പൂരത്തെ സ്വാഗതം ചെയ്ത് പൂരമരങ്ങള്‍

നിബിഡമായ വനമായിരുന്നു പണ്ട് തേക്കിന്‍കാട് മൈതാനം. പല തരം വന്യമൃഗങ്ങള്‍ വസിച്ചിരുന്ന ഇടം. വടക്കുന്നാഥ ക്ഷേത്രത്തിനു ചുറ്റുമുള്ള നൂറേക്കറോളം വരുന്ന ചെറുകുന്ന് നിറയെ വൃക്ഷങ്ങള്‍. ശക്തന്‍ തമ്പുരാന്‍ പിന്നീട് കാട് വെട്ടിത്തെളിച്ച് മൈതാനം നിരപ്പാക്കിയെങ്കിലും തേക്കിന്‍കാട്ടെ  അവശേഷിക്കുന്ന മരങ്ങള്‍ പലതും പൂരങ്ങള്‍ ഏറെ കണ്ടവയാണ്.  

തേക്കും ആല്‍മരവും ഇലഞ്ഞിയും പ്ലാവും  ചുരുളിയും പൂമരവുമെല്ലാം  പൂരത്തെ സ്വാഗതം ചെയ്ത് കാറ്റിലാടി ഉലയുന്ന കാഴ്ചയാണ് ഇപ്പോള്‍ പൂരപ്പറമ്പില്‍. വെറും കാഴ്ചക്കാരായി ഒതുങ്ങി നില്‍ക്കുന്നവരല്ല പൂരപ്പറമ്പിലെ ഈ മരങ്ങള്‍. ഓരോ മരവും പൂരത്തിന് തങ്ങളുടേതായ പങ്കു വഹിക്കുന്നു. ഇലഞ്ഞിത്തറ മേളത്തിനു താളം പിടിക്കുന്ന ഇലഞ്ഞി പടിഞ്ഞാറേ ഗോപുരത്തിനുള്ളില്‍ പച്ചപ്പു വിരിച്ച് തളിരിട്ടു നില്‍പ്പുണ്ട്.

ശ്രീമൂല സ്ഥാനത്തെ ആല്‍ മരത്തിന് അല്‍പം ക്ഷീണമുണ്ടെങ്കിലും പൂരാവേശത്തിനു കുറവില്ല. വെടിക്കെട്ടു സമയത്ത് ആകാശത്തേക്ക് ഉയര്‍ന്നു പൊങ്ങുന്ന ചീളുകളും പൊടിപടലങ്ങളും തടഞ്ഞു നിര്‍ത്തുന്ന ചുമതലയാണ് പൂമരങ്ങള്‍ക്കും ആലിനും ചുരുളിക്കുമെല്ലാം. എല്ലാവരും പൂരത്തിന് ഒരുക്കം നേരത്തേ തുടങ്ങി.

ഇലഞ്ഞിമരം
പൂരത്തിനു സാക്ഷ്യം വഹിക്കുന്ന മരങ്ങളില്‍ പ്രധാനി വടക്കുന്നാഥ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തിനുള്ളിലെ ഇലഞ്ഞി മരം തന്നെ. വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഇവിടെയുണ്ടായിരുന്ന  ഇലഞ്ഞിമരം കടപുഴകി വീണത്.

പിന്നീട്  കെഎഫ്ആര്‍ഐയില്‍നിന്നു കൊണ്ടുവന്നു നട്ട ഇലഞ്ഞിയാണ് ഇപ്പോള്‍ ഇലഞ്ഞിത്തറമേളത്തിനു സാക്ഷി. വടക്കുന്നാഥ ക്ഷേത്രത്തില്‍ പണ്ട് പാറമേക്കാവ് ഭഗവതിയുടെ പ്രതിഷ്ഠ ഉണ്ടായിരുന്ന സ്ഥലത്താണ് ഇലഞ്ഞി മരം സ്ഥാപിച്ചത്. പ്രതിഷ്ഠ  പാറമേക്കാവ് ക്ഷേത്രത്തിലേക്കു മാറ്റിയ ശേഷമാണ് പൂരം ആരംഭിച്ചത്.  പൂരം തുടങ്ങിയപ്പോള്‍ അവിടെ ഒരു ഇലഞ്ഞി നട്ട് ഇലഞ്ഞിത്തറമേളം  ആ മരത്തോടു ചേര്‍ന്ന് നടത്താന്‍ ആരംഭിച്ചു.

