യഥാർത്ഥ ഡി അഡിക്ഷൻ ഇങ്ങനെ

മദ്യപാനത്തെക്കുറിച്ച് പ്രശസ്തമായ ഒരു ചൊല്ലുണ്ട്. മദ്യപാനം തുടങ്ങുന്നത് കേവലമൊരു പെഗ് കഴിച്ചു കൊണ്ടായിരിക്കും. അതായതു വ്യക്തി ആദ്യം ഒരു ഡ്രിങ്ക് എടുക്കുന്നു. അതിനു ശേഷം രക്തത്തിലെത്തിയ ഡ്രിങ്ക് വ്യക്തിയെക്കൊണ്ട് നിർബന്ധിച്ച് ഏറ്റെടുപ്പിക്കുന്നു.

പിന്നെ സംഭവിക്കുന്നതു വ്യക്തിയെ മദ്യം ഒട്ടാകെ ഏറ്റെടുക്കുന്നതാണ്. മദ്യപാനിയുടെ വ്യക്തി ജീവിതവും സാമൂഹിക ജീവിതവും തകർക്കുകയാണല്ലോ മദ്യം ചെയ്യുന്നത്. മദ്യം പരിധിയിൽ കൂടുതൽ അകത്തു ചെല്ലുന്നതോടെ അകാരണമായ സന്തോഷം (യൂഫോറിയ) കൈവരികയും അരുതാത്തതും സാധിക്കാത്തതുമായ കാര്യങ്ങൾ സംഭവിക്കുമെന്നുള്ള തോന്നലുകൾ സംഭവിക്കുകയും ചെയ്യുന്നു. അന്തിമമായി കോമ അല്ലെങ്കില്‍ ബോധക്ഷയം രോഗിയ്ക്കു സംഭവിക്കുന്നു.

ഇതിനേക്കാൾ അപകടകരം മദ്യം ഏറ്റവും കൂടുതൽ ആസക്തി ഉണ്ടാക്കുന്ന വസ്തുവാണ് എന്നതാണ്. ഇൗ ആസക്തി ഉണ്ടാക്കുന്ന വസ്തുവാണ് എന്നതാണ്. ഇൗ ആസക്തിയെ അഡിക്ഷൻ എന്നു പറയാം. അഡിക്ഷന് ലോകാരോഗ്യ സംഘടന നൽകിയിട്ടുള്ള നിർവചനത്തിൽ ഇങ്ങനെ പറയുന്നു. ഇടവിട്ടോ അല്ലെങ്കിൽ സ്ഥിരമായോ കാണപ്പെടുന്ന ലഹരിയുടെ അവസ്ഥയാണ് അഡിക്ഷൻ. പ്രകൃത്യാ ഉള്ളതോ നിർമ്മിക്കപ്പെട്ടതോ ആയ വസ്തുക്കളോട് ഇൗ അഡിക്ഷൻ തോന്നാം. ഇൗ ആസക്തിയുടെ പ്രധാന ലക്ഷണങ്ങൾ ഇവയൊക്കെയാണ്- മരുന്ന് ഏതു തരത്തിലെങ്കിലും ലഭിക്കാനും അതു കൂടെക്കൂടെ ഉപയോഗിക്കുവാനുള്ള അടങ്ങാത്ത അഭിനിവേശവും ആഗ്രഹവും ഉണ്ടാകുന്നു. കഴിക്കുന്ന ലഹരി വസ്തുവിന്റെ അളവു ക്രമേണ വർദ്ദിപ്പിക്കാനുള്ള ആഗ്രഹം. ലഹരിയോടും ഭൗതികമായും മാനസികമായും ഉണ്ടാകുന്ന വിധേയത്വം. വ്യക്തിയേയും സാമൂഹികജീവിതത്തേയും നശിപ്പിക്കുവാനുള്ള പ്രവണത.

