മാറുന്ന സമൂഹമനസ്

വീട്ടിലിരുന്നു മദ്യപിക്കുന്ന മുതിര്‍ന്നവരുടെ ദൃശ്യവും ഈ ഘട്ടത്തില്‍ കുട്ടികളുടെ ശ്രദ്ധ പിടിച്ചുപറ്റും. അവന്‍ കുട്ടിയല്ലേ. അവനിതൊന്നും മനസിലാകില്ല, എന്നാണു പല രക്ഷിതാക്കളും വിചാരിച്ചുവച്ചിരിക്കുന്നത്. എന്നാല്‍ കുട്ടികളുടെ നിരീക്ഷണപാടവം ശക്തമാണ്. അച്ഛനമ്മമാരുടെ പല ദുശീലങ്ങളും അവര്‍ കണ്ട് അതേപടി അനുകരിക്കും. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് നാലുവയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊന്ന ഒരു പത്തുവയസുകാരന്റെ കഥ മലയാളികളുടെ മനസാക്ഷിയെ ഞെട്ടിപ്പിച്ചതാണ്. അച്ഛന്‍ സ്ഥിരമായി കണ്ടിരുന്ന അശ്ളീലസിനിമകളില്‍ നിന്നുള്ള രംഗങ്ങള്‍ ഒളിച്ചിരുന്നു കണ്ടതാണ് ഈ കുറ്റകൃത്യത്തിനു പ്രചോദമായതെന്ന് അവന്‍ വെളിപ്പെടുത്തിയിരുന്നു.

മരിച്ച എട്ടുവയസുകാരന്റെ അനുഭവം ചര്‍ച്ച ചെയ്യാന്‍ ഒരു ടിവി ചാനലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത ഈ ലേഖകനോടു വാര്‍ത്താ അവതാരക ചോദിച്ച ഒരു ചോദ്യമുണ്ട്. കുട്ടികളുടെ മുന്നില്‍ എന്തെങ്കിലും ഒളിച്ചുവയ്ക്കാന്‍ ശ്രമിച്ചാല്‍, അവര്‍ക്ക് ആ കാര്യം മനസിലാക്കാനുള്ള ജിജ്ഞാസ കൂടുകയില്ലേ? അതിനെക്കാള്‍ നല്ലതു പരസ്യമായി മദ്യപിക്കുന്നതു തന്നെയല്ലേ? സ്വാഭാവികമായും സാധാരണക്കാരുടെ മനസില്‍ ഉണ്ടാകാനിടയുള്ള സംശയമാണിത്.

പക്ഷേ, പലപ്പോഴും വ്യക്തമായൊരു കാരണം പറയാതെ, ചിലതൊക്കെ ചീത്തയാണ് എന്നു മാത്രം കുട്ടികളോടു പറയുമ്പോഴാണ്, ആ ചീത്ത കാര്യം എന്താണെന്ന് മനസിലാക്കാനുള്ള താല്‍പര്യം കുട്ടികള്‍ക്കുണ്ടാകുന്നത്. ഒരു സംഗതി മോശമാണെന്നു പറയുമ്പോള്‍, എന്തുകൊണ്ടാണ് അതു മോശമാകുന്നത് എന്നു ലളിതമായി, കുട്ടികള്‍ക്കു മനസിലാകുന്ന രീതിയില്‍ വിശദീകരിക്കാനും മുതിര്‍ന്നവര്‍ ശ്രദ്ധിക്കണം. ഗുണദോഷചിന്ത വികസിക്കാത്ത കുട്ടികള്‍ക്കു മുന്നില്‍, എല്ലാ ദുശീലങ്ങളും തുറന്നു പ്രദര്‍ശിപ്പിക്കുന്നതു ദോഷമേ ചെയ്യൂ. സ്ഥിരമായി, അച്ഛന്‍ വീട്ടിലിരുന്നു മദ്യപിക്കുന്നതു കാണുന്ന കുട്ടി, തനിക്കും അതു ചെയ്യാനാവുന്നതാണെന്ന് സ്വാഭാവികമായും കരുതും. അച്ഛന്‍ നടക്കുന്നതുപോലെ നടക്കുകയും സംസാരിക്കുന്നതു പോലെ സംസാരിക്കുകയും ചെയ്യുന്ന മകന്‍, അച്ഛന്‍ മദ്യപിക്കുന്നതു പോലെ ചെയ്യാന്‍ ശ്രമിക്കുന്നതും സ്വാഭാവികം. മദ്യപാനത്തിന്റെ ദോഷവശങ്ങള്‍ കുട്ടിയെ പറഞ്ഞു ബോധ്യപ്പെടുത്തുന്നതിനോടൊപ്പം കുട്ടികളുടെ മുന്നില്‍ വച്ചു മദ്യപിക്കാതിരിക്കാനും രക്ഷിതാക്കള്‍ ശ്രദ്ധിക്കണം.