ശ്രീമൂല സ്ഥാനത്തെ ആല്‍
പൂരം കഴിഞ്ഞ് പാറമേക്കാവ്, തിരുവമ്പാടി ദേവിമാര്‍ ഉപചാരം ചൊല്ലി പിരിയുന്നതിനു സാക്ഷിയാണ്  പടിഞ്ഞാറേ നടയിലെ ശ്രീമൂല സ്ഥാനത്തെ ആല്‍ മരം. പൂരത്തില്‍ നേരിട്ട് ഈ ആല്‍ മരം പങ്കുവഹിക്കുന്നില്ലെങ്കിലും പൂരത്തിനും പ്രധാന വെടിക്കെട്ടിനുമെല്ലാം സാക്ഷിയായി ഈ ആല്‍ നിലകൊള്ളുന്നു. 60 വര്‍ഷത്തെ പഴക്കമുണ്ടെന്നു കരുതുന്ന ഈ വൃക്ഷം ഇന്ന് ദ്രവിച്ചുകൊണ്ടിരിക്കുകയാണ്.

തെക്കേനടയിലെ ആല്‍
തെക്കേഗോപുര നടയില്‍ തെക്കോട്ടിറക്കവും കുടമാറ്റവും നടക്കുന്ന സ്ഥലത്ത് ഒത്ത നടുവിലായി പണ്ട് വലിയൊരു ആല്‍ മരമുണ്ടായിരുന്നു. പഴയ കാലത്തെ കുടമാറ്റത്തിന്റെ ചിത്രങ്ങള്‍ പരിശോധിച്ചാല്‍ ഈ ആല്‍മരം കാണാം.
1970കളില്‍ ടൌണ്‍ ഹാളിലെ പബ്ലിക് ലൈബ്രറിയില്‍ ലഭ്യമായിരുന്ന ഒരു മാസികയില്‍ ഈ ആലിന്റെ ചിത്രം ഉണ്ടായിരുന്നു. പിന്നീട് ഈ മാസിക നശിച്ചുപോയതായി  കരുതുന്നു. എന്നാല്‍ ഇപ്പോഴും വര്‍ണങ്ങളുടെ കുടമാറ്റത്തിനു സാക്ഷ്യം വഹിച്ച് പഴക്കമേറിയ മറ്റൊരു ആല്‍ മരം തേക്കേ ഗോപുര നടയോടു ചേര്‍ന്ന് സ്ഥിതി ചെയ്യുന്നു.

പഞ്ചവാദ്യം കേട്ട ആല്‍
മഠത്തില്‍ വരവ് ആരംഭിക്കുന്ന സ്ഥലത്ത് ബ്രഹ്മസ്വം മഠത്തോടു ചേര്‍ന്നുള്ള ആല്‍മരവും വര്‍ഷങ്ങളുടെ പഴക്കമുള്ളതാണ്. 250 വര്‍ഷത്തെ പഴക്കമാണ് ഈ ആല്‍മരത്തിനു കണക്കാക്കുന്നതെന്നു പഴമക്കാര്‍ പറയുന്നു. തൃപ്പാക്കല്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപത്താണ് ഈ ആല്‍. മഠത്തില്‍ വരവിന്റെ പഞ്ചവാദ്യം ഒട്ടേറെ കേട്ടിട്ടുള്ള ആല്‍മരമാണിത്.ഈ ആല്‍ത്തറയിലായിരുന്നു പണ്ട് ആകാശവാണി മഠത്തില്‍ വരവ് സംപ്രേക്ഷണത്തിനുള്ള ഉപകരണങ്ങള്‍ സ്ഥാപിച്ചിരുന്നത്.  

അപ്രത്യക്ഷമായ പ്ലാവുകള്‍
തേക്കിന്‍കാട് മൈതാനിയില്‍ 1970കളില്‍ പ്ലാവുകളും ഏറെയുണ്ടായിരുന്നു. നായ്ക്കനാലില്‍ തിരുവമ്പാടിയുടെ ഇപ്പോഴത്തെ വെടിക്കെട്ട് പുരയ്ക്കു സമീപത്താണ് പ്ലാവുകള്‍ നിരന്നു നിന്നിരുന്നത്. ആനകളെ ഈ പ്ലാവുകളില്‍ തളയ്ക്കുന്നതും പതിവായിരുന്നു.

ലക്ഷ്മി എന്നു വിളിപ്പേരുള്ള ഒരു സ്ത്രീ ഇവിടെ ആടുകളെ വളര്‍ത്തിയിരുന്നുവെന്നു പഴമക്കാര്‍ ഓര്‍ക്കുന്നു. പ്ലാവിന്റെ ഇലയായിരുന്നു ആടുകളുടെ ഭക്ഷണം. ആടുകളുടെ കാഷ്ഠവും പ്ലാവിലെ ചക്കയും വിറ്റു ജീവിച്ചിരുന്ന ലക്ഷമിയെ ആളുകള്‍ ചക്കലക്ഷ്മി എന്നും വിളിക്കാറുണ്ടായിരുന്നത്രെ.

