മലയാള മനോരമ കൊച്ചിയിൽ സംഘടിപ്പിച്ച ആശയക്കൂട്ടത്തിൽ ഉയർന്ന നിർദേശങ്ങളിലൂടെ...

ലഹരിവിമുക്തി ലക്ഷ്യമിട്ടു സംസ്ഥാന സർക്കാർ ആരംഭിച്ച സുബോധം പ്രചാരണ പരിപാടിയുമായി സഹകരിച്ച് മലയാള മനോരമ കൊച്ചിയിൽ സംഘടിപ്പിച്ച ആശയക്കൂട്ടത്തിൽ ഉയർന്ന നിർദേശങ്ങളിലൂടെ...

എ.പി.എം. മുഹമ്മദ് ഹനീഷ് (സെക്രട്ടറി, പൊതുമരാമത്ത്നഗരകാര്യം, എംഡി, ആർബിഡിസികെ)
ലഹരിമരുന്നിനെതിരായ പ്രചാരണ പരിപാടി കൃത്യമായി അവതരിപ്പിക്കാൻ നമുക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നത് വസ്തുതയാണ്. ഒരു വ്യക്തി ലഹരി ഉപയോഗിക്കുന്നതു മൂലം സമൂഹത്തിനുണ്ടാകുന്ന നഷ്ടം കൂടി നിർവചിക്കേണ്ടതുണ്ട്. സൃഷ്ടിപരമായ (ക്രിയേറ്റിവ്) കാര്യങ്ങൾക്ക് അവിഭാജ്യഘടകമാണു ലഹരിയെന്ന തെറ്റിദ്ധാരണ പുതിയ തലമുറയിലുണ്ട്. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള കർമപരിപാടി സർക്കാരിന്റെ മാത്രം ചുമതലയിലുള്ള ഒന്നല്ല. സമൂഹത്തിലെ ഓരോരുത്തർക്കും അതിന് ഉത്തരവാദിത്തമുണ്ട്. കർമപരിപാടിക്ക് സമഗ്രവും സഞ്ചിതവുമായ ഒരു രൂപരേഖയുണ്ടാക്കുകയാണ് ആദ്യം വേണ്ടത്.

നിൽ സേവ്യർ (എക്സൈസ് കമ്മിഷണർ)
സ്റ്റുഡന്റ് പൊലീസ് കെഡറ്റ്, കുടുംബശ്രീ, എൻഎസ്എസ്, റസിഡന്റ്സ് അസോസിയേഷൻ എന്നിവരെയെല്ലാം സഹകരിപ്പിച്ചുകൊണ്ടുള്ള ലഹരിവിരുദ്ധ പ്രവർത്തനങ്ങളാണ് എക്സൈസ് വകുപ്പ് ലക്ഷ്യമിടുന്നത്. പ്രായമുള്ളവരെ ലഹരിയുപയോഗത്തിൽനിന്നു പിന്തിരിപ്പിക്കുകയെന്നതു താരതമ്യേന ദുഷ്കരമായതുകൊണ്ട് കുട്ടികളാണു കൂടുതൽ ശ്രദ്ധയൂന്നുന്നത്. ഇതിന്റെ ഭാഗമായി 1500 സ്കൂളുകളിലും 200 കോളജുകളിലും ലഹരിവിരുദ്ധ ക്ലബ്ബുകൾ രൂപീകരിച്ചു. സർക്കാരിന്റെ നയപരിപാടികൾ മദ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് വലിയ ഊർജമായിട്ടുണ്ട്. ‍മദ്യഉപഭോഗം ഘട്ടം ഘട്ടമായി കുറയുന്ന ഒരു നിശബ്ദ വിപ്ലവം കേരളത്തിൽ നടക്കുന്നത് ഇതിന്റെ ഭാഗമാണ്. 2010നു മുൻപു വരെ ഓരോ വർഷവും 20 ശതമാനം വർധനയായിരുന്നു മദ്യ ഉപഭോഗത്തിൽ ഉണ്ടായിരുന്നത്. എന്നാൽ 2010–11ൽ മദ്യഉപഭോഗ വർധന 16 ശതമാനമായി. തൊട്ടടുത്ത സാമ്പത്തിക വർഷം 11 ശതമാനമായി. 2013–14ൽ പ്രതിലോമ വളർച്ച (നെഗറ്റിവ് ഗ്രോത്ത്)യാണു കാണിച്ചത്. ഇക്കഴിഞ്ഞ ഏപ്രിൽ, മേയ് മാസത്തിൽ മൈനസ് 19 ശതമാനത്തിലെത്തി. ഇന്ത്യയിൽ മറ്റൊരിടത്തും കാണാത്ത പ്രതിഭാസമാണിത്.

