ഇത്തവണ ഓണം തന്നെയാകട്ടെ ലഹരി

ഓണക്കാലത്ത് ആശുപത്രികളിൽ കാഷ്വൽറ്റി ഡ്യൂട്ടിയെടുക്കാൻ ഡോക്‌ടർമാർക്കു മടിയാണ്. ഓണനാളുകളിൽ അത്യാഹിതവിഭാഗം കുടിച്ചു ലക്കുകെട്ട മദ്യപരെക്കൊണ്ടു നിറയും. അമിതമായി മദ്യപിച്ചു രക്‌തം ഛർദിച്ചവർ, മദ്യലഹരിയിൽ വാഹനമോടിച്ചു പരുക്കേറ്റവർ, മദ്യം തലയ്‌ക്കുപിടിച്ചു തല്ലുകൂടി തല തല്ലിപ്പൊട്ടിച്ചവർ, മദ്യവിഭ്രാന്തിയിൽ തൂങ്ങിച്ചാകാൻ തുനിഞ്ഞവർ... ഇതിനു പുറമേ മദ്യപിച്ചു പൊതുസ്‌ഥലങ്ങളിൽ പ്രശ്‌നങ്ങളുണ്ടാക്കിയവരെ പൊലീസുകാരും കൊണ്ടുവരും. മദ്യപിച്ചിട്ടുണ്ടോ എന്നു പരിശോധിച്ചു സർട്ടിഫിക്കറ്റ് കൊടുക്കാനാണ്. ആശുപത്രി വാർഡുകളിലെ സ്‌ഥിതിയും വ്യത്യസ്‌തമായിരിക്കുകയില്ല. ഓണാഘോഷം മദ്യത്തിൽ കലക്കി കുടിച്ചവരായിരിക്കും വാർഡുകളിലേറെയും. മദ്യാസക്‌തിമൂലം സമനില തെറ്റിയവരെ കൈയും കാലും കൂട്ടിക്കെട്ടി കിടത്തിയിരിക്കും. കൂട്ടത്തിൽ വ്യാജമദ്യം കഴിച്ചു ഗുരുതരാവസ്‌ഥയിലായവരും കാണും. സിറോസിസ് രോഗികളും മഹോദരബാധിതരും വേറെ. വീട്ടുകാരുടെ പ്രാർഥനകൊണ്ടും ചികിൽസയുടെ ഫലമായും മദ്യവിമുക്‌തി നേടിയവരായിരിക്കും ഇവരിൽ പലരും. എന്നാൽ ഓണം ആഘോഷിക്കാൻ അടുത്തുകൂടിയ അഭ്യുദയകാംക്ഷികളുടെ പ്രലോഭനങ്ങളിൽപ്പെട്ട് ഒരു പെഗ്ഗിൽ തുടങ്ങി കുപ്പികൾ പലതും കാലിയാക്കി എത്തിയിരിക്കുകയാണിവർ. ഇവരുടെയെല്ലാം കട്ടിലിനരികിൽ നിർജീവമായി തലകുനിച്ചിരിക്കുന്ന ചിലരെ കാണാം ഭാര്യ, മകൻ, മകൾ.