പൂമരവും പൂളമരവും ചുരുളി മരവും
പഞ്ഞിപോലെയുള്ള കായകള്‍ ഉണ്ടാവുന്ന പൂളമരമാണ് തേക്കിന്‍കാട്ടില്‍ ഇപ്പോള്‍ കൂടുതല്‍. വിദ്യാര്‍ഥി കോര്‍ണറിനോടു ചേര്‍ന്ന്  ഒട്ടേറെ പൂളമരങ്ങള്‍ കാണാം.
നൂറിലേറെ വര്‍ഷം പഴക്കമുള്ളവയാണ് ഈപൂള മരങ്ങള്‍. കുംഭമാസത്തിലാണ്  പൂളമരം പൂക്കുന്നത്. പൂവിന്റെ തോല് വിഷ ചികിത്സയ്ക്കായി  ഉപയോഗിച്ചിരുന്നു.

തെക്ക ഗോപുരത്തോടു ചേര്‍ന്നുള്ള പൂമരങ്ങള്‍ തേക്കിന്‍കാടിന്റെ  മറ്റൊരു ആകര്‍ഷണമാണ്. മദിരാശി മരമെന്നും ഇവയ്ക്ക് വിളിപ്പേരുണ്ട്. തെക്കേ നടയ്ക്കും കിഴക്കേ നടയ്ക്കും ഇടയിലായി ഒട്ടേറെ പൂമരങ്ങള്‍ കാണാം. അധികം ഉയരത്തില്‍ വളരാത്ത ചുരുളി മരമാണ് പൂരത്തിനു സാക്ഷ്യം വഹിച്ചു മൈതാനിയിലുള്ള  മറ്റൊരു മരം.

തേക്കിന്‍കാടിന്റെ തേക്ക് പെരുമ
ശക്തന്‍ തമ്പുരാന്‍ കാട് വെട്ടിത്തെളിച്ച ശേഷം 1970 വരെ ഇവിടെ ഒരു തേക്കുപോലും ഉണ്ടായിരുന്നില്ല. 1970 ല്‍ കൊച്ചിന്‍  ദേവസ്വം ബോര്‍ഡാണ് ഏതാനും തേക്കിന്‍ തൈകള്‍ ഇവിടെ നട്ടുപിടിപ്പിച്ചത്.

ആ തേക്കുകള്‍ മിക്കവാറും മൈതാനത്തു നിന്ന് അപ്രത്യക്ഷമായെങ്കിലും കിഴക്കേ നടയ്ക്കും തെക്കേ നടയ്ക്കും ഇടയിലായി സോഷ്യല്‍ ഫോറസ്ട്രി അധികൃതര്‍ നട്ട ഇരുപത്തഞ്ചോളം തേക്കുകളാണ് തേക്കിന്‍കാടിന്റെ  തേക്ക് പെരുമ ഇന്നും നിലനിര്‍ത്തുന്നത്.


പൂരം കാണാന്‍ ആഫ്രിക്കന്‍ അതിഥിയും
പൂരം കാണാന്‍ ആഫിക്കയില്‍ നിന്നുള്ള മരവും തലയെടുപ്പോടെ  പൂരപ്പറമ്പിലുണ്ട്. തെക്കേ ഗോപുര നടയ്ക്കു സമീപമുള്ള സൊസേജ് ട്രീ ആണ് പൂരം കാണാനൊരുങ്ങുന്ന വിദേശി.

കൈജീലിയ പിന്നേറ്റ എന്ന ശാസ്ത്ര നാമമുള്ള ഈ മരം  2010ലാണ് ഇവിടെ നട്ടത്. വര്‍ഷങ്ങള്‍ക്കു മുന്‍പു തന്നെ ഈ ഇനത്തില്‍ പെട്ട ഒരു മരം ഇവിടെയുണ്ടായിരുന്നു. മനോഹരിയായി തണല്‍ വിരിച്ചു നിന്നിരുന്ന ഈ വൃക്ഷം പിന്നീട് നശിച്ചുപോവുകയാണുണ്ടായത്.

