കുടി നിർത്താൻ ഇടിയുടെ തടവറ

മദ്യപാനാസക്തി രോഗമാണന്ന് അറിയുന്നവർ എത്ര പേരുണ്ടാകും?. മാനസികവും ശാരീരികവുമായ ചികിത്സകളിലൂടെ മാറ്റിയെടുക്കേണ്ട ഇൗ രോഗത്തെ മലയാളി കാണുന്നത് അൽപം പരിഹാസത്തോടെയും ചിരിയുടെ ലഹരി നുരപ്പിച്ചു കൊണ്ടുമായിരിക്കും. അമിതമായി മദ്യപിക്കുന്നവർ നമുക്കു ‘ അയ്യപ്പ ബൈജുവും ’, ‘പാമ്പും’ മാത്രമാണ്. പരിഹസിച്ചു ചിരിക്കാനുള്ള കാർട്ടുൺകാഴ്ചകൾ. അത്തരം കാഴ്ചകളെ സഹതാപപൂർവവും അനുതാപപൂർവവും നാം കണ്ടുരസിക്കാറുമുണ്ട്..എന്നാൽ കുടിയുടെ ചതിക്കുഴികൾ നമ്മുടെ കുടുംബങ്ങളിലും ദുരിതം സൃഷ്ടിക്കുമ്പോൾ മാത്രമേ കുടിനിർത്താനുള്ള മാർഗങ്ങളെക്കുറിച്ച് ആലോചിക്കാറുള്ളൂ.

വഴികൾ പലത്
രണ്ടു വഴികളായിരിക്കും നമ്മുടെ മുന്നിൽ തെളിയുക. ഒന്നുകിൽ മദ്യപാനി അറിയാതെ ഭക്ഷണത്തിൽ മരുന്നു കലർത്തികൊടുക്കുക. അങ്ങനെയുള്ള മരുന്നുകൾ ലാഭ്യമാണെന്ന പരസ്യങ്ങൾ പത്രങ്ങളിലും മാസികകളിലും കാണുന്നതാണല്ലോ. െകെവിഷം കൊടുക്കുന്നതു പോലെ ഭർത്താവറിയാതെ ഭക്ഷണത്തിൽ കലർത്തിക്കൊടുത്തു പ്രാർത്ഥിക്കുന്ന പാവം വീട്ടമമ്മാർ എത്രയോ. അതിലും ഫലം കണ്ടില്ലെങ്കിൽ ഡിഅഡിക്ഷൻ സെന്ററുകളിലേക്ക് നമ്മുടെ ശ്രദ്ധ തിരിയുന്നു. അതുപോലെ പ്രാർത്ഥനയും മന്ത്രവാദവും വഴി കുടി നിർത്താനാകുമെന്ന മറ്റുള്ളവരുടെ ആശ്വാസവാക്കുകളെ നാം മുഖവിലയ്ക്കെടുക്കാനും സാധ്യതയുണ്ട്.

ദൈവത്തിലേക്കുള്ള വഴി മദ്യപാനത്തിൽ നിന്നും രക്ഷനേടാനുള്ള മാർഗമായിക്കണ്ട് ധ്യാനകേന്ദ്രങ്ങളിലേക്ക് പോകാനും ചിലർ തയാറായേക്കാം. അവിടെ നിന്ന് കുടിനിർത്തി തിരിച്ചു വരുന്നുവരുണ്ടാകാം. ദൈവവഴിയിൽ പോകാൻ വിസമ്മതിയ്ക്കുന്ന മഹാഭൂരിപക്ഷത്തിനു മുന്നിൽ ഇനിയുള്ളത് ആകെ ഒരേയൊരു മാര്‍ഗം. ഡി അഡിക്ഷൻ സെന്ററിലേക്കു പോവുക. ഡി അഡിക്ഷൻ സെന്ററുകളിൽ കുടി നിർത്താനായി കടന്നു ചെല്ലുന്നവരെ എന്തൊക്കെയാണ് കാത്തിരിക്കുന്നത്? എന്തുതരം ചികിത്സയാണ് ഇവർക്കായി നൽകുന്നത് ? ഇത്തരം ചോദ്യങ്ങളൊന്നും ആരും ചോദിക്കാറില്ല. 21 ദിവസത്തെ ചികിത്സയ്ക്കായി മദ്യപാനിയെ വലിച്ചെറിഞ്ഞു കൊടുത്തു പണവും നൽകി തിരികെ പോവുന്നവരോട് ഏറെയും. മദ്യപാനിയുടെ വാക്കുകൾക്ക് പലപ്പോഴും ആരും ചെവി കൊടുക്കാറില്ല.

ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
‘ മനോരമ ആരോഗ്യം ’ കേരളത്തിലെ ഡി അഡിക്ഷൻ സെന്ററുകളിൽ നടത്തിയ അന്വേഷണം ഞെട്ടിക്കുന്ന വിവരങ്ങളാണു പുറത്ത കൊണ്ടുവന്നത്. മർദ്ദന മുറകൾ മുതൽ മരുന്നു കൊണ്ട് മന്ദബുദ്ധികളാക്കിത്തീർക്കുന്ന ചികിത്സകൾ വരെ ഇത്തരം സെന്ററുകളിൽ നടക്കുന്നു. മനുഷ്യാവകാശങ്ങളെ കാറ്റിൽ പ്പറത്തുന്ന തടവറകളാണ് പല ഡി അഡിക്ഷൻ സെന്ററുകളും.

പൂരത്തിന്റെ നാട്ടിൽ മറ്റൊരു പൂരം
കേരളത്തിൽ ഒൗദ്യോഗികവും അനൗദ്യോഗികവുമായി പ്രവർത്തിക്കുന്ന ഡിഅഡിക്ഷൻ സെന്ററുകളുടെ സമ്പത്താണ് തൃശൂർ. മിക്കതിലും ഭക്തിയുടെ നിറം കൂടി കലർത്തപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ യാത്ര തൃശൂർ ടൗണിൽ നിന്നും അധികം അകലെയല്ലാതെ പ്രവർത്തിക്കുന്ന ഒരു ഡിഅഡിക്ഷന്‍ െസന്ററിലേക്കായിരുന്നു. കുടി നിർത്താനാഗ്രഹിക്കുന്ന മദ്യപാനിയും മദ്യപാനിയുടെ സുഹൃത്തും ആയി ഞങ്ങൾ. സെന്ററിന്റെ മുറ്റത്തേക്ക് കാലെടുത്തു വെച്ചപ്പോൾ തന്നെ മുകള്‍ നിലയിലെ ജനലുകളുടെ ഇരുമ്പഴികളിൽ കുറേ മുഖങ്ങൾ പ്രത്യക്ഷപ്പെട്ടു. എല്ലാ മുഖങ്ങളിലും തടവുപുള്ളികളുടെ മുഖഭാവം. തടവറയിൽ അകപ്പെട്ടതിന്റെ ദൈന്യത.

താഴത്തെ നിലയിലെ പ്രധാന വാതിൽ താഴിട്ടു പൂട്ടിയിരിക്കുന്നു. ഒരാള്‍ വന്നു. കാര്യം ചോദിച്ചു. അയാൾ പോയ ശേഷം അൽപ്പസമയം കഴിഞ്ഞ് താക്കോൽക്കൂട്ടവുമായി പ്രത്യക്ഷപ്പെട്ടു. വാതിൽതുറന്ന് അയാൾ അകത്തേക്കു നയിച്ചു. ഇരിക്കാൻ പറഞ്ഞു. മറ്റൊരാളെത്തി. പോലീസുകാരുടെ ചോദ്യം ചെയ്യലിന്റെ ഭാഷയായിരുന്നു അയാളുടേത്. 21 ദിവസത്തെ ട്രീറ്റ്മെന്റാണ്. മരുന്നുണ്ട്. 2500 രൂപയാകും. ദിവസവും പ്രാർത്ഥനയും കുർബാനയുമുണ്ട്. അതിൽ പങ്കെടുക്കുന്നതു നിർബന്ധമാണ്. ഇവിടെ കയറിക്കഴിഞ്ഞാൽ പുറത്തൊന്നും വിടില്ല. മദ്യപാനിയെ പരുഷമായി നോക്കാനും ‘ നീ കുടി നിർത്തുമോടാ ’ എന്നു ചോദിക്കാനും അയാൾ മറന്നില്ല. ‘‘ ചികിത്സ തുടങ്ങിയാൽ ഇവിടെ ആകെ പ്രശ്നമാണ്, ഞങ്ങൾ ഉപദ്രവിക്കുമെന്നൊക്കെ ഇവൻ പറയും. ഇവനെ കണ്ടിട്ട് ഒരു കുഴപ്പക്കാരനാെണന്നു തോന്നുന്നു. 21 ദിവസമെന്നു പറഞ്ഞാൽ അത്രയും ദിവസം തന്നെ ഇവിടെ നില്‍ക്കണം. അതിനു മുമ്പ് ചാടാനൊന്നും ഞങ്ങൾ സമ്മതിക്കില്ല. സമ്മതമാണെങ്കിൽ നിന്നാൽ മതി .’’