വിവിധ ചികിത്സാ മോഡലുകൾ
മദ്യപാന വിടുതൽ ചികിത്സയ്ക്കായി നിരവധി മോഡലുകൾ നിലവിലുണ്ട്. പല ചികിത്സാ കേന്ദ്രങ്ങളിലും പല രീതിയിലാണു ചികിത്സിക്കുന്നത്. എന്നിരുന്നാലും ഡി അഡിക്ഷൻ ചികിത്സയ്ക്കു ചില തത്വങ്ങളുണ്ട്. മറ്റു ചികിത്സകളിൽ നിന്നു വ്യത്യസ്തമാണു ഡി അഡിക്ഷൻ ചികിത്സ. ഇതു മദ്യപന്റെ ജീവിതത്തില്‍ നടത്തുന്ന ഒരു ഇടപെടലാണ്. ഇവിടെ ഒരു തെറാപിസ്റ്റിന്റേയോ കൗൺസിലറുടേയോ ക്രിയാത്മകമായ ഇടപെടലിനു വളരെയധികം പ്രാധാന്യമുണ്ട്. വിജയകരമായ മദ്യപാനവിടുതൽ ചികിത്സയിൽ താഴെ പറയുന്ന ഘടകങ്ങൾ വേണം ചികിത്സകനെ നയിക്കാൻ

പ്രത്യേകം ശ്രദ്ധിക്കാൻ
∙മദ്യപാന കേന്ദ്രീകൃതമായ ഒരു ജീവിതമായിരിക്കും രോഗിയുടേത്. അതിൽ നിന്നുള്ള വിടുതലിനു രോഗി ആഗ്രഹിക്കുന്നുണ്ടാകില്ല. ചികിത്സ ഇൗ അവസ്ഥയിൽ നിന്നു വിടുതൽ നേടാനുള്ള ശ്രമങ്ങളിൽ വേണം തുടങ്ങാൻ.
∙ കൂടുതൽ പേരും മാനസികസമ്മർദ്ദങ്ങളെ അഭിമുഖീകരിക്കുന്നതിൽ നിന്നുള്ള ഒളിച്ചോട്ടമായി മദ്യപാനത്തെ സമീപിച്ചവരായിരിക്കും. മദ്യപാനത്തില്‍ നിന്നുള്ള വിടുതലിനൊപ്പം മദ്യത്തിന്റെ സഹായമില്ലാതെ മാനസിക സമ്മര്‍ദ്ദങ്ങളെ നേരിടാനുള്ള പ്രാപ്തി ചികിത്സിക്കപ്പെടുന്നവർക്കുണ്ടാക്കി കൊടുക്കുക.
∙മാനസികമായി മുറിവേറ്റവർക്ക് അതിൽ നിന്നുള്ള മോചനം സാധ്യമാക്കണം. ആദ്യം ആ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കണം.
∙ദീർഘനാളത്തെ മദ്യപാനം ഉണ്ടാക്കിയ ശാരീരിക രോഗങ്ങൾക്കുള്ള ചികിത്സകൾ.
∙ ആൽക്കഹോളിസം അല്ലെങ്കിൽ ആൽക്കഹോൾ അഡിക്ഷൻ ഒരു മാരകരോഗം തന്നെയാണ്. ഇത്തരത്തിലുള്ള ഏതു രോഗങ്ങൾക്കും തുടർചികിത്സകൾ വേണ്ടി വരുന്നതു പോലെ മദ്യപാന വിടുതൽ ചികിത്സയ്ക്കും തുടർ ചികിത്സ ആവശ്യമാണ്

ചികിത്സയിലെ പല ഘട്ടങ്ങൾ
ഒരാൾ തീവ്രമദ്യപാനിയാകുന്നതു വളരെപ്പെട്ടെന്നല്ല. അതേ പോലെ തന്നെ മദ്യപാനാസക്തിയിൽ നിന്നുള്ള വിടുതലും വളരെപ്പെട്ടെന്നു സംഭവിക്കുകയില്ല. യഥാർത്ഥ ഡി അഡിക്ഷനു പല ഘട്ടങ്ങളുണ്ട്.