ഡോ. കെ.എസ്. രാധാകൃഷ്ണൻ (ചെയർമാൻ, പിഎസ്‌സി)
കുട്ടികളെ ലഹരിയുടെ വഴിയിൽനിന്നു വീണ്ടെടുക്കുന്നതിനാകണം ആദ്യ പരിഗണന നൽകേണ്ടത്. കുട്ടികൾ ലഹരി ഉപയോഗത്തിലേക്കു തിരിയുന്നതിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ച വച്ചു പൊറുപ്പിക്കാവുന്നതല്ല. ഒരു നല്ല വിദ്യാർഥിയെ പരുവപ്പെടുത്തിയെടുക്കുന്നതിൽ അധ്യാപകനുള്ള പങ്ക് പുനർനിർവചിക്കേണ്ട സമയം അതിക്രമിച്ചു. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ അധ്യാപകരും രക്ഷിതാക്കളും ഒന്നും ചെയ്യാതെ മാറിനിൽക്കുന്നതാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. ആദ്യം ബോധവൽകരണവും പരിശീലനവും നൽകേണ്ടത് അവർക്കാണ്. വീടുകളെ മദ്യശാലകളാക്കി മാറ്റുന്നത് കുട്ടികളെ എന്നേക്കും നഷ്ടപ്പെടുത്തുന്നതിനു തുല്യമായിരിക്കും. അതേസമയം, മദ്യനിരോധനം അപ്രായോഗികമാണ്. മനുഷ്യന്റെ ജന്മവാസനയുമായി ബന്ധപ്പെട്ട ഒരു കാര്യം നിയമം മൂലം നിരോധിക്കാൻ കഴിയുമെന്നു കരുതുന്നില്ല. എല്ലാ തലങ്ങളിലുമുള്ള തുടർച്ചയായ ബോധവൽകരണമാണ് ആവശ്യം.

ജസ്റ്റിസ് പി.കെ.ഷംസുദീൻ (ചെയർമാൻ, കേരള മദ്യവിരുദ്ധ ഏകോപന സമിതി)
വിദ്യാർഥികൾക്കു ലഹരി കലർന്ന പദാർഥങ്ങൾ വിദ്യാലയ പരിസരങ്ങളിൽ ലഭിക്കുന്ന സാഹചര്യം തടയണം. ലഹരി ഉപയോഗിക്കുന്ന മാതാപിതാക്കളുടെ മക്കളെ ലഹരിയിൽ നിന്നു പിന്തിരിപ്പിക്കാൻ എളുപ്പമല്ലെന്ന സത്യം മാതാപിതാക്കൾ തന്നെ ആദ്യം മനസിലാക്കണം. വിദ്യാർഥികളുടെ മൂല്യബോധം വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങളിൽ സന്നദ്ധസംഘടനകളുടെ സഹകരണം സർക്കാർ ഉത്തരവിലൂടെ ഉറപ്പാക്കണം. സ്കൂളുകളിലെ ബോധവൽകരണ പ്രവർത്തനങ്ങൾക്ക് ഈ മേഖലയിലെ സംഘടനകളെ ചുമതലപ്പെടുത്തണം. മദ്യത്തിന്റേയും ലഹരിയുടേയും നിരോധനം പ്രായോഗികമല്ലെന്ന ചിന്ത അവസാനിപ്പിക്കണം. നിയമത്തിലൂടെ മാത്രമേ ലഹരിയുടെ വിപത്ത് ഇല്ലാതാക്കാൻ കഴിയൂ.

