വണ്ണം കുറയ്ക്കാൻ ആദ്യഘട്ടത്തിൽ ചെയ്യേണ്ടത്

ശരീരഭാരം കൂടുന്ന സമയത്ത് തന്നെ ആഹാരനിയന്ത്രണം കൊണ്ടുവരണം. ജീവിതശൈലിയിൽ ഒരു ചിട്ട കൊണ്ടുവരാ‍ൻ പ്രത്യേകം ശ്രദ്ധിക്കണം. ഓരോരുത്തരുടെയും ശരീരപ്രകൃതിക്കും ജോലിക്കും അനുസൃതമായ ആഹാരം കഴിക്കാനാണ് ആയുർവേദം നിർദേശിക്കുന്നത്. ഇഷ്ടമുള്ള ആഹാരം കഴിച്ച് വയർ നിറയ്ക്കുന്നതിനു പകരം അര വയർ ആഹാരം കൊണ്ടും കാൽ ഭാഗം വെള്ളത്തിനായും ബാക്കി കാൽഭാഗം വായുവിനായും ബാക്കിവയ്ക്കേണ്ടതാണ്. വേണ്ടുന്ന വിധത്തിൽ ദഹനം നടന്ന് അതിന്റെ നല്ല അംശം ശരീരം ആഗിരണം ചെയ്ത് അഴുക്കിനെ പുറത്തേക്കു കളയാനുള്ള ഒരു സജ്ജീകരണത്തിനായി ഇത്തരത്തിലുള്ള ആഹാരരീതിയിലേക്ക് പോകണം.

അമിതവണ്ണമുള്ള വ്യക്തികൾ ആഹരത്തിന്റെ തുടക്കത്തിൽ തന്നെ രണ്ടു ഗ്ലാസ് വെള്ളം കുടിക്കുക. ഇത് വിശപ്പിനെ കുറയ്ക്കാനും ആഹരം കഴിക്കുന്നതിന്റെ അളവ് കുറയ്ക്കാനും ഗ്യാസ്ട്രിക് ജ്യൂസിനെ ഡൈല്യൂട്ട് ചെയ്യാനും സഹായിക്കും. കഴിച്ച ആഹാരം ദഹിക്കാനും ഇത് സഹായകമാണ്. ക്ഷീണിച്ചിരിക്കുന്ന പ്രകൃതക്കാർ ഭക്ഷണത്തിനു ശേഷം വെള്ളം കുടിക്കുക. മധ്യപ്രകൃതക്കാർ ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുക.

മധുര പലഹാരങ്ങൾ കലോറിയുടെ കലവറയാണ്. സസ്യഭുക്കുകളായവരിൽ മധുരം അധികം കഴിക്കുന്നവരിലാണ് കൂടുതലായും അമിതവണ്ണം പ്രതൃക്ഷപ്പെടുന്നത്. നമ്മൾ അധികമായി കഴിക്കുന്ന ആഹാരം കൊഴുപ്പായി നിക്ഷേപിക്കുന്നത് ഒന്നോ രണ്ടോ ദിവസം ഭക്ഷണം കിട്ടാത്ത അവസരത്തിൽ ഉപയോഗിക്കാനായാണ്. ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ കൊഴുപ്പ് സ്വതസിദ്ധമായിത്തന്നെ ഉണ്ടാകുന്നുണ്ട്. അതിനെ മറികടന്നാണ് ഇത്രയും കൊഴുപ്പ് നമ്മൾ ഉള്ളിലേക്ക് എടുക്കുന്നത്. അധികം മധുരമള്ളത്, മാസം, എണ്ണയിൽ പൊരിച്ചത് എന്നിവ കലോറി മൂല്യം കൂട്ടുന്ന ആഹാരങ്ങളാണ്,. ഇവ കുറച്ചാൽത്തന്നെ അമിതവണ്ണക്കാരിൽ വണ്ണം കുറയ്ക്കാനുള്ള ആദ്യപടിയായി.

OTHER STORIES
© Copyright 2015 Manoramaonline. All rights reserved.