കുടിയിറങ്ങുന്നു!

കുടിയന്മാർക്കും ഒടുവിൽ ബോധം തെളിഞ്ഞു തുടങ്ങുകയാണ്. ഒരു കാലത്തു കുടിച്ചു കുന്തംമറിഞ്ഞു നന്നായി പേരു കേൾപ്പിച്ച പല കുടിയന്മാരും ഇപ്പോൾ ആരുമറിയാതെ കുടിനിർത്തിത്തുടങ്ങി. അനാരോഗ്യവും മരണഭീതിയും സാമ്പത്തികനഷ്‌ടവും ദൈവഭയവുമെല്ലാം കുടി നിർത്തലിനു കാരണമാകുന്നുണ്ടെങ്കിലും, മദ്യപാനം ഒരു രോഗമാണെന്നും അതിനു ചികിൽസയുണ്ടെന്നുമുള്ള തിരിച്ചറിവാണു മിക്ക കുടിയന്മാരുടെയും കണ്ണു തുറപ്പിക്കുന്നത്. ആ തിരിച്ചറിവുണ്ടാക്കാൻ കുടിയന്മാർക്കിടയിൽ ബോധവൽക്കരണം നടത്തുന്ന ആൽക്കഹോളിക് അനോണിമസ് എന്ന സന്നദ്ധപ്രസ്‌ഥാനം ഉത്തര മലബാറിലെ മലയോരത്തു നിശ്ശബ്‌ദവിപ്ലവം സൃഷ്‌ടിക്കുകയാണ്. മദ്യപാനം നിർത്തിയവരുടെ കൂട്ടായ്‌മയിലേക്കു മദ്യപരെ വിളിച്ചുവരുത്തി ബോധവൽക്കരിക്കുകയാണ് ‘എഎ’ എന്നറിയപ്പെടുന്ന ആൽക്കഹോളിക് അനോണിമസിന്റെ പ്രധാന രീതി. കൈവിട്ടുപോയ ജീവിതത്തിലേക്കു തിരിച്ചുവന്നവരുടെ വിജയകഥകൾ കുടിയന്മാർക്കു പ്രചോദനമാകുന്നു. കണ്ണൂർ ജില്ലയുടെ മലയോര മേഖലയിലെ കൊട്ടിയൂർ പഞ്ചായത്തിൽ മാത്രം 390 പേരാണു കുറഞ്ഞ കാലം കൊണ്ട് എഎ വഴി കുടി നിർത്തിയത്.

നിരീശ്വരവാദികൾ ക്ഷമിക്കുക ദൈവത്തിൽ വിശ്വസിക്കുന്ന കുടിയന്മാരെ മാത്രമേ എഎ വിശ്വസിക്കുന്നുള്ളൂ. എഎയിൽ അംഗമാകണമെങ്കിൽ ദൈവവിശ്വാസം നിർബന്ധം. ഏതു മതവും ഏതു ദൈവവുമാകാം. അതു മറ്റൊന്നും കൊണ്ടല്ല, തങ്ങളേക്കാൾ വലിയൊരു ശക്‌തി തങ്ങൾക്കു മുകളിലുണ്ടെന്നു വിശ്വസിക്കുന്നവരെ മാത്രമേ ഈ രീതിയിൽ തിരുത്താനാകൂ എന്നാണ് എഎയുടെ അനുഭവസാക്ഷ്യം. ഏതു പ്രത്യയശാസ്‌ത്രത്തിലോ മതത്തിലോ വിശ്വസിച്ചിരുന്ന ആളായാലും കുഴപ്പമില്ല. ആത്മീയത പലർക്കും പഴഞ്ചൻ ആശയമെന്നു തോന്നാമെങ്കിലും മദ്യത്തിൽ നിന്നു മോചിപ്പിക്കപ്പെടാൻ ആത്മീയതയിൽ അധിഷ്‌ഠിതമായി വ്യക്‌തിത്വം രൂപപ്പെടുത്തണം എന്നത് എഎയുടെ നിർബന്ധവ്യവസ്‌ഥയാണ്.

