മർഹബൻ യാ ശഹറു റമസാൻ...

റമസാൻ ക്ഷമയുടെ മാസമാണ്.
ക്ഷമയുടെ പ്രതിഫലം സ്വർഗമാണ്.
— മുഹമ്മദ് നബി

അല്ലാഹുവേ, റജബിലും ശഅബാനിലും ഞങ്ങൾക്കു നീ ബർക്കത്ത് ചെയ്യേണമേ... റമസാനിലേക്ക് ഞങ്ങളെ നീ എത്തിക്കേണമേ... റമസാനിലേക്കു കൂടി ആയുസ്സുതേടി കരളുരുകി പ്രാർഥിച്ച വിശ്വാസികൾക്കായി പുണ്യറമസാൻ സമാഗതമായിരിക്കുന്നു. ജപമാലയിൽ കോർത്ത പളുങ്കുമണികൾ പോലെ വിശുദ്ധിയുടെ നിമിഷങ്ങൾ പെയ്തിറങ്ങുന്ന
നോമ്പുകാലം.

ഇരവും പകലുമില്ലാത്ത പ്രാർഥനകളുടെ ഋതു. നൻമകളിലേക്കുള്ള ക്ഷണമാണ് ഓരോ റമസാനും. കൈവിട്ടുപോയ ജീവിതം വീണ്ടെടുക്കാനുള്ള അസുലഭാവസരം. പ്രാർഥനകളിലൂടെ നവീകരിക്കപ്പെടുന്നതിനുള്ള വേള. റമസാൻ പുലരുന്നതോടെ
സ്വർഗീയ കവാടങ്ങൾ തുറക്കപ്പെടുകയും നരകവാതിലുകൾ അടയ്ക്കപ്പെടുകയും പിശാച് ബന്ധനസ്ഥനാക്കപ്പെടുകയും ചെയ്യുമെന്ന നബി വചനത്തിന്റെ പൊരുളും ഇതുതന്നെ.

നല്ല ചെയ്തികളിലൂടെ മാലാഖമാരോളം ഉയരാനും വിവേചനബുദ്ധിയില്ലാത്ത പ്രവൃത്തികൾ വഴി മൃഗങ്ങളേക്കാൾ അധഃപതിക്കാനും മനുഷ്യനു കഴിയും. എന്നാൽ പാപം ചെയ്തവരെ പുറംതള്ളാതെ പശ്ചാത്തപിച്ചു മടങ്ങുന്നതിനുള്ള അവസരം നൽകി തിരിച്ചെടുക്കുകയാണ് റമസാൻ എന്ന പുണ്യമാസത്തിലൂടെ. ‘ആദമിന്റെ സന്തതികൾ തെറ്റു ചെയ്യുന്നവരാണ്. പാപമോചനം തേടുന്നവരാണു തെറ്റുകാരിൽ ഉത്തമർ’ എന്ന നബി വചനം സാക്ഷ്യം. റമസാനിൽ ജീവിച്ചിട്ടും പാപമുക്തി നേടാൻ സാധിക്കാത്തവരെ ദൗർഭാഗ്യവാന്മാരെന്നാണ് പ്രവാചകൻ വിശേഷിപ്പിച്ചത്. നബി പറഞ്ഞു: ‘ഒരാൾ റമസാനിൽ പ്രവേശിച്ചിട്ടും പാപമോചിതനായില്ലെങ്കിൽ പിന്നെ എപ്പോഴാണ് അതിനു സാധിക്കുക?’

ലക്ഷ്യം സമൂല പരിവർത്തനം
ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളിൽ നാലാമത്തേതാണു നോമ്പ്. വിശപ്പാണു റമസാൻ വ്രതത്തിന്റെ ബാഹ്യതലമെങ്കിൽ വ്യക്തിയുടെ സമൂല പരിവർത്തനമാണ് അതിന്റെ ആന്തരിക വശം. സൃഷ്ടാവിന്റെ കൽപന പ്രകാരം പകൽ മുഴുവൻ അന്നപാനീയങ്ങൾ വെടിയുന്ന വിശ്വാസിക്ക് ജീവിതമാകെ പട്ടിണിയും നോവുകളുമായി കഴിയുന്ന സഹജീവികളെ കണ്ടില്ലെന്നു നടിക്കാൻ കഴിയുമോ? പണ്ഡിതനും പാമരനും മാത്രമല്ല സമ്പന്നനും ദരിദ്രനും ഒരുപോലെ വ്രതം നിർബന്ധമാണ്. സമ്പത്തിൽ അഹങ്കരിക്കുന്നവന് തന്റെ സഹോദരങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ തിരിച്ചറിയാനുള്ള കാലം. വിശുദ്ധിയുടെ ഈ മഹത്തായ കാലപ്പകർച്ചയ്ക്ക് പ്രവാചകൻ നൽകിയ പേരുതന്നെ പരസ്പര സഹകരണത്തിന്റെ മാസം എന്നാണ്.