നാടും നഗരവും ഓണക്കാഴ്‌ചകളിൽ മതിമറക്കുമ്പോൾ ആശുപത്രിയിലെ നിറംമങ്ങിയ കാഴ്‌ചവസ്‌തുക്കളാണിവർ. ഉത്രാടപ്പാച്ചിൽ, ക്യൂ നിൽക്കാൻ! കേരളത്തിൽ ഏറ്റവും കൂടുതൽ മദ്യം ചെലവാകുന്ന ദിവസങ്ങളാണ് ഓണം ഉൾപ്പെടെയുള്ള ആഘോഷദിനങ്ങൾ. പണ്ടൊക്കെ ഉത്രാടപ്പാച്ചിൽ സദ്യവട്ടങ്ങൾ സംഭരിക്കാനും വീട്ടുകാർക്കുള്ള തുണിത്തരങ്ങൾ വാങ്ങാനുമൊക്കെ ആയിരുന്നെങ്കിൽ ഇന്നു ജനം പായുന്നതു ക്യൂനിൽക്കാനാണ്. പൂരാടത്തിനും ഉത്രാടത്തിനുമൊക്കെ കുടിച്ചു കുന്തംമറിയുന്നവർ തിരുവോണമെത്തുമ്പോഴേക്കും തീർത്തും അവശനിലയിലാകുന്നു. കുടുംബാംഗങ്ങളുടെ പൊന്നോണസ്വപ്‌നങ്ങളാണ് ഇവിടെ കരിന്തിരി കത്തുന്നത്. പുനർപതനം എന്ന ദുരന്തം ഭാര്യയുടെ കണ്ണീരും പ്രാർഥനയും വീട്ടുകാരുടെ പ്രേരണയും ചികിൽസയുമൊക്കെക്കൊണ്ടു മദ്യമോചിതനായി അടങ്ങിയൊതുങ്ങിക്കഴിഞ്ഞിരുന്നയാൾ വീണ്ടും ലഹരിയിലേക്കു മടങ്ങാനുള്ള സാധ്യത ഏറ്റവും കൂടുതൽ ഓണം പോലെയുള്ള ആഘോഷവേളകളിലാണ്. ഇതിനു പുനർപതനമെന്നാണു പറയുന്നത്.

മദ്യവിമുക്‌തി നേടിയ വ്യക്‌തിക്ക് അതു നിലനിർത്താൻ പറ്റാത്ത തരത്തിൽ പ്രലോഭനങ്ങൾ സൃഷ്‌ടിക്കുന്ന ഒരു സമൂഹമാണ് ഇന്നു കേരളത്തിൽ നിലവിലുള്ളത്. വല്ലപ്പോഴും രണ്ടു പെഗ്ഗടിച്ചാൽ കുഴപ്പമൊന്നുമില്ലെന്നേ! സ്‌മോളടിക്കാതെ എന്ത് ഓണാഘോഷം! എന്നൊക്കെപ്പറഞ്ഞു പഴയ കുടിക്കൂട്ടം വീണ്ടും ഒപ്പംകൂടും. പ്രലോഭനങ്ങൾക്കു വശംവദനായി വീണ്ടും കുടിച്ചുതുടങ്ങുന്ന വ്യക്‌തി മഹാദുരന്തത്തിന്റെ നിലയില്ലാക്കയത്തിലേക്കായിരിക്കും നിപതിക്കുന്നത്. മദ്യപാനരോഗത്തിന്റെ ഭാഗംതന്നെയാണു പുനർപതനം. പുനർപതനം ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്ന് ഉണ്ടാകുന്നതല്ല. അതിനുള്ള തയാറെടുപ്പുകൾ നേരത്തേ തന്നെ രോഗിയുടെ മനസ്സിൽ ബോധപൂർവമോ അല്ലാതെയോ നടക്കുന്നു. വീണ്ടും കുടിച്ചുതുടങ്ങുന്നതിനു കുറച്ചു ദിവസങ്ങൾക്കു മുൻപുതന്നെ രോഗിയിൽനിന്നു ചില അപായസൂചനകൾ ഉണ്ടായെന്നുവരാം. പലരും ഇതിനെ സ്വഭാവദൂഷ്യമായോ മനോരോഗലക്ഷണമായോ തെറ്റിദ്ധരിക്കാനിടയുണ്ട്. ഈ ലക്ഷണങ്ങളെ ഡ്രൈഡ്രങ്ക് സൂചനകൾ എന്നാണു വിളിക്കുന്നത്. ഇവയെ തിരിച്ചറിയാൻ കുടുംബാംഗങ്ങൾക്കു കഴിയണം. എങ്കിൽ മാത്രമേ രോഗിക്കു തക്കസമയത്തുതന്നെ ആവശ്യമായ ചികിൽസയും കൗൺസിലിങ്ങും നൽകി പുനർപതനം ഒഴിവാക്കാൻ സാധിക്കുകയുള്ളൂ. മദ്യപിക്കാതെ തന്നെ മദ്യം ഉപയോഗിച്ചതുപോലെയുള്ള ചില ലക്ഷണങ്ങൾ ഡ്രൈഡ്രങ്ക് ലക്ഷണങ്ങളുടെ ഭാഗമായുണ്ടാക ാം. പെട്ടെന്നു ദേഷ്യംവരിക, അലസത, മന്ദത, ജോലിയിലുള്ള താൽപര്യക്കുറവ്, ആത്മനിന്ദ, വാക്കുപാലിക്കാതെയിരിക്കുക, ദിനചര്യകളുടെ താളംതെറ്റുക തുടങ്ങിയവയും വീണ്ടും കുടിതുടങ്ങാനുള്ള അപായസൂചനകളാണ്.

