വിഷുവിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ നാട്ടിലെ, വീടിന്റെ വടക്കേയറ്റത്ത് പൂവിട്ട്
നില്‍ക്കുന്ന കണിക്കൊന്നയെക്കുറിച്ചാണ് ഓര്‍മ്മ വരുന്നത്. അതൊരു നൊസ്റ്റാള്‍ജിക്ക്
ഓര്‍മ്മയാണ്. വീടിനെക്കുറിച്ചും വീടിനടുത്തുണ്ടായിരുന്ന കുളത്തെക്കുറിച്ചും
പട്ടുമെത്തപോലെ പടര്‍ന്നു കിടന്നിരുന്ന മഞ്ഞപ്പൂക്കളെക്കുറിച്ചുമുളള
മോഹിപ്പിക്കുന്ന ഓര്‍മ്മ. അമേരിക്കയില്‍ ഇത്തരമൊരു ഓര്‍മ്മകള്‍ക്കൊന്നും ഒരു
സ്ഥാനമേയില്ല. എന്റെ മക്കളോട് വിഷുവിനെക്കുറിച്ചു പറയുമ്പോള്‍ ഞാന്‍ പറയുന്നത്
കേട്ടിരിക്കുമെന്നല്ലാതെ, അവര്‍ക്ക് അതിലൊന്നും താത്പര്യമുണ്ടെന്നു
തോന്നിയിട്ടേയില്ല ഇത് എന്റെ മാത്രം കാര്യമല്ല. ഇവിടെയുളള ഒട്ടുമിക്ക മലയാളികളും
ഇത്തരമൊരു വേവലാതി അനുഭവിക്കുന്നുണ്ട്. വിഷു മോഹിപ്പിക്കുന്ന ഓര്‍മ്മയായി മാറുന്നത്
ഇതു കൊണ്ടൊക്കെയാണ്. നിറങ്ങളുടെയും നിറപ്പൊലിമകളുടെയും ആഘോഷങ്ങള്‍ക്ക് ജാതി മത
വ്യത്യാസമുണ്ടെന്നു തോന്നുന്നില്ല. ഇവിടെ അമേരിക്കയില്‍ പ്രത്യേകിച്ച് മലയാളി
എവിടുണ്ടോ, അവിടെയെല്ലാം കണി കാണലും വിഷുകൈനീട്ടവുമെല്ലാം ഉണ്ടാകും.
ഇതൊന്നുമില്ലാതെ മലയാളിക്കെന്തു വിഷു. ഒരു പക്ഷേ ഇന്നു കേരളത്തില്‍
ആഘോഷിക്കുന്നതിലും കേമമായി മറുനാടന്‍ മലയാളികള്‍ വിഷു ആഘോഷിക്കുന്നുണ്ട്.
എല്ലാവര്‍ക്കും എല്ലാം ആഘോഷിക്കാനുളളതാണ്. അത് വിഷു ആണെങ്കിലും ഓണമാണെങ്കിലും
അങ്ങനെ തന്നെ. ഇതെല്ലാം കടലേഴും കടന്നുളള നാടിനെക്കുറിച്ചുളള ഓര്‍മ്മകളാണ്. സ്തുതി
പാടലുകളാണ്. എല്ലാ ആഘോഷങ്ങള്‍ക്കുമെന്നതു പോലെ തന്നെ മലയാളികള്‍ ഒത്തു ചേരുന്നു.
ഒപ്പം സദ്യയുണ്ടാക്കുന്നു. കഴിക്കുന്നു. പിരിഞ്ഞു പോകുന്നു.
നാട്ടിലായിരുന്നെങ്കിലെന്ന് അറിയാതെ നിശ്വാസമുതിര്‍ക്കുന്നു...
നാട്ടിലെ കണികാണല്‍ ഒരു വüലിയ സംഭവം തന്നെയായിരുന്നു. അതേക്കുറിച്ച്
ഓര്‍ക്കുമ്പോള്‍ തന്നെ മനസ്സിന് ഒരു സുഖം അറിയാതെ നുരഞ്ഞു പൊന്തുന്നു. കണിക്കൊന്ന,
വെളളരിക്ക, നെല്ല്, ഉണക്കല്ലരി, വാല്‍ക്കണ്ണാടി, വസ്ത്രം, ചെമ്പക, വെറ്റില,
അടയ്ക്ക, പൂക്കുല, ചക്ക, മാങ്ങാ, നാളികേരം, അരി, നെല്ല് , ദീപം, നവധാന്യം തുടങ്ങിയവ
അടക്കി വെച്ച് സൂര്യോദയത്തിനു മുന്‍പ് കാണുന്നതാണ് കണി. വിഷുക്കണി
പ്രക്ത്യാരാധാനയുടെ ഭാഗം ആണ്. ഉരുളിയില്‍ കണി വസ്തുക്കള്‍ വെക്കും. ഇത് കണി
കണ്ടാല്‍ അതിന്റെ സദ്ഫലം അടുത്ത വര്‍ഷം മുഴുവന്‍ ലഭിക്കും എന്നാണ് വിശ്വാസം.
