അനുഗ്രഹം പെയ്യുന്ന ലൈലത്തുൽ ഖദ്ർ


വിശുദ്ധ റമസാനിലെ അവസാന ദിവസങ്ങളിലെ രാവുകൾ പ്രത്യേകം പ്രാധാന്യമുള്ളവയാണ്. ആയിരം മാസങ്ങൾ ഒരാൾ പുണ്യങ്ങൾ ചെയ്താൽ ലഭിക്കുന്നത്ര പ്രതിഫലം ഈ ദിനങ്ങളിലെ ഒരു പ്രത്യേക രാവിൽ വിശ്വാസികൾക്കു നൽകുമെന്ന താണ് ഈ രാത്രികളുടെ സവിശേഷത. ആയിരം മാസങ്ങളേക്കാൾ മഹത്വമുള്ളതാണ് ‘വിധിനിർണയ രാവ്’ എന്നറിയപ്പെടുന്ന ‘ലൈലത്തുൽ ഖദ്ർ’. ലൈലത്തുൽ ഖദ്ർ എന്നാൽ ‘നിർണയത്തിന്റെ രാത്രി’ എന്നാണർഥം. നന്മകളും വിജയങ്ങളും നിർണയിക്കപ്പെടുന്ന രാവാണിത്. പ്രഭാതം വരെ അനന്യസാധാരണമായ ശാന്തികൊണ്ടു വിളങ്ങുന്ന ലൈലത്തുൽ ഖദ്ർ ദൈവത്തിങ്കൽനിന്ന് അസംഖ്യം അനുഗ്രഹങ്ങൾ നേടിയെടുക്കാൻ അവസരമൊരു ക്കുന്ന ശുഭവേളയാകുന്നു.

ദൈവികപ്രീതി ലക്ഷ്യംവച്ച് പ്രാർഥനാനിരതരാകുന്നവർ പാഴാക്കാൻ പാടില്ലാത്ത അസുലഭ സന്ദർഭ മാണ് അത്യുൽകൃഷ്ടമായ ഈ രാത്രി പ്രദാനം ചെയ്യുന്നത്. പ്രബല അഭിപ്രായ പ്രകാരം റമസാൻ അവസാന പത്തിലെ 21, 23, 25, 27, 29 രാവുകളിലാണ് ഇൗ അനുഗൃഹീത രാത്രി പ്രതീക്ഷിക്കാവുന്നത്. ഖുർആൻ വ്യാഖ്യാതാക്കളിൽ മുഖ്യനായ ഇബ്നു അബ്വാസ് വ്യക്തമാക്കുന്നത്, റമസാൻ 27 ന്റെ രാവിലാണ് ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കേണ്ടതെന്നാണ്.

ലൈലത്തുൽ ഖദ്ർ ഏതു രാവിലാണെന്നു വ്യക്തമായി വെളിപ്പെടുത്തിയിട്ടില്ല. സഹീഹുൽ ബുഖാരിയിൽ വിവരിച്ച ഒരു ഹദീസ് ഇങ്ങനെ: ‘നബി തിരുമേനി ലൈലതുൽ ഖദ്ർ വെളിപ്പെടുത്താൻ വന്നപ്പോൾ രണ്ടു വിശ്വാസികൾ തമ്മിൽ വഴക്കുണ്ടാക്കുന്നതു കണ്ടു. അപ്പോൾ നബി പറഞ്ഞു: ലൈലത്തുൽ ഖദ്റിനെക്കുറിച്ചു പറയാനായിരുന്നു ഞാൻ വന്നത്. അപ്പോഴാണ് രണ്ടു പേർ തമ്മിൽ ശണ്ഠ കൂടിയത്. അതിനാൽ, ആ വിവരം എന്നിൽനിന്ന് ഉയർത്തപ്പെട്ടു. ഒരുപക്ഷേ, അതു നിങ്ങൾക്ക് നന്മയായേക്കാം’.

ലൈലതുൽ ഖദ്റിനെ റമസാനിലെ അവസാന ഏഴു ദിനങ്ങളിൽ പ്രതീക്ഷിക്കാമെന്ന മറ്റൊരു നബി വചനവുമുണ്ട്. വിശ്വാസികൾക്ക് അല്ലാഹു വാഗ്ദാനം ചെയ്ത വിവരണാതീത സമ്മാനമായ ലൈലത്തുൽ ഖദ്ർ റമസാനിലെ അവസാന പത്തു ദിനങ്ങളിലെ ഒറ്റയായ രാവുകളിലാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഖുർആൻ അവതരിപ്പിക്കപ്പെട്ട രാവു കൂടിയാണ് ലൈലതുൽ ഖദ്ർ. ലൈലത്തുൽ ഖദ്റിനെക്കുറിച്ച് പ്രത്യേകമായൊരു അധ്യായംതന്നെയുണ്ട് ഖുർആനിൽ. ‘നിശ്ചയം നാം ഇതിനെ (ഖുർആനിനെ) ലൈലത്തുൽ ഖദ്റിൽ അവതരിപ്പിച്ചിരിക്കുന്നു. ലൈലത്തുൽ ഖദ്ർ എന്താണെന്ന് നിങ്ങൾക്കറിയാമോ? ആയിരം മാസങ്ങളേക്കാൾ ഉത്തമമാകുന്നു അത്. മാലാഖമാരും ആത്മാവും ദൈവാനുമതിപ്രകാരം എല്ലാ കാര്യങ്ങളുമായി അന്ന് ഇറങ്ങിവരുന്നു. പ്രഭാതോദയംവരെ അത് സമാധാനമത്രെ’ (97:15).

