മുട്ടുവേദന ജീവിതതാളം തെറ്റിക്കുമ്പോൾ

കാൽമുട്ടിനു അനുഭവപ്പെടുന്ന ചെറിയൊരു വേദന പോലും ജീവിതത്തിന്റെ താളം തെറ്റിക്കും. പ്രായമേറിയവരുടെ കാര്യമാണെങ്കിൽ വേദന കൂടുതൽ ത്രീവമായിരിക്കും. മുതിർന്നവരിലാണ് പണ്ടു മുട്ടുവേദന അനുഭവപ്പെട്ടിരുന്നെങ്കിൽ, മാറിയ ജീവിതശൈലിയിൽ ഏത് പ്രായക്കാർക്കും മുട്ടുവേദന അനുഭവപ്പെടാം. ‌പ്രധാനമായും അസ്ഥികൾ, തരുണാസ്ഥികൾ, മാംസപേശികൾ, കെട്ടുനാരുകൾ (ലിഗമെന്റസ്) ശ്ലേഷ്മദ്രവം (സെനോവിയൽ ഫ്ലൂയിഡ്) എന്നിവയടങ്ങിയതാണ് കാൽമുട്ട്. ഇവയിലേതിനെങ്കിലുമുണ്ടാകുന്ന തകരാറുകൾ മുട്ടുവേദനയ്ക്കു കാരണമാകും. കാൽമുട്ടിനേൽക്കുന്ന ചെറിയ ക്ഷതം പോലും കടുത്ത വേദനയായി തീരാനിടയുളളതിനാൽ തുടക്കം തന്നെ വൈദ്യസഹായം തേടുന്നതാണ് അഭികാമ്യം. മുട്ടിലുണ്ടാകുന്ന പരുക്ക്, അസ്ഥികളുടെ തേയ്മാനം മൂലമുണ്ടാകുന്ന സന്ധിവാതം (ഓസ്റ്റിയോ ആർത്രൈറ്റിസ്) എന്നിവയാണ് സന്ധിവേദനയുടെ ഏറ്റവും പ്രധാന കാരണങ്ങൾ. ഗൗട്ട്, അണുബാധകൾ, റുമറ്റോയ്ഡ് ആർത്രൈറ്റിസ്, സന്ധി വിന്യാസത്തിലെ ചില പ്രശ്നങ്ങൾ തുടങ്ങിയവും മുട്ടുവേദനയ്ക്കിടയാക്കും.

ജനിതകവും ഘടനാപരവുമായ പ്രത്യേകത മൂലം മുട്ടുവേദനയുടെ പ്രധാനകാരണമായ ഓസ്റ്റിയോ ആർത്രൈറ്റിസ് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്കാണ് കൂടുതൽ. പ്രത്യേകിച്ചും മധ്യവയസ്സു കഴിഞ്ഞവരിൽ ശരീരഭാരത്തിന്റെ എൺപത് ശതമാനത്തിലധികവും നേരിട്ടു താങ്ങുന്ന സന്ധിയാണ് കാൽമുട്ടുകളിലേത്. ദീർഘനേരം നിൽക്കുമ്പോൾ കാൽമുട്ടുകളിൽ അമിതസമ്മർദ്ദമുണ്ടാകുകയും വേദനയിലേക്കു നയിക്കുകയും ചെയ്യും. വേദനയുള്ളപ്പോൾ വിശ്രമിച്ചു വേദനയുടെ തീവ്രത കുറയ്ക്കുകയാണ് വേണ്ടത്. മുട്ടുവേദനയുള്ളവർ ദീർഘനേരം തണുത്തപ്രതലത്തിൽ ഒരേനിൽപ്പിൽ നിൽക്കുന്നത് വേദന വർധിക്കാൻ കാരണമാകും. മുട്ടുവേദനയുള്ളവർ വീടിനുള്ളിലും മൃദുവായ സോളുകളുള്ള ചെരുപ്പുകൾ ധരിക്കുന്നത് വേദന ലഘൂകരിക്കാൻ സഹായിക്കും. വളർച്ചയുടെ ഘട്ടത്തിൽ കുട്ടികൾക്ക് രാത്രികാലങ്ങളിൽ (ഗ്രോവിങ് പെയിൻ) കാലിനും മുട്ടിനും വേദന അനുഭവപ്പെടാറുണ്ട്. വളർച്ചാ വേദനയാണെങ്കിൽ മിക്കപ്പോഴും കാൽമുട്ടിനു പിന്നിലായിരിക്കും വേദന. കാലിനു മുഴുവനായി വേദന അനുവപ്പെടുന്നുണ്ടെങ്കിൽ വൈദ്യ സഹായം തേടണം. അമിതവണ്ണമുള്ള കുട്ടികളിൽ കാണുന്ന കാൽമുട്ടുകളിലെ വേദന പലപ്പോഴും വ്യായാമക്കുറവു മൂലമാകും ഉണ്ടാകുക.

© Copyright 2018 Manoramaonline. All rights reserved...