കഴുത്തു രോഗം വില്ലനാകുന്നു. എന്താ കാരണം?

കുനിഞ്ഞിരുന്നു ജോലി ചെയ്യുന്ന പലർക്കും കഴുത്തുമായി ബന്ധപ്പെട്ട രോഗങ്ങൾ വരാറുണ്ടെന്നു ഡോക്‌ടർമാർ. അങ്ങനെയുള്ള ജോലിക്കാരല്ലാത്തവരിലും ഇപ്പോൾ കഴുത്തു രോഗം വില്ലനാകുന്നു. എന്താ കാരണം? മൊബൈലിന്റെയും കംപ്യൂട്ടറിന്റെയും അമിതോപയോഗം തന്നെ. ടെക്കികൾക്കിടയിൽ മാത്രമല്ല, ശരാശരി മൊബൈൽ ഉപയോക്‌താക്കളിലെല്ലാം കാണുന്ന കഴുത്തു രോഗത്തിനു ഡോക്‌ടർമാർ നൽകിയിരിക്കുന്ന പേര് ‘ടെക്‌സ്‌റ്റ് നെക്ക്'

ടെക്‌സ്‌റ്റ് നെക്ക് ലക്ഷണങ്ങൾ
∙ കഴുത്തിനു വേദന, നീർക്കെട്ട്
∙ ചുമലിലെ പേശികൾക്കു വലിച്ചിൽ
∙ ശക്‌തിയായ തലവേദന
∙ ചുമലിലെ അസ്‌ഥികൾക്കു തേയ്‌മാനം
∙ നടുവേദന
∙ വിട്ടുമാറാത്ത കൈവേദന

മുൻകരുതൽ വേണം
∙ നല്ല ഇരിപ്പ് കുട്ടിക്കാലം മുതൽ ശീലമാക്കാം. നട്ടെല്ലും തലയും നേർരേഖയിൽ വരുന്നവിധം വേണം ഇരിക്കാൻ. കഴുത്ത് ഓരോ ഇഞ്ച് വളയുന്തോറും തലയിൽ അഞ്ചു കിലോ അധികഭാരം വയ്‌ക്കുന്നത്ര ആയാസമാണു ശരീരത്തിനുണ്ടാകുന്നത്.
∙ ഡസ്‌ക് ടോപ്പ് ഉപയോഗം താരതമ്യേന കുറഞ്ഞ ആയാസം മാത്രമേ ശരീരത്തിനു നൽകുന്നുള്ളൂ. എന്നാൽ ലാപ്‌ടോപ്പ്, നോട്‌ബുക്ക് എന്നിവ അശാസ്‌ത്രീയമായ രീതിയിൽ വച്ച് ഉപയോഗിക്കുന്നവരാണു കൂടുതൽ ശ്രദ്ധിക്കേണ്ടത്.
∙ തുടക്കത്തിൽ തന്നെ ശരിയായ ചികിൽസ ലഭ്യമാക്കുക.
∙ കഴുത്തിനും ചുമലിനുമിടയിൽ മൊബൈൽഫോൺ തിരുകി മറ്റു ജോലികളിൽ മുഴുകുന്നതു പാടേ ഒഴിവാക്കുക.
∙ മൊബൈൽ സംഭാഷണങ്ങളുടെ ദൈർഘ്യം കുറയ്‌ക്കുക.
∙ തുടർച്ചയായി മൊബൈൽ ഫോണിൽ സംസാരിക്കുന്ന സാഹചര്യങ്ങളിൽ ഹെഡ്‌സെറ്റോ ബ്ലൂടൂത്തോ ഉപയോഗിക്കുക
∙ 20 മിനിറ്റിൽ അധികനേരം ഒരേ പൊസിഷനിൽ ഇരിക്കുന്നത് ഒഴിവാക്കുക. ഇടയ്‌ക്ക് എഴുന്നേറ്റു നടക്കുക, ലഘുവ്യായാമങ്ങളിൽ ഏർപ്പെടുക.
∙ ലാപ്‌ടോപ്പ് ശരിയായ ഉയരത്തിൽ ക്രമീകരിച്ച് ഉപയോഗിക്കുക.
∙ യാത്രകളിലും മറ്റും സ്‌മാർട്‌ഫോൺ, ലാപ്‌ടോപ്പ് എന്നിവ തുടർച്ചയായി ഉപയോഗിക്കുന്നതിനിടയിൽ കഴുത്ത് അൽപനേരം ശരിയായി ഉയർത്തിപ്പിടിക്കുക.

© Copyright 2018 Manoramaonline. All rights reserved...