വെറും പട്ടിണിയല്ല നോമ്പ്


ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിക്കുന്ന ആത്മീയതയുടെ കലയായ റമസാൻ വ്രതത്തിന് തുടക്കമാവുമ്പോൾ നബിതിരുമേനിയുടെ ഈ വാക്കുകൾ ആദ്യം തന്നെ മനസിൽ വയ്ക്കണം. ‘വാക്കിലും നോക്കിലും പ്രവൃത്തികളിലും നിയന്ത്ര ണം പാലിക്കാത്തവർ അന്നപാനീയങ്ങൾ ഉപേ ക്ഷിച്ച് പട്ടിണി കിടന്നാൽ അത് നോമ്പ് ആകുക യില്ല. ഹൃദയം കൊണ്ടു കൂടി ആചരിക്കാത്ത നോമ്പ് അല്ലാഹുവിന് ആവശ്യമില്ല’. എനിക്കു വേണ്ടിമാത്രം എന്റെ സൃഷ്ടി ചെയ്യുന്ന ആരാധന എന്ന് അല്ലാഹു പുകഴ്്ത്തിയ നോമ്പ് അനുഷ്ഠി ക്കുമ്പോൾ നമ്മൾ എത്രമാത്രം ജാഗ്രത പാലിക്കണമെന്ന് ഈ നബിവചനം ഓർമിപ്പിക്കുന്നു.

ചിലരുണ്ട്, അവർക്കു നോമ്പായിരിക്കും. അഥവാ അവർ ഭക്ഷണമൊന്നും കഴിക്കുന്നുണ്ടാവില്ല. പക്ഷേ വീട്ടിലോ ഓഫിസിലോ മറ്റു പൊതു സ്ഥലത്ത് എവിടെയെങ്കിലുമോ ആരെങ്കിലും ഭക്ഷണ സാധനങ്ങളുമായി അവരുടെ മുന്നിലൂടെ പോയാൽ തീർന്നു— ഞാൻ നോമ്പുകാരനാണെന്നറിയില്ലേ...? എന്റെ മുന്നിലൂടെയാണോ ഭക്ഷണവുമായി പോകുന്നത്...? ഇനി ഇതുമായി ഇതിലേ വന്നാൽ എല്ലാം വാങ്ങി വലിച്ചെറിയും... എന്നു വേണ്ട വായിൽത്തോന്നിയതൊക്കെ പറഞ്ഞു ദേഷ്യപ്പെടും. ഇങ്ങനെ ഒരാൾ നോമ്പെടുത്തതുകൊണ്ട് എന്തു പ്രയോജനം...? മറ്റു ചിലരാകട്ടെ അഞ്ചു മിനിറ്റ് ഇടവിട്ട് കാർക്കിച്ച് തുപ്പിക്കൊണ്ടിരിക്കും. അതിന് നേരവും കാലവും സദസും ഒന്നും അവർക്കു തടസ്സമാകില്ല. എന്തെങ്കിലും ചോദിച്ചാൽ നോമ്പാണ്, ഉമിനീരു പോലും ഇറക്കാൻ പാടില്ലെന്നറിയില്ലേ എന്നു ചോദിച്ച് ഒച്ചയിടും.

നോമ്പാണെന്നോർത്ത് എപ്പോഴും അങ്ങനെ തുപ്പിക്കൊണ്ടിരിക്കണമെന്നുണ്ടോ...? തുടർച്ചയായി തുപ്പുമ്പോഴാണ് വീണ്ടും വീണ്ടും ഉമിനീരുണ്ടായി വരുന്നത്. നോമ്പ് ഒരു സഹനമാണല്ലോ— അപ്പോൾ അതിന്റെ പ്രധാനഭാഗമായ വിശപ്പും സഹിക്കണം. പക്ഷേ ആ വിശപ്പ് ഒരിക്കലും കോപമോ അസഹിഷ്ണുതയോ ആയി പരിണമിക്കരുത്.

‘നമ്മുടെ സുബൈറുണ്ടല്ലോ, അവന് എന്തു പറ്റിയിട്ടാണ് നോമ്പു വയ്ക്കാത്തത്...? വെറും മടി. നസീറിനോട് ഞാൻ പള്ളിയിൽ വരാൻ എന്നും പറയും, പക്ഷേ വരില്ല. അവനൊക്കെ വന്നാ എന്താ...?’ നോമ്പുകാരനായ ഞാൻ വീട്ടിലും പള്ളിയിലും നാട്ടിലുമൊക്കെ പറഞ്ഞു നടക്കുന്നതാണിത്. എനിക്കു നോമ്പായിരിക്കും. പള്ളിയിലും പോകും. പക്ഷേ, ഇങ്ങനെയൊക്കെ പറഞ്ഞു നടന്നിട്ട് എന്റെ നോമ്പുകൊണ്ട് എന്താണു കാര്യം...? ആർക്കാണ് അതുകൊണ്ടു ഗുണം....?

ആരെങ്കിലും ഇങ്ങോട്ടു വഴക്കുണ്ടാക്കാൻ വരികയോ ചീത്ത പറയുകയോ മോശം കാര്യങ്ങൾക്കു ക്ഷണിക്കുകയോ ഒക്കെ ചെയ്താൽ ഞാൻ നോമ്പുകാരനാണെന്നു പറഞ്ഞ് ഒഴിഞ്ഞു പൊയ്ക്കൊള്ള ണമെന്നാണു നബി പഠിപ്പിക്കുന്നത്. വിശ്വാസവും പ്രവൃത്തിയും രണ്ടു വഴിക്കു സഞ്ചരിക്കുമ്പോഴാണ് നോമ്പിന്റെ ചൈതന്യം നമുക്കു നഷ്ടമാകുന്നത്. ആരാധന ആത്മാർഥമാകുന്നതിനു പകരം അലങ്കാര മാകുമ്പോൾ റമസാൻ മാസത്തിൽ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്ന അളവില്ലാത്ത പ്രതിഫല ത്തിന്റെ അവകാശികളിൽ നമ്മൾ ഉൾപ്പെടാതെ പോകുന്നു. വിശ്വാസത്തെ ശാക്തീകരിക്കാനും കർമങ്ങളിലൂടെ അനുഗ്രഹങ്ങൾ നേടാനുമാവണം ഇനിയുള്ള ഒരുമാസത്തെ ശ്രമങ്ങൾ.

അബ്ദുൽ ജലീൽ

OTHER STORIES
© Copyright 2015 Manoramaonline. All rights reserved.