ഡോ. ജെ. പ്രമീളാദേവി (സംസ്ഥാന വനിതാ കമ്മിഷൻ അംഗം)
കുട്ടികളിൽ മൽസരബുദ്ധിയും അമിത സമ്മർദവും ചെലുത്തുന്നതിൽനിന്നു രക്ഷിതാക്കളും അധ്യാപകരും പിന്തിരിയണം. തന്നിൽ അടിച്ചേൽപിക്കപ്പെട്ട ലക്ഷ്യത്തിലേക്ക് എത്താൻ കഴിയാത്തയാൾ വല്ലാത്ത നിരാശയും ഒറ്റപ്പെടലും അനുഭവിക്കും. അതു കുട്ടികളിൽ കൂടുതലായിരിക്കും. ലഹരിയിൽ അവർ അഭയം തേടും. ആവശ്യത്തിലധികമോ, കുറവോ സ്വാതന്ത്ര്യം നൽകലാണു രണ്ടാമത്തെ കാരണം. രക്ഷിതാക്കൾ ഒന്നിലും ചോദ്യം ചെയ്യാത്ത സാഹചര്യമാണ് ഇതിൽ ഏറ്റവും അപകടകരം. വനിതാ കമ്മിഷന്റെ കലാലയ ജ്യോതി പരിപാടിയുടെ ഭാഗമായി വിദ്യാർഥികളുമായി സംവദിക്കുമ്പോൾ ഇക്കാര്യം ബോധ്യപ്പെടാറുണ്ട്. മക്കൾ ലഹരിക്ക് അടിമയാകുന്നത് അച്ഛനും അമ്മയും അറിയുന്നത് ചിലപ്പോൾ മാസങ്ങളോളം വൈകിയാണ്. മദ്യവും ലഹരിമരുന്നും ഉൾപ്പെടെയുള്ള എല്ലാ ദുരിതങ്ങളും ആത്യന്തികമായി ബാധിക്കുന്നത് വീട്ടിലെ സ്ത്രീകളെയാണ്. സ്ത്രീകൾക്കിടയിൽ കൂടുതൽ ബോധവൽകരണം നടത്തണം.

പി.വിജയൻ (ഡിഐജി, ഇന്റലിജൻസ്)
ലഹരിക്ക് ആവശ്യക്കാരുണ്ട്, അവർക്ക് ലഹരി എത്തിക്കാനുള്ള വിതരണക്കാരുണ്ട്.. ആവശ്യക്കാരെ കേന്ദ്രീകരിച്ചുള്ള ബോധവൽകരണവും നിയമനിർമാണവും നടക്കുന്നതിനൊപ്പം വിതരണക്കാരെ ഇല്ലായ്മ ചെയ്യാനുള്ള നീക്കങ്ങളും ശക്തമാവണം. പലപ്പോഴും ലഹരിയുടെ ഉറവിടങ്ങളിലേക്ക് എത്താൻ അന്വേഷണങ്ങൾക്കു കഴിയുന്നില്ല. വിവിധ അന്വേഷണ ഏജൻസികൾ തമ്മിൽ രഹസ്യവിവരങ്ങൾ പങ്കുവയ്ക്കുന്ന രീതി ശക്തിപ്പെട്ടാൽ ലഹരി ഉൽപ്പാദനത്തിന്റേയും വിൽപ്പനയുടേയും കൈവഴികൾ തകർക്കാൻ കഴിയും. കേരളത്തിലെ ലഹരി ഉപയോഗത്തിന്റേയും വിൽപ്പനയുടേയും യഥാർഥ ചിത്രം വ്യക്തമാക്കുന്ന പഠനം ഇതുവരെ നടന്നട്ടില്ല. പഠന വൈകല്യം മൂലം സമ്മർദ്ദത്തിലാവുന്ന കുട്ടികൾ ലഹരി ഉപയോഗത്തിലേക്കു കടക്കാൻ സാധ്യതയുണ്ട്. പഠനത്തിൽ പിന്നാക്കം പോകുന്ന കുട്ടികളെ ‘മണ്ടൻ’ എന്നു മാത്രം വിളിക്കാനാണു നിർഭാഗ്യവശാൽ ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന് ആകെ അറിയിയാവുന്നത്. പഠനത്തിലും കുടുംബത്തിലും ക്ലാസിലും പ്രതികൂല സാഹചര്യങ്ങൾ നേരിടുന്ന കുട്ടികളെ മുഖ്യധാരയിലേക്കു കൊണ്ടുവാരാനുള്ള പരിശീലനം അധ്യാപകർക്കു ലഭിക്കണം.