 

മദ്യം സൂക്ഷിക്കല്‍ പ്രധാന വില്ലന്‍
വീടിനുള്ളിലോ പുറത്തോ സൂക്ഷിച്ചുവയ്ക്കുന്ന മദ്യക്കുപ്പികള്‍ കുട്ടികളുടെ ശ്രദ്ധയില്‍പ്പെടാനിടയാകുന്നതു രക്ഷിതാക്കളുടെ സൂക്ഷ്മതക്കുറവ് മൂലമാണ്. കുട്ടികള്‍ക്കു യഥേഷ്ടം തുറന്നെടുക്കാവുന്ന രീതിയില്‍ ഫ്രിഡ്ജിലോ അലമാരയിലോ മദ്യക്കുപ്പി സൂക്ഷിക്കുന്നത് അപകടമാണ്. മദ്യക്കുപ്പിയില്‍ നിന്നും അല്‍പം അകത്താക്കിയിട്ട്, ബാക്കി വെള്ളമൊഴിച്ചോ മൂത്രമൊഴിച്ചോ നിറച്ചു വയ്ക്കുന്ന വിരുതന്മാരും കുട്ടികളുടെയിടയിലുണ്ട്!

പഠനങ്ങള്‍ സൂചിപ്പിക്കുന്നതു ശരാശരി, പന്ത്രണ്ടര വയസില്‍ കുട്ടികളില്‍ മദ്യപാനശീലം തുടങ്ങുന്നുവെന്നാണ്. തെക്കന്‍ ജില്ലകളിലെ ചില ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലെ ആണ്‍കുട്ടികളില്‍ നടത്തിയ ഒരു സര്‍വേയില്‍ ബോധ്യപ്പെട്ടത്. കുട്ടികളില്‍ അമ്പതു ശതമാനത്തോളം പേര്‍ ഒരിക്കലെങ്കിലും മദ്യം രുചിച്ചുനോക്കിയിട്ടുണ്ടെന്നാണ്. ഈ കുട്ടികളില്‍ അഞ്ചു ശതമാനത്തോളം പേര്‍, മദ്യം മൂലം പഠനത്തിലും പെരുമാറ്റത്തിലും പ്രശ്നങ്ങളുണ്ടായിട്ടുള്ളവരാണെന്നും ആ സര്‍വേയില്‍ തെളിഞ്ഞു. പ്രശ്നക്കാരില്‍ ഭൂരിഭാഗവും 13 വയസിനു മുമ്പ് മദ്യം ആദ്യമായി ഉപയോഗിച്ചവരാണ്. ഇവരില്‍ മഹാഭൂരിപക്ഷവും മദ്യപാനശീലം തുടങ്ങാനുള്ള കാരണമായി രേഖപ്പെടുത്തിയത്, കുടുംബത്തിലെ മുതിര്‍ന്നവരുടെ മദ്യപാനവും കൂട്ടുകാരുടെ പ്രേരണയുമാണ്.

 

ബന്ധങ്ങള്‍ ഊഷ്മളമാക്കാം
കുട്ടികളുടെ നല്ല സുഹൃത്തുക്കളായി അവരുടെ പ്രശ്നങ്ങളും മാറ്റങ്ങളും യഥാസമയം മനസിലാക്കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കണം. കുട്ടികള്‍ തെറ്റായ കൂട്ടുകെട്ടിലേക്കു പോകുന്നതു തടയാന്‍ ഇതു സഹായിക്കും. മദ്യവും ലഹരിവസ്തുക്കളുമുപയോഗിക്കുന്നതു പുരുഷലക്ഷണമായി ചിത്രീകരിക്കുന്ന പരസ്യങ്ങളും ചലച്ചിത്രങ്ങളും കാണാനിടവരുന്ന യുവതലമുറയ്ക്ക് ശരിയായ മാര്‍ഗദര്‍ശനം നല്‍കേണ്ട ഉത്തരവാദിത്വം മുതിര്‍ന്നവര്‍ക്കുണ്ട്. ടിവിയിലും മറ്റും കാണുന്ന ദൃശ്യങ്ങള്‍ വീട്ടില്‍ ആരോഗ്യകരമായ ഒരു ചര്‍ച്ചയ്ക്കു വിധേയമാക്കാന്‍ രക്ഷിതാക്കള്‍ മുന്‍കൈയെടുക്കണം. മദ്യത്തിന്റെയും കഞ്ചാവിന്റെയും ദൂഷ്യവശങ്ങള്‍ കുട്ടികള്‍ക്കു വിശദീകരിച്ചുകൊടുക്കാനുള്ള അവസരമായി അതിനെ വിനിയോഗിക്കണം.

