വെട്ടിച്ചു നടക്കാം നടുവേദനയെ

ഹൃദ്രോഗം, പുകവലിയുടെ ദോഷവശങ്ങൾ തുടങ്ങി നമുക്കറിയാവുന്ന കാര്യങ്ങൾ ഏറെയുണ്ട്. എന്നാൽ വളരെ സാധാരണമായ നടുവേദന എന്ന അസുഖം നമ്മിൽ പലരും അനുഭവിക്കുന്നുണ്ടെങ്കിലും തീരെ ബുദ്ധിമുട്ടിലാകുമ്പോൾ മാത്രമേ അതു ഗൗരവമായി എടുക്കാറുള്ളൂ. അൽപം ശ്രദ്ധിച്ചാൽ നമുക്ക് ഈ അസുഖത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ കഴിയും. അതിനുള്ള ശ്രമം വേണമെന്നുമാത്രം.

നടുവു സംരക്ഷണത്തിൽ ശ്രദ്ധിക്കാവുന്ന ചില കാര്യങ്ങളിതാ
ഇരിക്കുക, കിടക്കുക, നിൽക്കുക, നടക്കുക, തുടങ്ങിയവയെല്ലാം ദൈനംദിന ജീവിതത്തിൽ ഒഴിച്ചു കൂടാൻ പറ്റാത്തവയാണ്. പലരും ഓഫീസ് ജോലികൾ ചെയ്യുന്നവരും. ഓഫിസ് ജോലിയിൽ പലപ്പോഴും മണിക്കൂറുകളോളം ഒരേ ഇരിപ്പ് ഇരിക്കേണ്ടിയും വരും. നടുവിന് ഏറ്റവും പ്രയാസം ഉണ്ടാക്കുന്നതാണ് ഇരിപ്പ്. നീണ്ടു നിൽക്കും തോറും നടുവിനു കൂടുതൽ ജോലിയാകും. അതുകൊണ്ടുതന്നെ തുടർച്ചയായ ഇരിപ്പിന് ഇടയ്ക്കിടെ അൽപ സമയം വിരാമം കൊടുക്കുന്നത് നല്ലതാണ്. ഒരു മണിക്കൂർ കഴിയുമ്പോൾ 10 മിനിറ്റ് നടക്കുകയോ നിൽക്കുകയോ വേണം.

കസേരയാണു നടുവേദന ഉണ്ടാക്കുന്ന പ്രധാന വില്ലൻ. മിക്ക കസേരകളുടെയും പിറകുവശം ഒരേ നിരപ്പിൽ ഉള്ളതായിരിക്കും.ഇത്തരം കസേരകളിൽ ഇരിക്കുമ്പോൾ നട്ടെല്ലിന്റെ ഒരു ഭാഗത്തിന് ആവശ്യമായ താങ്ങു കിട്ടാതെ പോകുന്നു. മിക്കപ്പോഴും നട്ടെല്ലിനും കസേരയുടെ പിൻവശത്തിനും ഇടയിലുള്ള ഈ വിടവ് ഒരു കൈ കടത്താൻ പാകത്തിലുള്ളതാകും. ഈ ഭാഗത്ത് ഒരു ചെറിയ കുഷൻ വച്ചുകൊടുത്താൽ നടുവിനു താങ്ങാകും. ഈ പ്രശ്നം ഒഴിവാക്കുന്ന നല്ല ഇനം കസേരകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.

OTHER STORIES
© Copyright 2015 Manoramaonline. All rights reserved.