അമിതവണ്ണം കുറയ്ക്കാം, 'സ്മാർട്ടാ'യി

തടിച്ച ശരീരവും ചെറിയൊരു കുടവയറുമുണ്ടെങ്കിൽ ‘ഒന്നു നന്നായിട്ടുണ്ടല്ലോ’ എന്നു പറയുന്നവർ പോലും അമിതശരീരഭാരമുള്ളവരെ കണ്ടാൽ 'ഡാ.. തടിയാാാ' എന്നു നീട്ടിവിളിക്കും. ഇൗ ഒറ്റ വിളി മതി ചിലരുടെ ആത്മവിശ്വാസം പെട്ടെന്ന് ചോർന്നു പോകാൻ. വേറൊരു കൂട്ടരുണ്ട് എന്ത് കേട്ടാലും ‘ഇതെല്ലാം പാരമ്പര്യമായി കിട്ടയതാ ഞാനെന്തു ചെയ്യാനാ?’ എന്ന ഭാവത്തിൽ ജീവിക്കും. ‘ഞാൻ പച്ചവെള്ളം കുടിച്ചാലും പട്ടണി കിടന്നാലും തടിവയ്ക്കു’മെന്ന് പറയുന്ന കൂട്ടരും നമ്മുടെ ചുറ്റുവട്ടത്തുണ്ട്. ഇങ്ങനെ പോയാൽ താമസിയാതെ കേരളം അമിതവണ്ണക്കാരുടെയും കുടവയറന്മാരുടെയും സ്വന്തം നാടാകും. ജീവിതശൈലീ രോഗങ്ങളുടെ കാര്യത്തിലും നാം അതിവേഗം കുതിക്കുകയാണ്. മുപ്പതിന്റെ പടിവാതിലിൽ എത്തുമ്പോഴേക്കും രോഗാതുരമാവുകയാണു കേരളീയ സമൂഹം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്നായി അമിതവണ്ണത്തെ കണക്കാക്കിയിരിക്കുന്നു.

എല്ലാമറിയും, ബോഡി കോംപോസിഷൻ അനാലിസിസ് ടെസ്റ്റ്.
ആരോഗ്യത്തിന്റെയും അഴകിന്റെയും അളവുകോലായി ബോഡി മാസ്സ് ഇൻഡക്സ് (ബിഎംെഎ) എന്ന സൂത്രവാക്യം കണക്കാക്കപ്പെടുന്നു. ഒരു വ്യക്തിയുടെ ശരീരഭാരത്തിനെ അയാളുടെ ഉയരത്തിന്റെ വർഗവുമായി ഹരിക്കുമ്പോൾ കിട്ടുന്ന മൂല്യമാണ് ബിഎംഐ. ഒരാളുടെ ബിഎംെഎ 24.9 വരെയാണെങ്കിൽ സാധാരണ ഭാരവും 25 നും 29.9 നും ഇടയിലാണെങ്കിൽ അമിതഭാരവുമായി കണക്കാക്കപ്പെടുന്നു. ബിഎംെഎ 30 നു മുകളിലാണെങ്കിൽ പൊണ്ണത്തടിയുള്ള വ്യക്തിയായി കണക്കാക്കുന്നു. നാൽപതിനു മുകളിലാണെങ്കിൽ രോഗങ്ങൾക്കു കാരണമാകാവുന്ന അമിതവണ്ണമുള്ളവരുടെ ഗണമായ മോർബിഡ് ഒബീസിറ്റിയിൽ ചേർക്കാം. അമിതവണ്ണത്തിന്റെ ആദ്യ സൂചനയായി ബിഎംെഎയെ കരുതുന്നുണ്ടെങ്കിലും ബോഡി കോംപോസിഷൻ അനാലിസിസിലൂടെ അമിതവണ്ണത്തിന്റെ തോത് അറിയാം. ഒരു വ്യക്തിയുടെ ശരീരത്തിലെ കൊഴിപ്പിന്റെ അളവ്, മസിലുകളുടെ അമിതഭാരം, ശരീരത്തിലെ വെള്ളത്തിന്റെ അളവ് എന്നിവയെല്ലാം വിശദമായി പഠിച്ച് അമിതവണ്ണമുണ്ടോയെന്ന് ഉറപ്പാക്കാം. അമിതവണ്ണം കണ്ടെത്താനുള്ള ഏറ്റവും ആധികാരികമായ പരിശോധനയാണ് ബോഡി കോംപോസിഷൻ അനാലിസിസ്. ബയോ ഇലക്ട്രിക്കൽ ഇംപൾസ് എന്ന സാങ്കേതികവിദ്യയിലൂടെ ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കൃത്യമായി കണ്ടെത്താം. ശരീരത്തിന്റെ ഓരോ ഭാഗത്തും അടിഞ്ഞിരിക്കുന്ന കൊഴുപ്പിന്റെ വിവരങ്ങൾ സെഗ്‌മെന്റൽ ഫാറ്റ് അനാലിസിസിലൂടെ സൂക്ഷ്മമായി കണ്ടെത്താം. പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലാണ് അനുയോജ്യമായ ചികിൽസാ രീതികൾ നിർദേശിക്കുന്നത്.

മെലിഞ്ഞിരുന്നതല്ല ആരോഗ്യം
അധികമാരും ശ്രദ്ധിക്കാത്ത ഒരു ഘടകമാണ് വിസറൽ ഫാറ്റ് അഥവാ വിസറൽ ഒബീസിറ്റി. ഉദരാന്തർഭാഗത്ത് (അബ്ഡോമിനൽ ക്യാവിറ്റി) അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണിത്. കരൾ, കുടൽ, പാൻക്രിയാസ് തുടങ്ങിയ ആന്തരാവയവങ്ങളെ കൊഴുപ്പ് വലയം ചെയ്യും. അമിതവണ്ണമുള്ളവരിൽ മാത്രമാണ് വിസറൽ ഫാറ്റ് എന്നു കരുതുന്നത് തെറ്റാണ്. തീരെ മെലിഞ്ഞിരിക്കുന്ന വ്യക്തികളിൽ പോലും വിസറൽ ഫാറ്റ് അമിത തോതിൽ കണ്ടെത്താം. കാഴ്ചയിൽ തീരെ മെലിഞ്ഞിരിക്കുമെങ്കിലും ഉദരാന്തർഭാഗത്ത് അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടിയിട്ടുള്ളവർ 'ടോഫി – Thin Outside Fat Inside' എന്ന പേരിലാണ് അറിയപ്പെടുന്നത്. ടൈപ്പ് 2 ഡയബറ്റീസ്, കൊളസ്ട്രോൾ, അമിത രക്തസമ്മർദം, ഹൃദ്രോഗം എന്നിങ്ങനെ, അമിതവണ്ണമുള്ളവർക്ക് വരാനിടയുള്ള രോഗങ്ങൾ 'ടോഫി' വിഭാഗത്തിൽപ്പെടുന്നവർക്കും വരാനുള്ള സാധ്യത ഇരട്ടിയാണ്.

RELATED ARTICLES
© Copyright 2018 Manoramaonline. All rights reserved.