തേയ്മാനത്തിനുള്ള പ്രധാന കാരണങ്ങൾ

തേയ്മാനം പ്രായമായവർക്കു മാത്രം വരുന്ന രോഗമാണെന്നാണു പലരുടെയും ധാരണ. കൂടുതലായും അങ്ങനെയാണെങ്കിലും 40 വയസ്സു കഴിഞ്ഞ പലരിലും ഇത്തരം രോഗങ്ങൾ കണ്ടുവരുന്നുണ്ട്. മുട്ട് തേയ്മാനം വന്നാൽ ചെറുതായൊന്നുമല്ല ബുദ്ധിമുട്ടേണ്ടി വരുന്നത്. മുട്ട് തേയ്മാനം അതീവ ഗൗരവത്തോടെ കണ്ടു ഡോക്ടറുടെ മാർഗനിർദേശങ്ങൾ കൃത്യമായി പാലിച്ചാൽ പ്രയാസങ്ങൾ ഒരു പരിധിവരെ കുറയ്ക്കാം. പൊതുവെ പ്രായം കൂടുന്നതിന് അനുസരിച്ചു തന്നെയാണു തേയ്മാനം സംഭവിക്കുന്നത്. അതു പലതരത്തിലുള്ള വിഷമതകൾക്കും കാരണമാകും. രണ്ട് എല്ലുകൾക്കിടയിൽ റബർ പോലുള്ള കാർ‌ട്‌ലേജ് (CARTILAGE) കുഷ്യനുണ്ട്. യഥാർഥത്തിൽ ഇതിനാണു തേയ്മാനം സംഭവിക്കുന്നതും ദ്രവിച്ചു പോകുന്നതും. അങ്ങനെയാണ് ഓസ്റ്റിയോ ആർത്രൈറ്റിസ് വരുന്നത്. ഇത് ഏത് സന്ധിയിലും വരാം. കാർ‌ട്‌ലേജ് കുഷ്യനു തേയ്മാനം ഉണ്ടാകുമ്പോൾ എല്ലുകൾ തമ്മിൽ ഉരയാൻ തുടങ്ങും. അപ്പോഴാണു മുട്ട് തേയ്മാനം എന്ന രോഗാവസ്ഥയിലേക്ക് എത്തുന്നത്. മുട്ട് തേയ്മാനം ഉണ്ടാകുന്നതോടെ വേദന, നീരിറക്കം, കാലിനു വീക്കം എന്നിവയും വരും. ഇതിനു പുറമെ എല്ലു വളരാനും തുടങ്ങും. ഇതെല്ലാം കാരണമാണു മുട്ടിനു കഠിനമായ വേദന അനുഭവപ്പെടുന്നത്.

തേയ്മാനത്തിനുള്ള പ്രധാന കാരണങ്ങൾ
∙ പ്രായാധിക്യം.
∙ മുൻപ് ഏതെങ്കിലും തരത്തിലുള്ള ഒടിവോ ചതവോ സംഭവിച്ചത്.
∙ മറ്റു വാതസംബന്ധമായ അസുഖങ്ങൾ ഉണ്ടെങ്കിൽ.

അമിതവണ്ണമുള്ളവർക്കും ജോലി സംബന്ധമായി സ്ഥിരം മുട്ടുമടങ്ങി ഇരിക്കുന്നവർക്കും മുട്ട് തേയ്മാനം വരാനുള്ള സാധ്യത കൂടുതലാണ്. ഇതിനു പുറമെ കായികതാരങ്ങൾക്ക്, പ്രത്യേകിച്ചും ഫുട്ബോൾ താരങ്ങൾക്കു മുട്ട് തേയ്മാനം സംഭവിക്കാം. നടക്കുമ്പോഴോ പടികൾ കയറുമ്പോഴോ കടുത്ത വേദന ഉണ്ടാകുക എന്നതാണ് പ്രധാന ലക്ഷണം. മുട്ട് തേയ്മാനം ശ്രദ്ധിച്ചില്ലെങ്കിൽ സന്ധി വളഞ്ഞുപോകുന്ന (DEFORMITY) അവസ്ഥയിലേക്ക് എത്തും.

© Copyright 2018 Manoramaonline. All rights reserved...