കെണിയൊരുക്കി കെണിയൊരുക്കി
മുകളില്‍ പറഞ്ഞതു ഞങ്ങൾ നേരിട്ടു കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങൾ. പല ഡി അഡിക്ഷൻ സെന്ററുകളിലും എത്തുന്നവരോടുള്ള സമീപനം ഏതാണ്ടീ വിധമാണെന്ന് എറണാകുളം ജില്ലയിലെ ഡി അഡിക്ഷൻ സെന്ററിലെ ദുരിതദിനങ്ങൾ കഴിഞ്ഞ് തിരിച്ചെത്തിയ സുരേന്ദ്രനും ഭാര്യയും പറയുന്നു. രാമകൃഷ്ണൻ ഇപ്പോൾ കുടിനിർത്തിയ നല്ല കുട്ടിയാണ്. മറ്റൊരു ഡി അഡിക്ഷന്‍ സെന്ററിലെ ചികിത്സയാണു സുരേന്ദ്രനെ കുടി നിർത്തിയത്.

സുരേന്ദ്രനോടു ഞങ്ങൾ പോയ ഡി അഡിക്ഷന്‍ സെന്ററിന്റെ അനുഭവങ്ങൾ പറഞ്ഞു. സുരേന്ദ്രൻ ഞങ്ങൾക്കു പറഞ്ഞുതന്നത് ഡി അഡിക്ഷൻ സെന്ററുകളിൽ നടത്തുന്നവരുടെ കെണിയൊരുക്കലിന്റെ വൈദഗ്ദ്ധ്യത്തെക്കുറിച്ചാണ്.

‘‘ എന്നെ കൊണ്ടു ചെന്നാക്കിയപ്പോൾ ഭാര്യയോടും ഇതുതന്നാ പറഞ്ഞത്. ഉപദ്രവിക്കുമെന്നൊക്കെ പേഷ്യന്റ് പറയാൻ സാധ്യതയുണ്ട്. കുറച്ചു ദിവസം മദ്യം കഴിക്കാതിരിക്കുമ്പോൾ അങ്ങനെയൊക്കെ തോന്നും. പിന്നെ നിങ്ങള് ഇടയ്ക്കൊന്നും വരേണ്ട കാര്യമില്ല. എല്ലാം ശരിയാകുമ്പോൾ ഞങ്ങൾ വിളിക്കാം. ശരിക്കും അവിടെ ജയിലിൽ കിടക്കും പോല തന്നാ..... വീട്ടിലേക്കു വിളിക്കാനൊന്നും സമ്മതിക്കുകേലാ.

വീട്ടിൽ നിന്നു വിളിക്കുമ്പോൾ ഭാര്യയോടു പറയും സുരേന്ദ്രൻ വയലന്റാണ്.. ശരിയായിട്ടില്ല എന്നൊക്കെ. വീട്ടുകാര് വിചാരിക്കും എന്തായാലും ഇത്രേം ആയി... ഇനി ആള് കുടിനിർത്തിയിട്ട് വരട്ടെയെന്ന്. ഒരു മാസം കഴിയുമ്പോൾ വീട്ടുകാരോട് ഇവരു തന്നെ പറയും ഒരു പതിനഞ്ചു ദിവസം കൂടി കഴിയട്ടെയെന്ന്. നമ്മള് ഒാകെ ആയിട്ടുണ്ടാവും. ഇവരുടെ ബിസിനസല്ലേ. വീട്ടുകാര് പൈസയടയ്ക്കും. ഒാരോ ടെസ്റ്റെന്നൊക്കെ പറഞ്ഞ് പിന്നെയും വാങ്ങും കുറേ പണം .ഭാഗ്യത്തിന് അവർക്കു പുതിയ അഡ്മിഷൻ കിട്ടിയപ്പോള്‍ എന്നെ പുറത്തുവിട്ടു. ’’. സുരേന്ദ്രന്റെ വാക്കുകളിൽ ഒരു തടവറയിൽ നിന്നു രക്ഷപ്പെട്ടതിന്റെ ആശ്വാസം.

