HOME»

പ്രാതൽ പ്രധാനഭക്ഷണം

Article_image

പ്രമേഹരോഗചികിത്സയിലെ ഏറ്റവും വലിയ തെറ്റാണ് പ്രാതൽ കഴിക്കാതിരിക്കുന്നത്. ഒരു നേരത്തെ ഭക്ഷണം കഴിക്കാതിരിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് നിലയിൽ സാരമായ മാറ്റം വരുത്ത‍ും.

എങ്ങനെയുള്ള ഭക്ഷണമാകണം പ്രാതൽ എന്നു നോക്കാം. അതിൽ ധാരാളം നാരുകൾ വേണം, ആവശ്യത്തിന് പ്രോട്ടീനുണ്ടാകണം. കൊഴുപ്പു കുറഞ്ഞതാകണം. ആദ്യത്തെ രണ്ടു ഘടകങ്ങളും ഉണ്ടെങ്കിലേ വിശപ്പിനെ തൃപ്തിപ്പെടുത്താനാകൂ. പ്രഭാതഭക്ഷണം ഒരുപാട് താമസിക്കാതിരിക്കാനും ശ്രദ്ധിക്കണം. ഏറെ നേരത്തെ ഉപവാസത്തിനു ശേഷം ശരീരത്തിലേക്കെത്തുന്ന ആദ്യ ഭക്ഷണമാണിത്. അതുകൊണ്ട് രാവിലെ എട്ടരയ്ക്ക് മുമ്പ് പ്രതാൽ കഴിക്കുന്നതാണ് ആരോഗ്യകരം.

മലയാളികളുടെ പ്രാതലിൽ അന്നജവിഭവങ്ങൾക്കാണ് പ്രാധാന്യം. പ‍ുട്ട്, ദോശ, ഇഡ്ഡലി എന്നിങ്ങനെ. അവയോടൊപ്പമുള്ള കറികൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. ധാന്യങ്ങളോടൊപ്പം പ്രോട്ടീനുകളും കൂടി ചേർക്കണം. അതായത് പുട്ട് കടല, ദോശസാമ്പാർ, ഇഡ്ഡലികടല അല്ലങ്കിൽ ചപ്പാത്തി വെജിറ്റബിൾ കറി എന്നിങ്ങനെ. കഴിവതും ചട്നിയും തേങ്ങ ചേർത്ത സ്റ്റൂവും ഒഴിവാക്കണം. ധാരാളം തേങ്ങ ചേർക്കുന്നതിനാൽ‌ അപ്പം അത്ര ആരോഗ്യകരമായ വിഭവമല്ല. പ്രത്യേകിച്ച് അപ്പവും സ്റ്റൂവും. സാധാരണ ദോശമാവിനൊപ്പം ചെറുപയർ, കുമ്പളങ്ങ, ഒാട്സ് ഇവയിലേതെങ്കിലും ചേർത്താൽ ക‍ൂടുതൽ നാരുള്ളതും ആരോഗ്യകരവുമാക്കാം. എല്ലാ വിഭവങ്ങളെയും ഇത്തരം ചില പൊടിക്കൈകളിലൂടെ ആരോഗ്യകരമാക്കാൻ ശ്രദ്ധിക്കണം.

ന്യൂഡിൽസ്, ടോസ്റ്റുകൾ, പൊറോട്ട പോലുള്ള സംസ്കരിച്ച ധാന്യങ്ങളാലുള്ള വിഭവങ്ങൾ എന്നിവ തൽക്കാലത്തേക്കു വിശപ്പു ശമിപ്പിച്ചേക്കുമെങ്കിലും അങ്ങനെ ശരീരഭാരം വർധിക്കുന്നതിനും കാരണമാകും. ഒാട്സ്, കോൺഫ്ളേക്സ് എന്നിവ മാത‍ൃകാപ്രാതലുകളായി പറയാറുണ്ട്. പക്ഷേ ഇവയുടെ അളവു കൂടിയാൽ കാലറി നിരക്ക് ഉദ്ദേശിച്ചതിലും വർധിക്കും. പാൽ ചേർ‌ത്തുകഴിക്കുമ്പോഴും കാലറി വർധിക്കും.