കണ്ണുകള്‍ അടച്ചു എണീറ്റ് കണി വസ്തുക്കളുടെ മുന്‍പില്‍ വന്നു തൊഴുതു കണ്ണ്
തുറക്കും. ഇത് പ്രകൃതി മാതാവിനെ പൂജിക്കുന്നതിനു തുല്യമാണത്രേ. ഇവിടെ അതിനൊക്കെയും
സൌകര്യങ്ങള്‍ ഇല്ലെന്നു തന്നെ പറയാം. കണിവെളളരിയും, പ്ലാസ്റ്റിക് കണിക്കൊന്നയും
ഇപ്പോള്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്നുണ്ട്. വിഷുവിന് ഒരുക്കേണ്ട
കണിപ്പൂകളുടെ കേടുവരാത്ത പായ്ക്കറ്റ് ഇപ്പോള്‍ ന്യുയോര്‍ക്കില്‍ ലഭിക്കുന്നുണ്ട്.
ഗള്‍ഫിലൊക്കെ വര്‍ഷങ്ങള്‍ക്കു മുന്‍പേ ഇതു ലഭിച്ചിരുന്നു. ഇവിടെ വിഷു ആഘോഷം
കുറവായതു കൊണ്ടാകാം കടല്‍ കടന്നു വരാന്‍ വൈകിയത്. ഡോളര്‍ എണ്ണിക്കൊടുത്താല്‍
ഒര്‍ജിനല്‍ കണിക്കൊന്നപ്പൂക്കള്‍ വരുത്തി തരാമെന്ന് കടയുടമയുടെ വാഗ്ദാനവും.
എങ്കിലും കണ്ണുകള്‍ക്ക് ഉത്സവമായി പൂത്തു നിറഞ്ഞു നില്‍ക്കുന്ന കണിക്കൊന്ന കാണുന്ന
സുഖം ഇതിനൊക്കെ കിട്ടുമോയെന്ന സംശയം മാത്രം ബാക്കി നില്‍ക്കുന്നു.
തോട്ടിയുപയോഗിച്ചും വലിഞ്ഞു കയറിയും കൊന്നപ്പൂക്കള്‍ സാഹസികമായി തലേ ദിവസം
ശേഖരിച്ചിരുന്ന കുട്ടിക്കാലത്തെക്കുറിച്ചുളള ഓര്‍മ്മകള്‍ അറിയാതെ പൂത്തുവരുന്നു.
കണിക്കൊന്ന കണികാണുന്നതിന്റെ സുഖം ഒന്നു വേറെ ത്തന്നെയാണെന്ന് എല്ലാവരും ഒരേ
മനസ്സോടെ സമ്മതിക്കും.
കണിക്കൊന്ന കിട്ടിയില്ലെങ്കിലും കണിക്കൊന്നയ്ക്ക് സാമ്യമുളള മഞ്ഞപ്പൂക്കള്‍ വച്ച്
കണിയൊരുക്കുന്നവര്‍ ഇവിടെയുണ്ട്. അവര്‍ക്ക് വിഷുദിനത്തിന് കണിയൊരുക്കിയാല്‍ മതി.
ഐശ്വര്യത്തിന്റെയും സമ്പത്സമൃദ്ധിയുടെയും ഊഷ്മളതയിലേക്ക് കടന്നു കയറാനുളള ഒരു
കണിയായി ഈ കാഴചയെ കണ്ടാല്‍ മതി. വിഷുക്കണിയൊരുക്കുമ്പോള്‍ നല്ല മഞ്ഞ ഡാഫോഡില്‍
പൂക്കള്‍ കിട്ടിയാലും സന്തോഷമായി. ഓണത്തിനെന്നതുപോലെ തന്നെ വിഷുവിനും ഇവിടെ
സദ്യയൊരുക്കിയും വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചും വിപുലമായി തന്നെ ആഘോഷിക്കും.
അതിന് കൃത്യമായ തീയതികള്‍ ഒന്നും തന്നെയില്ല. എല്ലാവര്‍ക്കും സൌകര്യ പ്രദമായ ഒരു
ദിവസം ഏതാണോ, അതിനനുസരിച്ച് ആഘോഷിക്കുക എന്നതാണ് ഇവിടുത്ത ഒരു സ്റ്റൈല്‍. അത് എല്ലാ
കാര്യത്തിലുമെന്നതുപോലെ വിഷുവിന്റെ കാര്യത്തിലും തുടരുന്നു. തമ്മില്‍ കാണുന്ന
മാതാപിതാക്കള്‍ പരസ്പരം മത്സരിച്ചു പങ്കുവെയ്ക്കുന്ന കുട്ടിക്കാലത്തെ ഗൃഹാതുരമായ
വിഷു ഓര്‍മ്മകളിലൂടെയാണ് ഇവിടുത്തെ ന്യുജനറേഷന്‍ വിഷുവിനെ അറിയുന്നത്.