പുറംലോകം അറിയാതെ
മദ്യപാനി പറയുന്നതൊന്നും വിശ്വസിക്കേണ്ട കാര്യമില്ലന്ന് ഡി അഡിക്ഷന്‍ സെന്ററുകളുടെ നടത്തിപ്പുകാർക്ക് ബന്ധുക്കളെ പറഞ്ഞു വിശ്വസിപ്പിക്കാൻ കഴിഞ്ഞാൽ പിന്നെ കാര്യങ്ങൾ എളുപ്പമായി. മർദ്ദനമുറകളാണു കുടി നിർത്താനായി അവർ സ്വീകരിക്കുന്നതെങ്കിൽപ്പോലും ആരു ചോദിക്കാന്‍ ? വീട്ടുകാരെ വിവരങ്ങൾ അറിയിക്കാൻ ശ്രമിക്കുന്നതു പാഴ്ശ്രമമാണ്. ഫോൺ ചെയ്യാനാകില്ല. കത്തെഴുതിയാൽ പോലും അയയ്ക്കാനാകില്ല. ചികിത്സ കഴിഞ്ഞു പുറത്തു പോകുന്നവരുടെ കൈയിൽ കത്തു കൊടുത്തു വിടാൻ പോലും അധികൃതർ സമ്മതിയ്ക്കില്ല. സൂക്ഷമമായ ദേഹപരിശോധനയ്ക്കു ശേഷമാണ് ഒാരോരുത്തരേയും പുറത്തു വിടുന്നത്.

കുടിനിർത്തിയ റോബോർട്ടുകൾ
മറ്റൊരു ഡി അഡിക്ഷൻ സെന്ററില്‍ വെച്ചാണ് സുശീലിനെക്കണ്ടത്. 28 കാരൻ. അവിവാഹിതൻ. സുശീൽ എറണാകുളം ജില്ലയിലെ ഡിഅഡിക്ഷൻ സെന്ററിൽ കഴിഞ്ഞത് ആറുമാസത്തോളമാണ്. വീട്ടുകാർ 21 ദിവസത്തെ പാർപ്പിക്കലിനായി അവിടെ കൊണ്ടു ചെന്നാക്കിയതാണ്. പിന്നീട് അവിടെ നിന്ന് പുറത്തു കടക്കാനായത് ആറുമാസത്തിനു ശേഷവും.

ഡി അഡിക്ഷൻ സെന്ററുകാരുടെ നിർദ്ദേശാനുസരണം നല്ലവണ്ണം കുടിപ്പിച്ചിട്ടാണ് ബന്ധുക്കൾ സുശീലിനെ ഡി അഡിക്ഷൻ സെന്ററിെലത്തിച്ചത്. ചെന്നപാടേ ഡോക്ടർ പരിശോധിച്ചു. രക്തം പരിശോധിക്കാനായി ഒരു കുത്തിവെപ്പ് എടുത്തതേ സുശീലിനോർമ്മയുള്ളൂ. പിന്നെ കണ്ണു തുറന്നത് അടുത്ത ദിവസം . അപ്പോൾ സെല്ലിൽ അടയ്ക്കപ്പെട്ടിരിക്കുകയാണ് . ഒരാഴ്ച കഴിഞ്ഞപ്പോൾ രണ്ടു മൂന്നു പേരുള്ള മുറിയിൽ അടച്ചിട്ടു. കട്ടിലിൽ കിടക്കുമ്പേൾ ഒരു ബെല്‍റ്റു കൊണ്ട് കെട്ടിയിടും.