നല്ല ജീവിതത്തിന് ആദർശങ്ങൾ ആവശ്യമാണ് എന്ന ബോധം പകരാൻ കൂടിയാണ് ഈ നിഷ്‌കർഷ. അതിൽ പരീക്ഷണത്തിന് അനുമതിയില്ല. ആരെയും ഭയമില്ലാത്ത കുടിയന്മാർ ഒരു കാലത്തും കുടി നിർത്താനിടയില്ലെന്നു ചുരുക്കം. രണ്ടു കുടിയന്മാർ കണ്ട ഒറ്റ സ്വപ്‌നം മറ്റുള്ളവരോടു വെളിപ്പെടുത്താതെ മദ്യപാനം നിർത്തിയവരുടെ രാജ്യാന്തര സംഘടനയാണ് എഎ അഥവാ ആൽക്കഹോളിക് അനോണിമസ്. ഇരുനൂറോളം രാജ്യങ്ങളിലായി ലക്ഷക്കണക്കിനു കുടിയന്മാരാണു കുടുംബജീവിതത്തിലേക്കും ആദർശപരമായ വ്യക്‌തിത്വങ്ങളിലേക്കും അവ നൽകുന്ന സന്തോഷങ്ങളിലേക്കും എഎയിലൂടെ തിരിച്ചെത്തുന്നത്. ലക്ഷക്കണക്കിനു വിപ്ലവകാരികൾ ആരോരുമറിയാതെ പ്രതിദിനം രൂപപ്പെടുന്നു. തകർന്നടിഞ്ഞ കുടുംബങ്ങളുടെയും കുടുംബ ബന്ധങ്ങളുടെയും വില മനസ്സിലാക്കി സ്വന്തം ജീവിതത്തിലേക്കും കുടുംബത്തിലേക്കും തിരിച്ചെത്തുന്നവരുടെ സംഭവബഹുലമായ കഥകളാണ് ഓരോ അനോണിമസ് വ്യക്‌തിത്വത്തിനും വെളിപ്പെടുത്താനുള്ളത്. ഈ മാറ്റം നല്ല വ്യക്‌തിത്വങ്ങളെയും നല്ല കുടുംബങ്ങളെയും നല്ല സമൂഹത്തെയും നല്ല ഗ്രാമങ്ങളെയും നല്ല വംശങ്ങളെയും നല്ല സംസ്‌കാരങ്ങളെയും ഒടുവിൽ ഒരു നല്ല രാജ്യത്തെയും സൃഷ്‌ടിക്കുമെന്ന് ആൽക്കഹോളിക് അനോണിമസ് വിശ്വസിക്കുന്നു.

1935ൽ അമേരിക്കയിലെ ഒഹിയോയിലെ അക്രോണിൽ ബിൽ വിൽസൺ, ഡോ. ബോബ് സ്‌മിത്ത് എന്നിവർ ചേർന്നാണ് എഎ ആരംഭിച്ചത്. ഇരുവരും അമിതമദ്യാസക്‌തരായിരുന്നു. മദ്യത്തിൽ നിന്നു മോചനം നേടാൻ ഇരുവരും ആഗ്രഹിച്ചു. രണ്ടുപേരും ഒന്നിച്ചിരുന്ന് ആസക്‌തിയുടെ ദൂഷ്യഫലങ്ങൾ പരസ്‌പരം പങ്കുവച്ചു. അതുവഴിയുള്ള ജീവിതപ്രശ്‌നങ്ങൾ പരസ്‌പരം ഏറ്റുപറഞ്ഞു. മദ്യത്തിൽ നിന്നു രക്ഷപ്പെടാൻ പരസ്‌പരം സഹായിക്കാമെന്ന് ഇരുവരും വ്യവസ്‌ഥയുണ്ടാക്കി. അതിൽ വിജയിച്ചതോടെ ഇരുവരും കൂടുതൽ പേരെ ഈ പരസ്‌പരസഹായ സഹകരണ കൂട്ടുകെട്ടിലേക്ക് ആകർഷിക്കാൻ തുടങ്ങി. ആ കൂട്ടായ്‌മയാണ് ആൽക്കഹോളിക് അനോണിമസ് അഥവാ അജ്‌ഞാതരായ മദ്യാസക്‌തർ എന്ന പ്രസ്‌ഥാനം. അമിത മദ്യപാനത്തിലൂടെ ഉണ്ടായ ദുരനുഭവങ്ങളും മദ്യമുക്‌തി വന്ന ശേഷം ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളും മറ്റുള്ളവർക്കു വിവരിച്ചു നൽകുകയാണ് എഎ എന്നു ലളിതമായി പറയാം. നൻമയുടെ ബിഗ് ബുക്ക് എഎ ഇന്ത്യയിൽ എത്തിയത് 1957 ലാണ്. ന്യൂയോർക്കാണ് ആസ്‌ഥാനം. ഇന്ത്യയിൽ ആസ്‌ഥാനം മുംബൈയിലാണ്. 1957ൽ ഡൽഹിയിലെ കനേഡിയൻ എംബസി ഉദ്യോഗസ്‌ഥൻ എം. ചാർലിയാണ് ഇന്ത്യയിൽ എഎയ്‌ക്കു തുടക്കം കുറിച്ചത്. മുംബൈ സെന്റ് ജോൺസ് സ്‌കൂളിന്റെ പ്രിൻസിപ്പൽ ആയിരുന്ന എം. ഹാരിയുടെ സഹകരണവും ഉണ്ടായിരുന്നു.