ആദ്യഘട്ടം വ്യക്തിയുടെ ഉള്ളിൽത്തന്നെയാണ്. മദ്യപാനം മൂലം താന്‍ തകരുന്നു എന്ന തോന്നൽ, ഞാൻ സന്തോഷവാനല്ല എന്ന തോന്നൽ അയാളിൽ തന്നെ ഉണ്ടാക്കി വരേണ്ടതാണ്. ആൽക്കഹോളിസത്തിൽ നിന്നുള്ള മോചനത്തിനു രോഗിയിൽത്തന്നെ ഒരു സ്വയം പരിശോധന സംഭവിക്കേണ്ടതാണ്. ഇതു ഡി അഡിക്ഷൻ ചികിത്സയുടെ ആരംഭദിശയിൽ അയാളിൽ ഉടലെടുക്കേണ്ടതാണ്. ഇതിനു സഹായിക്കുകയാണു ചികിത്സകൻ അല്ലെങ്കിൽ കൗണ്‍സിലിങ് ചെയ്യുന്നായാൾ ആദ്യം ചെയ്യേണ്ടത്.

∙ 20 ദിവസം മുതൽ 31 ദിവസം വരെ ഡി അഡിക്ഷൻ സെന്ററുകളിൽ കഴിയേണ്ടി വരും. സ്വച്ഛമായ അന്തരീക്ഷത്തിൽ വേണം ചികിത്സക്കപ്പെടുന്നവർ കഴിയാൻ.
∙ ഒാരോ രോഗിയേയും വ്യക്തിഗതമായി മനസിലാക്കാനും അവരുടെ ശാരീരിക മാനസിക സ്ഥിതികൾ അപഗ്രഥിക്കാനുള്ള സംവിധാനമുണ്ടാക്കിയിരിക്കണം. ഒാരോരുത്തരുടേയും ഭൂതകാലം കൂടി ചികിത്സകൾ പൂർണമായി മനസിലാക്കിയ ശേഷം വേണം കൗൺസിലിങ്ങും ചികിത്സകളെല്ലാം തീരുമാനിക്കാന്‍
∙ മദ്യപാനാസക്തി ഒരാളിൽ സ്വാധീനം ചൊലുത്തുന്നതിനു പിന്നിൽ പല തലങ്ങൾ ഉള്ളതിനാൽ കൗൺസലിങ് വിദഗ്ദ്ധൻ, മനശാസ്ത്രജ്ഞൻ, മെഡിക്കൽ ഡോക്ടർ എന്നിവരുടെ മേൽനോട്ടത്തിൽ വേണം ചികിത്സ നടത്താൻ. രോഗിയെ പൂർണ്ണമായി മനസ്സിലാക്കൽ, അയാളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചു വ്യക്തമായി രേഖപ്പെടുത്തൽ എന്നിവയ്ക്കു ശേഷം മാത്രമേ അയാൾക്കിണങ്ങിയ ചികിത്സ എന്തു വേണമെന്നു തീരുമാനിക്കപ്പെടാവൂ. അതായത് ബയോ-സൈക്കോസോഷ്യൽ ഘടകങ്ങളെപ്പറ്റിയുള്ള വിലയിരുത്തൽ പ്രധാനമാണ്. അതേപോലെതന്നെ അയാളിലെ ദൈവവിശ്വാസത്തിന്റെ അളവും അറിഞ്ഞിരിക്കണം. ഇത്തരം വിലയിരുത്തലുകൾക്കും പരിശോധനകൾക്കും പലവിധത്തിലുള്ള മാർഗങ്ങൾ ഉപയോഗിക്കപ്പെടുന്നുണ്ട്.