സത്യൻ അന്തിക്കാട് (ചലച്ചിത്ര സംവിധായകൻ)
അറിവില്ലായ്‌മ കാരണം ലഹരി ഒരു സ്‌റ്റൈലായി കരുതി തുടങ്ങുകയും പിന്നീട് അതിന്റെ അഗാധതയിലേക്കു വീഴുകയും ചെയ്യുന്നതാണ് ഇന്നത്തെ പ്രശ്‌നം. ലഹരി അടക്കമുള്ള സാമൂഹിക പ്രശ്‌നങ്ങളിൽ സിനിമയ്‌ക്ക് അതിന്റേതായ പങ്കു വഹിക്കാനുണ്ട്. ബോധവൽക്കരിക്കുകയാണെന്നു തോന്നാത്ത വിധം സിനിമ ചെയ്യണം. എംജിആർ ഒരു സിനിമയിൽ പോലും മദ്യപിക്കുന്നതായി അഭിനയിച്ചിട്ടില്ല. തമിഴ്‌നാട്ടിൽ ഇതിനു വലിയ സ്വാധീനം ചെലുത്താൻ കഴിഞ്ഞിരുന്നു. ചിലർ സെൻസർ ബോർഡിനെ കബളിപ്പിക്കാൻ, ലഹരിക്ക് എതിരായ സിനിമയെന്നു പറയുകയും സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ ലഹരി ഉപയോഗിക്കുന്നതിന്റെ വിവിധ ശൈലികൾ കാണിക്കുകയും ചെയ്യുന്നു. അവസാന സീനിൽ നായകൻ ലഹരി ഉപേക്ഷിക്കുന്നതാണ് സിനിമയുടെ ലഹരി വിരുദ്ധത. ലഹരി ഉപയോഗിക്കുന്ന സംവിധായകരുടെ സിനിമയിൽ അവർ അറിയാതെ തന്നെ ലഹരി ഒരു ഘടമായി വരും. ലഹരി കാരണം യാഥാർഥ പ്രതിഭ തെളിയിക്കാൻ കഴിയാതെ പോയ ഒരുപാട് പേർ സിനിമയിൽ ഉണ്ട്.

ഡോ. ശ്രീജിത്ത് എൻ. കുമാർ (സംസ്ഥാന പ്രസിഡന്റ്, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ)
കേട്ടറിവ് മാത്രം വച്ച് ലഹരി വിമുക്‌ത നയം ഉണ്ടാക്കാൻ പാടില്ല. മദ്യ ഉൽപാദനത്തിന്റെയും ഉപയോഗത്തിന്റെയും കണക്ക് ലഭ്യമാണെങ്കിലും മറ്റു ലഹരി വസ്‌തുക്കളുടെ കാര്യത്തിൽ കൃത്യമായ കണക്കില്ല. ലഹരി നിരോധന നയം രൂപീകരിക്കും മുൻപ് വിശാലമായ വിവര ശേഖരണം നടത്തണം. ലഹരി വിരുദ്ധരായ പുതിയ നായക കഥാപാത്രങ്ങൾ കുട്ടികൾക്ക് ഇഷ്ടമുള്ള മാധ്യമങ്ങളിലൂടെ അവരിലേക്ക് എത്തിക്കണം. പ്രചാരണത്തിന്റെ രീതികൾ തീരുമാനിക്കാൻ കുട്ടികൾ ഉൾപ്പെടുന്ന കമ്മിറ്റികൾ വേണം. ക്യാംപസുകളിൽ രാഷ്‌ട്രീയം ഇല്ലാതായത് വലിയ പ്രശ്‌നമാണ്. വിദ്യാർഥികളുടെ അധിക ഊർജം പ്രയോജനപ്പെടുത്താൻ രാഷ്‌ട്രീയ, സാംസ്‌കാരിക പ്രവർത്തനങ്ങൾ ക്യാംപസുകളിൽ വീണ്ടും സജീവമാകണം. ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പ്രഫഷനൽ കോഴ്‌സുകളെ വേർതിരിച്ചു നിർത്തരുത്. പ്രഫഷനൽ കോഴ്‌സ് പഠിക്കുന്നവരും കരുതലും ശ്രദ്ധയും ലഭിക്കേണ്ട കുട്ടികളാണ്. അവരെ മുതിർന്നവർ എന്ന പേരിൽ വിട്ടു കളയുന്നത് ശരിയല്ല.