കേരളത്തിൽ ഇന്റർ ഗ്രൂപ്പ് ആദ്യം ആരംഭിച്ചത് കോഴിക്കോടാണ്. ഇപ്പോൾ ഇരുപതോളം സന്നദ്ധപ്രവർത്തക കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. ജില്ലകൾ തോറും ഇന്റർ ഗ്രൂപ്പുകൾ സ്‌ഥാപിതമായി. അതിൽ ഒരെണ്ണത്തിന്റെ പ്രവർത്തനഫലമായി മാത്രം 10 വർഷങ്ങൾ കൊണ്ടു 3763 കുടുംബങ്ങൾ മദ്യപാനവിപത്തിൽ നിന്നു രക്ഷപ്പെട്ടു . ഈ കണക്കു തന്നെ ഒരു നിശ്ശബ്‌ദ വിപ്ലവത്തിന്റെ ശക്‌തി വ്യക്‌തമാക്കുന്നു. ആൽക്കഹോളിക് അനോണിമസ് എന്ന പുസ്‌തകമാണ് ലോകപ്രശസ്‌തമായ എഎ തത്വങ്ങൾ ലോകത്തിന് സമ്മാനിച്ചത്. എഎ അംഗങ്ങൾ ഇതിനെ ബിഗ് ബുക്ക് എന്നാണ് വിളിക്കുന്നത്. ക്രിസ്‌ത്യൻ സോഷ്യലിസ്‌റ്റ് മനോഭാവമാണ് എഎ ഗ്രൂപ്പുകൾ പിൻതുടരുന്നത്. ആത്മീയതയാൽ നിറഞ്ഞു ഡോ. സ്‌മിത്ത് അവസാനത്തെ പെഗ് മദ്യവും കഴിച്ചു മദ്യപാനം ഉപേക്ഷിച്ച ജൂൺ 10നാണു ലോകമെങ്ങും എഎ ഗ്രൂപ്പുകൾ വാർഷികം ആഘോഷിക്കുന്നത്.