പുനർപതനത്തിന്റെ സൂചനകൾ മനസ്സിലാക്കിയാൽ ഉടൻതന്നെ ലഹരിപദാർഥ വിധേയത്വ ചികിൽസയിൽ പരിശീലനം നേടിയിട്ടുള്ള ഒരു കൗൺസിലറുടെ സഹായം തേടുന്നതാണു നല്ലത്. കുടിനിർത്തിയ ആൾ വീണ്ടും കുടിച്ചുതുടങ്ങിയതായി മനസ്സിലാക്കിയാൽ അയാളെ ഒറ്റപ്പെടുത്തുകയോ, കുറ്റപ്പെടുത്തുകയോ ചെയ്യാതെ റിലാപ്‌സ് ട്രീറ്റ്‌മെന്റ് നൽകാൻ കുടുംബാംഗങ്ങൾ തയാറാകണം. ഓണത്തെ പൊന്നോണമാക്കാൻ ഇത്തവണ മദ്യം മണക്കാത്ത ഓണത്തെ വരവേൽക്കാൻ നേരത്തെ തന്നെ പ്ലാൻ ചെയ്യാം. കുടിയൊക്കെ നിർത്തിയവർക്കു മദ്യം വീണ്ടും രുചിക്കാൻ പ്രേരണ നൽകുന്നതു പലപ്പോഴും ആഘോഷവേളകളിലെ മദ്യം വിളമ്പുന്ന കുടുംബസദസ്സുകളാണ്. വീട്ടിൽനിന്നു മദ്യസദസ്സുകളെ പൂർണമായും ഒഴിവാക്കാം. ഓണമൊരുങ്ങുന്നതും സദ്യവട്ടങ്ങൾ ഒരുക്കുന്നതും വിളമ്പുന്നതും കഴിക്കുന്നതുമൊക്കെ കുടുംബാംഗങ്ങൾ ഒരുമിച്ചാകട്ടെ. മദ്യം വിളമ്പുന്ന സൽക്കാരങ്ങളിൽനിന്നും മദ്യക്കൂട്ടായ്‌മയിൽനിന്നും വിട്ടുനിൽക്കാൻ കഴിയണം. അണഞ്ഞുപോയ മദ്യാസക്‌തി വീണ്ടും ആളിക്കത്താതിരിക്കട്ടെ. സംഘടനകളും ക്ലബ്ബുകളും മറ്റും സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളിൽ കുടുംബാംഗങ്ങളുമൊത്തു സജീവമായി പങ്കെടുക്കുക. മദ്യമോചനം നേടിയവരുടെ കൂട്ടായ്‌മയായ ആൽക്കഹോളിക് അനോണിമസ്, കുടുംബാംഗങ്ങളുടെ കൂട്ടായ്‌മയായ അൽ അനോൺ, കുട്ടികളുടെ ഗ്രൂപ്പായ അൽ അറ്റീൻ എന്നിവയിൽ വീട്ടുകാരോടൊത്തു സജീവമായി പങ്കാളിയാവുക. ഈ ഓണത്തിന് ഓരോ വീടിന്റെയും മുറ്റത്തും മനുഷ്യമനസ്സുകളിലും ഒരുമയുടെ ആഹ്ലാദാനുഭവങ്ങൾ ഒരുപോലെ പൂക്കളമിടട്ടെ. അങ്ങനെയുള്ള വീടുകൾ കാണാനായിരിക്കും മാവേലി എത്തുന്നത്. ലഹരിയുടെ നിഴൽപ്പാടുകൾ വീഴാത്ത പൊന്നോണദിനങ്ങൾ വീടിന്റെ ഉൽസവമാകട്ടെ. ഈ ഓണത്തിന് ഓണം തന്നെയാകട്ടെ ലഹരി.

ഡോ. ബി. പത്മകുമാർ