നിറങ്ങളില്‍ മഞ്ഞ എത്ര മനോഹരമാണെന്നറിയാന്‍ പൂത്തുലഞ്ഞ കണിക്കൊന്നപ്പൂക്കള്‍ കണ്ടാല്‍ മതി. മഞ്ഞച്ചേല വാരിച്ചുറ്റിയ പോലെ പ്രകൃതി സുന്ദരിയാവുകയാണ് വിഷുവിന്. പ്രകൃതിയുടെ കര്‍ണാഭരണങ്ങ ളാണോ ഈ പൂങ്കുലകള്‍!! എവിടെ നിന്നു വന്നു ഈ കണിക്കൊന്നകള്‍? എങ്ങനെ കിട്ടി ഇവയ്ക്കിത്ര ഭംഗി?? ആലോചിച്ചിട്ടുണ്ടോ?
കണിക്കൊന്നപ്പൂക്കളുടെ പിറവിയുമായി ബന്ധപ്പെട്ട് മനോഹരമായൊരു കഥയുണ്ട്:
ദിവസവും ഒരു ബ്രാഹ്മണ ബാലന്‍ വീടിനടുത്തുള്ള ശീകൃഷ്ണ ക്ഷേത്രത്തില്‍ച്ചെന്നു പ്രാര്‍ഥിക്കുമായിരുന്നു. അവന് ഒരേയൊരു മോഹമേ ഉണ്ടായിരുന്നുള്ളൂ. ഉണ്ണിക്കണ്ണനെ നേരില്‍ കാണണം. മുറതെറ്റാതെ അവന്‍ പ്രാര്‍ഥന തുടര്‍ന്നുകൊണ്ടിരുന്നു. ശ്രീകൃഷ്ണന്‍ ഒരു ദിവസം ബ്രാഹ്മണ ബാലന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. രണ്ടു പേര്‍ക്കും സന്തോഷമായി. ബാലന്റെ കണ്ണുകളില്‍ ആനന്ദാശ്രുപൊഴിഞ്ഞു. തന്നെ കാണുക എന്നതല്ലാതെ മറ്റൊന്നും ആഗ്രഹിക്കാത്ത ബാലന്റെ മനസ്സറിഞ്ഞ കൃഷ്ണന്‍ കൂട്ടുകാരന് തന്റെ അരയിലെ 'പൊന്നരഞ്ഞാണം' സമ്മാനമായി ഉൌരിക്കൊടുത്തു. അതുമായി ബാലന്‍ സന്തോഷത്തോടെ വീട്ടിലേക്കു പോയി.
പിറ്റേദിവസം ക്ഷേത്രനട തുറന്ന പൂജാരി, പൂജയ്ക്കൊരുങ്ങുമ്പോള്‍ വിഗ്രഹത്തിലെ പൊന്നരഞ്ഞാണം കണ്ടില്ല. സംഭവം നാടാകെ അറിഞ്ഞു. അരഞ്ഞാണം ബ്രാഹ്മണബാലന്റെ കയ്യിലുണ്ടെന്ന് പാട്ടായി. ഇതറിഞ്ഞ ബാലന്റെ അമ്മ ഏറെ ദുഃഖിത യായി. തന്റെ മകന്‍ കള്ളനാണെന്നു പറയുന്നതു കേട്ട്, അമ്മ അവനെ തലങ്ങും വിലങ്ങും തല്ലി. ദേഷ്യം തോന്നിയ അവര്‍ മകന്റെ കയ്യിലിരുന്ന അരഞ്ഞാണം പിടിച്ചുവാങ്ങി തൊടിയിലേക്ക് വലിച്ചെറിഞ്ഞു. ഒരു നിമിഷം സമീപത്തെ മരത്തില്‍ തങ്ങിയ അരഞ്ഞാണം പൊടുന്നനെ സ്വര്‍ണവര്‍ണനിറമുള്ള പൂക്കളായി. അങ്ങനെയാണത്രേ 'കൊന്നപ്പൂ' ഉണ്ടായത്. വിഷുവിന്റെ വരവ് വിളിച്ചറിയിച്ചുകൊണ്ട് മീനം, മേടമാസങ്ങളില്‍ കൊന്നമരം പൂക്കുന്നു.
© Copyright 2015 Manoramaonline. All rights reserved.