വേദന മുട്ടിൽ വന്നു മുട്ടുമ്പോൾ

പ്രായമായവരിൽ മാത്രമല്ല ചെറുപ്പക്കാരിലും മുട്ടുവേദന വ്യാപകമാണെന്ന് ആരോഗ്യവിദഗ്‌ധർ പറയുന്നു. കാരണങ്ങൾ പലതാണ്. കുട്ടിക്കാലത്തു കാൽമുട്ടിനുണ്ടാകുന്ന മുറിവുകൾ ശരിയായി ചികിൽസിച്ചില്ലെങ്കിൽ ചെറുപ്പകാലത്തു വേദന പിടിപെടും. ലിഗ്മെന്റുകൾക്കുണ്ടാകുന്ന തകരാറുകൾ ശരിയായി ഭേദമായില്ലെങ്കിൽ എല്ലിനു തേയ്‌മാനമുണ്ടാകുന്നു. വാത സംബന്ധമായ അസുഖങ്ങളുണ്ടെങ്കിലും മുട്ടുവേദന അലട്ടാം. ചിരട്ടയ്‌ക്കോ എല്ലിനോ ഞരമ്പിനോ തകരാറുള്ളവരിൽ സ്‌ഥിരമായി വേദനയുണ്ടാകും. ജന്മനാ മുട്ടിനു വളവുണ്ടെങ്കിലും വേദന വില്ലനാവും.

ഫ്ലാറ്റ് ഫൂട്ട് ആണു മറ്റൊരു പ്രശ്‌നം. മുട്ടിൻമേലുള്ള ചെറിയ കുഴി ചിലരിൽ ജന്മനാ തന്നെ ഉണ്ടാവില്ല. മുട്ടിനുള്ളിൽ കൂടുതൽ സമ്മർദമുണ്ടാകുന്നതോടെ വേദനയും കൂടും. നേരത്തേ തന്നെ ഇതിനു ചികിൽസ തേടാവുന്നതാണ്. സ്‌ഥിരമായി ഒരുപാടു പടികൾ കയറിയിറങ്ങുക, നിരപ്പല്ലാത്ത പ്രദേശത്തുകൂടി നടക്കുക എന്നിവയും എല്ലിനു തേയ്‌മാനം സൃഷ്‌ടിച്ചു കാൽമുട്ടു വേദനയുണ്ടാക്കും. ഉഴിച്ചിൽ, പിഴിച്ചിൽ തുടങ്ങിയവ ശാസ്‌ത്രീയമായ രീതിയിൽ ചെയ്‌തില്ലെങ്കിലും കുഴപ്പമാണ്. അമിതവണ്ണമുള്ളവരിലും വേദന കണ്ടുവരുന്നുണ്ട്.

© Copyright 2018 Manoramaonline. All rights reserved...