മലയാളി രുചിയാണ് . പുണ്യ മാസം മുഴുവൻ ഇവിടെ ഇഫ്താർ വിരുന്നൊരുക്കുന്നതു ഗൾഫിലെ പ്രമുഖ വ്യവസായി എം.എ. യൂസ‌ഫലിയാണ് . ബിരിയാണി ഉൾപ്പെടെ വിഭവ സമൃദ്ധമാണു നോമ്പ് തുറ ‌വിഭവങ്ങൾ. ദിനംപ്രതി നൂറോളം പേർ പങ്കെടുക്കും. ഇതിൽ എംപിമാർ മുതൽ നഗരത്തിലെ ഓട്ടോ തൊഴിലാളികൾ വരെ ഉൾപ്പെടും. റമസാനിനു മുൻപ്, ഗൾഫിലെ ആരാധനാലയങ്ങളുടെ മാതൃകയിൽ പാർലമെന്റ് മസ്ജിദ് പുതുക്കിപ്പണിയാൻ മുൻകയ്യെടുത്തതും യൂസഫലിയാണ്. മുഗൾ കാലത്ത് നിർമിച്ചതെന്നു കരുതപ്പെടുന്ന മസ്ജിദിന് രണ്ടു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്.

പള്ളിയിൽ നിന്നു ഉച്ഛഭാഷിണിയില്ലാതെ ബാങ്ക് വിളിച്ചാൽ കേൾക്കാവുന്ന അകല ത്തിലാണ് പാർലമെന്റ് മന്ദിരം. വിവിഐപി പള്ളിയെന്നു പേരുവരാനുള്ള കാരണം പക്ഷേ, ജനാധിപത്യ സിരാകേന്ദ്രത്തോടുള്ള ഈ അടുപ്പം മാത്രമല്ല. ഇന്ത്യയിലെ മുസ്ലിം രാഷ്ട്രപതിമാരും ഉപരാഷ്ട്രപതിമാരും പതിവായി പ്രാർഥനയ്ക്കെത്തിയിരുന്നത് ഇവിടെയാണ്. നിലവിലെ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി ആ പാരമ്പര്യം കാത്തു സൂക്ഷിക്കുന്നു. ഇന്ത്യൻ പര്യടനത്തിനെത്തുന്ന വിദേശ രാഷ്ട്രങ്ങളിലെ മുസ്ലിം നേതാക്കൾ നിസ്കാരത്തിനെത്തുന്നതും ഇവിടെ തന്നെ. സൗദി രാജാവ് മുതൽ അഫ്ഗാൻ പ്രസിഡന്റ് ഹമീദ് കർസായി വരെ ആ പട്ടിക നീളുന്നു. പാർലമെന്റ് സമ്മേളന ദിവസങ്ങളിൽ മുസ്ലിം എംപിമാർ ‌പ്രാർഥനയുടെ ശാ‌ന്തിയിലേക്കു വഴി മാറാനെത്തുന്നതു ഈ മസ്ജിദിലാണ്. മുൻ രാ‌ഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദിന്റെ ആഗ്രഹ പ്രകാരം മസ്ജിദിനു സമീപമാണു അദ്ദേഹത്തിനു കബറിടമൊരുക്കിയത്.

ബ്രട്ടീഷ് ഭരണകാലത്ത് കോൺസൽ മസ്ജിദ് എന്നറിയപ്പെട്ടിരുന്ന പ‌ള്ളി, സ്വാതന്ത്രാനന്തരമാണു പാർലമെന്റ് ജുമാമസ്ജിദ് എന്നു പേരുമാറ്റിയത്. പ്രഥമ പ്ര‌ധാനമന്ത്രി ജവഹർലാൽ നെഹ്റു മുസ്ലിം നേതാക്കളുമായുള്ള ചർച്ചയ്ക്കു വേ‌ദിയായി പലപ്പോഴും തിരഞ്ഞെടുത്തത് ഈ പള്ളിയായിരുന്നു. ഇന്ദിരാഗാന്ധിയുടെ കാലം വരെ ഇത്തരം സന്ദർശനങ്ങൾ പതിവായിരുന്നുവെന്നു ഇമാം മുഹിബ്ബുള്ള നദ്‌വി പറയുന്നു. പാരമ്പര്യമേറെ അവകാശപ്പെടാനുണ്ടെങ്കിലും കഴിഞ്ഞ വർഷം വരെ ‌പള്ളിയുടെ സ്ഥിതി പരിതാപകരമായിരുന്നു. മഴയിൽ ചോർന്നൊലിക്കുന്ന മേൽക്കൂരയുൾപ്പെടെ വിവിഐപി മസ്ജി‌ദെന്ന പെരുമയ്ക്കു നിരക്കാത്തതായിരു‌ന്നു പള്ളിയിലെ സൗകര്യങ്ങൾ. ഇത് നേരിട്ട് കണ്ടറി‌ഞ്ഞാണു യൂസഫലി പുനർനിർമാണ‌ത്തിനു മുൻ കയ്യെടുത്തത്. ആറു മാസത്തോളം നീണ്ട ജോലികൾ പൂർത്തിയായതോടെ, ഉത്തരേന്ത്യയിലെ ഏറ്റവും തലയെടുപ്പുള്ള പള്ളികളിലൊന്നായി ഇതു മാറി.

കേരളത്തിലെ ഏതെങ്കിലും പള്ളിയിൽ നോമ്പ് തുറക്കുന്ന അനുഭവമാണു പാ‌ർലമെന്റ് മസ്ജിദിൽ ലഭിക്കുന്നതെന്നു പിഐബി പിഎംഒ വിങ്ങിലെ അസിസ്റ്റന്റ് ഡയറക്ടർ കൊല്ലം സ്വദേശി നദീം പറയുന്നു. രാത്രി എട്ടുവരെ ജോലിയുള്ളതിനാൽ സ്ഥിരം നോമ്പ് തുറക്കുന്നത് ഇവിടെയാണ്. നഗര മധ്യത്തിലാണെങ്കിലും ‌ശാന്തമായ അന്തരീക്ഷം. രുചികരമായ വിഭവങ്ങൾ കൂടിയാകുമ്പോൾ ഇരട്ടി മധുരമാകുന്നു- ഇത് നദീമിന്റെ മാത്രം അഭിപ്രായമല്ല, ഇവിടെ ഇഫ്താറിനെത്തുന്നവരുടെയെല്ലാം അനുഭവമാണ്.

ഫിറോസ് അലി

OTHER STORIES
© Copyright 2015 Manoramaonline. All rights reserved.