കൗൺസിലിങ് ആർക്കൊക്കെ?
മദ്യപാന വിടുതൽ ചികിത്സയിൽ കൗൺസിലിങ്ങിനുള്ള പങ്ക് പ്രധാനമാണ്. അഡിക്ഷൻ ഉണ്ടാക്കുന്ന സങ്കീർണമായ പ്രശ്നങ്ങളിലേക്കു യഥാർഥ ഉൾക്കാഴ്ചയോടെ രോഗിയെ നയിക്കുകയാണ് ഇതിൽ ചെയ്യുന്നത്. തന്നെക്കുറിച്ചുള്ള ചിന്തകളിലേക്കും അയാളെ കൗൺസിലിങ് വഴി നയിക്കുന്നു. ഇതുവഴി തന്നിൽ നിന്നു മാറി നിന്നുകൊണ്ട് തന്നിലേക്കു തന്നെ നോക്കാനുള്ള ഉൾക്കാഴ്ച അയാളിൽ സൃഷ്ടിച്ചെടുക്കുന്നു. കൗൺസിലറും രോഗിയും തമ്മിൽ സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിച്ചു കൊണ്ടാണു കൗൺസിലിങ് സാധ്യമാക്കേണ്ടത്.

മദ്യപാന വിടുതൽ ചികിത്സയിൽ കുടുംബത്തിനുള്ള പങ്ക് വലുതാണ്. മദ്യപാനിയ്ക്കു മാത്രമല്ല കുടുംബാംഗങ്ങൾക്കും കൗൺസിലിങ്ങിലൂടെ പ്രശ്ന പരിഹാരം സാധ്യമാക്കേണ്ടതുണ്ട്. മദ്യപാന വിടുതൽ ചികിത്സയ്ക്കുശേഷം ഇനി മദ്യപിക്കില്ല എന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കാൻ തീർച്ചയായും കുടുംബാംഗങ്ങളുടെ പങ്ക് വളരെ വലുതാണ്. അതുകൊണ്ട് തന്നെ മദ്യപാന വിടുതൽ ചികിത്സയിൽ മദ്യാസക്തനുള്ള അതേ പങ്കു തന്നെ കുടുംബാംഗങ്ങൾക്കുമുണ്ട്.

അഡിക്ഷൻ തെറപികൾ
മനശാസ്ത്രപരമായ അഡിക്ഷൻ തെറാപികളിലൂടെയും മദ്യാസക്തനെ കടത്തി വിടേണ്ടതായി വരും. ഇതിനായി ജെസ്റ്റാൾട്ട് തെറാപി, റാഷണൽ ഇമോട്ടീവ് തെറാപി എന്നിവ ഉപയോഗിക്കപ്പെടുന്നു. ഈ തെറപികൾക്കു വിവിധ ഘട്ടങ്ങളും ടെക്നിക്കുകളുമുണ്ട്. സൈക്കോ തെറപികളും ഉപയോഗിക്കപ്പെടുന്നു. ഇതുവഴി രോഗിയുടെ വൈകാരികാവശ്യങ്ങൾ അപഗ്രഥിക്കുവാനും പ്രകടമായതോ ഉപബോധ മനസിലോ ഉള്ളതുമായ വൈകാരിക സംഘട്ടനങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണു വേണ്ടത്. തന്റെ ബുദ്ധിക്കു മനസിലാക്കാൻ കഴിയാതിരുന്ന അവസ്ഥകളെ അറിയാനും കൂടുതൽ പക്വതയുള്ള മനസിനുടമയായി തീരാനും ഈ തെറപികൾ സഹായിക്കും ഇതോടൊപ്പം തന്നെ വിവിധങ്ങളായ ബിഹേവിയറൽ തെറപികളും ഉപയോഗിക്കപ്പെടുന്നു. മദ്യാസക്തനിലെ മനോസമ്മർദ്ദം കുറയ്ക്കാനായി റിലാക്സേഷൻ മാർഗങ്ങൾ അനിവാര്യമാണ്. റിലാക്സേഷനായി യോഗ, മെഡിറ്റേഷൻ തുടങ്ങിയ മാർഗങ്ങൾ ഉപയോഗിക്കാം.