ഇതേ തുടര്‍ന്ന് നഗരത്തിലെ പ്രകൃതി സ്നേഹികളുടെ കൂട്ടായ്മയില്‍ ആഫ്രിക്കയില്‍നിന്ന് ഈ മരം എത്തിച്ച് തേക്കിന്‍കാട്ടില്‍ വീണ്ടും നടുകയായിരുന്നു. ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ടിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശ്രമങ്ങളാണ് പൂരപ്പറമ്പില്‍ സൊസേജ്  ട്രീയെവീണ്ടുമെത്തിച്ചത്.

വംശ വര്‍ധനവ് വളരെ അപൂര്‍വമായി നടക്കുന്ന ഈ വൃക്ഷത്തിന്റെ തൈ പീച്ചി കെഎഫ്ആര്‍ഐയിലെ ശാസ്ത്രജ്ഞന്‍ ഡോ. സുജനപാലിന്റെ സഹായത്തോടെയാണ് ബെംഗളൂരുവില്‍നിന്ന് തൃശൂരിലെത്തിച്ചത്.ഒൌഷധ ഗുണം ഏറെയുള്ള ഈ തണല്‍ വൃക്ഷം സസ്യശാസ്ത്ര വിദ്യാര്‍ഥികള്‍ക്കു പഠന വിഷയമാണ്.

തേക്കിന്‍കാട്, ശരിക്കും കാട്
വടക്കുന്നാഥ ക്ഷേത്രത്തിനു ചുറ്റുമുള്ള നൂറേക്കറോളം വരുന്ന കാട് വെട്ടി നിരപ്പാക്കിയതു ശക്തന്‍ തമ്പുരാനാണ്. നിബിഡ വനമായിരുന്ന ഈ പ്രദേശത്ത് പണ്ട് നിറയെ വന്യമൃഗങ്ങള്‍ ഉണ്ടായിരുന്നത്രെ.ക്ഷേത്ര ഭരണം യോഗാതിരിപ്പാടിനായിരുന്നു. യോഗാതിരി കുറ്റവിചാരം നടത്തി ശിക്ഷ വിധിക്കുന്നവരെ തെക്കേ ഗോപുരം കടത്തി കാടിലേക്ക് അയച്ച് മൃഗങ്ങള്‍ക്കു ഭക്ഷണമാക്കുന്നതായിരുന്നു രീതി. ക്ഷേത്രത്തിന്റെ കവാടങ്ങളിലൊന്നിനരികില്‍ കൊണ്ടുവന്ന് ക്രിമിനലുകളെ ഈ വനത്തിലേക്ക് തള്ളും.

യോഗാതിരി രാജാവിനെപ്പോലും ധിക്കരിക്കാന്‍ തുടങ്ങിയപ്പോള്‍  ഈ അധികാരപ്രയോഗം അവസാനിപ്പിക്കാനാണ്  തമ്പുരാന്‍ കാട് വെട്ടിത്തെളിച്ച് തേക്കിന്‍കാട് മൈതാനം വൃത്തിയാക്കിയത്. പിന്നീടാണ് പൂരം ആരംഭിച്ചത്. 1934ല്‍ ദിവാനായിരുന്ന പരുവക്കാട് നാരായണന്‍ നായരാണ് മൈതാനം കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനു കൈമാറിയത്. സംഘടനകള്‍ക്കു പരിപാടികള്‍ നടത്താന്‍ മൈതാനം അനുവദിക്കുന്നതിനു ഒരു തടസവും ഉണ്ടാവരുതെന്ന നിബന്ധനയും ദിവാന്‍ എഴുതിച്ചേര്‍ത്തു.സ്വരാജ് റൌണ്ടിനാല്‍ ചുറ്റപ്പെട്ട 65 ഏക്കര്‍ സ്ഥലമാണ് ഇന്ന് തേക്കിന്‍കാട് മൈതാനം. വടക്കുന്നാഥ ക്ഷേത്രത്തിനു പുറമെ, നെഹ്റു പാര്‍ക്ക്, ജല അതോറിറ്റി ഓഫിസ്, വാട്ടര്‍ ടാങ്ക്, ഏഴു കിണറുകള്‍ എന്നിവയും മൈതാനിയില്‍ ഉള്‍പ്പെടുന്നു.

തൃശൂരിന്റെ വിവിധ ഭാഗത്തുനിന്ന് തേക്കിന്‍കാട്ടിലേക്ക് എത്തിച്ചേരുന്നതിനായി  ഒന്‍പതു റോഡുകളാണുള്ളത്. സ്റ്റുഡന്‍സ് കോര്‍ണര്‍, ലേബര്‍ കോര്‍ണര്‍, നെഹ്റു മണ്ഡപം എന്നിവയും തേക്കിന്‍കാട്ടെ ചരിത്ര പ്രധാന കേന്ദ്രങ്ങളാണ്.