അവിടെ മരുന്നു തരുന്നതുപോലും ഗുണ്ടായിസം കാണിച്ചുകൊണ്ടാണ്. ഗുണ്ടകളെപ്പോലുള്ള മെയിൽ നഴസുമാരാണ് കൂടുതൽ അവരിലൊരാൾ കവിളിൽ കുത്തിപ്പിടിക്കും. വാതുറക്കുമ്പോൾ കുറേ ഗുളികകൾ ഇട്ടുതരും. അടുത്തയാൾ വായിലേക്കു വെള്ളം ഒഴിക്കും. അതിനടുത്തു നിൽക്കുന്നയാൾ ടോർച്ചുമായാണു നിൽക്കുന്നത്. അയാൾ വായിൽ ടോർച്ചടിച്ചു നോക്കും. ഗുളിക ഇറങ്ങിപ്പോയോന്നു നോക്കാൻ.

ഗുളിക കഴിച്ചാൽ ആകെ മയക്കമാണ്. അവിടെയെല്ലാവരും റോബോട്ടുകളെപ്പോലെയാണു നടക്കുന്നത്. വീട്ടിൽപ്പോയാലും കഴിക്കാൻ ഈ ഗുളികയാണു തരുന്നത്. നേരെ എഴുന്നേറു നിൽക്കാൻ കഴിയില്ല. പിന്നല്ലേ കുടിക്കണമെന്ന ചിന്ത വരുന്നത്. കുടി നിർത്താൻ കൊണ്ടാക്കിയ മകൻ മന്ദബുദ്ധിയെപ്പോലെ ഇരിക്കുന്നതു കണ്ടു വീട്ടുകാരുടെ മനസലിഞ്ഞു. അവരാണ് ഈ ഡി അഡിക്ഷൻ സെന്ററിലെത്തിച്ചിരിക്കുന്നതെന്ു സുശീൽ പറയുന്നു.

യഥാർഥ ചോദ്യങ്ങൾ
മദ്യപാനാസക്തി ഒരു ശാരീരകരോഗാവസ്ഥ മാത്രമല്ല. ഇതിൽ മനസിനും കൂടി നൽകുന്ന ചികിത്സ പ്രധാനമാണെന്നു സൈക്യാട്രിസ്റ്റുകളും സൈക്കോളജിസ്റ്റുകളും സമ്മതിക്കുന്നു. എന്നാൽ നിർബന്ധിച്ചും പൂട്ടിയിട്ടും മദ്യപാനാസക്തിയിൽ നിന്നും മോചിതരാക്കാൻ കഴിയുമെന്ന സന്ദേശമാണ് കേരളത്തിലെ പല ഡി അഡിക്ഷൻ സെന്ററുകളും നൽകുന്നത്. വൈദ്യശാസ്ത്ര ചികിത്സ പോെല തന്നെ മനശാസ്ത്ര-സാമൂഹിക ചികിത്സയും മദ്യപാനാസക്തിയിൽ നിന്നും പിന്തിരിപ്പിക്കാൻ അനിവാര്യമാണ്. ഇതിൽ മദ്യപാനിയുടെ കുടുംബത്തിന്റേയും അടുത്ത ബന്ധുക്കളുടേയും ഇടപെടലും ആവശ്യമാണ്. അതായതു തനിച്ചു താമസിപ്പിച്ച് നിർബന്ധപൂർവം നടത്തുന്ന ചികിത്സാ നടപടികളിലൂടെ മദ്യപാനം നിർത്താനാകുമെന്നു വ്യാമോഹിക്കേണ്ടെന്നു ചുരുക്കം.

മദ്യപാനം നിർത്താൻ സ്വമേധയാ ആഗ്രഹിക്കുന്നയാളായി പരിചയപ്പെടുത്തിക്കൊണ്ടാണ് ഞങ്ങൾ ഡി അഡിക്ഷൻ സെന്ററുകളിലും ചെന്നത്. പക്ഷേ പൊലീസ് മുറയിലുള്ള ചോദ്യം ചെയ്യലും ഭയപ്പെടുത്തുന്ന പ്രതികരണങ്ങളും ഞങ്ങൾക്കു നേരെ ഉണ്ടായി. മദ്യപാനം നിർത്താൻ ആഗ്രഹിക്കുന്നവരെ കുറ്റവാളികളെപ്പോലെ കാണണമെന്നാണു പലരുടേയും ധാരണ. ഇവരോട് ഒന്നു ചോദിച്ചോട്ടെ, മദ്യപാനം നിർത്താൻ മോഹിക്കുന്നത് അത്ര വലിയ കുറ്റമാണോ സാർ....?