പഞ്ചവാദ്യലഹരിയില്‍ മഠത്തില്‍ വരവ്

മേളത്തിന്റെ സ്വരമാധുരി അറിയിച്ചുകൊണ്ടാണ് മഠത്തില്‍ വരവ്. പഞ്ചവാദ്യത്തിന്റെ കുഴല്‍വിളികളില്‍ മേളപ്രേമികളുടെ മനംകുളിര്‍ക്കുന്ന മുഹൂര്‍ത്തം. മേളത്തിനൊപ്പം വായുവിലുയര്‍ന്നു ചാടി കേള്‍വിക്കാരന്‍ ആവേശത്താളം മുറുക്കുന്നു. മഠത്തില്‍വരവിന്റെ പഞ്ചവാദ്യം അനുഭൂതി പടര്‍ത്തുന്ന അനുഭവമാണ്.

പുലര്‍ച്ചെ ഏഴുമണിയോടെ തിരുവമ്പാടിയുടെ എഴുന്നള്ളിപ്പിനു തുടക്കമാകുന്നതോടെയാണ് പൂരം ഉണരുക. തിരുവമ്പാടിയുടെ എഴുന്നള്ളിപ്പ് സ്വരാജ് റൌണ്ടിലൂടെ പഴയമഠത്തിലെ ബ്രഹ്മസ്വം മഠത്തിലെത്തുമ്പോള്‍ അവിടെ ഇറക്കിപ്പൂജയുണ്ട്. അവിടെനിന്നാണ് ശ്രീവടക്കുംനാഥ ക്ഷേത്രത്തിലേക്കുള്ള പ്രശസ്തമായ മഠത്തില്‍വരവ്.

തിടമ്പേറ്റുന്ന ഗജവീരനൊപ്പം പതിനഞ്ചോളം ആനകളാണ് മഠത്തില്‍ വരവിന് അണിനിരക്കുക. മഠത്തില്‍നിന്ന് ആചാരവെടി മുഴങ്ങുന്നതോടെ മൂന്നുതവണ ശംഖനാദം മുഴക്കി പഞ്ചവാദ്യത്തിന് തുടക്കമാകുന്നു. പിന്നെ പഞ്ചവാദ്യത്തിന്റെ നിലയ്ക്കാത്ത നാദപ്രവാഹമാണ്. നടവഴികളില്‍ ആരവംതീര്‍ത്ത് മഠത്തില്‍വരവ് മുന്നേറുന്നു.

ജനനിബിഡമായ വഴിയോരങ്ങള്‍ പിന്നിട്ട് വൈകിട്ട് നാലുമണിയോടെ മഠത്തില്‍ വരവ് പടിഞ്ഞാറേ ഗോപുരനടയിലെത്തുന്നു. മേളക്കാര്‍ വടക്കുംനാഥനെയും തിരുവമ്പാടി കണ്ണനെയും ഭഗവതിയെയും തൊഴുത് തിമിലയഴിക്കുമ്പോള്‍ മഠത്തില്‍ വരവ് നിര്‍വൃതി മായാത്ത അനുഭവമായി മനസ്സില്‍ പറ്റിച്ചേരും.

കൊഴുപ്പ് കൂട്ടാന്‍ ഘടകപൂരങ്ങള്‍
പൂരക്കമ്പക്കാര്‍ക്ക് ആവേശത്തിന്റെ ആദ്യപടിയാകുന്നത് കൊച്ചുപൂരങ്ങളാണ്. വടക്കുന്നാഥന്റെ തിരുനടയിലേക്ക് ഈ ഘടകപൂരങ്ങളുടെ എഴുന്നള്ളത്ത് പൂരത്തിന്റെ പെരുമയുടെ ഭാഗമാണ്. മേളക്കൊഴുപ്പും ദേവീദേവന്മാരുടെ എഴുന്നള്ളത്തും പകരുന്ന കാഴ്ചകളില്‍ നഗരം മതിമയങ്ങും. ലാലൂര്‍ പൂരം, പനമുക്കുംപിള്ളി പൂരം, കാരമുക്ക് പൂരം, ചൂരക്കോട്ടുകാവ് പൂരം, നെയ്തലക്കാവ് പൂരം, അയ്യന്തോള്‍ പൂരം, കണിമംഗലം പൂരം, ചെമ്പൂക്കാവ് പൂരം എന്നിവയാണ് ഘടകപൂരങ്ങള്‍.