അല്ലാഹുവിന്റെ മാർഗത്തിലെ ത്യാഗം
നമസ്കാരംപോലെ ശരീരം കൊണ്ടുള്ളതാണ് നോമ്പെങ്കിലും മനസ്സിനെ വിമലീകരിക്കുക യാണു നോമ്പിന്റെ മുഖ്യധർമം. ശരീരത്തെ ആത്മപീഡയിലേക്കു നയിക്കുകയല്ല നോമ്പിന്റെ പൊരുൾ. പ്രിയപ്പെട്ടതും ഹിതമായതും അല്ലാഹുവിന്റെ മാർഗത്തിൽ ത്യജിക്കുന്ന വിശുദ്ധിയാണ് ഈ പുണ്യമാസത്തിന്റെ സന്ദേശം. ആമാശയത്തിനപ്പുറം എല്ലാ അവയവങ്ങൾക്കും അതിൽ പങ്കുണ്ട്. കണ്ണും കാതും മാത്രമല്ല, ഹൃദയവും വ്രതഭരിതമാകണം. ഏതാനും സമയം പട്ടിണി കിടക്കുന്നതിനപ്പുറം ശരീരത്തെയും മനസ്സിനെയും കൃത്യമായ ഒരു ജീവിതനിഷ്ഠയിലേക്ക് പറിച്ചുനടുന്നതിനുള്ള പരിശീലനമാണിത്. ചിന്തകളിലെയും പെരുമാറ്റത്തിലെയും വീഴ്ചകൾ പോലും വ്രതത്തിന്റെ പുണ്യം നഷ്ടപ്പെടുത്തും. ഭൗതികജീവിതത്തിലെ പ്രതാപചിഹ്നഹ്നങ്ങളോ സ്ഥാനമാനങ്ങളോ അല്ല, പാരത്രിക ജീവിതത്തിലെ സ്വർഗീയാനുഗ്രഹമാണ് മുഖ്യസ്ഥാനമെന്നു മനസ്സിലുറപ്പിക്കുന്നവർക്കു മാത്രമേ ഈ പരീക്ഷണത്തിൽ വിജയം നേടാൻ കഴിയൂ. എല്ലാ ആരാധനകളും ആത്യന്തികമായി ദൈവപ്രീതി നേടാനുള്ളതാണെങ്കിലും നോമ്പിനെകുറിച്ച് ‘അതെനിക്കുള്ളതാണ്’ എന്ന് അല്ലാഹു വ്യക്തമാക്കിയ തായി മുഹമ്മദ് നബി ഓർമപ്പെടുത്തിയിട്ടുണ്ട്.

ഖുർആൻ അവതരിച്ച മാസം
റമസാന്റെ ഏറ്റവും വലിയ മഹത്വം വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസം എന്നതു തന്നെ. ഖുർആൻ അവതീർണമായ ‘വിധി നിർണയ രാവ് അഥവാ ലൈലത്തുൽ ഖദ്ർ’ എന്നറിയപ്പെടുന്ന വിശുദ്ധ രാത്രി റമസാനിലാണ്. വിശ്വാസികൾ കാത്തിരിക്കുന്ന, ആയിരം മാസങ്ങളേക്കാൾ ശ്രേഷ്ഠതയേറിയ രാത്രി. പവിത്രമായ ബദ്ർ പോരാട്ടം നടന്നതും
വിശുദ്ധ റമസാനിലായിരുന്നു. ധർമവും അധർമവും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു അത്. റമസാനിന്റെ മഹത്വങ്ങൾ പറഞ്ഞുതീർക്കാൻ കഴിയുന്നതിലപ്പുറമാണ്. നബി പറഞ്ഞു: ‘റമസാന്റെ മഹത്വം എന്റെ സമുദായം മനസ്സിലാക്കിയിരുന്നുവെങ്കിൽ കാലം മുഴുവൻ റമസാൻ ആകാൻ അവർ കൊതിക്കുമായിരുന്നു’.

