ലഹരിയായി അഡിക്ടഡ് റ്റു ലൈഫ്

കേരള സര്‍ക്കാരിന്റെയും എക്സൈസ് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍, മദ്യത്തിനും മയക്കുമരുന്നിനുമെതിരെ സോഷ്യല്‍ മീഡീയ കേന്ദ്രീകരിച്ച് ആരംഭിച്ച പ്രചരണ പരിപാടിയാണ് അഡിക്ടഡ് റ്റു ലൈഫ്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ തുടങ്ങിയ ക്യാംപയിന് മാത്രമായി ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പടെ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും പൂര്‍ണമായ പിന്തുണയാണ് ലഭിക്കുന്നത്.

നാലു ദിവസത്തിനുള്ളില്‍ ഈ പ്രചരണ പരിപാടിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരുടെ എണ്ണം ഒരു ലക്ഷത്തിലേറെയാണ്. മാത്രമല്ല ക്യാംപെയിനില്‍ ശരിക്കും അഡിക്റ്റായത് ഫേസ്ബുക്ക് ആണെന്ന് തന്നെ പറയാം. അതെ ഫേസ്ബുക്ക് നിറയെ അഡിക്റ്റ്ഡ് ടു ലൈഫ് കവര്‍ചിത്രങ്ങളാണ്.

ഏകദേശം അറുപത്തയ്യായിരത്തോളം ആളുകള്‍ ഇതിനോടകം തങ്ങളുടെ കവര്‍ചിത്രങ്ങള്‍ അഡിക്റ്റഡ് ടു ലൈഫിന്റെ ഭാഗമാക്കി കഴിഞ്ഞു. ഈ ക്യാംപയിനിന്റെ ഭാഗമായി മമ്മൂട്ടി അടക്കമുള്ള താരങ്ങളുടെ ഫേസ്ബുക്ക് കവര്‍ ഫോട്ടോകളും ചിത്രങ്ങളും സജീവമായതോടെയാണ് സംഗതി വൈറലാകാന്‍ തുടങ്ങിയത്. ഇതിന്റെ ഫെയ്സ്ബുക്ക്, വാട്സ് ആപ് പ്രമോഷനുകള്‍ 'ഹൗസ് ഫുള്ളായി ഓടിത്തുടങ്ങിക്കഴിഞ്ഞു.

ഈ സംരംഭത്തിന്റെ ഭാഗമായി തുടങ്ങിയ അഡിക്റ്റഡ് റ്റു ലൈഫ് എന്ന ഫേസ്ബുക്ക് പേജും തരംഗമാണ്. ഒരു ലക്ഷത്തിന് മുകളില്‍ ലൈക്സ് ഇതിനോടകം പേജിന് ലഭിച്ചു കഴിഞ്ഞു. ഈ പേജില്‍ പോയാല്‍ നിങ്ങള്‍ക്ക് വ്യത്യസ്തമായ കവര്‍ ഫോട്ടോ ഡിസൈനുകളില്‍ സ്വന്തം മുഖചിത്രവും കവര്‍ചിത്രമാക്കാന്‍ കഴിയും. ലളിതമായ മൂന്ന് ഘട്ടങ്ങളിലൂടെ ഇഷ്ടമുള്ള ടെംപ്ളേറ്റില്‍ സ്വന്തം ഫോട്ടോ കവര്‍ ചിത്രമാക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഇതിനായി ഫേസ്ബുക്ക് പേജില്‍ ഒരു ആപ്ളിക്കേഷനും കാണാനാകും. നിങ്ങളുടെ മുഖചിത്രം കവര്‍ഫോട്ടോ ആക്കി മാറ്റുന്നതിന് ഈ ലിങ്കില്‍ ക്ളിക്ക് ചെയ്യൂ. ((http://www.addictedtolife.in)

അഡിക്റ്റഡ് ടു ലൈഫ് എന്നു പേരിട്ടിരിക്കുന്ന ക്യാംപെയിന്റെ ബ്രാന്‍ഡ് അംബാസഡര്‍ മമ്മൂട്ടിയാണ്. മമ്മൂട്ടി ഉള്‍പ്പെടെയുള്ള താരങ്ങളുടെ ഫെയ്സ്ബുക്ക് പേജുകള്‍ അഡിക്റ്റഡ് ടു ലൈഫ് ബ്രാന്‍ഡിലേക്കു മാറിയിരുന്നു. ലഹരിക്കെതിരായി കേരളീയ സമൂഹം നടത്തുന്ന പോരാട്ടങ്ങളില്‍ ഇനി നമുക്കും പങ്കാളികളാവാം. അഡിക്റ്റഡ് റ്റു ലൈഫ് ഫേസ്ബുക്ക് പേജില്‍ ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ളിക്ക് ചെയ്യാം. (www.facebook.com/getaddictedtolife)

അഡിക്ടഡ് റ്റു ലൈഫ് ഒരു ബ്രാന്‍ഡ് ആണ്. ജീവിതത്തെ സ്നേഹിക്കുന്നവര്‍ക്കുള്ള, അതിനെ ഒരു ലഹരിയായി കാണുന്നവര്‍ക്കുള്ള ബ്രാന്‍ഡ്. അതിന്റെ ഏറ്റവും ആദ്യത്തെ ചുവടുവെപ്പ് മാത്രമാണ് അഡിക്റ്റഡ് റ്റു ലൈഫ് കവര്‍ ചിത്രങ്ങള്‍. കൊച്ചി ആസ്ഥനമാക്കി പ്രവര്‍ത്തിക്കുന്ന ഈസി സോഫ്റ്റ് ടെക്നോളജീസാണ് സര്‍ക്കാരിന് വേണ്ടി ഈ സംരംഭം നടപ്പിലാക്കുന്നത്.

ജീവിതത്തിന്റെ യഥാര്‍ത്ഥ ലഹരിയെ കണ്ടെത്താന്‍ പ്രചോദിപ്പിക്കുന്ന സന്ദേശങ്ങളടങ്ങുന്ന പോസ്റ്ററുകളും വീഡിയോകളും നിര്‍മ്മിച്ച് ജനങ്ങളിലെത്തിക്കുക. ഹ്രസ്വ ചലച്ചിത്ര മേളയും, മല്‍സരങ്ങളും സംഘടിപ്പിക്കുക. മള്‍ട്ടി മീഡിയയുടെ സഹായത്തോടെയുള്ള ബോധവല്‍ക്കരണ പരിപാടികള്‍ സ്കൂളുകളിലും കോളേജുകളിലും നടപ്പിലാക്കുക എന്നിങ്ങനെ ഒന്നരവര്‍ഷത്തോളം നീളുന്ന പ്രചരണ പരിപാടികളും അഡിക്റ്റഡ് ടു ലൈഫിന്റെ അണിയറപ്രവര്‍ത്തകര്‍ ഇതിനായി രൂപപ്പെടുത്തികൊണ്ടിരിക്കുകയാണ്.