വീക്കെന്‍ഡില്‍ വിഷു ആയാല്‍ ഗംഭീരമായി എന്നാണ് അമേരിക്കന്‍ മലയാളികളുടെ ഒരു
ഡിമാന്‍ഡ്. കാരണം, അവധിയെടുത്ത് ആഘോഷിക്കുന്ന പതിവ് അമേരിക്കയില്‍ നടക്കില്ല. പല
ഭാഗങ്ങളായിരിക്കുന്ന മലയാളികള്‍ക്ക് ഒത്തു ചേരാനും സൌഹൃദം പുതുക്കാനും എല്ലാം ഉളള
ഒരു അവസരമാണ്. വിഷു ദിവസം കുടുംബമായി താമസിക്കുന്നവര്‍ കണിയൊരുക്കി മക്കള്‍ക്കു
വിഷു കൈനീട്ടവും നല്‍കി ഒരു ഹാപ്പി വിഷു ഗ്രീറ്റിങ് നല്‍കുന്നതോടെ ചടങ്ങുകള്‍
തീരുകയായി. പിന്നെ സദ്യവട്ടത്തിന്റെ ധൃതിയിലേക്ക് കാര്യങ്ങള്‍ കടക്കും. എന്തിനാണ്
വിഷു ആഘോഷിക്കുന്നതെന്ന് പലരു ചോദിച്ച് ഞാന്‍ കേട്ടിട്ടുണ്ട്. പ്രത്യേകിച്ച് പുതിയ
തലമുറ. അവര്‍ക്കായി എനിക്കറിയാവുന്ന ഒരു ഐതീഹ്യം ഞാന്‍ പറഞ്ഞു തരാം. സൂര്യന്‍
മീനമാസത്തിലെ കത്തിക്കാളുന്ന വെയില്‍ നിന്നും മേടത്തിന്റെ വസന്തത്തിലേക്ക്
നീങ്ങുന്നതിന്റെ സൂചനയുടെ വര്‍ണാഭമായ തുടക്കമായാണ് വിഷുവിനെ കാണുന്നത്.
വിഷുവിനെക്കുറിച്ചുളള ഒരു ഐതീഹ്യം ഞാന്‍ കേട്ടിരിക്കുന്നത് ഇങ്ങനെയായിരുന്നു.
രാമായണ കഥയുമായി ബന്ധപ്പെട്ടതാണിത്. രാക്ഷസരാജാവായ രാവണന്‍ ലങ്ക ഭരിക്കുന്ന കാലത്ത്
അയാള്‍ സൂര്യനെ നേരേ ഉദിക്കാന്‍ അനുവദിച്ചിരുന്നില്ല. വെയില്‍ കൊട്ടാരത്തിനകത്ത്
കടന്നു ചെന്നത് ഒരിക്കല്‍ രാവണന് ഇഷ്ടമായില്ല എന്താണിതിന് കാരണം. കാലങ്ങള്‍ക്ക്
ശേഷം, ശ്രീരാമന്‍ രാവണനെ നിഗ്രഹിച്ചതിനുശേഷമേ സൂര്യന്‍ നേരേ ഉദിച്ചുളളൂ. ഈ
സംഭവത്തില്‍ ജനങ്ങള്‍ക്കുളള ആഹ്ലാദം പ്രകടിപ്പിക്കുന്നതിനാണ് വിഷു
ആഘോഷിക്കുന്നതത്രേ. ഐതീഹ്യത്തിന്റെ വാസ്തവം എങ്ങനെയാണെങ്കിലും പീതാംബരപ്പൂക്കള്‍
നിറഞ്ഞ കണിക്കൊന്നയുടെ ഐശ്വര്യം ഒന്നു വേറെ തന്നെയാണ്. അതു കേരളത്തിലാണെങ്കിലും
അമേരിക്കയിലാണെങ്കിലും അങ്ങനെ തന്നെ. ഇവിടെയിരുന്ന് ഒന്നു കണ്ണടച്ചാല്‍ കാറ്റില്‍
പൊഴിഞ്ഞു വീഴുന്ന കണിക്കൊന്നപ്പൂക്കള്‍ എനിക്ക് കാണാനാവുന്നുണ്ട്. ഓര്‍മ്മകള്‍ക്ക്
അതു മതി. എല്ലാവര്‍ക്ക് എന്റെ ഐശ്വര്യപൂര്‍ണ്ണമായ വിഷു ദിനാശംസകള്‍ നേരുന്നു.
ജോര്‍ജ് തുമ്പയില്‍
© Copyright 2015 Manoramaonline. All rights reserved.