HOME»

പ്രമേഹപാദം

Article_image

പ്രമേഹരോഗികളുടെ പേടിസ്വപ്നമാണ് പാദങ്ങൾക്കുണ്ടാകുന്ന മുറിവും അതിനെതുടർന്നുള്ള കാൽ മുറിച്ചുകളയലും. എന്നാൽ തുടക്കത്തിലേ ശ്രദ്ധിച്ചാൽ കാൽ മുറിച്ചു കളയലും പ്രശ്നങ്ങളും ഒഴിവാക്കാവുന്നതേയുള്ളു. അതിനു വേണ്ട കാര്യങ്ങൾ അറിയാം.

പ്രമേഹം നാഡികളുടെ പ്രവർത്തനത്തെ എങ്ങനെ ബാധിക്കുന്നു?
പ്രമേഹം രണ്ടു രീതിയിലാണ് നാഡീപ്രവർത്തനത്തെ ബാധിക്കുക. നാഡികളുടെ പ്രവർത്തനത്തിന് വേണ്ടത്ര ഊർജ്ജം ലഭിക്കാതെ വരുന്നതു മൂലമുണ്ടാകുന്ന പ്രശ്നമാണ് ഒന്നാമത്തേത്. ഇതിനെ ഡയബറ്റിക് പെരിഫറൽ ന്യൂറോപ്പതി എന്നു പറയുന്നു. പ്രമേഹരോഗികളുടെ ശരീരത്തിൽ രക്തം സഞ്ചരിക്കുന്ന ചെറിയ ധമനികളുടെ പ്രവർത്തനം ചിലപ്പോൾ നിലയ്ക്കാറുണ്ട്. ഇത് നാഡികളുടെ പ്രവർത്തനത്തെ ബാധിക്കും. ഇതിനെ ഇസ്കീമിക് ന്യൂറോപ്പതി എന്നാണു വിളിക്കുക. ഈ പ്രശ്നം മൂലം ചില നാഡികൾ പെട്ടെന്ന് നിലയ്ക്കുന്ന മോണോന്യൂറിറ്റിസ് എന്ന അവസ്ഥയും ചില രോഗികളിൽ കാണാം. പ്രമേഹം പഴകുംതോറും ഈ പ്രശ്നങ്ങൾ കൂടുന്നു.

പ്രമേഹരോഗിയിൽ പാദസംബന്ധിയായ പ്രശ്നങ്ങൾ കൂടുതൽ കാണുന്നത് എന്തുകൊണ്ടാണ്?
ദീർഘകാലമായി പ്രമേഹമുള്ളവരിലും രോഗം നിയന്ത്രണാതീതമായവരിലും നാഡികളുടെ പ്രവർത്തനത്തിൽ തകരാർ വരാം. ഇതുമൂലം പാദങ്ങളിലെ സ്പർശനശേഷി കുറഞ്ഞുവരും. കാൽ എവിടെയെങ്കിലും തട്ടി മുറിവുകളുണ്ടായാലും അറിയാതെ വരും. പ്രമേഹരോഗികളിൽ മുറിവുകളുണങ്ങാൻ താമസമാണ്. ഇ്തതരം ചെറിയ വ്രണങ്ങൾ തുടക്കത്തിലേ കണ്ടുപിടിക്കപ്പെടാതെ പോയാൽ അവ വഷളായി ഡയബറ്റിക് ഫൂട്ടിലേക്കു നയിക്കും. പ്രമേഹത്തോടൊപ്പം അമിത രക്തസമ്മർദ്ദമോ പുകവലിയോ ഉള്ളവരിൽ രക്തക്കുഴലുകളിൽ തകരാർ(ഡയബറ്റിക് വാസ്കുലോപ്പതി) ഉണ്ടാവുകയും ഇതു പതിയെ പാദങ്ങളോ വിരലുകളോ മുറിക്കേണ്ട അവസ്ഥയിലെത്തിക്കുകയും ചെയ്യും. കുഴിനഖം, പാദത്തിലെ വിള്ളലുകൾ, ചൂടുവാതം പോലുള്ള പ്രശ്നങ്ങൾ, തഴമ്പുകൾ എന്നിവ വേണ്ടപോലെ ചികിത്സിക്കാതിരുന്നാലും അണുബാധയും തുടർന്നുള്ള സങ്കീർണതകളും വരാം.

പാദനാഡികളിൽ പ്രവർത്തന തകരാർ ഉണ്ടെന്ന് എങ്ങനെ മനസിലാക്കാം?
കാലിലെ രോമങ്ങൾ പൊഴിഞ്ഞു പോവുക, ചർ‍മം കൂടുതൽ മിനുസമുള്ളതാകുക, കാലിലും പാദങ്ങളിലും സൂചികൊണ്ടു കുത്തുന്നതു പോലെയുള്ള തരിപ്പും വേദനയും എന്നിവയൊക്കെ ലക്ഷണങ്ങളാകാം. കുറച്ചുദൂരം നടക്കുമ്പോൾ തന്നെ വേദന അനുഭവപ്പെടുന്നുണ്ടെങ്കിലും ശ്രദ്ധിക്കണം. പ്രമേഹരോഗികൾ ഇത്തരംലക്ഷണങ്ങളെ അവഗണിക്കാതെ എത്രയും പെട്ടെന്നു തന്നെ ഡോക്ടറുടെ ശ്രദ്ധയിൽ പെടുത്തണം.

