മുറിവുകൾ പൂക്കളാണ്...


സുഖദമായ ജീവിതമാണ് മിക്കവരുടെയും സ്വപ്നം. അല്ലലില്ലാതെ ജീവിച്ചുപോവുക. ഓരോ ദിനവും എണ്ണമറ്റ അനുഭവങ്ങളുടെ തിരയേറ്റത്തിൽ മുങ്ങുമ്പോഴും കടന്നുപോകാനുള്ള ലളിതവിദ്യകൾ മാറിയും മറിഞ്ഞും പ്രയോഗിച്ചുകൊണ്ടേയിരിക്കുക. ഈ അതിവിദ്യകളൊന്നും ഫലവത്താകാത്ത പുനരുത്ഥാനത്തിന്റെ ദിനം വരാനുണ്ട്.

ആ ദിനത്തെ ക രുതി ദൈവസ്മരണയുടെ ഇരമ്പം ഹൃദയത്തിൽ ഉറപ്പിച്ച മഹത്തുക്കളുണ്ട്. ഇമാം അഹ്മദ്ബ്നു ഹൻബൽ കഠിനമായ ജീവിതയാഥാർഥ്യങ്ങളോടു പൊരുതിയും വേദനപേറിയു മാണ് ജീവിതത്തിനു മേൽ സത്യത്തിന്റെയും വിശ്വാസത്തിന്റെ പതാക നാട്ടിയത്. ബാഗ്ദാദിൽ മുഅ്തസിലികൾ അധികാരമേറ്റതോടെ അദ്ദേഹത്തെ അവർ സമീപിച്ചു.

വിശുദ്ധ ഖുർആൻ രചനയാണെന്ന അവരുടെ വാദത്തിനൊപ്പം നിൽക്കാൻ അദ്ദേഹത്തെ അവർ ക്ഷണിച്ചു. ഒരു ശ്വാസം കൊണ്ടുപോലും ആ വാദത്തോടുചേർന്നു നിൽക്കാൻ ഒരുക്കമല്ലാത്തെ അദ്ദേഹത്തിന് അവർ കഠിനശിക്ഷയാണു വിധിച്ചത്. പീഡനക്കൂട്ടിൽ നിന്ന് ചമ്മട്ടിപ്രഹരങ്ങൾ ഏൽക്കവേ അദ്ദേഹത്തിന്റെ കുപ്പായത്തിന്റെ ചരട് അഴിഞ്ഞുവീണുപോവുകയാണ്.

ബന്ധിക്കപ്പെട്ട കരങ്ങൾ അദ്ദേഹത്തിനു തുണയാവാതിരുന്നപ്പോൾ മറ്റൊരു കരമെത്തി ആ കുപ്പായങ്ങളെ ചേർത്തുപിടിച്ചു. ആ വിസ്മയാനുഭവം കണ്ട് മുഅ്തസിലികൾ ഞെട്ടിപ്പോയി. അവർ അദ്ദേഹത്തിനു വിടുതൽ നൽകി.

മരണമെത്തുന്ന നേരത്ത് ആ മുറിവുകളുടെ നോവ് അദ്ദേഹത്തിനുണ്ടായിരുന്നു. ‘ഈ മുറിവുകളുടെ പേരിൽ പുനരുത്ഥാനനാളിൽ ഞാൻ അവരിൽ നിന്നു നഷ്ടദ്രവ്യം തേടുകയേയില്ല.’ ഉറച്ച സ്വരത്തിൽ അദ്ദേഹം പ്രിയപ്പെട്ടവരോടു പറഞ്ഞു. വിശ്വാസത്തിന്റെ കരുത്തിൽ ജീവിതത്തിലെ കഠിനപരീക്ഷണങ്ങളെ മറികടക്കുന്നവർക്ക് ലളിതയുക്തികളിൽ വിശ്വാസമില്ല. അവരുടെ വഴി വെളിച്ചത്തിന്റേതാണ്. ആ വഴിയിൽ ഏൽക്കുന്ന മുറിവുകൾ പൂക്കളാണ്.

എസ്. കമർ

OTHER STORIES
© Copyright 2015 Manoramaonline. All rights reserved.