വീട്ടില്‍ എല്ലാവര്‍ക്കും സുഖമല്ലേ? ഇത്തവണയും വിഷുവിനു
നാട്ടില്‍ വരാന്‍ കഴിയില്ലെന്നറിയിക്കാനാണ് ഇതെഴുതുന്നത്. ഫോണില്‍
വിളിച്ചുപറഞ്ഞാല്‍ പോരേ എന്നല്ലേ ഇപ്പോള്‍ അമ്മയുടെ മനസ്സ് പറഞ്ഞത്. മതിയായിരുന്നു.
പക്ഷേ, കഴിഞ്ഞ വര്‍ഷത്തെ പോലെ അമ്മയുടെ കരച്ചിലും പരിഭവങ്ങളും കേള്‍ക്കുമ്പോള്‍
എനിക്കും വിഷമമാകും. അതുകൊണ്ടാണു വിശദമായൊരു കത്തെഴുതാമെന്നു വെച്ചത്.
കത്തെഴുതുമ്പോഴും വിഷമം ഇല്ലാഞ്ഞിട്ടല്ല. ഇനി കത്തുവായിച്ചയുടന്‍ പരിഭവം പറയാന്‍
അമ്മ ഇങ്ങോട്ടു ഫോണ്‍ചെയ്യേണ്ട. കത്തെഴുതുന്നതു കണ്ടു കൂടെ താമസിക്കുന്ന വില്‍സന്‍
കളിയാക്കുന്നു. ഫോണും ഇന്റര്‍നെറ്റുമെല്ലാമുള്ള കാലത്ത് ആരെങ്കിലും കത്തെഴുതുമോ
എന്ന്. എന്തുണ്ടായാലും എഴുത്തയയ്ക്കുമ്പോഴുള്ള തൃപ്തി കിട്ടില്ലെന്നു ഞാന്‍ പറഞ്ഞു.
അവധി കിട്ടാത്തതിനാല്‍ ഈസ്റ്ററിനു നാട്ടില്‍ പോകാന്‍ അവനും പറ്റിയിട്ടില്ല. എന്തു
ചെയ്യാനാ. ഇവിടെ വലിയ തിരക്കാണ്. സാമ്പത്തിക പ്രതിസന്ധി കാരണം കമ്പനി കുറേപേരെ
ജോലിയില്‍ നിന്നു പിരിച്ചുവിട്ടു. ഞങ്ങള്‍ക്കു കിട്ടികൊണ്ടിരുന്ന ചില
ആനുകൂല്യങ്ങളും വെട്ടിക്കുറച്ചിട്ടുണ്ട്. ഉള്ളവരെ വച്ച് അധികം ജോലി
എടുപ്പിക്കുകയാണ് ഇപ്പോള്‍. അവധി തരുന്നതിലും നിയന്ത്രണമുണ്ട്. ഞങ്ങള്‍ ഇവിടെ
മലയാളി കൂട്ടുകാര്‍ചേര്‍ന്നു ചെറിയ തോതില്‍ വിഷു ആഘോഷിച്ചുകൊള്ളാം. ആഘോഷമെന്നു
വച്ചാല്‍ രാവിലെ അടുത്തുള്ള ക്ഷേത്രത്തില്‍ പോകണം. ഉച്ചയ്ക്കു മലയാളി ഹോട്ടലില്‍
നിന്നു ചെറിയ തോതില്‍ സദ്യ. പിന്നെ ജോലികഴിഞ്ഞു വൈകിട്ട്എല്ലാവരും ചേര്‍ന്നു
സിനിമയ്ക്കോ മറ്റോ പോകും. അത്രയേയുണ്ടാവൂ. നാട്ടിലേതുപോലെ വിഷു ആഘോഷങ്ങളൊന്നും
ഇല്ല. പിന്നെ നാട്ടിലെ ആഘോഷങ്ങളെല്ലാം ഞങ്ങള്‍ക്കു ടിവിയില്‍ കാണാമല്ലോ.