പ്രമേഹരോഗികളുടെ പാദപരിശോധന എങ്ങനെ വേണം?
ദിവസവും പാദങ്ങൾ പരിശോധിക്കണം. ഇളം ചൂടുള്ള വെള്ളവും സോപ്പും കൊണ്ട് പാദങ്ങൾ വൃത്തിയായി കഴുകി തുടച്ച് നനവു മാറ്റണം. ഇനി കാൽപത്തിയും വിരലുകളുടെ ഇടയും ഉള്ളംകാലും ഉപ്പൂറ്റിയുമൊക്കെ പ്രത്യേകം പരിശോധിക്കണം. ചെറിയൊരു കണ്ണാടിയുണ്ടെങ്കിൽ ഏറെ നന്ന്. മുറിവേ ചതവോ വീക്കമോ പോറലോ പോലും കണ്ടാൽ സ്ഥിരം കാണുന്ന ഡോക്ടറോടു പറയുക.

പാദസംരക്ഷണത്തിൽ എന്തൊക്കെ ശ്രദ്ധിക്കണം?
1. നഖം വെട്ടുന്നതിൽ ഏറെ ശ്രദ്ധ വേണം. എപ്പോഴും നേർരേഖയിൽ വെട്ടുക. വളച്ചു വെട്ടിയാൽ മാംസം നഖത്തിന്റെ അടിയിലേക്കു കയറി വളരാം. ബ്ളേഡ് ഉപയോഗിക്കുന്നതിലും നല്ലത് നെയിൽകട്ടർ ഉപയോഗിച്ചു മുറിക്കുന്നതാണ്.
2. ചർമം വല്ലാതെ വരണ്ടിരുന്നാൽ വിണ്ടുകീറി മുറിവുണ്ടാകാം. കാലുകൾ കഴുകിക്കഴിഞ്ഞ് ഏതെങ്കിലും മോയിസ്ചറൈസറോ എണ്ണയോ പുരട്ടി തടവണം. എന്നാൽ വിരലുകൾക്കിടയിൽ പുരട്ടരുത്.
3. ഏറെ നേരം നിൽക്കുന്നവരും ഇരിക്കുന്നവരും അൽപസമയം കാലുകൾ തലയുടെ നിരപ്പിനെക്കാൾ മുകളിലായി ഉയർത്തിവയ്ക്കുന്നത് കാലുകളിലെ രക്തഓട്ടം വർധിപ്പിക്കുകയും വേദന കുറയ്ക്കുകയും ചെയ്യും.
4. കടുത്ത ചൂടും തണുപ്പും കാലിലേൽപിക്കരുത്
5. കൃത്യമായി പാകമാകുന്ന മാർദവമുള്ള ചെരിപ്പുകൾ ധരിച്ചാൽ ചെരിപ്പുരഞ്ഞുണ്ടാകുന്ന മുറിവുകൾ തടയാം. പ്രമേഹരോഗികളിൽ വൈകുന്നേരം കാലിൽ നീരുണ്ടാകാമെന്നതിനാൽ ആ സമയത്ത് ചെരിപ്പു വാങ്ങിയാൽ അളവു കൃത്യമായിരിക്കും. ഷൂസാണ് ധരിക്കുന്നതെങ്കിൽ സോക്സ് ഇടണം.
6. വീട്ടിൽ ചെരിപ്പില്ലാതെ നടക്കുമ്പോൾ സോക്സ് ധരിച്ചാൽ മുറിവുകളൊഴിവാക്കാം.
7. പ്രമേഹരോഗമുള്ള, പാദപ്രശ്നങ്ങളുള്ളവർ ഡ്രൈവിങ് കഴിവതും ഒഴിവാക്കണം. ഡ്രൈവ് ചെയ്യേണ്ട സാഹചര്യങ്ങൾ ഉണ്ടായാൽ തന്നെ കാലുകൾക്ക് ഇടയ്ക്ക് വിശ്രമം നൽകണം. അനുയോജ്യമായ പാദരക്ഷകൾ ഉപയോഗിച്ചു വേണം ഡ്രൈവ് ചെയ്യാൻ.

മുറിവുണ്ടായാൽ എന്തു ചെയ്യണം?
ചെറിയ മുറിവുകളാണെങ്കിൽ ഉപ്പുവെള്ളമോ അണുനാശിനിയോ ഉപയോഗിച്ച് കഴുകി വൃത്തിയാ്കകണം. തുടർന്ന് മാലിന്യങ്ങൾ കടക്കാത്തവിധം തുണിയോ ഗോസോകൊണ്ട് കെട്ടിവയ്ക്കണം. മുറിവുള്ള കാലുകൾക്ക് വിശ്രമം നൽകാനും ശ്രദ്ധിക്കണം. രണ്ടു മൂന്നു ദിവസത്തിനു ശേഷവും മുറിവുണങ്ങുന്നില്ലെങ്കിൽ ഡോക്ടറെ കാണിക്കുക തന്നെ വേണം. ‌‌ആഴമുള്ള മുറിവുകളാണെങ്കിൽ പ്രഥമശുശ്രൂഷകൾക്കു ശേഷം ഡോക്ടറെ സമീപിച്ച് ചികിത്സ തേടണം. പ്രമേഹരോഗികളിൽ മുറിവുണങ്ങാൻ മറ്റുള്ളവരെ അപേക്ഷിച്ച് കാലതാമസമെടുക്കും.