ഡോ. കെ. അമ്പാടി (ഡയറക്‌ടർ, സുബോധം പദ്ധതി)
ലഹരി ആവശ്യമുള്ളവരുടെ എണ്ണം കുറയ്‌ക്കുക, ലഹരിയുടെ ദോഷഫലങ്ങൾ കുറയ്‌ക്കുക, ലഹരി വസ്‌തുക്കൾ സംബന്ധിച്ചു കൃത്യമായ വിവര ശേഖരണം നടത്തി രേഖകൾ ഉണ്ടാക്കുക എന്നതാണ് സുബോധം പദ്ധതിയുടെ ആദ്യഘട്ടത്തിൽ ലക്ഷ്യം വയ്ക്കുന്നത്. ലഹരി വിരുദ്ധ ഗ്രാമങ്ങൾ ദത്തെടുക്കാനും വീടുകളിൽ നേരിട്ടു ലഹരി വിരുദ്ധ പ്രചാരണങ്ങൾ എത്തിക്കാനുമുള്ള ശ്രമങ്ങൾ രണ്ടാംഘട്ടത്തിലുണ്ടാകും. . ലഹരി വിമോചന കേന്ദ്രങ്ങൾ സംബന്ധിച്ചു മാർഗ നിർദേശം തയാറാക്കാനും പദ്ധതിയുണ്ട്. സാമ്പ്രദായിക ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപരിയായി, സമൂഹത്തെ കൂടുതൽ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള പ്രവർത്തനങ്ങളാണു നടപ്പാക്കുക.

ഡോ. സി.ജെ. ജോൺ (കൺസൽട്ടന്റ് സൈക്യാട്രിസ്റ്റ്, മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, കേരള ഘടകം പ്രസിഡന്റ്, ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി)
ലഹരിയുടെ ഉപയോഗം, വിൽപന എന്നിവ സംബന്ധിച്ച വിവരങ്ങൾ അധ്യാപകർക്കും വിദ്യർഥികൾക്കും പൊതുജനങ്ങൾക്കു വിശ്വസിച്ചു കൈമാറാൻ കഴിയുന്ന കേന്ദ്രീകൃത കോൾസെന്റർ സംസ്ഥാന പൊലീസ്, എക്സൈസ് മേധാവികളുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ആരംഭിക്കണം. ലഹരി വിമോചന പ്രവർത്തനങ്ങൾ ഉത്തരവാദിത്ത ബോധത്തോടെ ശാസ്ത്രീയമായി നിർവഹിക്കാൻ കഴിയുന്ന കേന്ദ്രങ്ങളാണു നമുക്ക് ആവശ്യം. ഇത്തരം കേന്ദ്രങ്ങളിൽ വിദ്യാഭ്യാസ യോഗ്യതയുള്ള പ്രത്യേക പരിശീലനം ലഭിച്ചവരെ നിയോഗിക്കണം. ഇന്നത്തെ ബോധവൽകരണ രീതികൾ മുഷിഞ്ഞു നാറിയ ഒരു തുണിയാണ് അത് അലുക്കി വെളുപ്പിക്കേണ്ട കാലംകഴിഞ്ഞു. സാഹചര്യങ്ങൾ കൊണ്ട് ചെറിയതോതിൽ ലഹരി ഉപയോഗിച്ചു തുടങ്ങുന്ന കുട്ടികളെ വിദ്യാലയങ്ങളിൽ നിന്നു പുറന്തള്ളുന്ന മനോഭാവത്തിനു മാറ്റം വരണം. ഇത്തരം കുട്ടികളെ കൂടെ നിറുത്തി രക്ഷിച്ചെടുക്കാനുള്ള ചുമതലാബോധം അധ്യാപകരിലും വിദ്യാർഥികളിലും വളർത്തണം, അതിനായി രക്ഷിതാക്കളുടെ മുഴുവൻ പിന്തുണയും ലഭ്യമാക്കണം.