അവിടെ പടക്കവിപണിയിലെയും തുണിക്കടയിലെയും തെരുവോരക്കച്ചവടത്തിലെയും തിരക്കുംമറ്റും
ഇപ്പോഴേ കാണുന്നുണ്ട്. വീട്ടില്‍ ഏട്ടന്മാരും ഏടത്തിയമ്മമാരും കുട്ടികളുമൊക്കെ
ഒത്തുകൂടുമ്പോള്‍ അവിടെയെത്താന്‍ എത്രമോഹമുണ്ടെന്നറിയാമോ?കുത്തരിച്ചോറും സാമ്പാറും
അവിയലും പച്ചടിയും പുളിയും പപ്പടവുമെല്ലാമുള്ള സദ്യയോര്‍ക്കുമ്പോള്‍ ഒാടിയെത്താന്‍
കൊതി. പായസക്കൊതി പിന്നെ പറയുകയും വേണ്ട. മുറ്റത്തെ കൊന്നമരം ഇത്തവണ നിറയെ
പൂത്തിട്ടുണ്ടോ. വിഷുവും ഈസ്റ്ററും ഒരുമിച്ചു വരുന്നതിനാല്‍ നാട്ടിലേക്കുള്ള
യാത്രയ്ക്ക് തിരക്കേറുമെന്നറിയാമല്ലോ. ട്രെയിനുകളിലും ബസുകളിലും ടിക്കറ്റ് കിട്ടാതെ
ഒട്ടേറെ പേരാണു വിഷമിക്കുന്നത്. യാത്രാ പ്രയാസം ഒാര്‍ക്കുമ്പോള്‍ നാട്ടില്‍ പോകാതെ
ഇവിടെത്തന്നെ കൂടുകയാണു നല്ലതെന്നു തോന്നും. എങ്കിലും നാടും വീടും വീട്ടുകാരും ഒരു
ഉള്‍വിളിപോലെ മനസ്സില്‍ വന്നു പ്രലോഭിപ്പിക്കുമ്പോള്‍ എങ്ങിനെയെങ്കിലും
നാട്ടിലെത്തിയാല്‍ മതിയെന്ന ആഗ്രഹം കൂടുകയും ചെയ്യും. സ്കൂള്‍ അടച്ചതോടെ പലരും
കുടുംബസമേതം നാട്ടിലേക്കു പോയിക്കഴിഞ്ഞു. ഒാണത്തിനും വിഷുവിനും ക്രിസ്മസിനും
പെരുന്നാളിനുമൊക്കെ എല്ലാവര്‍ഷവും മുടങ്ങാതെ നാട്ടില്‍ പോകുന്ന കുടുംബങ്ങളും
ഉണ്ടിവിടെ. അവരോട് അസൂയതോന്നാറുണ്ട് പലപ്പോഴും. വിഷുവായാല്‍ നഗരത്തില്‍
ചിലയിടങ്ങളിലുള്ള കേരളച്ചന്തകളില്‍ തിരക്ക് കൂടും. ഇവിടെ സ്ഥിരതാമസമാക്കിയ മലയാളി
കുടുംബങ്ങളില്‍ കേരളീയമട്ടില്‍ തന്നെ കണിയൊരുക്കലും വിഭവസമൃദ്ധമായ
സദ്യയുമൊരുക്കലുമുണ്ട്.
അമ്മ വീട്ടിലൊരുക്കുന്ന വിഷുക്കണി മനസ്സില്‍ നിറദീപമായുണ്ട്. വിഷുവിനു
പുലര്‍ച്ചയ്ക്കെണീറ്റ് ഇവിടെയിരുന്നു ഞാനതു കണ്ടു തൊഴുതോളാം. പിന്നെ, അച്ഛന്റെ
അക്കൌണ്ടിലേക്കു രൂപ ഇട്ടിട്ടുണ്ട്. അച്ഛനും അമ്മയ്ക്കും കോടി വാങ്ങണം.
കുട്ടികള്‍ക്കു പടക്കം വാങ്ങികൊടുക്കാനും വിഷുക്കൈനീട്ടം കൊടുക്കാനും
അച്ഛനോടുപറയണം. കണ്ണനോടും കിച്ചുവിനോടുമെല്ലാം പടക്കം പൊട്ടിക്കുമ്പോള്‍
ശ്രദ്ധിക്കാന്‍ പ്രത്യേകം പറയണം. കഴിഞ്ഞകൊല്ലം കിച്ചുവിന്റെ കൈപൊള്ളിയത്
ഒാര്‍മയുണ്ടല്ലോ. അവധി കിട്ടുകയാണെങ്കില്‍ ഒാണത്തിനെങ്കിലും വരാന്‍ നോക്കാം.
എല്ലാവരോടും അന്വേഷണം പറയണം. വിഷുവിന് എല്ലാവരെയും രാവിലെ തന്നെ വിളിക്കാം.
ആവേശത്തില്‍ കുറേ എഴുതിപ്പോയി. എത്രകാലമായിട്ടുണ്ടാകും ആര്‍ക്കെങ്കിലും ഒരു
കത്തെഴുതിയിട്ട്. പറയാനുള്ളതെല്ലാം എഴുതിക്കഴിഞ്ഞപ്പോള്‍ മനസ്സിനൊരാശ്വാസം. ഇനി
വിശേഷിച്ചൊന്നുമില്ല. നിര്‍ത്തുന്നു. എല്ലാവര്‍ക്കും വിഷു ആശംസകള്‍...
© Copyright 2015 Manoramaonline. All rights reserved.