ഭക്ഷണമാണോ അമിതവണ്ണത്തിനു കാരണം?

ലോകാരോഗ്യ സംഘടന അമിതവണ്ണത്തെ അസുഖമായി കാണുമ്പോഴും സമൂഹത്തിന്റെ കാഴ്ചപ്പാടിൽ വലിയ മാറ്റമൊന്നുമില്ല. അമിതവണ്ണമുള്ള ഒരാളെ കണ്ടാൽ ആളൊരു ഭക്ഷണപ്രിയനാണെന്നു ധരിക്കുന്നവരാണ് അധികവും. വാരിവലിച്ചു കഴിച്ചിട്ടാണ് ഇങ്ങനെ തടിവയ്ക്കുന്നതെന്ന അഭിപ്രായവും പറയും. എന്നാൽ കേട്ടോളൂ, ഭക്ഷണം അമിതവണ്ണക്കാരുടെ ശത്രുവല്ല. ഭക്ഷണത്തെ ശത്രുവായിക്കണ്ടു തടി കുറയ്ക്കാൻ പട്ടിണി കിടക്കുകയും ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണമായ പ്രാതൽ വരെ ഉപേക്ഷിക്കുകയും ചെയ്യുന്നവരുണ്ട്. ഭക്ഷണനിയന്ത്രണമാണ് അമിതവണ്ണം കുറയ്ക്കാൻ നല്ലതെന്നു ധരിച്ചാണ് പലരും ‘പട്ടിണി’ പരീക്ഷിക്കുന്നത്. ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിനു ശരിയായ അളവിൽ ശരിയായ സമയത്ത് ആഹാരം കഴിക്കണമെന്ന കാര്യം വിസ്മരിച്ചുള്ള പട്ടിണി കിടപ്പ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കു വഴിയൊരുക്കും.

‘കാരണം’ അറിഞ്ഞ് അമിതവണ്ണം കുറയ്ക്കാം
ഏറ്റവും ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നുവെന്ന് സ്വയം ആശ്വസിക്കുമ്പോഴും അതിൽ‍ ശരിയായ പോഷകഗുണമുണ്ടോ എന്നറിയാൻ ആരും മെനക്കെടാറില്ല. വ്യായാമം ചെയ്തിട്ടും തടി കുറയുന്നില്ലെന്നും കുറച്ചു നാൾ കഴിയുമ്പോൾ വീണ്ടും വണ്ണംവയ്ക്കുകയാണെന്നും പരാതിപ്പെടുന്നവരുമുണ്ട്. ഓരോ വ്യക്തിയുടെയും ശരീരപ്രകൃതി വിഭിന്നമായതു പോലെ അമിതവണ്ണത്തിന്റെ കാര്യത്തിലും ഏറ്റക്കുറച്ചിലുണ്ടാകാം. എന്തുകൊണ്ടാണ് വണ്ണംവയ്ക്കുന്നതെന്നും കുറച്ച ശരീരഭാരം തിരിച്ചുവരുന്നതെന്നും അറിയുകയാണ് അമിതവണ്ണ ചികിൽസയുടെ ആദ്യപടി. എന്തു ഭക്ഷണമാണ് ശരീരത്തിന്റെ ഭാരം കൂട്ടുന്നതെന്ന് അറിയുകയാണ് അതിന്റെ മുഖ്യ ഘടകം.

കുട്ടികളുടെ ഭക്ഷണം കുട്ടിക്കളിയല്ല
ശരീര വളർച്ചയ്ക്കാവശ്യമായ സമീകൃതാഹാരം കുട്ടികൾക്കു നൽകുകയാണ് മാതാപിതാക്കൾ ചെയ്യേണ്ടത്. അമിത കൊഴുപ്പുള്ള ഭക്ഷണങ്ങൾ ഒഴിവാക്കിയാൽത്തന്നെ കുട്ടികളിലെ അമിതവണ്ണം നിയന്ത്രിക്കാം. കൃത്രിമ ചേരുവകളുള്ള പാക്കേജ്ഡ് ഭക്ഷണങ്ങൾ വിശപ്പു താത്കാലികമായി ശമിപ്പിക്കുകയും അടുത്ത തവണ കൂടുതൽ അളവിൽ കഴിക്കാൻ കുട്ടിയെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇതു പലതവണയാകുമ്പോൾ ഉദരാന്തർഭാഗത്ത് (അബ്ഡോമിനൽ ക്യാവിറ്റി) അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുകയും ബാല്യത്തിൽ തന്നെ ജീവിതശൈലീരോഗങ്ങൾക്ക് അടിമയാകുകയും ചെയ്യുന്നു.സമയത്തിനു ഭക്ഷണം കഴിക്കുന്നുണ്ടോ എന്നും പോഷകമൂല്യമുള്ള ആഹാരമാണോ കുട്ടികൾ കഴിക്കുന്നതെന്നും മാതാപിതാക്കൾ ശ്രദ്ധിക്കണം.

RELATED ARTICLES
© Copyright 2018 Manoramaonline. All rights reserved.