ഡോ. മോഹൻ റോയ് (അസോഷ്യേറ്റ് പ്രഫസർ, സൈക്യാട്രി വിഭാഗം, തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ്)
ലഹരി ഉപയോഗിക്കുന്നവരെ പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന മനോഭാവം മാറ്റണം. ഹൃദ് രോഗിയേയും കാൻസർ രോഗിയേയും നമ്മൾ എങ്ങിനെയാണു സമീപിക്കുന്നത്? ലഹരിയോടുള്ള താൽപര്യവും ഇതുപോലൊരു രോഗമാണെന്നു തിരിച്ചറിഞ്ഞു വേണം അത്തരക്കാരോടു പെരുമാറേണ്ടത്. ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സമൂഹത്തിന്റേയും കരുതൽ ലഹരി രോഗികളും ആവശ്യപ്പെടുന്നുണ്ട്. നമ്മുടെ കുട്ടികൾ വിജയത്തെ ആഘോഷിക്കാൻ സ്വന്തമായും കൂട്ടമായും ശീലിക്കാറുണ്ട്. എന്നാൽ ഇതിനൊപ്പം പരാജയത്തെ നേരിടാനും അവരെ പഠിപ്പിക്കണം. അതില്ലാതെ വരുമ്പോഴാണു ലഹരിയെന്ന രോഗം അവരെ കാർന്നു തിന്നുന്നത്.

ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ് (കോ ഓർഡിനേറ്റർ, സോഷ്യോളജി വിഭാഗം, കാലിക്കറ്റ് സർവകലാശാല)
ഇപ്പോഴത്തെ ബോധവൽകരണ പരിപാടികൾ അശാസ്‌ത്രീയമാണ്. എക്‌സൈസ് വകുപ്പ് അതിജീവനം എന്ന പേരിൽ ഒരു കൈപ്പുസ്‌തകം ഇറക്കി, പണം ചെലവായെന്നല്ലാതെ ഒരു ചലനവും ഉണ്ടാക്കാൻ കഴിഞ്ഞില്ല. ലഹരിക്ക് എതിരായ പല സർക്കാർ പരിപാടികളും അപഹാസ്യമായി മാറുന്നതാണ് അനുഭവം. കുടിച്ചു ചാകുന്ന കലാകാരന്മാരുടെ ജീവിതം മാധ്യമങ്ങൾ ആഘോഷിക്കുന്നത് നിർത്തണം. കുടി ജന്മാവകാശമാണെന്നു പറയുന്നവർക്കു വാർത്തകളിൽ വലിയ പ്രാധാന്യം നൽകുകയും ലഹരി സർഗ ശേഷിക്കു പ്രോൽസാഹനം നൽകില്ലെന്നു പറയുന്നവർക്കു പ്രാധാന്യം നൽകാതിരിക്കുകയും ചെയ്യുന്നതും മാധ്യമങ്ങൾ അവസാനിപ്പിക്കണം. ലഹരി സംബന്ധിച്ചു സമഗ്രമായ പഠനം നടത്തിയിട്ടില്ല. ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സാമൂഹിക ബോധമുള്ളവരുടെ ഇടപെടൽ വേണം. മതസംഘടനകൾ ഗൗരവത്തോടെ വിഷയത്തിൽ ഇടപെടണം. നിരോധനം നടപ്പാക്കുന്നതിലൂടെ ഉപയോഗിക്കുന്നവരുടെ എണ്ണം കുറയുന്നുണ്ടെന്ന കാര്യം കാണാതിരിക്കരുത്. പൊതു ചടങ്ങുകളിൽ മദ്യപാനം നിരോധിക്കണം. ലഹരിയിൽ നിന്നു മോചിതരായവരുടെ കൂട്ടായ്‌മ സംഘടിപ്പിച്ചു ലഹരിക്കെതിരെ സന്ദേശം നൽകണം.

