ലഹരിവിമുക്തിക്കായുള്ള പ്രായോഗിക നിർദേശങ്ങളുമായി മലയാള മനോരമ ആശയക്കൂട്ടം

കൊച്ചി∙ ലഹരിമരുന്ന് വ്യാപനം തടയാൻ ലഹരിപദാർഥ നിരോധന നിയമം കൂടുതൽ ശക്തമാക്കണമെന്നു മലയാള മനോരമ സംഘടിപ്പിച്ച ആശയക്കൂട്ടം അഭിപ്രായപ്പെട്ടു. ലഹരി വിമുക്തി ലക്ഷ്യമിട്ടു സർക്കാർ ആരംഭിച്ച സുബോധം പ്രചാരണപരിപാടിയുമായി സഹകരിച്ചാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത്, നഗരകാര്യ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് ചർച്ച നിയന്ത്രിച്ചു. വിവിധ മേഖലകളിൽ നിന്നായി 16 പ്രമുഖർ പങ്കെടുത്തു. ചെറിയ അളവിൽ ലഹരിപദാർഥങ്ങൾ എത്തിക്കുന്നവർക്കു പോലും ജാമ്യം ലഭിക്കാത്ത വിധത്തിൽ നിയമം ഭേദഗതി ചെയ്യുക, ലഹരി വിമോചന പ്രവർത്തകർക്കു പരിശീലന കേന്ദ്രം ആരംഭിക്കുക, ലഹരി നിരോധനം, ബോധവത്ക്കരണം എന്നിവയ്ക്കായി നയം രൂപീകരിക്കുക തുടങ്ങിയ ആശയങ്ങളും കൂട്ടായ്മ മുന്നോട്ടു വച്ചു.

മറ്റു നിർദേശങ്ങൾ:
∙ ലഹരിമരുന്നുവിരുദ്ധ പ്രചാരണത്തിന് മൊബൈൽ അപ്ലിക്കേഷനുകളും കംപ്യൂട്ടർ ഗെയിമുകളും നിർമ്മിക്കണം.
∙ലഹരി വിരുദ്ധ, വിമോചന രംഗങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനകളേയും ഏജൻസികളേയും ഒരു കുടക്കീഴിൽ കൊണ്ടുവരണം.
∙ ലഹരി വിരുദ്ധ പരിപാടികൾ ലഹരി ഉപയോഗം പഠിപ്പിച്ചു കൊടുക്കുന്നതായി മാറരുത്.
∙ വിദ്യാർഥികൾ ലഹരിയിലേക്ക് ആകർഷിക്കപ്പെടുന്നത് തടയാൻ അധ്യാപകർക്ക് പരിശീലനം നൽകണം.
∙ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപകർ, രക്ഷിതാക്കൾ, ജനപ്രതിനിധികൾ, വ്യാപാരികൾ, പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന ജാഗ്രതാനിര രൂപീകരിക്കണം. ക്ലാസ് അടിസ്ഥാനത്തിൽ നിരീക്ഷണ സമിതികളും വേണം.
∙ കലാ, കായിക രംഗത്തു കുട്ടികളുടെ അഭിരുചികൾ വളർത്താൻ വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടലുണ്ടാവണം.
∙ ജില്ലാ ആശുപത്രികളിൽ ലഹരി മോചന ചികിത്സയ്ക്കും പുനരധിവാസത്തിനും സൗകര്യം ഒരുക്കണം. ലഹരി വിമോചന കേന്ദ്രങ്ങൾക്ക് മാനദണ്ഡം വേണം.