മരുന്നും തെറപികളും
മദ്യപാനത്തോടു വെറുപ്പുണ്ടാക്കുകയും മദ്യത്തെക്കുറിച്ചു ചിന്തിക്കുന്നതിൽ നിന്നും രോഗിയെ പിന്തിരിപ്പിക്കുന്നതിനുമായി വിവിധ തരത്തിലുള്ള അവേർഷൻ തെറപികൾ മുൻ കാലങ്ങളിൽ ഉപയോഗിക്കപ്പെട്ടിരുന്നു. എന്നാൽ ഇന്നവയ്ക്ക് അത്രയധികം പ്രാധാന്യം ചികിത്സകർ നൽകുന്നില്ല. മദ്യത്തോടൊപ്പം ഛർദ്ദിക്കാനുള്ള മരുന്നുകൾ നൽകുക, മദ്യഗ്ലാസ് ചുണ്ടോടടുപ്പിക്കുമ്പോൾ ഷോക് നൽകുക എന്നിവയൊക്കെ വഴി മദ്യപാനത്തെക്കുറിച്ചോർക്കുമ്പോൾ തന്നെ വെറുപ്പോ വിമ്മിഷ്ടമോ ജനിപ്പിക്കാനാണു ശ്രമിക്കുന്നത്. ഇതിനേക്കാൾ ഫലപ്രദമായ ബിഹേവിയറൽ തെറപികൾ ഇന്നു വികസിപ്പിക്കപ്പെട്ടിട്ടുണ്ട്. ഒരു പ്രത്യേക ബിഹേവിയറൽ ടെക്നിക് ഉപയോഗിച്ചുകൊണ്ടല്ല ഇതു സാധ്യമാക്കുന്നത്. ഇതിനായി പലവിധ മാർഗങ്ങൾ ഉപയോഗിക്കപ്പെടുന്നു. ഓരോ രോഗികൾക്കും അവരുടെ രോഗാവസ്ഥകൾക്കനുസൃതമായി മരുന്നുകൾ കൊടുക്കുന്നതു പോലെ ഓരോരുത്തർക്കും അനുയോജ്യമായ ബിഹേവിയറൽ തെറപികളാണു നൽകുന്നത്.

സിസ്റ്റമാറ്റിക്ക് ഡി സെൻസിറ്റൈസേഷൻ
മദ്യപാനാസക്തി ഉണ്ടായി വരുന്നത് ഏതെങ്കിലും ഒരു ശീലത്തിന്റെയോ രീതിയുടേയോ ചുവടുപിടിച്ചായിരിക്കില്ല. അതിനു കാരണമായി ഒരു പാടു കാരണങ്ങൾ ചൂണ്ടിക്കാണിക്കാനുണ്ടാവും. അതിനാൽ പലവിധ തെറപികളെ സംയോജിപ്പിച്ചു കൊണ്ട മാത്രമേ ചികിത്സ നിശ്ചയിക്കാനാകൂ. ഇതിനായി പ്രചുരപ്രചാരത്തിൽ ഉപയോഗിക്കപ്പെടുന്ന രണ്ടു കൂട്ടം ടെക്നിക്കുകളാണ് സിസ്റ്റമാറ്റിക് ഡി സെൻസിറ്റൈസേഷനും ബിഹേവിയർ മോഡിഫിക്കേഷനും.

സിസ്റ്റമാറ്റിക്ക് ഡി സെൻസിറ്റൈസേഷൻ മാനസിക സമ്മർദ്ദവും ഉത്ക്കണ്ഠയും പരിഹരിക്കാനായി മുമ്പേ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മാർഗങ്ങളാണ്. ഉത്ക്കണ്ഠ വർദ്ധിക്കുമ്പോൾ അതിൽ നിന്നു രക്ഷനേടാൻ മദ്യം ഉപയോഗിച്ചു തുടങ്ങുന്നവരുണ്ട്. ഇവർ കാലക്രമേണ മദ്യാസ്കതരാകും. ഉത്ക്കണ്ഠ കുറയ്ക്കാനുള്ള മറ്റു മാർഗങ്ങൾ വഴി മദ്യാസക്തിയും കുറയ്ക്കാം. സ്വഭാവത്തിൽ കൂടുതൽ പോസിറ്റീവ് ആയ കാര്യങ്ങൾ കൊണ്ടുവരാൻ സഹായിക്കുന്നതാണ് ബിഹേവിയറൽ മോഡിഫിക്കേഷൻ. ഉദാഹരണത്തിന് മറ്റുള്ളവരുടെ നിർബന്ധത്തിനു എളുപ്പം വഴങ്ങുന്നവരുണ്ട്. അവർ മദ്യാസക്തിയിലേക്കും എളുപ്പം വീഴാം . ഇങ്ങനെയുള്ളവരെ മദ്യസക്തിയിൽ നിന്നു മോചിപ്പിക്കാനും മദ്യപാനത്തിൽ നിന്നു വിടുതൽ നേടാനും ബിഹേവിയർ മോഡിഫിക്കേഷൻ മാർഗങ്ങൾ സഹായിക്കും.