ഡോ. എൽ.ആർ. മധുജൻ (കൺസൽറ്റന്റ് സൈക്കോളജിസ്‌റ്റ്, കരുണ സായി ഡി അഡിക്‌ഷൻ ആൻഡ് മെന്റൽ ഹെൽത്ത് സെന്റർ, തിരുവനന്തപുരം.)
ലഹരി വിരുദ്ധ രംഗത്ത് കേരളം ഇതുവരെ നടത്തിയ ബോധവൽകരണ പരിപാടികൾ പരാജയപ്പെട്ടതിന്റെ കാരണം പഠന വിധേയമാക്കണം. ഒരു വ്യക്‌തി എങ്ങനെ ലഹരിക്ക് അടിമപ്പെട്ടു എന്നതു മനസിലാക്കി, സമൂലമായ സ്വഭാവ രൂപീകരണമാണ് ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ ആവശ്യം. ലഹരിയോടുള്ള ആസക്‌തിക്കു മസ്‌തിഷ്‌കപരമായ കാരണമുണ്ട്. മദ്യപിക്കാൻ സാധ്യതയുള്ളവർ ഒരു തരത്തിലും മദ്യത്തിലേക്കു തിരിയാതിരിക്കാൻ നിരന്തരമായ ജാഗ്രത മാത്രം പോരാ. ലഹരിയോടുള്ള അവരുടെ ആന്തരികമായ വാഞ്ഛ ഇല്ലാതാക്കി, ജീവിതത്തോട് ആസക്തിയുണ്ടാകാൻ പരിശീലിപ്പിക്കണം. ആസക്‌തരെ ചികിൽസിക്കാൻ ഗുണനിലവാരമുള്ള ലഹരി വിമോചന കേന്ദ്രങ്ങൾ ഉണ്ടാകണം. ഒരുപാടു ക്ലബ്ബുകളും സംഘടനകളും രൂപീകരിക്കുന്നതിനു പകരം ഒരുമിച്ച്, ആഴത്തിലുള്ള പ്രവർത്തനങ്ങൾ വേണം. ഒരുപാട് കുഴി കുഴിക്കുന്നതിനേക്കാൾ ഒരു കുഴി കുഴിച്ചു വെള്ളം കാണുന്നതാണ് നല്ലതെന്നു മനസിലാക്കണം..

അൻവിൻ ജെ. ആന്റണി (ചീഫ് മാർഷൽ, കേരള നിയമസഭ, മുൻ കായികതാരം)
കായികരംഗത്തേക്ക് വളരെ ചെറുപ്പത്തിലേ ആകർഷിക്കപ്പെട്ടതും രക്ഷിതാക്കളും അധ്യാപകരും അതിന് പ്രോൽസാഹനം നൽകിയതുമാണ് ഞങ്ങളുടെ തലമുറയെ ലഹരിയിൽനിന്ന് അകന്നു നിൽക്കാൻ പ്രേരിപ്പിച്ചത്. കളികളിലൂടെ ലഹരി കണ്ടെത്തിയ ഞങ്ങൾക്ക് അതിനപ്പുറത്തേക്ക് ഒരു ലഹരിയുടെ ആവശ്യം ഉണ്ടായിരുന്നില്ല. ഇന്ന് എന്റെ മകൻ വന്നു ചോദിക്കുന്നു, കഞ്ചാവിൽ നല്ല കഞ്ചാവും ചീത്ത കഞ്ചാവുമുണ്ടോയെന്ന്. ഇത്തരം കാര്യങ്ങൾ തുറന്നു ചോദിക്കാനുള്ള സ്വാതന്ത്ര്യം നൽകിയതുകൊണ്ടാണ് അവനെ തിരുത്താൻ എനിക്കു കഴിഞ്ഞത്. അഞ്ചു മണിക്ക് സ്കൂൾ അടച്ചുപോകുമ്പോൾ കുട്ടികളെ തെറ്റിന്റെ മറ്റൊരു ലോകത്തേക്ക് തുറന്നു വിടുന്ന തെറ്റായ പ്രവണതയാണ് ഇന്നു വിദ്യാഭ്യാസ രംഗത്തു കാണുന്നത്.