പരക്കുന്നു, പ്രാർഥനാ സുഗന്ധം
റമസാൻ പുലരുന്നതോടെ മസ്ജിദുകളും ഭവനങ്ങളും ഇടതടവില്ലാതെ പ്രാർഥനയുടെ സുഗന്ധത്താൽ നിറയും. പള്ളികൾ വിശ്വാസികളെക്കൊണ്ടു നിറയും. അകത്തളങ്ങൾ ഖുർആൻ ഈരടികളാൽ മുഖരിതമാകും. സുന്നത്തായ കർമത്തിനു നിർബന്ധകർമം ചെയ്ത പ്രതിഫലവും നിർബന്ധ കർമത്തിന് എഴുപതിരട്ടി പ്രതിഫലവും ലഭിക്കുന്ന പുണ്യമാസത്തിലെ ഒരുനിമിഷം പോലെ നഷ്ടപ്പെടാതിരിക്കാൻ വിശ്വാസികൾ നേരത്തേ തന്നെ മനസ്സുറപ്പിച്ചിരിക്കും. നിർബന്ധ നമസ്കാരങ്ങൾക്കു പുറമെ ഖുർആൻ പാരായണം, തറാവീഹ് (റമസാൻ രാത്രികളിലെ പ്രത്യേക നമസ്കാരം), ഇഅ്തികാഫ്
(പള്ളിയിൽ ഭജനയിരിക്കൽ), ദാനധർമം തുടങ്ങിയവയിലും അവരുടെ ദിനരാത്രങ്ങൾ നിറയുന്നു. റമസാനിൽ മാത്രം നൽകേണ്ടതല്ല സക്കാത്തെങ്കിലും ഏറ്റവും പുണ്യമേറിയ കാലമെന്ന നിലയിൽ സക്കാത്ത് വിതരണം റമസാനിൽ കൂടുതലായി
നടക്കും. ധനികരുടെ ഒൗദാര്യമായിട്ടല്ല ഇസ്ലാം സക്കാത്തിനെ പരിചയപ്പെ ടുത്തുന്നത്, ദരിദ്രരുടെ അവകാശമായാണ്. ഇതിനെല്ലാറ്റിനുമൊപ്പം നോമ്പുതുറയിലും വിശുദ്ധി കാത്തുസൂക്ഷിക്കണമെന്ന് മതപണ്ഡിതർ നിർദേശിക്കുന്നു. സൗഹാർദവും
സമഭാവനയും നിറയുന്നതാകണം ഇഫ്താർ വിരുന്നുകൾ. ലാളിത്യം അതിന്റെ മുഖമുദ്രയാകണം.

വിശ്വാസം ജീവിതത്തിന്റെ അർഥവും മാർഗവും ലക്ഷ്യവും നിർണയിക്കുന്നു. പെരുമാറ്റരീതികൾ മെച്ചപ്പെടുത്താനും നിയന്ത്രണങ്ങൾ പാലിക്കാനും അതു നിർബന്ധിക്കുന്നു. അതുവഴി ലഭിക്കുന്ന ആത്മീയതയുടെയും സദാചാരത്തിന്റെയും
തിളങ്ങുന്ന മുഖമാണു വിശ്വാസിയുടെ സൗന്ദര്യം. റമസാനിൽ നേടിയ പരിശുദ്ധി അടുത്ത റമസാൻ വരേയ്ക്കും നിലനിർത്തുകയാണ് വിശ്വാസിയുടെ കടമ. ഒരാൾ വിശ്വാസത്തോടെയും പ്രതിഫലം ആഗ്രഹിച്ചും റമസാനിൽ നോമ്പ് അനുഷ്ഠിച്ചാൽ അവന്റെ കഴിഞ്ഞകാല പാപങ്ങൾ പൂർണമായും പൊറുക്കപ്പെടുമെന്നാണു പ്രവാചകൻ പഠിപ്പിച്ചിട്ടുള്ളത്.

നബി തിരുമേനി പറഞ്ഞു: ‘നോമ്പ് ഒരു ചര്യയാണ്. നിങ്ങളിലാരെങ്കിലും വ്രതമനുഷ്ഠിക്കുന്ന പക്ഷം അവൻ ചീത്തവാക്കുകൾ പറയരുത്. ഉച്ചത്തിൽ സംസാരിക്കരുത്. അവനെ വല്ലവരും ശകാരിക്കുകയോ വല്ലവരും അവനോട്
ശണ്ഠയ്ക്കു വരികയോ ചെയ്താൽ ഞാൻ നോമ്പുകാരനാണെന്ന് അവൻ പറഞ്ഞുകൊള്ളട്ടെ’.

വിഎംആർ

OTHER STORIES
© Copyright 2015 Manoramaonline. All rights reserved.