ഡൈസൾഫിറാം
ഇൗ മരുന്നു സാധാരണ ഗതിയിൽ ദോഷരഹിതങ്ങളാണ്. പക്ഷേ, മദ്യം കഴിച്ചാൽ അവ തിക്ത ഫലങ്ങളുണ്ടാക്കും. ഇവ ആൽക്കഹോളിന്റെ ഉപാപാചയത്തെ തടസപ്പെടുത്തുകയും ശരീരതത്ിൽ അസിറ്റാൽഡിഹൈഡ് സൃഷ്ടിക്കുകയുമാണു ചെയ്യുന്നത്. ഇതു കാരണം മയക്കം, ഒാക്കാനം, രക്തമർദ്ദത്തിന്റെ കുറവു തളർച്ച എന്നിവ രോഗിയ്ക്ക് അനുഭവപ്പെടും. ഇൗ ചികിത്സാ രീതി കൊണ്ടു പരിചയസമ്പന്നായ ഒരു ഡോക്ടറുടെ മേൽനോട്ടത്തിൽ ആശുപത്രിയിൽ വെച്ചു മാത്രമേ ഇതു നടത്താൻ പാടുള്ളൂ.

ആൽക്കഹോളിക്ക് അനോണിമസ് അഥവാ എ എ
മദ്യത്തിന് ഒരിക്കൽ അടിമകളായിരിക്കുകയും അതിൽ നിന്നു വിമോചനം നേടുകയും ചെയ്തവരുടെ ലോകമൊട്ടാകെ പടർന്നു കിടക്കുന്ന കൂട്ടായ്മയാണ് ആൽക്കഹോളിക് അനോണിമസ്. ഇൗ സംഘടനയ്ക്കു നോതാക്കളില്ല. ഇതിലെ അംഗങ്ങളുടെയോ പ്രവർത്തകരുടേയോ പേരുകളും പുറത്തു പറയറില്ല. സ്വയം കൃതമായ ദുരിതത്തിൽപ്പെട്ടു നശിക്കാറായതിനു േശഷം അതിൽ നിന്നും മോചനം ലഭിച്ചവർക്ക്, അത്തരത്തിലുള്ള മറ്റു വ്യക്തികളെ സഹായിക്കാനാകും. ഇൗ ആശയമാണ് എ എ യെ നാൾക്കുനാൾ ലക്ഷക്കണക്കിനു അംഗങ്ങളുമായി വളർത്തുന്നത്. 150 രാജ്യങ്ങളിലായി എ എയ്ക്കു ശാഖകളുണ്ട്. ഇന്ത്യയിൽത്തന്നെ അറുനൂറിലധികം ശാഖകള്‍ പ്രവർത്തിക്കുന്നു. കേരളത്തിൽ പല ജില്ലകളിലും ഇൗ കൂട്ടായ്മകള്‍ പ്രവർത്തിക്കുന്നു. കേരളത്തിൽ പത്തോളം ഇന്റർ ഗ്രൂപ്പുകള്‍ പ്രവർത്തിക്കുന്നുണ്ട്. പത്തോ ഇരുപതോ ഗ്രൂപ്പുകളെ സഹായിക്കുന്ന കേന്ദ്രമാണ് ഒരു ഇന്റർഗ്രൂപ്പ്.