ഡോ. ജോൺസ് കെ. മംഗലം (തൃശൂർ ശ്രീകേരളവർമ കോളജ് തത്വശാസ്ത്രവിഭാഗം മേധാവി, പുനർജനി സ്ഥാപകൻ)
ലഹരിയോടുള്ള ആസക്തി ഒരു രോഗമാണെന്ന തിരിച്ചറിവുണ്ടാവുകയാണ് ആദ്യം വേണ്ടത്. ആ രോഗത്തിനു ചികിൽസ നൽകാൻ മികച്ച കേന്ദ്രങ്ങളൊരുക്കണം. മാനസികമായി മദ്യത്തോട് അമർഷമുണ്ടാകണം. ഡി അഡിക്ഷൻ സെന്ററുകളെ പേടിക്കുന്ന അവസ്ഥയ്ക്കു മാറ്റമുണ്ടാകണം. ലഹരിക്ക് അടിമപ്പെട്ടയാളോട് സമൂഹമെടുക്കുന്ന സമീപനത്തിലും മാറ്റമുണ്ടാകണം. ഇങ്ങനെയുള്ളവരെ തരംതാണ പദങ്ങൾ ഉപയോഗിച്ചു വിശേഷിപ്പിക്കുന്ന പ്രവണത നമ്മുടെ സമൂഹത്തിലുണ്ട്. യഥാർഥത്തിൽ അവർക്കു നൽകേണ്ടതു സ്നേഹവും സഹതാപവുമാണ്. 36 വയസുവരെ മദ്യത്തിന് അടിമയായിരിക്കുകയും കഴിഞ്ഞ 16 വർഷമായി മദ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നയാൾ എന്ന നിലയ്ക്കാണ് ഇതു പറയുന്നത്. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ എക്സൈസ് വകുപ്പിൽനിന്നു മാറ്റി മറ്റേതെങ്കിലും സർക്കാർ വകുപ്പിനെ ഏൽപിക്കണമെന്നും അഭിപ്രായമുണ്ട്.

സിസ്റ്റർ ജൊവാൻ ചുങ്കപ്പുര (ഡയറക്ടർ, ട്രാഡ, കോട്ടയം)
സ്കൂളിലും കോളജിലും അധ്യാപകർക്ക് നിശ്ചിത എണ്ണം കുട്ടികളുടെ ചുമതല വീതിച്ചു നൽകണം. കുട്ടികളിലെ ലഹരിവാസന തിരിച്ചറിയാനും അതിൽനിന്ന് കുട്ടികളെ പിന്തിരിപ്പിക്കാനുമുള്ള പരിശീലനം അവർക്കു നൽകണം. കേരളത്തിലെ പ്രഫഷനൽ കോളജുകളിൽ ലഹരിപരീക്ഷണങ്ങൾ ഒട്ടേറെ നടക്കുന്നുണ്ട്. ലഹരിമരുന്ന് സുലഭമായി ലഭിക്കുന്നതുകൊണ്ടു മാത്രമല്ല ഇത്. കുട്ടികളുടെ പരാജയവും നിരാശയും ഒറ്റപ്പെടുത്തലും ലഹരിയുപയോഗത്തിനു കാരണങ്ങളാണ്. ലഹരിമുക്തി നേടിയവർക്ക് ലഹരി ഉപയോഗിക്കുന്നവരിൽ വലിയ സ്വാധീനം ചെലുത്താനാകും. ഇതു പ്രയോജനപ്പെടുത്തണം.

ഡോ. സി.വി. പ്രശാന്ത് (റസിഡന്റ് മെഡിക്കൽ ഓഫിസർ, റീജനൽ കാൻസർ സെന്റർ, തിരുവനന്തപുരം)
ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഏകോപനം പ്രധാനമാണ്. ഗാന്ധിജയന്തി, സമാധി ദിനങ്ങളിലും ലഹരിവിരുദ്ധ ദിനത്തിലും മാത്രമാകരുത് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ. ആവർത്തിച്ചുള്ള ബോധവൽകരണങ്ങൾ ആവശ്യമാണ്. ലഹരിവിമോചനവുമായി ബന്ധപ്പെട്ട് ഒരുപാടു തെറ്റിദ്ധാരണകൾ സമൂഹത്തിലുണ്ട്. അവ അകറ്റാൻ കഴിയണം. ലഹരിയെ പൊസിറ്റീവായി ചിത്രീകരിക്കുന്ന പ്രവണതയും ശരിയല്ല. കേരളത്തിലെ ചില സ്കൂളുകളിൽ അധ്യാപകർക്കു താങ്ങാൻ പറ്റാത്തത്രയും കുട്ടികളുണ്ട്. കുട്ടികളിലേക്ക് ശ്രദ്ധയെത്താതിരിക്കാൻ ഇതൊരു കാരണമാണ്. ഇതിനു മാറ്റം വരണം.