വിശ്വാസിയെ സംബന്ധിച്ചിടത്തോളം ലൈലത്തുൽ ഖദ്റിനുള്ള പ്രാധാന്യം വിവരണാതീതമാണ്. മുഹമ്മദ് നബിയുടെ സമുദായത്തിനുള്ള പാരിതോഷികമായാണ് ഇൗ സവിശേഷ രാവിനെ അല്ലാഹു പരിചയപ്പെടുത്തുന്നത്. ആയുർദൈർഘ്യം കൂടുതലുള്ളവരായിരുന്നു മുൻകാല സമുദായങ്ങൾ. ഇക്കാരണത്താൽത്തന്നെ നൂറ്റാണ്ടുകളോളം ദൈവാരാധന നടത്താൻ അവർക്കു കഴിഞ്ഞു. എന്നാൽ, 60നും 70നും ഇടയിലാണ് മുഹമ്മദീയ സമുദായത്തിന്റെ ആയുസ്സ് (ഹദീസ്). ആരാധനകളുടെ കാര്യത്തിൽ മുൻകാല സമുദായങ്ങളുമായി കിടപിടിക്കുവാനും അവരെ മറികടക്കുവാനും ലൈലത്തുൽ ഖദ്ർ
സഹായിക്കുന്നു.

ശരാശരി മനുഷ്യൻ തന്റെ ആയുഷ്കാലമത്രയും ആരാധനാ കർമങ്ങൾക്കായി ചെലവഴിച്ചാലും നേടിയെടുക്കാൻ കഴിയാത്ത മഹത്വം ലൈലത്തുൽ ഖദ്റിന്റെ ഒരേയൊരു രാത്രിയിലൂടെ നേടിയെടുക്കാനാകും. അറുപതും എഴുപതും വർഷം മാത്രം നീണ്ടുനിൽക്കുന്ന നമ്മുടെ ജീവിതചക്രത്തെ ഇൗ ഒരൊറ്റ രാത്രികൊണ്ട് കവച്ചുവയ്ക്കാൻ കഴിയുന്നത് ഇക്കാരണത്താലാണ്.

നബി തിരുമേനി ഒരിക്കൽ ബനൂ ഇസ്റാഈൽ സമുദായത്തിലെ ഒരു യോദ്ധാവിനെ അനുയായികൾക്കു പരിചയപ്പെടുത്തി. ശക്തനായ ഈ യോദ്ധാവിനു മുന്നിൽ നിരന്തര പരാജയം നേരിട്ട ശത്രുക്കൾ ഭർത്താവിനെ കീഴടക്കാൻ തങ്ങൾക്ക് അവസരമൊരുക്കിത്തന്നാൽ സമ്പത്ത് നൽകാമെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ഭാര്യയെ പ്രലോഭിപ്പിച്ചു. ഭാര്യയുടെ വഞ്ചനയ്ക്കു വിധേയനായി ശത്രുസൈന്യം യോദ്ധാവിനെ കീഴടക്കുന്നു. ഈ സമയം തന്റെ രക്ഷയ്ക്കായി ഇയാൾ അല്ലാഹുവിനോടു പ്രാർഥിക്കു കയും പ്രാർഥന കേട്ട അല്ലാഹു രക്ഷപ്പെടാനുള്ള വഴി കാണിക്കുകയും ചെയ്തു. ഇതുപോലെ നമ്മുടെ പ്രാർഥനയ്ക്ക് ഉത്തരം കിട്ടാൻ എന്തു ചെയ്യണമെന്ന് അനുയായികൾ പ്രവാചകനോടു ചോദിച്ചു. ഒരു രാത്രികൊണ്ട് തന്നെ ആയിരം മാസത്തേക്കാൾ പ്രതിഫലം ലഭിക്കുന്ന ദിനങ്ങളാണു റമസാനിലുള്ളതെന്നു പ്രവാചകൻ വിശദീകരിച്ചു.

റമസാനിലെ അവസാന പത്തു ദിനങ്ങൾ പ്രവാചകൻ പ്രത്യേകമായി ആരാധനകൾക്കു തയാറെടുക്കു മായിരുന്നു. എന്നാൽ പ്രതിഫലങ്ങളുടെ ആ പവിത്ര രാവ് എന്നാണെന്നു പ്രവാചകൻ വ്യക്തമായി പറഞ്ഞുതരാത്തതു റമസാൻ മുഴുവനും നഷ്ടപ്പെടുത്താതെ ജീവസുറ്റതാക്കാൻ വേണ്ടിയാണ്. പ്രവാചകൻ പറഞ്ഞു: ‘സത്യവിശ്വാസം ഉൾക്കൊണ്ടും പ്രതിഫലം കാംക്ഷിച്ചും ആരെങ്കിലും ലൈലതുൽ ഖദ്റിൽ നമസ്കരിച്ചാൽ അയാളുടെ കഴിഞ്ഞകാല പാപങ്ങളെല്ലാം പൊറുക്കപ്പെടും’.

മുബാറക്

OTHER STORIES
© Copyright 2015 Manoramaonline. All rights reserved.