എഎയുടെ പ്രവർത്തനം ഇങ്ങനെ .
മദ്യപാനി എഎ കൂട്ടായ്‌മയുടെ സഹകരണത്തോടെ ഏതെങ്കിലും ഒരു എഎ സന്നദ്ധ കേന്ദ്രത്തിലെത്തി കുടുംബസമേതം ക്ലാസുകളിൽ പങ്കാളിയാകണം. തുടർന്ന് എല്ലാ ആഴ്‌ചയും എഎയുടെ യോഗങ്ങളിൽ പങ്കെടുക്കണം. സാമ്പത്തിക സഹായങ്ങളോ, പണപ്പിരിവുകളോ, സംഘടനാ രൂപീകരണമോ, ഒന്നും എഎയുടെ ഇടയിൽ പാടില്ല. എഎ ഒരു സ്വയംഭരണ സ്‌ഥാപനമാണ് എന്നാണു സങ്കൽപ്പം. ചുരുങ്ങിയ കാലയളവിലേക്ക് ജനാധിപത്യരീതിയിൽ തിരഞ്ഞെടുപ്പു നടത്തിയാണു നേതാക്കളെ നിശ്‌ചയിക്കുന്നത്. സ്‌ഥിരം നേതൃത്വം അനുവദനീയമല്ല. അടിസ്‌ഥാന തത്വങ്ങൾക്കു പുറത്തുള്ള ഒരു വിഷയവും എഎയിൽ ചർച്ച ചെയ്യാൻ പോലും പാടില്ല.

മദ്യപാനം ഒരു രോഗം കൂടിയാണ്. അതിൽ നിന്നു ശാരീരികമായും മാനസികമായും മോചിതരാകണം. വ്യക്‌തിത്വം വീണ്ടെടുത്തു കുടുംബാന്തരീക്ഷവും സാമൂഹികാന്തരീക്ഷവും സന്തോഷകരമാക്കണം. ഇതാണ് എഎയുടെ മുദ്രാവാക്യം. . മദ്യപാനം നിർത്തുന്നവർ ജീവിതത്തിലേക്കു തിരിച്ചെത്തുമ്പോൾ കുടുംബം ഒരു പക്ഷേ തകർന്ന പരുവത്തിലായിട്ടുണ്ടാകും. നീണ്ട മദ്യപാന കാലവും അതിന്റെ കസർത്തുകളും കുടുംബാംഗങ്ങളുടെ മനോഭാവത്തിലും സ്വഭാവത്തിലും സദാചാര ബോധത്തിലും വരെ മാറ്റം വരുത്തിയിരിക്കാം. മദ്യപൻ മദ്യപാനം നിർത്തി വീട്ടിലെത്തുമ്പോൾ അതിന്റെ നല്ലവശം മനസ്സിലാക്കാനോ അതനുസരിച്ചു പ്രതികരിക്കാനോ കഴിയാത്ത വിധം ബന്ധങ്ങൾ നശിച്ചിട്ടുണ്ടാകും. പുതിയ ബന്ധങ്ങൾ അവിഹിതമായി തുടങ്ങിയവരും കണ്ടേക്കാം. സുബോധത്തോടെ എത്തുന്ന മദ്യവിമുക്‌ത വ്യക്‌തിത്വത്തിന് ഈ സാഹചര്യങ്ങളോടു പൊരുത്തപ്പെടാൻ സാധിക്കാതെ വരികയും നല്ല ജീവിതത്തിലേക്കുള്ള വഴി അടയുകയും ചെയ്‌തേക്കാം. അതിനാലാണ് എഎയിൽ ചേരുമ്പോൾ കുടുംബാംഗങ്ങളോടെ ചേരണം എന്ന് എഎ പ്രവർത്തകർ നിഷ്‌കർഷിക്കുന്നതും കർശനമായി അതു പാലിക്കുന്നതും. മദ്യപരുടെ ഭാര്യമാരുടെ ഐക്യസംഘടനയും ഇതിനായി രൂപീകരിച്ചിരുന്നു. അൽ അനോൺ എന്നാണ് ഇത് അറിയപ്പെടുന്നത്. ഭർത്താക്കൻമാരുടെ മദ്യപാന ശീലത്താൽ സ്വഭാവ വ്യതിയാനത്തിലേക്കും സ്വഭാവ വൈകല്യത്തിലേക്കും പതിച്ച ഭാര്യമാരെ അവരുടെ പരാജയഘടകങ്ങൾ പരസ്‌പരം ബോധ്യപ്പെടുത്തി സ്‌നേഹത്തിലും വിട്ടുവീഴ്‌ചയിലും ഒന്നിപ്പിക്കുകയാണ് അൽ അനോൺ ചെയ്യുന്നത്.

ജോയ് ജോസഫ്