ദിവസേന ഒരു മണിക്കൂറെങ്കിലും കുട്ടികളോടൊപ്പമിരുന്നു വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ സമയം കണ്ടെത്തുന്ന എത്ര രക്ഷിതാക്കള്‍ നമ്മുടെയിടയിലുണ്ട്? കുട്ടികള്‍ വളരുന്ന പ്രായത്തില്‍, ജീവിതപ്രാരാബ്ധങ്ങള്‍ മൂലം തിരക്കിലായിപ്പോകുന്ന പലരും കുട്ടികളെ മറക്കുന്നു. തിരക്കേറിയ ഒരു ദിവസത്തിനൊടുവില്‍ വീട്ടിലിരുന്ന് അല്‍പം മദ്യപിക്കുന്നതു പലര്‍ക്കും ഒരാശ്വാസമാണ്. എന്നാല്‍, ഇതിനിടയില്‍, ഒറ്റപ്പെട്ടുപോകുന്ന കുട്ടികള്‍ ശ്രദ്ധിക്കുന്നത് ഈ മദ്യപാനം മാത്രമാകും. കുട്ടിയുടെ മനസില്‍ മദ്യപിക്കുന്ന അച്ഛന്റെ ചിത്രം വേരുറയ്ക്കുന്നതോടെ അവന്റെ ചിന്തകള്‍ വികലമായിത്തുടങ്ങുന്നു. അച്ഛനും മകനും തമ്മില്‍, ഇതിനിടയില്‍ രൂപപ്പെട്ടു കഴിഞ്ഞ ആശയവിനിമയത്തിലെ വിടവ് കാര്യങ്ങള്‍ വഷളാകാനേ ഉപകരിക്കൂ. അച്ഛന്‍ ചെയ്യുന്നതെന്തും തനിക്കും ചെയ്യാമെന്നു കരുതുന്ന മകനോട് അച്ഛന്‍ നീ അങ്ങനെ ചെയ്യരുത് എന്നു പറയുന്നതോടെ സംഘര്‍ഷം രൂക്ഷമാകുന്നു. കുട്ടിയോടു തുറന്നു സംസാരിക്കുന്ന, അവന്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാന്‍ സമയം കണ്ടെത്തുന്ന, അവന്റെ ചോദ്യങ്ങള്‍ക്കു ക്ഷമയോടെ ഉത്തരം നല്‍കുന്ന, അവനു മാതൃകയാക്കാന്‍ പറ്റിയ പെരുമാറ്റങ്ങളുള്ള രക്ഷിതാവിനു മാത്രമേ അവന്റെ വിശ്വാസമാര്‍ജിക്കാനാകൂ. അത്തരം രക്ഷിതാക്കളെ മാത്രമേ കുട്ടികള്‍ അനുസരിക്കൂ.

മദ്യപിക്കാതെ, നല്ല രീതിയില്‍ പെരുമാറി, കുട്ടികള്‍ക്കു മാതൃകയാകാം. ഓര്‍മിക്കുക, മദ്യപിക്കാത്ത അച്ഛനു മാത്രമേ തന്റെ മകനോടു മദ്യപിക്കരുതെന്നു പറയാനുള്ള ധാര്‍മിക യോഗ്യതയുള്ളൂ.

 

മാറുന്ന സമൂഹമനസ്: ഏറുന്ന മദ്യപാനം
മദ്യപാനത്തെക്കുറിച്ചു സമൂഹധാരണകള്‍ മാറിവരുന്നത് മദ്യത്തോടുള്ള താല്‍പര്യം കുട്ടികളില്‍ കൂടാന്‍ കാരണമാണ്. മുമ്പ് കള്ളുകുടിയന്‍ എന്ന വാക്ക് അവജ്ഞയോടെയാണ് ആളുകള്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്നു സ്ഥിതി മാറി. വിവാഹം, മരണം, പരീക്ഷാവിജയം തുടങ്ങി ഏതു കൂട്ടായ്മകളിലും മദ്യം ഒരു അവശ്യവസ്തുവായി. ഇതു കണ്ടുവളരുന്ന കുട്ടികളും അവരുടെ ഉല്ലാസവേളകള്‍ മദ്യഭരിതമാക്കാന്‍ ശ്രമിക്കുന്നു. സ്കൂളുകളിലെ യൂത്ത് ഫെസ്റ്റിവല്‍, കായികമേള തുടങ്ങിയ അവസരങ്ങളിലൊക്കെ സംഘം ചേര്‍ന്നുള്ള മദ്യപാനം ഒരു ഫാഷനായി മാറിക്കഴിഞ്ഞു.

കുട്ടികളുടെ ശീലങ്ങള്‍ വികസിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നയാളാണ് അമ്മ. എന്നാല്‍ വീടുകളില്‍ സ്ത്രീകള്‍ക്ക് മദ്യം വിളമ്പാന്‍ ഇന്ന് വലിയ മടിയില്ല. മദ്യത്തിന്റെ ഉപയോഗവും സ്ത്രീകളില്‍ കൂടുന്നു. ഇതൊക്കെ കുട്ടികളെ ഗണ്യമായി സ്വാധീനിക്കും. മദ്യം, ലഹരിവസ്തുക്കള്‍ എന്നിവയുടെ ഉപയോഗത്തെക്കുറിച്ച് അമ്മ നല്‍കുന്ന ധാരണകള്‍ കുട്ടികള്‍ക്ക് മാതൃകയാവണം.


ഡോ. അരുണ്‍ ബി. നായര്‍
അസി. പ്രഫസര്‍ സൈക്യാട്രി,
മെഡിക്കല്‍ കോളജ്, തിരുവനന്തപുരം.