കണ്ണുകള്‍ക്കു മീതെവച്ച വിരലുകള്‍ക്കിടയിലൂടെ
നോക്കുമ്പോള്‍ കൊന്നപ്പൂവിന് ഇരട്ടി സൌന്ദര്യമാണ്. കണികാണാനുള്ള നടപ്പില്‍ വീഴാതെ
അമ്മ പിടിച്ചിട്ടുണ്ടാവും. കണ്ണുകള്‍ക്കു മീതെ അമ്മയുടെ കൈവിരലുകളുമുണ്ടാവും.
വിരലുകള്‍ക്കിടയിലൂടെ ഒളിച്ചുനോക്കിയാല്‍ കണിയൊരുക്കിവച്ച തളികയിലെ കൊന്നപ്പൂവാണ്
ആദ്യം കാണുക. നിലവിളക്കിന്റെ ദീപപ്രഭയില്‍ കൊന്നപ്പൂവിന്റെ സൌന്ദര്യം
പൂത്തുലഞ്ഞുനില്‍പ്പുണ്ടാവും. സ്വര്‍ണനിറത്തില്‍ ഇതളുകള്‍ കൈകൂപ്പി നില്‍ക്കും.
മേടത്തിന്റെ കാഴ്ചസദ്യ കൊന്നപ്പൂവിന്റെ വകയായി തുടങ്ങും. പിന്നെ പൂത്തിരിയായി
മത്താപ്പായി കാഴ്ചവട്ടങ്ങള്‍ പൊടിപൊടിക്കും. ഇതു വിഷുവിന്റെ സൌന്ദര്യത്തിന്റെ
ഒരിതള്‍ മാത്രം. വിഷുസദ്യയായി മറ്റൊരിതള്‍ മനസ്സുനിറയ്ക്കും. ഒഴുകിവരുന്ന
ഗാനങ്ങളായി പിന്നെയും ഇതളുകള്‍ പറക്കുകയായി. അവയുടെ കുളിരില്‍ മനസ്സ്
മുങ്ങിനിവരുമ്പോള്‍ കണ്ണടച്ചിരിക്കാന്‍ എന്തു സുഖമാണ്.
'കണികാണും നേരം കമലനേത്രന്റെ നിറമേറും മഞ്ഞ തുകില്‍ ചാര്‍ത്തി
കനകക്കിങ്ങിണി വളകള്‍ മോതിരം അണിഞ്ഞുകാണേണം ഭഗവാനെ...'
പി. ലീലയുടെ ശബ്ദത്തില്‍ മഞ്ഞത്തുകില്‍ ചുറ്റി ഒാടിനടക്കുകയാണ് ആ പ്രിയഗാനം.
ഒാമനക്കുട്ടന്‍ എന്ന ചിത്രത്തിലെ ഈ പാട്ട് വിഷുസ്മരണയിലെ ഒാമനയായതില്‍ അദ്ഭുതമില്ല.
'ചെത്തി മന്ദാരം തുളസി പിച്ചകമാലകള്‍ ചാര്‍ത്തി ഗുരുവായൂരപ്പാ നിന്നെ കണികാണേണം...'
പി. സുശീലയുടെ മധുരശബ്ദവും വിഷുസ്മരണയില്‍ പ്രിയപ്പെട്ടതാണ്. അടിമകള്‍ എന്ന
ചിത്രത്തില്‍ വയലാര്‍ എഴുതിയ വരികള്‍ക്ക് കൊന്നപ്പൂവിന്റെ സ്വര്‍ണശോഭ.
'എന്റെ കയ്യില്‍ പൂത്തിരി, നിന്റെ കയ്യില്‍ പൂത്തിരി
എങ്ങുമെങ്ങും പൊട്ടിച്ചിരിക്കുന്ന വിഷുപ്പുലരി...'
വാണിജയറാമിന്റെ ശബ്ദത്തില്‍ ഒരു വിഷുപ്പാട്ട് ഒഴുകിവരികയായി. 'സമ്മാനം' എന്ന
ചിത്രത്തിലെ ഈ ഗാനം എഴുപതുകളുടെ ഒാര്‍മയുണര്‍ത്തുമ്പോള്‍ തൊണ്ണൂറുകളുടെ
സ്മരണകളുയര്‍ത്തി 'ദേവാസുര'ത്തിലെ മധുരഗാനവും വരുന്നുണ്ട്. 'മേടപ്പൊന്നണിയും
കൊന്നപ്പൂക്കണിയായ്... പീലിക്കാവുകളില്‍ താലപ്പൂപ്പൊലിയായ്...' എം.ജി. ശ്രീകുമാറും
അരുന്ധതിയും ചേര്‍ന്നുപാടിയ ഈ ഗാനത്തിനും സുവര്‍ണശോഭയാണ്.
വിഷുപ്പാട്ടുകളുടെ പുളകം വിതറിയാണ് ഈ ഗാനങ്ങള്‍ അലിഞ്ഞലിഞ്ഞു പോവുന്നത്. വീണ്ടും
മൂളിപ്പോവും...'കൊന്നപ്പൂവേ... കൊങ്ങിണിപ്പൂവേ... ഇന്നെന്നെ കണ്ടാലെന്തു തോന്നും
കിങ്ങിണിപ്പൂവേ...' 'അമ്മയെ കാണാന്‍' എന്ന ചിത്രത്തിലെ എസ്. ജാനകിയുടെ ശബ്ദം
പൂവിതറുകയാണ്. ഒരുനിമിഷം കണ്ണടച്ചിരിക്കാം.
അരുണ്‍
© Copyright 2015 Manoramaonline. All rights reserved.