കൊന്നപ്പൂവിന്റെ പൊന്നില്‍ കുളിച്ചു മണ്ണ് ഉര്‍വരതയുടെ
ഉരുളിയൊരുക്കും. അതിലെ ഫലസമൃദ്ധിയുടെ കാഴ്ചകളിലേക്കു പകലോന്‍ തിരിതെളിക്കും.
അപ്പോഴേക്കും മേടം പുലരും, വിഷു ഇങ്ങെത്തും. ഇരവുപകലുകളെ തുല്യമായി വീതിക്കുന്ന
സൂര്യന്‍ സമഭാവനയുടെയും സമൃദ്ധിയുടെയും ഉല്‍സവത്തിനു പതിവുപോലെ ഇന്നും
നിലമൊരുക്കുന്നുണ്ട്. പക്ഷേ, വിഷുച്ചാല്‍ കീറേണ്ട കര്‍ഷകനെവിടെ?
കുന്നുകളിടിഞ്ഞുനിരന്ന് നന്മയത്രയും വറ്റിപ്പോകുന്ന മണ്ണില്‍ നിസ്സഹായനായി എവിടെയോ
അവനുണ്ട്. പുതിയ റിയല്‍ എസ്റ്റേറ് കൃഷിയുടെ വേരോട്ടമെത്തിയിട്ടില്ലാത്ത
വിദൂരഗ്രാമങ്ങളിലെവിടെയോ. വരൂ, ഏറെ ഉള്ളിലേക്കു നടക്കണം. അവന്റെ മണ്ണും
പണക്കൃഷിയുടെ പട്ടണമായി പരിണമിക്കുന്നതിനു മുന്‍പേ കാണണം.
ദോഷം പറയരുതല്ലോ, കാണുന്നില്ലേ ഈയിടെ ഒരുപാടു കൊന്നകള്‍ പൂത്തുലയാന്‍
തുടങ്ങിയിരിക്കുന്നു പുതുതായി. 'വിത്തും കൈക്കോട്ടും' എന്നു തുടങ്ങുന്ന ഗൃഹാതുരമായ
ആ സംഗീതമുള്‍പ്പെടെ ചിലതൊക്കെ ചെവിയോര്‍ത്താല്‍ കേള്‍ക്കാനുമുണ്ട്. കടന്നുവന്ന
കവലകളിലൊക്കെ കണ്ടത് നമ്മുടെതന്നെ വെള്ളരിപ്പാടങ്ങളില്‍നിന്നുള്ളവയത്രേ! പോയകാലം
തിരിച്ചെത്തുന്നതിന്റെ സൂചനയുണ്ടോ? എങ്കില്‍ നമുക്കും തുടങ്ങാം, വാല്‍സല്യത്തിന്റെ
കിലുക്കങ്ങളിലേക്കു കണികണ്ടുണരുന്ന വീട്ടില്‍നിന്ന്. ആസുരമായ മനസ്സോടെയല്ലാതെ
മണ്ണിനൊരു കൈനീട്ടം നല്‍കാം. അതു നന്മയുടെ തളിരിട്ടു വളരും, സമൃദ്ധിയുടെ സന്തോഷം
നിറച്ച്; ഉറപ്പ്.
എം.കെ. വിനോദ് കുമാര്‍
© Copyright 2015 Manoramaonline. All rights reserved.