കർക്കടകത്തിലെ സുഖചികിത്സ

കർക്കടക മാസത്തിൽ ചെയ്യുന്ന പഞ്ചകർമ ചികിത്സയാണു കർക്കടക ചികിത്സ. കൃത്യമായ മാർഗങ്ങളിലൂടെ ശരീരത്തിൽ വർധിച്ചിരിക്കുന്ന ദോഷങ്ങളെ പുറത്തേക്കു തള്ളി ആരോഗ്യം നിലനിർത്തുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. പ്രത്യേകിച്ച് അസുഖമൊന്നുമില്ലെങ്കിൽക്കൂടി ശരീരത്തിന്റെ സ്വാസ്ഥ്യം സംരക്ഷിക്കുന്നതിനായി ഈ ചികിത്സ ചെയ്യാവുന്നതാണ്. അതുകൊണ്ട് ഈ ചികിത്സയെ സുഖചികിത്സ എന്നും പറയാറുണ്ട്.

രോഗകാരണങ്ങളായ വാതം, പിത്തം, കഫം എന്നീ മൂന്നു ദോഷങ്ങൾക്കു വർധന ഉണ്ടാകുന്ന സമയമാണു കർക്കടകം. അതിശക്തമായ മഴക്കാലമായതിനാൽ, കാർഷിക വൃത്തികളിൽ വ്യാപൃതരായിരുന്ന കേരളീയർക്ക് ആയുർവേദ ചികിത്സയ്ക്കും പഥ്യത്തിനും കൂടുതൽ സമയം കണ്ടെത്താൻ സാധിക്കുന്നതും കർക്കടകമാസത്തിലെ ആയുർവേദ ചികിത്സയ്ക്കു പ്രാധാന്യം കൂട്ടി.

ജൂലൈ 15 മുതൽ ഓഗസ്റ്റ് 15 വരെ
ജൂലൈ മധ്യത്തിൽ തുടങ്ങി ഓഗസ്റ്റ് പകുതി വരെയാണു കർക്കടക ചികിത്സാകാലം. യൗവനാവസ്ഥയിൽ തുടങ്ങി വാർധക്യം വരെയുള്ള ഏതൊരു പ്രായക്കാർക്കും കർക്കടക ചികിത്സ ചെയ്യാം. കഷായചികിത്സ, പിഴിച്ചിൽ, ഉഴിച്ചിൽ, ഞവരക്കിഴി, ധാര, വസ്തി പിന്നെ വിശ്രമിക്കുന്നതും നല്ല ഇരിപ്പുമാണു പ്രധാന ചികിത്സാഘട്ടങ്ങൾ.

കർക്കടക കഞ്ഞിക്കൂട്ട്
ഏലയ്ക്ക, കുരുമുളക്, കരിംജീരകം, ജീരകം, പെരുംജീരകം, ചെറുപുന്നയരി, കാർകോകിലരി, കൊത്തമല്ലി, വിഴാലരി, അയമോദകം, ജാതിപത്രി, ഗ്രാമ്പു, കുടകപ്പാലയരി, ചുക്ക്, കുറുന്തോട്ടി, കാട്ടുതിപ്പലി, ചെറൂള, തവിഴാമ എന്നീ 18 തരം ദ്രവ്യങ്ങൾ സമമെടുത്തു പൊടിയാക്കുക. 15 ഗ്രാം പൊടി 2 ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് 1 ലിറ്റർ ആക്കി വറ്റിച്ച് അതിൽ 50 ഗ്രാം നവരയരി വേവിച്ച് ഇറക്കിവയ്ക്കുന്നതിനു മുമ്പായി ഒരു മുറി തേങ്ങയുടെ പാലെടുത്തു ചേർത്ത് അൽപം ഇന്തുപ്പും കൂടി ചേർക്കുക. ഈ ഔഷധക്കഞ്ഞി നെയ്യിൽ താളിച്ചു സേവിക്കുക.