കുട്ടികള്‍ മദ്യപിക്കുമ്പോള്‍

വീട്ടില്‍ സൂക്ഷിച്ചിരുന്ന മദ്യം കുടിച്ച് എട്ടുവയസുകാരന്‍ മരിച്ചന്മറ്റു. അടുത്തയിടെ വന്ന ഒരു പ്രധാനവാര്‍ത്തയുടെ തലക്കെട്ടാണിത്. അച്ഛന്‍ കുടിക്കാനായി വാങ്ങിവച്ചിരുന്ന മദ്യം, വീട്ടിലാരുമില്ലാതിരുന്ന സമയം നോക്കി, മകന്‍ എടുത്തു കുടിക്കുകയും, അമിത മദ്യപാനത്തിന്റെ സങ്കീര്‍ണതകള്‍ മൂലം മരണമടഞ്ഞതുമാണ് സംഭവം. മധ്യകേരളത്തിലെ ഒരു ഗ്രാമത്തില്‍ നടന്ന ഈ സംഭവം വാര്‍ത്തയായതോടെ, ഇതിന്റെ കാരണങ്ങളെക്കുറിച്ചു വ്യാപകമായ ചര്‍ച്ചകള്‍ മാധ്യമങ്ങളിലും സമൂഹമധ്യത്തിലും നടക്കുകയാണ്. ഈ വാര്‍ത്തയുടെ ചൂടാറും മുമ്പുതന്നെ, വീടിന്റെ പറമ്പില്‍ കിടന്ന കുപ്പിയില്‍ നിന്നും മദ്യമെടുത്തു കുടിച്ച് അവശനായ ആറു വയസുകാരന്റെ കഥ ഉത്തരകേരളത്തില്‍ നിന്നും കേട്ടു. ഇങ്ങനെ കുട്ടികളുടെ മദ്യപാനത്തിന്റെയും കഞ്ചാവുപയോഗത്തിന്റെയുമൊക്കെ കഥകള്‍ ദിനംപ്രതി പെരുകിവരികയാണ്. ആരാണ് കുട്ടികളുടെ ഈ ശീലത്തിനുത്തരവാദികള്‍? ഇതു ഗൗരവമായ വിഷയമാണോ? അതോ കുട്ടികളുടെ കുസൃതിയായിക്കരുതി തള്ളിക്കളയാനാകുമോ? എന്തായാലും ജീവന്‍ നഷ്ടപ്പെടുത്തുന്ന കുസൃതികളെ പ്രോത്സാഹിപ്പിക്കുന്നതു നന്നാകില്ല എന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമുണ്ടാകില്ല.

അച്ഛനാകാമെങ്കില്‍ എനിക്കുമാകാം

ഏഴാം ക്ളാസുകാരനായ മകന്‍ സ്കൂളില്‍ യുവജനോത്സവം നടക്കുന്നതിനാല്‍ വീട്ടിലെത്താന്‍ വൈകുമെന്നു രാവിലെ പറഞ്ഞിരുന്നു. എന്നാല്‍ വൈകിട്ട് ഏഴുമണിയായിട്ടും മകനെ കാണാതായതോടെ അച്ഛനമ്മമാര്‍ക്ക് ആധിയായി. മകനെ തിരക്കി സ്കൂളില്‍ എത്തിച്ചേര്‍ന്ന അച്ഛന്‍ പരിഭ്രാന്തനായി മകനെ അന്വേഷിച്ചു നടന്നു. ഏറെ നേരം കഴിഞ്ഞു സ്കൂളിന്റെ ഗ്രൌണ്ടിന്റെ ഏറ്റവും പിറകില്‍, മതിലിനടുത്ത് മകനെയും കൂട്ടുകാരനെയും ആ അച്ഛന്‍ കണ്ടെത്തി. മദ്യപിച്ചു ബോധം കെട്ടുകിടക്കുന്ന നിലയില്‍.

പിറ്റേന്നു രാവിലെ ഉറക്കമുണര്‍ന്ന മകനോടു തലേന്നു നടന്ന കാര്യങ്ങളെക്കുറിച്ച് അച്ഛന്‍ ചോദിച്ചു. ഒരു കുറ്റബോധവുമില്ലാതെ ഉടന്‍തന്നെ മകന്റെ മറുപടി. ഞങ്ങളുടെ സ്കൂളിലെ ചേട്ടന്മാര്‍ പലരും കള്ളുകുടിക്കാറുണ്ട്. പിന്നെ, അച്ഛന്‍ ദിവസവും രാത്രി വീട്ടിലിരുന്ന് വെള്ളമടിക്കുന്നില്ലേ. അച്ഛന്‍ ചെയ്യാത്തതൊന്നും ഞാന്‍ ചെയ്തിട്ടില്ലല്ലോ? മകന്റെ ആ വാചകത്തിനു മുന്നില്‍ ഉത്തരം മുട്ടിപ്പോയി ആ അച്ഛന്‍.

ദര്‍പ്പണനാഡികളുടെ കളി

എല്ലാ മനുഷ്യരുടെ മസ്തിഷ്കത്തില്‍ ദര്‍പ്പണനാഡീവ്യൂഹങ്ങള്‍ എന്ന പേരിലറിയപ്പെടുന്ന ചില നാഡീകോശങ്ങളുണ്ട്. കണ്‍മുന്നില്‍ കാണുന്ന കാര്യങ്ങള്‍ അനുകരിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നത് ഈ നാഡീകോശങ്ങളുടെ പ്രവര്‍ത്തനമാണ്. കുട്ടികളില്‍ ഇവയുടെ പ്രവര്‍ത്തനം ഏറെ ശക്തമാണ്. കണ്‍മുന്നില്‍ കാണുന്നവയിലെ ഗുണദോഷങ്ങള്‍ തിരിച്ചറിയാനും നല്ലതിനെ സ്വീകരിച്ചു മോശമായവയെ തള്ളാനുമുള്ള ആപേക്ഷികചിന്ത കുട്ടികള്‍ക്കു വികസിച്ചുവരുന്നത് ഏതാണ്ട് പതിനൊന്നു വയസിനുശേഷം മാത്രമാണ്. അതുവരെയുള്ള പ്രായത്തില്‍, കാണുന്നതെന്തും അനുകരിക്കാനുള്ള വാസന കുട്ടികളില്‍ പ്രകടമായിരിക്കും. അതുകൊണ്ടു തന്നെ, പതിനൊന്നുവയസിനു മുമ്പു കാണുന്ന കാഴ്ചകളും ഉണ്ടാകുന്ന അനുഭവങ്ങളും കുട്ടികളുടെ സ്വഭാവത്തെ ആഴത്തില്‍ സ്വാധീനിക്കാനുള്ള സാധ്യതയുണ്ട്. വീട്ടിനുള്ളില്‍ അച്ഛനും അമ്മയും, സ്കൂളില്‍ അധ്യാപകര്‍, ഇവരൊക്കെയായിരിക്കും ഈ കുട്ടികള്‍ക്കു റോള്‍ മോഡലുകള്‍ ആകുന്നത്. ഇവരുടെ ഓരോ ചേഷ്ടകളും വാക്കുകളും കുട്ടികള്‍ സാകൂതം നിരീക്ഷിക്കും. അതു കുട്ടികളുടെ സ്വാഭാവികവാസനയാണ്. ഈ അനുകരണശീലം വഴിയാണു കുട്ടികള്‍ പുതിയ പല കാര്യങ്ങളും പഠിക്കുകയും സ്വാംശീകരിക്കുകയും ചെയ്യുന്നത്.